തത്ത്വമസിയുടെ സന്ദേശവാഹകരാകട്ടെ തീർഥാടകർ
text_fieldsപ്രകൃതിയും ഭക്തിയും താദാത്മ്യം പ്രാപിക്കുന്ന അപൂർവ കാനന ക്ഷേത്രങ്ങളിൽ പ്രഥമമാണ് ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രം. 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ ഇരുമുടിക്കെട്ടുകളുമേന്തി ഭക്തലക്ഷങ്ങൾ ശബരിമല എന്ന ഏകലക്ഷ്യത്തിലേക്ക് പ്രവഹിക്കുകയാണ് ഓരോ മണ്ഡല–മകരവിളക്ക് തീർഥാടന കാലത്തും.
രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും അയ്യപ്പഭക്തർ ശബരിമലയിലെത്തുന്നു. ഇടതുമുന്നണി സർക്കാർ അധികാരത്തിൽവന്ന ഉടൻതന്നെ ശബരിമല തീർഥാടന മുന്നൊരുക്കങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ ചേർന്ന ശബരിമല അവലോകന യോഗങ്ങളിൽ പതിനഞ്ചോളം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
അയ്യപ്പെൻറ പൂങ്കാവനം എന്നറിയപ്പെടുന്ന പെരിയാർ ടൈഗർ റിസർവിൽപെട്ട ശബരിമല വനമേഖല അപൂർവ ജൈവ സമ്പത്തിെൻറ കലവറയാണ്. കടുവകൾ ഉൾപ്പെടെ നിരവധി വന്യമൃഗങ്ങളും വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളും അത്യപൂർവ ഔഷധസസ്യങ്ങളും വാഴുന്ന ഈ പൂങ്കാവനത്തിെൻറ പരിസ്ഥിതി ഓരോ തീർഥാടനകാലം കഴിയുമ്പോഴും അവതാളത്തിലാകാറുണ്ട്. ഇത്തവണ അത് ആവർത്തിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് സംസ്ഥാന സർക്കാർ.
ശബരിമലയും പരിസരവും പൂർണമായി പ്ലാസ്റ്റിക് നിരോധിത മേഖലയായിരിക്കും. ഹൈകോടതിയുടെ നിർദേശങ്ങൾ കർശനമായി പാലിച്ച് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കുടിവെള്ളം വിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ കുന്നുകൂടി വനമേഖല മലിനമായതിനൊപ്പം പല വന്യമൃഗങ്ങളും പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ച് ചാകുന്നതും മുൻകാലങ്ങളിൽ പതിവായിരുന്നു. പണംകൊടുത്ത് വാങ്ങേണ്ട പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് പകരമായി സൗജന്യ കുടിവെള്ള വിതരണത്തിന് ബദൽ സംവിധാനം കേരള വാട്ടർ അതോറിറ്റി ഏർപ്പെടുത്തിക്കഴിഞ്ഞു.
പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും 11 പ്ലാൻറുകളാണ് കുടിവെള്ള വിതരണത്തിന് സ്ഥാപിച്ചത്. 132 കിയോസ്കുകൾ വഴി കുടിവെള്ളം വിതരണം ചെയ്യും. ജലവിഭവ മന്ത്രി മാത്യു ടി. തോമസ് നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നടത്തി. തിരക്കേറുന്നതിന് അനുസരിച്ച് കൂടുതൽ കിയോസ്കുകൾ സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പമ്പ മുതൽ സന്നിധാനം വരെയുള്ള നടപ്പാതയിൽ തീർഥാടകർക്ക് ക്ഷീണമകറ്റാൻ ചുക്കുവെള്ളവും കിട്ടും. 10,000 ലിറ്റർ ചുക്കുവെള്ളം വീതമാണ് ദേവസ്വം ബോർഡ് സജ്ജീകരിക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഭക്തർക്കായി പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രി ഒരുക്കിയിട്ടുണ്ട്. കൂടുതൽ ദുർഘട കയറ്റമുള്ള അപ്പാച്ചിമേട്ടിലും നീലിമലയിലും കാർഡിയോളജിസ്റ്റുകൾ ഉൾപ്പെടെ പാരാമെഡിക്കൽ സംഘത്തെയും നിയോഗിച്ചു. 14 അത്യാധുനിക ആംബുലൻസുകൾ 24 മണിക്കൂറും സജ്ജമായിരിക്കും.
ശബരിമലയിലെ അന്നദാനം ദർശനം കഴിഞ്ഞുള്ള പുണ്യമായാണ് ഭക്തർ കണക്കാക്കുന്നത്. ഒരേസമയം രണ്ടായിരത്തോളം ഭക്തർക്ക് ഭക്ഷണം കഴിക്കാവുന്ന സദ്യാലയം തയാറായി കഴിഞ്ഞു. നേരത്തേ 200 പേർക്കേ ഒരുമിച്ച് ഭക്ഷണം വിളമ്പാൻ കഴിയുമായിരുന്നുള്ളൂ. തീർഥാടകർക്ക് വിരിവെക്കുന്നതിനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനും ഇടത്താവളങ്ങളിലും സന്നിധാനത്തും മതിയായ സൗകര്യമൊരുക്കി. തീർഥാടകർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ ബയോടോയ്ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
പമ്പാനദിയും തീരവും വിസർജ്യംകൊണ്ട് മലിനമാക്കരുതെന്ന നിർദേശം വിവിധഭാഷകളിൽ എഴുതിയ ബോർഡുകൾ വഴി ഭക്തരെ അറിയിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ശബരിമലയിലെ ആചാരത്തിൽ പെടാത്ത ഒന്നാണ് പമ്പാനദിയിൽ വസ്ത്രവും വ്രതാനുഷ്ഠാനത്തിനിടുന്ന മാലയും ഉപേക്ഷിക്കുന്ന രീതി. എന്നാൽ, അയൽസംസ്ഥാനങ്ങളിലെ ഭക്തർ ഇത് ഒരു ആചാരമായി തെറ്റിദ്ധരിച്ച് വസ്ത്രവും മാലയും പമ്പയാറിൽ കളയാറുണ്ട്. ഇത്തരം കാര്യങ്ങളിൽ ബോധവത്കരണം നൽകുന്നതിനായി പ്രസിദ്ധ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം നൽകുന്ന സന്ദേശം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാർ ഏജൻസികൾ വഴി ദൃശ്യമാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം ചേർന്ന് അയൽസംസ്ഥാനങ്ങളിലെ തീർഥാടകർക്ക് ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തു. ശബരിമല തീർഥാടകരെ ചൂഷണംചെയ്യുന്നത് തടയുന്നതിനായി ഹോട്ടലുകളിൽ ഏകീകൃത വിലയേ ഈടാക്കാവൂ എന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ശബരിമല സന്നിധാനത്തും പരിസരത്തും പമ്പയിലും ഉള്ള ഹോട്ടലുകളിലെ ആഹാരത്തിെൻറ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിെൻറ നിരന്തര പരിശോധനയും നടത്തും.
തീർഥാടകരുടെ യാത്രാസൗകര്യത്തിനും സർക്കാർ വേണ്ട തയാറെടുപ്പുകൾ എടുത്തിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, പുനലൂർ, അടൂർ, പത്തനംതിട്ട, ചെങ്ങന്നൂർ, കായംകുളം, കോട്ടയം, എറണാകുളം എന്നീ കെ.എസ്.ആർ.ടി.സി ഡിപ്പോകളെ പ്രത്യേക ശബരിമല സർവിസ് കേന്ദ്രങ്ങളായി പ്രഖ്യാപിച്ചത് ഇതിെൻറ ഭാഗമായാണ്. ചെങ്ങന്നൂർ, കോട്ടയം, തിരുവല്ല, എറണാകുളം റെയിൽവേ സ്റ്റേഷനുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സി കൺട്രോൾ സ്റ്റേഷനുകളും ഉണ്ടാകും. പ്രത്യേക സർവിസ് കേന്ദ്രങ്ങളിൽനിന്നു പമ്പവരെ നോൺ സ്റ്റോപ്പ് ലോ ഫ്ലോർ ബസുകൾ സർവിസ് ആരംഭിക്കും.
ശബരിമലയിൽ എത്തുന്ന ഭക്തർ അയ്യപ്പെൻറ പ്രസാദമായ അരവണയും അപ്പവും വാങ്ങിയാണ് മടങ്ങുക. തീർഥാടനകാലത്ത് അപ്പത്തിെൻറയും അരവണയുടെയും ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ 40 ലക്ഷം വീതം അപ്പവും അരവണയും കരുതിയിട്ടുണ്ട്. തിരക്ക് കൂടിയാൽ സന്നിധാനം മുതൽ പമ്പ വരെ വഴിപാട് വിതരണത്തിന് പ്രത്യേക കൗണ്ടറുകൾ ക്രമീകരിക്കും. നെയ്യഭിഷേകത്തിന് തിരക്ക് ഒഴിവാക്കുന്നതിനായി സന്നിധാനത്ത് പുതിയ നെയ്ത്തോണി സജ്ജീകരിച്ചിട്ടുണ്ട്.
അതിസുരക്ഷാമേഖലയാണ് ശബരിമല. ക്യൂ കോംപ്ലക്സ് സംവിധാനം പൊലീസ് നിയന്ത്രണത്തിലും നിരീക്ഷണത്തിലും ആയിരിക്കും. സി.സി.ടി.വി കാമറകൾ വഴി 24 മണിക്കൂറും സന്നിധാനവും പമ്പയും നടപ്പാതയും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തും. തിരക്ക് നിയന്ത്രിക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനുമായി സെക്യൂരിറ്റി സ്ക്രീനിങ് കോംപ്ലക്സ് താൽക്കാലിക സ്ട്രക്ചർ ആയി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ സ്കാനർ അടക്കം അത്യാധുനിക സുരക്ഷ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തരസാഹചര്യം ഉണ്ടായാൽ നേരിടുന്നതിന് ഓഫ് റോഡ് റെസ്ക്യൂ വെഹിക്കിൾ പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള ട്രാക്ടർ പാതയിൽ ഉപയോഗിക്കും. നിലയ്ക്കലിൽ ഹെലിപാഡും ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ രണ്ടായിരം പൊലീസുകാരെ പമ്പയിലും സന്നിധാനത്തും നിയോഗിക്കും. കേന്ദ്രസേനയുടെ സജീവ സാന്നിധ്യവും ഉണ്ടാകും.
500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതുമൂലമുള്ള ബുദ്ധിമുട്ട് അയ്യപ്പഭക്തർക്ക് ഒഴിവാക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്നതിനെക്കുറിച്ചും സർക്കാർ ആലോചിച്ചു. പിൻവലിച്ച നോട്ടുകൾക്ക് പകരമായി മറ്റു നോട്ടുകൾ പമ്പയിലും സന്നിധാനത്തും ലഭ്യമാക്കുന്നതിന് പര്യാപ്തമായ എ.ടി.എം സംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും ദേവസ്വം മന്ത്രിയെന്ന നിലയിൽ കത്തയച്ചിട്ടുണ്ട്. സന്നിധാനത്തും പമ്പയിലും എ.ടി.എമ്മുകൾ നിലവിൽ ഉണ്ടെങ്കിലും ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന ശബരിമലയിൽ എ.ടി.എമ്മുകളിലെ പണം വേഗം തീരുമെന്നതിനാൽ നിലവിലെ സാഹചര്യത്തിൽ പര്യാപ്തമായ സംവിധാനം ഒരുക്കേണ്ടതുണ്ട്. അതിനുവേണ്ട നടപടി കേന്ദ്രസർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.
മതസൗഹാർദത്തിെൻറ ക്ഷേത്രസങ്കൽപമാണ് ശബരിമലയുടെ കാലിക പ്രസക്തി. അയ്യപ്പനെ ദർശിക്കുന്നതിന് ഒപ്പം ഉറ്റതോഴനായ വാവരെ സ്മരിച്ചുകൂടിയാണ് ഭക്തകോടികൾ മലയിറങ്ങുന്നത്. ഒരുക്കങ്ങൾ വിലയിരുത്താൻ എനിക്കൊപ്പമെത്തിയ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിനെ ഭക്തർ സഹർഷമാണ് സ്വീകരിച്ചത്. ‘തത്ത്വമസി’ എന്നതാണ് ശബരിമല ലോകത്തിന് നൽകുന്ന സന്ദേശം. ആ സന്ദേശവാഹകരാകട്ടെ ഓരോ അയ്യപ്പഭക്തനും. അഹം എന്ന ഭാവമില്ലാതെ പരസ്പര സ്നേഹവും സൗഹൃദവും പങ്കുവെക്കുന്ന ശബരിമല തീർഥാടനകാലം പകരുന്ന പുണ്യവും അത് തന്നെ.
(സംസ്ഥാന വൈദ്യുതി, ദേവസ്വം മന്ത്രിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
