Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇത് ആരുടെ ഭരണകൂടം..?...

ഇത് ആരുടെ ഭരണകൂടം..? ആരുടെ പ്രത്യയശാസ്ത്രം..?

text_fields
bookmark_border
PM Shri
cancel

കേരളം മതനിരപേക്ഷതയുടെ തുരുത്തായി നിലകൊള്ളും എന്ന് ആവർത്തിച്ച് പ്രഖ്യാപിക്കാറുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും പ്രഖ്യാപനങ്ങൾ കേവലമായ പൊള്ള വാദങ്ങളാണ് എന്ന് തെളിയിക്കുന്ന നടപടികളാണ് സർക്കാറിന്റെ ഭാഗത്തുനിന്ന് പി.എം ശ്രീ പദ്ധതിയിൽ ഉണ്ടായിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കാനുള്ള ഒരു ഉപാധിയാണ് പി.എം ശ്രീ പദ്ധതി എന്ന് പരക്കെ വിമർശനങ്ങൾ ഉയർന്നിട്ടും സി.പി.എം ഉൾപ്പെടെയുള്ള എൽ.ഡി.എഫ് ഘടകകക്ഷികൾക്ക് നേരത്തെ തന്നെ അത്തരം ഒരു അഭിപ്രായം ഉണ്ടായിട്ടും പിണറായി വിജയൻ സർക്കാർ പി.എം ശ്രീ പദ്ധതിയിൽ കക്ഷി ചേരുന്ന നിരാശാജനകമായ കാഴ്ചയാണ് കേരളം കാണുന്നത്. ഈ പദ്ധതിയിൽ ഒപ്പുവെക്കാൻ സർക്കാർ ന്യായമായി പറയുന്ന ആയിരം കോടി എന്ന സാമ്പത്തിക വാദം പോലും അതു പൂർണ്ണമായി ലഭിക്കാൻ പോകുന്നില്ല എന്ന വസ്തുതാപരമായ സംശയത്തിന്റെ നിഴലിൽ ആയിരിക്കെ ഇടതുസർക്കാറിന്റെ ഈ നടപടി ഗൗരവപ്പെട്ട ആശങ്കകളാണ് മുന്നോട്ടു വെക്കുന്നത്. ഇത് കേവലമായ ഒരു പോളിസി വിഷയമോ സാമ്പത്തിക വിഹിതത്തിന്റെ പ്രശ്നമോ എന്നതിലുപരിയായി ഹിന്ദുത്വ ഫാഷിസത്തെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത് എന്നതിന്‍റെ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ സമീപനം എന്തായിരിക്കണം എന്നതിൽ ഗൗരവമായ ആലോചനകൾ ഇത്തരം നടപടികൾ തേടുന്നുണ്ട്.

സ്കൂളുകൾ എന്നത് ഭരണവർഗത്തിന്‍റെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും അതിന്‍റെ ഐഡിയോളജിയുടെ പരിശീലനം നടത്തുകയും ചെയ്യുന്ന ഐഡിയോളിക്കൽ സ്റ്റേറ്റ് അപ്പാരറ്റസിന്‍റെ ഭാഗമാണെന്ന് അൽത്തൂസർ നിരീക്ഷിച്ചിട്ടുണ്ട്. ഭരണവർഗം അതിന്‍റെ പ്രത്യയശാസ്ത്രം നേരിട്ട് ബലം പ്രയോഗിച്ച് കൊണ്ടല്ലാതെ സമ്മതികളിലൂടെയും സ്വഭാവിക ബോധനങ്ങളിലൂടെയും സ്ഥാപിച്ചെടുക്കുന്ന ഉപാധികളിലൊന്നായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്‍റോണിയോ ഗ്രാംഷിയുമൊക്കെ സൂചിപ്പിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ തൊഴിലാളി വർഗത്തിന്‍റെ സംഘാടനത്തിലൂടെ ഫാഷിസത്തെ മറികടക്കാമെന്ന് വിശ്വസിക്കുന്ന ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന നിലയിൽ സി.പി.എം ഈ പദ്ധതിയിൽ ഒപ്പു ചാർത്തുമ്പോൾ ബാക്കിയാവുന്ന ചോദ്യം ഇത് ആരുടെ പ്രത്യയ ശാസ്ത്രം..? ആരുടെ ഭരണകൂടം.? എന്നതാണ്.

സ്കൂളിങ് എന്നത് തന്നെ പ്രത്യേക തരത്തിലുള്ള അധികാരത്തിനു മുമ്പിലെ അനുശീലനം പരിശീലിപ്പിക്കുന്ന (Disciplining) സംവിധാനങ്ങളാണ് എന്ന മിഷേൽ ഫൂക്കോയുടെ ചിന്തയും പ്രശസ്തമാണ്. ഇന്ത്യയിൽ സംഘ്പരിവാർ ഭരണകൂടം NCERT പാഠപുസ്തകങ്ങളിലും മറ്റും നടത്തുന്ന അതിക്രമങ്ങളും പുതിയ വിദ്യാഭ്യാസ നയത്തിലൂടെയുള്ള കാവിവൽകരണ അജണ്ടകളും ഇതിനോട് ചേർത്ത് വായിക്കണം. ഗുജറാത്തിലെ പടിപടിയായുള്ള വിദ്യാഭ്യാസത്തിൻ്റെ കാവിവൽകരണം കുപ്രസിദ്ധവുമാണ്. എന്നിരിക്കെ എൻ.ഇ.പിയുടെ ഉപപദ്ധതിയായി കാണാവുന്ന പി.എം ശ്രീയെ കേവല ഫണ്ട് പ്രശ്നമായി അവതരിപ്പിക്കുന്നത് ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിനു മുന്നിലെ സി.പി.എമ്മിന്‍റെ ധാർമികവും രാഷ്ട്രീയവുമായ പരാജയമാണ് കാണിക്കുന്നത്.

ഫാഷിസം 'അറിവു'ൽപാദനത്തിലും

ഇതിൽ സംഘ്പരിവാറിനെ കേവല 'വർഗീയത'യായി മാത്രം കാണുന്നതിന്‍റെ ഒരു പ്രശ്നവും പ്രകടമാണ്. 'വർഗീയത' എന്നത് ഹിന്ദുത്വ വംശീയതയുടെ അപകടകരമായ ആഴം വിശദീകരിക്കാൻ പര്യാപ്തമായ സങ്കൽപമല്ല എന്നതോടൊപ്പം തന്നെ അതിൽ ഒരു ലഘൂകരണം കൂടി അടങ്ങിയിട്ടുണ്ട്. അസ്വാഭാവികമായ 'വർഗീയ' ആരോപണങ്ങൾ വല്ലപ്പോഴും ഉന്നയിച്ച് വിഭാഗീയത സൃഷ്ടിക്കുന്ന ഒരു പ്രസ്ഥാനമല്ല സംഘ്പരിവാർ. മറിച്ച് വ്യവസ്ഥാപിതമായ വംശീയ മാതൃകയിലുള്ള 'അറിവി'ന്‍റെ ഉത്പാദനം കൂടി നിർവഹിക്കുകയും അതിന്‍റെ ബോധനശാസ്ത്രപരവും ജനകീയ സംഘാടനത്തിന്റേതായ തലത്തിലും നിരന്തരമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണ് സംഘ്പരിവാർ.

നൂറു വർഷത്തെ പ്രവർത്തനത്തിലൂടെ പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ സാധ്യതയിലൂടെ ജയിച്ചു കയറുക എന്നത് മാത്രമല്ല സംഘ്പരിവാർ നേടിയത് മറിച്ച് ഒരു സാംസ്കാരിക ലോകത്തെ തന്നെ വെറുപ്പിൽ അധിഷ്ഠിതമായി പടുത്തുയർത്തുകയും അതിനെ തങ്ങളുടെ അടിസ്ഥാന മണ്ഡലമാക്കി പരിവർത്തനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മത മതേതര മേഖലകളിലെ ബഹുജന സംസ്കാരത്തിന്‍റെ രൂപീകരണത്തിൽ ഇടപെട്ടുകൊണ്ട് കൂടിയാണ് ഹിന്ദുത്വ തങ്ങൾക്കു വേണ്ട ഒരു വെറുപ്പിന്‍റെ സാംസ്കാരിക ലോകത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. അതിനെ മറികടക്കാതെ ഒരിക്കലും ഹിന്ദുത്വ ഫാഷിസത്തെ മറികടക്കാൻ സാധ്യമല്ല. എന്നാൽ അത് പരിഗണനയിൽ വരാതെ കേവലമായ തെരഞ്ഞെടുപ്പ് യുക്തിയിൽ മാത്രം സംഘ്പരിവാറിനെ സമീപിക്കുക എന്ന അബദ്ധം നിരന്തരമായി മതേതര കക്ഷികൾ ആവർത്തിക്കുകയാണ്.

ഫെഡറലിസമാണ് ജനാധിപത്യം

ഇതിൽ ഏറ്റവും ഗുരുതരമായ ഒരു രാഷ്ട്രീയ പ്രശ്നം സംസ്ഥാനങ്ങളെ ഞെരുക്കുന്ന രീതിയിൽ കേന്ദ്രസർക്കാർ ഇടപെടുന്നു എന്നത് കൂടിയാണ്. അത് ഫെഡറലിസം എന്ന ഭരണഘടനാ സങ്കൽപത്തെ വ്യവസ്ഥാപിതമായി തകർത്തു കൊണ്ടാണ് ബി.ജെ.പി നടപ്പിലാക്കുന്നത്. ഇന്ത്യ എന്നത് ഏകശിലാത്മകമായ ദേശീയതയുള്ള ഒരു രാജ്യമല്ല. മറിച്ച് വ്യത്യസ്ങ്ങളായ ദേശ ഭാഷകളുടെയും മത ജാതി സമുദായങ്ങളുടെയും ഒരു കൂട്ടായ്മയാണ്. അവിടെയാണ് ഫെഡറലിസം എന്ന ജനാധിപത്യ സങ്കൽപം പ്രസക്തമാവുന്നത്. ഒരർഥത്തിൽ ഇന്ത്യ അടിസ്ഥാനപരമായി ഫെഡറൽ സംവിധാനമാണ്. ഏകശിലാത്മക ദേശം എന്ന മെജോറിറ്റേറിയൻ ഭാവന അതിനു മുകളിലെ കൃത്രിമ സങ്കൽപ്പം മാത്രമാണ്. പക്ഷെ അതിനെ മറികടക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉന്നയിക്കുന്ന പ്രക്ഷോഭങ്ങൾക്ക് പകരം പി.എം ശ്രീ പോലുള്ള പദ്ധതികളിൽ കക്ഷി ചേരുന്ന നടപടികളിലൂടെ ഫാഷിസത്തിന്‍റെ അജണ്ടയിൽ ഭാഗവാക്കാവുക മാത്രമാണ് സംഭവിക്കുന്നത്.

ഫാഷിസം ഒരു ശക്തമായ കേന്ദ്രവും ദുർബലമായ സംസ്ഥാനങ്ങളും എന്നതാണ് ഫെഡറലിസത്തെ തകർക്കുന്നതിലൂടെ സാധിച്ചെടുക്കുന്നത്. ഇന്ത്യ എന്ന രാജ്യം രൂപപ്പെടുന്നതിലെ ദീർഘമായ സംവാദങ്ങളെയും വ്യത്യസ്ത ജനതകളുടെ അഭിലാഷങ്ങളെയും വിസ്മരിച്ച് കൊണ്ടും ഏകശിലാത്മകമായ സവർണ ദേശഭാവനകളെ മുൻനിർത്തിയുമാണ് സംഘ്പരിവാർ ഫെഡറലിസത്തെ തച്ചുതകർത്തിരിക്കുന്നത്. ബ്രാഹ്മണിക ദേശ സങ്കൽപത്തിന്‍റെ നടത്തിപ്പും കോർപറേറ്റ് മൂലധന ശക്തികളുടെ താൽപര്യ സംരക്ഷണവുമാണ് ഇതിലൂടെ സംഭവിക്കുന്നത്. ജി.എസ്.ടി വഴിയും തങ്ങളോട് എതിർപ്പുള്ള സംസ്ഥാനങ്ങളിലേക്കുള്ള വ്യത്യസ്ത വിഹിതങ്ങൾ വെട്ടിച്ചുരുക്കിയും 'ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്' എന്ന സങ്കൽപവും എൻ.ഇ.പിയും മുതൽ പി.എം ശ്രീ വരെയുള്ളത് ഫെഡറലിസത്തെ അട്ടിമറിച്ച് ജനാധിപത്യത്തെ കുഴിച്ചുമൂടലാണ്.

പാർട്ടികൾ ഓരോ ഭാഗങ്ങളായി (Parts) നിന്ന് മറ്റു ഭാഗങ്ങളെ ഉൾകൊള്ളുകയും സ്വയം തന്നെ ഒരു പൂർണത (Whole) ആയി മനസ്സിലാക്കാതിരിക്കുകയും ചെയ്യുക എന്നതാണ് പാർലമെന്‍ററി ജനാധിപത്യത്തെ പ്രസക്തമാക്കുന്നത്. എന്നാൽ സ്വയം തന്നെ ഒരു പൂർണത (whole) യായി സങ്കൽപിച്ച് മറ്റുള്ളവരെ പുറന്തള്ളുന്ന ഫാഷിസ്റ്റ് രീതിയിൽ ജനാധിപത്യത്തിനൊ അവരുടെ ദേശഭാവനയിൽ ഫെഡറലിസത്തിനൊ ഒട്ടും സ്ഥാനമില്ല. തങ്ങൾ സഹകരണത്തിലൂടെയുള്ള ഫെഡറലിസത്തിനാണ് (Cooperative Federalism) ഉന്നൽ കൊടുക്കുന്നത് എന്നതാണ് നരേന്ദ്ര മോദി നിരന്തരം പറഞ്ഞത്. പക്ഷെ സംഭവിച്ചു കൊണ്ടിരിക്കുന്നത് ബലപ്രയോഗത്തിലൂടെയും സമ്മർദത്തിലൂടെയുമുള്ള ഫെഡറലിസമാണ് (Coercive Federalism) എന്നതാണ് സത്യം. ജി.എസ്.ടിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് പറഞ്ഞത് നിസ്സഹകരണത്തിലൂടെയുള്ള ഫെഡറലിസം (un cooperative) സഹകരണത്തിന്‍റെ ഫെഡറലിസം (cooperative federalism) പോലെ തന്നെ പ്രധാനമാണ് എന്നതാണ്. അതിനു പക്ഷെ സംഘ്പരിവാറിന്‍റെ ബ്രാഹ്മണിക സവർണ ദേശഭാവനയിൽ സ്ഥാനമില്ല. അതിനെതിരായാണ് പ്രക്ഷോഭങ്ങളുണ്ടാവേണ്ടത്.

വേണ്ടത് രാഷ്ട്രീയവും സാംസ്കാരികവുമായ പ്രതിരോധം

പക്ഷെ ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ അടിസ്ഥാന ഘടനയെ മറ്റൊരു രീതിയിൽ ക്രമീകരിക്കുന്ന ഫെഡറലിസത്തെ വ്യവസ്ഥാപിതമായി തകർക്കുന്ന നയങ്ങളെ എതിർക്കുന്നതിൽ വെള്ളം ചേർത്ത് പി.എം ശ്രീയിൽ ഒപ്പ് വെക്കുമ്പോൾ സി.പി.എം സംഘ്പരിവാറിന്‍റെ ദേശഭാവനക്ക് മുമ്പിൽ കൂടിയാണ് അടിയറവ് പറയുന്നത്. അതിനു മുന്നിലേക്കാണ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തെ എറിഞ്ഞു കൊടുക്കുന്നത്. രാഷ്ട്രീയ സമൂഹത്തിലും (political society) സിവിൽ സമൂഹത്തിലും (civil society) ബഹുജന സംസ്കാരത്തിലും സംഘ്പരിവാരത്തിന്‍റെ സവർണ ദേശഭാവനയെയും സൂക്ഷമ സാംസ്കാരികതയെയും വെല്ലുവിളിച്ച് മാത്രമേ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം വികസിക്കുകയും വിജയിക്കുകയും ചെയ്യുകയുള്ളൂ. എന്നാൽ അതിനു നിൽക്കാതെ ഹിന്ദു ഏകീകരണ ശ്രമങ്ങളുടെ അധ്യക്ഷതക്ക് വേണ്ടി സംഘ്പരിവാറിനോട് മത്സരിച്ചും ഫണ്ടിങ്ങിന്‍റെ പേരിൽ വിദ്യാഭ്യാസത്തെ കാവിവൽകരിക്കുന്ന ശ്രമങ്ങൾക്ക് കൂട്ടുനിന്നും കേരളത്തിലെ ഇടത് സർക്കാർ പെരുമാറുമ്പോൾ ബിനോയ് വിശ്വം ഇതെന്ത് സർക്കാറാണെന്ന് ചോദിച്ച ചോദ്യം മറ്റൊരു രീതിയിൽ ബാക്കിയാവുന്നു. ഇത് ആരുടെ ഭരണകൂടം.? ആരുടെ പ്രത്യയശാസ്ത്രം..?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSSCPMPinarayi VijayanPM SHRILatest News
News Summary - PM Shri: Whose government is this? Whose ideology is this?
Next Story