Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപിണറായിയുടെ വീഴ്ച;...

പിണറായിയുടെ വീഴ്ച; എൽ.ഡി.എഫിന്റെ പതനം

text_fields
bookmark_border
പിണറായിയുടെ വീഴ്ച; എൽ.ഡി.എഫിന്റെ പതനം
cancel

2021-ൽ എൽ.ഡി.എഫിന് 100 സീറ്റ്; 2026-ൽ യു.ഡി.എഫിന് 102 സീറ്റ്. കേരളത്തിലെ സവിശേഷമായ രാഷ്ട്രീയധ്രുവീകരണത്തിൽ ഇത് അത്ഭുതമായി കാണാൻ കഴിയില്ലെങ്കിലും നൂറു തികയ്ക്കുന്നത് അപൂർവതയാണ്. അതുകൊണ്ട് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് ഒരിക്കൽക്കൂടി അധികാരത്തിലെത്തുന്നതിനെ തടഞ്ഞ ജനവിധി അസാധാരണമായ രാഷ്ട്രീയസ്ഥിതിക്ക് കാരണമായിട്ടില്ല. അധികാരത്തിന് പരിധിയും പരിമിതിയും സൃഷ്ടിക്കുന്ന ഭരണഘടനാവ്യവസ്ഥകൾക്ക് അനുസൃതമായ ഭരണമാറ്റമാണ് കേരളത്തിൽ സംഭവിച്ചത്.

പിണറായി വിജയന്റെ പത്തു വർഷം മികച്ച ഭരണകാലമായിരുന്നുവെന്ന് പൊതുവെ കരുതപ്പെടുന്നുണ്ട്. കോവിഡ്, പ്രളയം, കേന്ദ്രത്തിന്റെ ഞെരുക്കൽ എന്നിങ്ങനെ പല വിധത്തിലുള്ള പീഡകൾ സഹിച്ചുകൊണ്ടാണ് അനിഷേധ്യമായ നേട്ടങ്ങൾ പിണറായി സർക്കാർ കൈവരിച്ചത്. ഒരു കത്രികയുടെ പേരിൽ വിലകുറച്ചു കാണേണ്ടതല്ല ലോകത്തിന്റെ അംഗീകാരം നേടിയിട്ടുള്ള നമ്മുടെ ആരോഗ്യരംഗം. സ്കാൻഡിനേവിയൻ നിലവാരത്തിലുള്ള സാമൂഹിക സുരക്ഷാ പദ്ധതികൾ ഇവിടെ നടപ്പായിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ട് ജനം വോട്ട് ചെയ്തില്ല എന്ന ചോദ്യത്തിന് അതാണ് ജനാധിപത്യം എന്നാണ് ഉത്തരം. ഹിറ്റ്‌ലറെ പരാജയപ്പെടുത്തിയ ചർച്ചിലിനെ ജനം പരാജയപ്പെടുത്തി. അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷമാണ് അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായത്.

ആനുകൂല്യങ്ങൾക്കുള്ള കൃതജ്ഞതാപ്രകടനമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നവരല്ല ജനാധിപത്യത്തിലെ വോട്ടർമാർ. വികസനം എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട റോഡുകളുടെയും പാലങ്ങളുടെയും എണ്ണം അവരെ സംപ്രീതരാക്കില്ല. ശിവൻകുട്ടി എന്ന മന്ത്രിയുടെ മികവാർന്ന പ്രകടനം മാത്രം മതിയായിരുന്നു എൽ.ഡി.എഫിന് ഒരൂഴം കൂടി നൽകാൻ. ജനാധിപത്യത്തിൽ അധികാരം ആർക്കും ആജീവനാന്തം അനുഭവിക്കാനുള്ളതല്ല. യു.എസ് പ്രസിഡന്റിന് പരമാവധി അനുവദിച്ചിട്ടുള്ളത് എട്ടു വർഷമാണ്. പിണറായി വിജയന് നൽകാവുന്നതിന്റെ പരമാവധി ജനം നൽകി. ഒടുവിൽ, ‘‘മറ്റാരുണ്ട്’’ എന്ന വെല്ലുവിളിയോടെ നാടെങ്ങും ഹോർഡിങ്ങുകൾ ഉയർന്നപ്പോൾ ജനം ഭയചകിതരായി.

അടിയന്തരാവസ്ഥയിലെ അത്യാചാരങ്ങൾ മറന്ന് 1977-ൽ കോൺഗ്രസിനെ തുണച്ചവരാണ് കേരളത്തിലെ വോട്ടർമാർ. മന്ത്രിമാരുടെയും എം.എൽ.എമാരുടെയും പ്രകടനത്തെ അടിസ്ഥാനമാക്കി ജനം എൽ.ഡി.എഫിനെ കൈവിടില്ലെന്ന് കരുതിയവരുണ്ട്. നന്നായി പെർഫോം ചെയ്തവർ നന്നായി തോറ്റു. എല്ലാവരിലും ജനം പിണറായിയെ കണ്ടു. വി.എസ് സൃഷ്ടിച്ച ശൂന്യത നികത്താൻ മറ്റൊരു മുഖം ഉണ്ടായിരുന്നില്ല. ഏകാധിപത്യങ്ങളിൽ സംഭവിക്കുന്നതുപോലെ നേതാവ് ജനങ്ങളിൽനിന്ന് അകലുകയായിരുന്നു. നേതാവിന്റെ ഭാഷ ജനങ്ങൾക്ക് അപരിചിതമായി. അപരിചിതമായത് അവർക്ക് അരോചകമായി. ബിഷപ്പിനെ ‘നികൃഷ്ടജീവി’യെന്നും മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ‘ഡാഷ് മോൻ’ എന്നും വിളിക്കുന്ന മുഖ്യമന്ത്രിയെ അവർക്ക് ആവശ്യമില്ലാതായി.

രൗദ്രതയാണ് പിണറായിയുടെ മുഖഭാവം. പാർലമെന്ററി ജനാധിപത്യത്തിന്റെ വഴിയിൽ പ്രവർത്തിക്കുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റുകാരന് സ്റ്റാലിനിസ്റ്റ് ആകാൻ കഴിയില്ല. ആകേണ്ട ആവശ്യവുമില്ല. ജനങ്ങളിൽനിന്ന് പിണറായി കഴിയുന്നത്ര അകലം പാലിച്ചു. ഓരോ ദിവസവും അദ്ദേഹം ആ അകലം കൂട്ടിക്കൊണ്ടിരുന്നു. കമ്മ്യൂണിസത്തിന്റെ ഇന്ത്യയിലെ അവശേഷിക്കുന്ന ഏക പച്ചത്തുരുത്തായിരുന്നു കേരളം. ചരിത്രപരമായ ആ ഉത്തരവാദിത്തം അദ്ദേഹം വിസ്മരിച്ചു. തിരുത്താൻ പാർട്ടി ഉണ്ടായില്ല; പാർട്ടിക്ക് അതിനുള്ള ശേഷി ഇല്ലായിരുന്നു. പാർട്ടിയുടെ നിശ്ശബ്ദതയിൽ ഉയർന്നുവന്ന ജനശബ്ദത്തെ അദ്ദേഹം പൂർണ്ണമായും അശ്രാവ്യമാക്കി. ചോദ്യം ചോദിക്കാൻ ശ്രമിച്ച സദസ്യനെ അദ്ദേഹം അപമാനിച്ച് നിശ്ശബ്ദനാക്കി. ‘‘വീട്ടിൽ പോയി ചോദിക്ക്’’ എന്ന് പിണറായി പറഞ്ഞപ്പോൾ അത് മുഖ്യമന്ത്രിയുടെ ശബ്ദമായിരുന്നില്ല. വീട്ടിൽ ചെന്ന് ആര് ആരോട് എന്താണ് ചോദിക്കേണ്ടത്?

ജയലളിതയെ അനുകരിക്കുന്ന വാഹനവ്യൂഹവും അകമ്പടി സേവകരുമായി സ്വയം കെട്ടിപ്പടുത്ത പ്രാകാരത്തിനുള്ളിൽ ജനങ്ങളിൽനിന്ന് അകന്ന് അദ്ദേഹം ജീവിച്ചു. വി.എസിനെ മുഖ്യമന്ത്രിയാക്കാൻ തെരുവിലിറങ്ങിയ പുരുഷാരം ഇന്നില്ല. കേരളത്തെ നിശ്ചലമാക്കിയ വിലാപയാത്രയിൽ ‘‘കണ്ണേ കരളേ’’ എന്ന് വിലപിച്ചവരും ഇന്നില്ല. അനാഥമായ ആ മുദ്രാവാക്യം കോൺഗ്രസുകാർ വി.ഡി. സതീശന് വേണ്ടി സ്വന്തമാക്കി. നമ്മൾ കൺമുന്നിൽ കാണുന്നത് താൻ കണ്ടില്ലെന്ന് കള്ളം പറഞ്ഞ മുഖ്യമന്ത്രിക്കുള്ള മറുപടിയാണ് ആലപ്പുഴയിലെ എ.ഡി. തോമസിന്റെ വിജയം. സത്യസന്ധനായ മുഖ്യമന്ത്രി നമ്മുടെ അവകാശമാണ്. മൈക്ക് ഓപ്പറേറ്ററോട് നിരന്തരം തട്ടിക്കയറുകയും സ്വാഗതപ്രസംഗികയെ ശാസിച്ചിരുത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ ജനങ്ങൾക്ക് ഭയമാണ്. സ്നേഹത്തിന്റെ പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസമെങ്കിൽ ജനങ്ങളുടെ സ്നേഹിതനായി ഒരാളെ പാർട്ടി ഉയർത്തിക്കൊണ്ടുവരണം. പിണറായിയെ മാറ്റിനിർത്തിക്കൊണ്ട് എൽ.ഡി.എഫ് ജനങ്ങളെ സമീപിച്ചിരുന്നുവെങ്കിൽ പാർട്ടിക്ക് ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വരുമായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constitutionalDefeatedLDFPinarayi VijayanAssembly election ResultsPolarization agenda
News Summary - Pinarayi's downfall; LDF's downfall
Next Story