Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightരാഷ്​ട്രീയ ഇടപെടലും...

രാഷ്​ട്രീയ ഇടപെടലും അക്കാദമിക്​ സ്വാതന്ത്ര്യവും

text_fields
bookmark_border
രാഷ്​ട്രീയ ഇടപെടലും അക്കാദമിക്​ സ്വാതന്ത്ര്യവും
cancel

അക്കാദമിക് പ്രവർത്തനസ്വാതന്ത്ര്യം ഒരു സമൂഹത്തിെൻറ അധികാര രാഷ്​ട്രീയത്തെക്കൂടി സൂചിപ്പിക്കുന്നതാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ, ഒരു സമൂഹം എങ്ങനെ സ്വതന്ത്രമായി വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കുന്നു എന്നതിെൻറ തെളിവുകൂടിയാണ്, അക്കാദമിക് സ്വാതന്ത്ര്യം. അതുകൊണ്ട്, കക്ഷിരാഷ്​ട്രീയത്തിനും സംഘടന ചട്ടക്കൂടിനും പുറത്താണ് അതിെൻറ ശരിയായ നിലനിൽപ്​.

അക്കാദമിക് ചിന്താപദ്ധതി ഒരു സമൂഹത്തിലെ അസമത്വങ്ങളെ അംഗീകരിക്കുകയും അതിനു പിന്നിലെ രാഷ്​ട്രീയത്തെ അവഗണിക്കുന്നതോ പിന്തുണക്കുന്നതോ ആകണമെന്ന് അർഥമില്ല.

ആശയരൂപവത്കരണത്തിലും സൈദ്ധാന്തികചിന്തയിലും പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയോ അേൻറാണിയോ ഗ്രാംഷി മുന്നോട്ടുെവച്ച അധികാരസ്വാധീനങ്ങളുടെ വലയത്തിൽനിന്ന്​ ഒരു വൈജ്ഞാനിക രംഗത്തെ സ്വതന്ത്രമാക്കാനും അറിവ് ഒരു സാമൂഹിക നിർമിതികൂടിയാണെന്ന് ബോധ്യപ്പടുത്തുകകൂടിയാണ് അക്കാദമിക് സ്വാതന്ത്ര്യം.

ഇന്ത്യയിൽ അക്കാദമിക് സ്വാതന്ത്ര്യം ഇന്നും പൂർണമായും അംഗീകരിക്കപ്പെട്ട ഒന്നല്ല. ഇന്ത്യൻ യൂനിവേഴ്സിറ്റികൾ നിലനിൽക്കുന്നത് സർക്കാർ സാമ്പത്തിക പിന്തുണയോടുകൂടിയാണ്. അതുകൊണ്ട്, ഇന്ത്യയിൽ അക്കാദമിക്​ സ്വാതന്ത്ര്യം എന്നത് ഒരു സർക്കാർ പൗരന് അനുവദിക്കുന്ന ജനാധിപത്യാവകാശങ്ങളോടാണ് ചേർന്നുനിൽക്കുന്നത്.

ജനാധിപത്യം പൗരന് നൽകുന്ന സ്വാതന്ത്ര്യംതന്നെയാണ് ഒരു അക്കാദമിക്കിന് സമൂഹവും രാഷ്​ട്രവും നൽകുന്നത്. സ്വാഭാവികമായും ഇന്ത്യൻ സമൂഹത്തിലെ എല്ലാവിധ സ്വഭാവസവിശേഷതകളും ശക്തിദൗർബല്യങ്ങളും അക്കാദമിക് സമൂഹത്തിനും ബാധകമാണ്.

സർക്കാർ താൽപര്യങ്ങളും പൗരസമൂഹ താൽപര്യങ്ങളും തമ്മിലുള്ള സംഘർഷങ്ങളിൽ പൗരസമൂഹത്തിനോടൊപ്പം നിൽക്കാൻ അക്കാദമിക് സമൂഹം തയാറായ ചരിത്രവും നമ്മുടെ മുന്നിലുണ്ടെങ്കിലും ധാരാളം സന്ദർഭങ്ങളിൽ ഇന്ത്യൻ അക്കാദമിക് സമൂഹം പലപ്പോഴും കക്ഷിരാഷ്​ട്രീയത്തോട് ചേർന്നുനിൽക്കുന്നത് കാണാനാകും.

വൈജ്ഞാനിക സ്വാതന്ത്ര്യം ആശയപരംകൂടിയാണ്. ജനാധിപത്യത്തിെൻറ സാധ്യതയിൽകൂടിയാണ് സ്വതന്ത്രമായ വൈജ്ഞാനിക ഇടപെടൽ നിലനിൽക്കുന്നതും അവതരിപ്പിക്കപ്പെടുന്നതും.

അക്കാദമിക്​ രാഷ്​ട്രീയം എന്നാൽ അധികാരത്തിലിരിക്കുന്നവരെ പ്രകീർത്തിക്കലല്ല; വിമർശനാത്മക ചിന്തയെ ഉൽപാദിപ്പിക്കുകയും അതിനെ ഒരു സാമൂഹിക ആവശ്യമാക്കിമാറ്റാനുള്ള അറിവ് സൃഷ്​ടിക്കുകയും ചെയ്യുക എന്നതാണ്. സ്വജനപക്ഷപാത നിയമനങ്ങളിലൂടെ വിസ്മരിക്കപ്പെടുന്നതും അട്ടിമറിക്കപ്പെടുന്നതും വൈജ്ഞാനിക സ്വാതന്ത്ര്യത്തിെൻറ ഇത്തരം അടിപ്പടവുകളാണ്.

മാർക്സിയൻ കാഴ്ചപ്പാടും വിശകലനരീതികളും അടിസ്ഥാനമാക്കി നമ്മുടെ സർവകലാശാലകളിൽ ധാരാളം പഠനവും ചിന്തയും രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം മറ്റു ചിന്താപദ്ധതികളും ശക്തമായിത്തന്നെ രൂപംകൊണ്ടിട്ടുണ്ട്. ഗാന്ധിയൻ ആശയങ്ങൾക്ക് അക്കാദമിക്​ മേഖലയെയും സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്.

എന്നാൽ, ഇത്തരം ചിന്തകളൊക്കെ മറികടന്നുകൊണ്ട് വലതുപക്ഷ ആശയങ്ങളും നമ്മുടെ സർവകലാശാലകളിൽ വലിയതോതിൽ സ്വാധീനം ചെലുത്തുന്നു. ഇപ്പോൾ മറ്റ് ആശയധാരയെക്കാൾ ശക്തമാണ് നമ്മുടെ അക്കാദമിക് മേഖലയിലെ വലതുപക്ഷ സ്വാധീനവും ഇടപെടലുകളും. ഈ പശ്ചാത്തലത്തിൽ വേണം നമ്മുടെ സർവകലാശാലകളിൽ നടക്കുന്ന സ്വജനപക്ഷപാതത്തെ വിലയിരുത്തേണ്ടത്.

അക്കാദമിക് മേഖലയിലെ വലതുപക്ഷ സ്വാധീനം എല്ലാകാലത്തും ഉണ്ടായിരുന്നു. എന്നാൽ, തൊണ്ണൂറുകൾക്കുശേഷം നവ ഉദാരവത്കരണത്തോട് ചേർന്നുപോകുന്ന ചിന്താധാരകളെ പിന്തുണക്കുന്നവരുടെ ആധിക്യം അക്കാദമിക് രംഗത്തുണ്ടായി. എന്നാൽ, പ്രകടമായി വലതുപക്ഷ മത-ജാതി-വംശീയ രാഷ്​ട്രീയം അക്കാദമിക് രംഗത്തേക്ക് ശക്തമാകുന്നത് അടുത്തകാലത്താണ്.

മുസ്‌ലിം ചരിത്രം പാഠഭാഗങ്ങളിൽനിന്ന്​ ഒഴിവാക്കപ്പെട്ടതും അംബേദ്കറെ ദേശീയനേതാവിൽനിന്ന് ദലിത് നേതാവായി മാത്രം ചുരുക്കിയതും വിവിധ സാമ്പത്തികവ്യവസ്ഥകളെക്കുറിച്ചുള്ള പഠനങ്ങൾ ഒഴിവാക്കപ്പെട്ടതും ആധുനിക ശാസ്ത്രമൂല്യങ്ങൾക്ക് നിരക്കാത്ത വിഷയങ്ങൾ അക്കാദമിക് പഠനത്തിെൻറ ഭാഗമായതും വർത്തമാനകാലത്തിെൻറ സംഭാവനയാണ്.

എന്നാൽ, ഇതേ കാലത്താണ് സംവരണം മൂലം ദലിത് പിന്നാക്ക വിഭാഗത്തിൽനിന്ന് അക്കാദമിക്​ രംഗത്തേക്ക് വലിയതോതിലുള്ള കടന്നുവരവ് ഉണ്ടായതും.

ഇടതുപക്ഷ അക്കാദമിക്​ ചിന്തക്കുപോലും ഈ വിഭാഗത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഇത്തരം വൈജ്ഞാനിക പുറംതള്ളലുകൾ ഇടതുപക്ഷ ചിന്തകളെയാണ് പ്രതിസന്ധിയിലാക്കിയത്. വലിയതോതിലുള്ള പാർട്ടി രാഷ്​ട്രീയവും വരേണ്യ മാർക്സ് വായനകളും മുഖ്യധാര ഇടതുപക്ഷത്തെ ഒരു വിഭാഗത്തിെൻറ താൽപര്യത്തിലേക്ക് ചുരുക്കി എന്നതാണ് വസ്തുത.

പാർട്ടിബന്ധുക്കൾക്ക് കിട്ടുന്ന മുൻഗണന ദലിത്-ന്യൂനപക്ഷ വിഭാഗത്തിന് നിഷേധിക്കപ്പെടുന്നു എന്നിടത്താണ്, അക്കാദമിക്​ രംഗത്തെ ജനാധിപത്യം നിഷേധിക്കപ്പെടുന്നത്. ജനാധിപത്യം നിഷേധിക്കപ്പെടുന്നിടത്താണ് വലതുപക്ഷ രാഷ്​ട്രീയം വേരുറപ്പിക്കുന്നതും. ജനാധിപത്യനിഷേധം എന്നത് നിയമനത്തിലെ സംവരണവിരുദ്ധതയോ നിയമനത്തിലെ സ്വജനപക്ഷപാതമോ അല്ല.

പകരം സർവകലാശാലകളിൽ നിന്ന്​ ഉൽപാദിപ്പിക്കപ്പെടുന്ന അറിവുകളുടെ സാമൂഹിക പ്രസക്തികൂടി ചോദ്യംചെയ്യപ്പെടും. ഇത് കേവലം ഒരു വിമർശനം മാത്രമല്ല, പകരം വർത്തമാനകാല​െത്ത ഇന്ത്യൻ/കേരള സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകുന്ന വസ്തുതയാണ്.

വിജ്ഞാനം ഇന്നും ഒരു വലിയ സമൂഹത്തിന് അന്യമാണ് എന്നതും മാർക്സിയൻ കാഴ്ചപ്പാടിലൂടെ രൂപപ്പെടുന്ന ചിന്തകൾ വരേണ്യവിഭാഗത്തിെൻറ ദൈനംദിന ബൗദ്ധിക വ്യവഹാരങ്ങളിലേക്ക് ചുരുക്കപ്പെട്ടതും ഒരു വർത്തമാനകാല യാഥാർഥ്യമാണ്.

അക്കാദമിക് രംഗത്തെ ജനാധിപത്യമെന്നാൽ സംഘടനസ്വാതന്ത്ര്യം മാത്രമായി ചുരുക്കപ്പെട്ടു. അധ്യാപക സംഘടനകളും വിദ്യാർഥി സംഘടനകളും അതത് രാഷ്​ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലും ആയതോടെ അധികാര രാഷ്​ട്രീയത്തിെൻറ ഇടപെടലുകൾ അക്കാദമിക് മേഖലയിലും സ്വാഭാവികമാകുന്നു. തദ്​ഫലമായി രാഷ്​ട്രീയ പാർട്ടികളുടെയും ജാതി/ മത ശക്തികളുടെയും സേവകരായി മാറിയ ഒരു സമൂഹമായി നമ്മുടെ അക്കാദമിക് മേഖല മാറുകയാണ്.

പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ എന്തുകൊണ്ട് ഒരു പ്ര​േത്യക സർവകലാശാലയും (ജാമിഅ മില്ലിയ ഇസ്​ലാമിയ്യ) അവിടത്തെ ഒരുവിഭാഗം വിദ്യാർഥികളും അധ്യാപകരും സർക്കാർ നിരീക്ഷണത്തിൽവന്നു? എന്തുകൊണ്ട് ഇവർ ഇന്നും ജയിലുകളിൽ കിടക്കുന്നു? വ്യവസ്ഥാപിത ഇടതുപക്ഷത്തെ ആരുംതന്നെ സർക്കാർ ഭീഷണിക്ക് വിധേയമായില്ല. അവരാരുംതന്നെ പൊതുവിമർശനത്തിെൻറ പേരിൽ ജയിലിൽ കിടക്കേണ്ടിവരുന്നില്ല.

കാരണം, ഈ വിഭാഗം അക്കാദമിക്​ വിമർശനങ്ങൾക്ക് ഭരണകൂടത്തിെൻറ ഭാഷയും ശൈലിയുമാണ്. പലപ്പോഴും നിലവിലെ അധികാരബന്ധങ്ങളെ ചോദ്യംചെയ്യാൻ അവക്കു കഴിയുന്നില്ല. അഥവാ, ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്ന് അവർക്ക് മനസ്സിലാകുന്നില്ല എന്നുവേണം കരുതാൻ.

കേരളത്തിലെ അക്കാദമിക്​ വിമർശനങ്ങളുെട സ്വഭാവം നോക്കിയാൽ കുറച്ചുകൂടി അടുത്ത് മനസ്സിലാക്കാൻ കഴിയും. നവലിബറൽ വലതുപക്ഷ ആശയത്തോട് ചേർന്നുനിൽക്കുന്ന കിഫ്‌ബി, ആദിവാസി ഭൂമി കൈയേറ്റം, തോട്ടം മേഖലയിലെ നവ-കൊളോണിയൽ ഇടപെടലുകൾ, വെള്ളപ്പൊക്കത്തിെൻറ മൂലകാരണങ്ങളിൽ ഒന്നായി കണക്കാക്കിയ അനധികൃത പാറഘനനം എന്നിവയോടുള്ള കേരളത്തിലെ ഇടതു-വലത് വൈജ്ഞാനിക സമൂഹത്തിൽനിന്നുള്ള പ്രതികരണം ഭരണകൂടത്തോട് ചേർന്നുനിൽക്കുന്നതാണ്.

വിമർശനങ്ങൾ ഉണ്ടായതെല്ലാംതന്നെ സർക്കാർ/ രാഷ്​ട്രീയ പാർട്ടി ബന്ധങ്ങൾ ഇല്ലാത്ത ചിന്തയുടെ ഭാഗമായി ഉണ്ടായതാണ്. വ്യവസ്ഥാപിത ഇടതു-വലത് ചിന്തകർ വിമർശനങ്ങളോട് തികച്ചും അസഹിഷ്ണുതപരമായിട്ടാണ് പ്രതികരിക്കുന്നതും. പലപ്പോഴും പ്രത്യയശാസ്ത്രത്തിെൻറ സാമൂഹിക പ്രസക്തി നഷ്​ടപ്പെടുത്തുന്ന തരത്തിലാണ് ഇവരുടെ അസഹിഷ്‌ണുത വെളിവാക്കപ്പെടുന്നത്.

അക്കാദമിക്​ നിയമനത്തിലെ അഴിമതി ചൂണ്ടിക്കാണിച്ചതിനെ നിയമപരമായി നേരിടേണ്ടതിനുപകരം, ആക്ഷേപം ഉന്നയിച്ചവരിൽനിന്നും ഒരാളെ മാത്രം അടർത്തിമാറ്റി അയാളുടെ മതസ്വാതന്ത്ര്യം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പ്രതികരണങ്ങളും അത്തരം പ്രതികരണങ്ങൾ ഇടത് അധ്യാപക സംഘടനകൾപോലും ഏറ്റെടുക്കുകയും ചെയ്യുന്നു എന്നിടത്താണ് അതിെൻറ പ്രാധാന്യം.

ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന മാനവിക രാഷ്​ട്രീയത്തിന് എതിരാണ് ഇത്തരം ഒറ്റതിരിഞ്ഞുള്ള പ്രതികരണങ്ങൾ. രാഷ്​ട്രീയ പാർട്ടികളിലെ വരേണ്യവത്കരണം (സവർണവത്കരണം) ആവശ്യപ്പെടുന്ന തരത്തിൽ അക്കാദമിക രംഗം ചുരുക്കപ്പെടുന്നു എന്നതാണ് വസ്തുത. അക്കാദമിക്​ രംഗത്തെ വലതുവത്കരണത്തെ പ്രതിരോധിക്കാനോ സാമൂഹികനീതിയെ അടിസ്ഥാനമാക്കിയുള്ള ഒരു വൈജ്ഞാനിക ഇടപെടൽ നടത്താനോ ഉള്ള സ്വാതന്ത്ര്യംകൂടിയാണ് ഇത്തരം രാഷ്​ട്രീയം മൂലം നഷ്​ടപ്പെടുന്നത്.

നേര​േത്ത സൂചിപ്പിച്ചപോലെ ഒരു ഗ്രാംഷിയൻ ചിന്തക്കും കീഴാള രാഷ്​ട്രീയത്തിനും ഇടംനൽകുന്ന ഒരു അക്കാദമിക്​ ചിന്തകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം സങ്കുചിത പാർട്ടി രാഷ്​ട്രീയവും വംശീയബോധവുംകൊണ്ട് നമ്മുടെ അക്കാദമിക് രംഗം വികൃതമാക്കപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POlitical interventionacademic
News Summary - Political Intervention and Academic Freedom
Next Story