പോരായ്മകൾ നിറഞ്ഞ കീടനാശിനി മാനേജ്മെന്റ് ബിൽ 2025
text_fields1968ലെ കീടനാശിനി നിയമം ഭേദഗതി ചെയ്ത് രാജ്യത്തെ കീടനാശിനി നിയന്ത്രണ നിയമം പരിഷ്കരിക്കുന്നതിനുള്ള നീക്കമാണ് 2025ലെ കീടനാശിനി മാനേജ്മെന്റ് ബിൽ. 2026 ജനുവരി ഏഴിന് ബില്ലിന്റെ പുതുക്കിയ കരട് പുറത്തിറക്കിയ കേന്ദ്ര സർക്കാർ നിയമനിർമാണത്തിന് മുമ്പുള്ള കൂടിയാലോചന പ്രക്രിയയുടെ ഭാഗമായി പങ്കാളികളിൽനിന്നും പൊതുജനങ്ങളിൽനിന്നും നിർദേശങ്ങൾ ക്ഷണിച്ചിരിക്കുകയാണ്. ഫെബ്രുവരി അഞ്ചിനുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കണം.
കാർഷിക ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് രാസ കീട നിയന്ത്രണം അത്യാവശ്യമാണെന്ന് കണക്കാക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ രൂപപ്പെടുത്തിയ 1968ലെ നിയമത്തിൽ പാരിസ്ഥിതികവും പൊതുജനാരോഗ്യപരവുമായ പ്രത്യാഘാതങ്ങൾക്ക് പരിമിതമായ പരിഗണനയേ നൽകിയിട്ടുള്ളൂ. ഈ അപര്യാപ്തതയെക്കുറിച്ച് പല ആളുകളും ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഈ ആശങ്കകൾ പരിഹരിച്ചുള്ള സമഗ്ര നിയമനിർമാണത്തിന് ശ്രമം നടത്തിയ സർക്കാറുകൾ ബില്ലിന്റെ കരട് പതിപ്പുകൾ 2008, 2018, 2020 വർഷങ്ങളിൽ അവതരിപ്പിച്ചെങ്കിലും ഇവയൊന്നുംതന്നെ കീടനാശിനി ഉയർത്തുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ ഉതകുന്നതായിരുന്നില്ല.
കർഷക ക്ഷേമം, സുതാര്യത, ഉത്തരവാദിത്തം എന്നിവയിൽ ഊന്നിക്കൊണ്ട് സമകാലിക കാർഷിക രീതികൾ, സാങ്കേതിക പുരോഗതി, നിയന്ത്രണ ആവശ്യങ്ങൾ എന്നിവക്കനുസൃതമായാണ് ഇത്തവണത്തെ നിയമനിർമാണമെന്നാണ് കൃഷി, കർഷകക്ഷേമ മന്ത്രാലയം അവകാശപ്പെടുന്നത്.
എന്നാൽ, ബില്ലിന്റെ സമഗ്ര വിശകലനം നടത്തിയ പൊതുനയ വിദഗ്ധൻ ഡോ. നരസിംഹ റെഡ്ഡി ദോന്തി ഇതിലെ ഘടനാപരമായ പോരായ്മകൾ ചൂണ്ടിക്കാട്ടുന്നു. നിർദിഷ്ട നിയമനിർമാണം വലിയതോതിൽ ഭരണപരമായ ഒരു പ്രക്രിയയായി ചുരുക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും, ബിഹാർ (2013), യവത്മാൽ (2017), ചെന്നൈ (2024), മൈസൂരു (2025) എന്നിവിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടപോലുള്ള കീടനാശിനി ദുരന്തങ്ങൾ ഒഴിവാക്കാൻ ഇതു പര്യാപ്തമല്ലെന്നുമാണ് അദ്ദേഹത്തിൻറ മുന്നറിയിപ്പ്.
ദുർബലമായ സ്ഥാപന അധികാര ശ്രേണി, കീടനാശിനി വിഷബാധകൾ കണ്ടെത്താനുള്ള നിർദേശങ്ങളുടെ അപര്യാപ്തത, അവ്യക്തമായ നിർവചനങ്ങൾ, അമിതമായ എക്സിക്യുട്ടിവ് വിവേചനാധികാരം, ക്രിമിനൽ ബാധ്യതയുടെ അപര്യാപ്തത, തൊഴിലാളികൾക്ക് മതിയായ സംരക്ഷണം ഉറപ്പാക്കാതിരിക്കൽ എന്നിവ ബില്ലിലെ വലിയ പോരായ്മതന്നെയാണ്. രജിസ്ട്രേഷൻ കമ്മിറ്റി ഒരു സമാന്തര അധികാര കേന്ദ്രമായി പ്രവർത്തിക്കുന്നതരത്തിൽ, കേന്ദ്ര കീടനാശിനി ബോർഡിനോട് (CPB) വ്യക്തമായ ഉത്തരവാദിത്തമില്ലാതെയാണ് ബില്ലിൽ നിർദേശിച്ചിരിക്കുന്നത്. CPB വിശാലമായ പ്രാതിനിധ്യത്തോടെ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും, അതിൽ ഉപദേശക പ്രവർത്തനങ്ങൾ മാത്രമേ നിക്ഷിപ്തമാക്കിയിട്ടുള്ളൂ, നടപ്പാക്കാവുന്ന നിയന്ത്രണ അധികാരങ്ങൾ ഇല്ല. കൂടാതെ, ബിൽ ഒരു സമഗ്രമായ ഫാം-ടു-ഫോർക്ക് ചട്ടക്കൂട് സ്ഥാപിക്കുന്നില്ല, അതുവഴി കീടനാശിനി ജീവിതചക്രത്തിലുടനീളം കണ്ടെത്താനുള്ള സാധ്യത ദുർബലപ്പെടുത്തുന്നു. അനിയന്ത്രിതമായ ഡിജിറ്റൽ കീടനാശിനി വിൽപ്പനയും നിരോധിത കീടനാശിനികളുടെ തുടർച്ചയായ വ്യാപനവും സംബന്ധിച്ച് സ്ഥിരമായ നിയന്ത്രണ വിടവുകൾ നിലനിൽക്കുന്നു. കീടനാശിനി വിഷബാധ സംഭവങ്ങളുടെ വ്യവസ്ഥാപിത റിപ്പോർട്ടിങ്, ഒരു ദേശീയ വിഷബാധ രജിസ്റ്റർ സ്ഥാപിക്കൽ തുടങ്ങിയ അവശ്യ വിഷബാധ നിരീക്ഷണ സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നതിലും നിർദിഷ്ട നിയമനിർമാണം പരാജയപ്പെടുന്നു. "സജീവ ചേരുവ", "അപകടസാധ്യത", "വിഷബാധ", "വിൽപ്പന", "സ്റ്റോക്ക്", "സാങ്കേതിക ഗ്രേഡ് കീടനാശിനി", "തൊഴിലാളി" എന്നിവയുൾപ്പെടെ നിർണായക പദങ്ങളുടെ നിർവചനത്തിന് വ്യക്തതയില്ല. മലിനമായ വസ്ത്രങ്ങൾ കഴുകൽ, വെള്ളം കൊണ്ടുപോകൽ, കീടനാശിനി പ്രയോഗ ഉപകരണങ്ങൾ വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീ തൊഴിലാളികളെ നിയമപരമായ നിർവചനത്തിൽനിന്ന് ഒഴിവാക്കിയിരിക്കുന്നതിനാൽ, വ്യക്തമായ ലിംഗപരമായ വ്യത്യാസം പ്രകടമാണ്. കാർഷിക മേഖലയുടെ ദീർഘകാല സുസ്ഥിരതക്കും പൊതുജനാരോഗ്യ സംരക്ഷണത്തിനും ഇവയുടെ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ പോരായ്മകൾ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. പാർലമെന്റിൽ ബിൽ അവതരിപ്പിക്കുന്നതിനു മുമ്പ് ഭേദഗതികൾ ഉൾപ്പെടുത്തേണ്ടതുണ്ട്. കീടനാശിനികളെ നിയന്ത്രിക്കാനും, കോർപറേറ്റ് ബാധ്യത ശക്തിപ്പെടുത്താനും, പൊതുസുതാര്യത വർധിപ്പിക്കാനും അങ്ങനെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ഉതകുന്ന ബില്ലാണ് പാർലമെന്റിൽ ചർച്ചക്ക് വരേണ്ടത് .
ശക്തമായ ഒരു കീടനാശിനി വിഷ നിരീക്ഷണ ചട്ടക്കൂട് സ്ഥാപിക്കാനും കർശനമായ കോർപറേറ്റ് ഉത്തരവാദിത്ത നടപടികൾ നടപ്പാക്കാനും; നിർബന്ധിത നിർവഹണ അധികാരങ്ങളുള്ള പ്രധാന നിയന്ത്രണ അതോറിറ്റിയായി സെൻട്രൽ കീടനാശിനി ബോർഡിനെ ശക്തിപ്പെടുത്താനും കഴിയണം. കീടനാശിനി വിഷബാധ ഏൽക്കുന്നവർക്കായി ഇര ദുരിതാശ്വാസ ഫണ്ടും സ്വതന്ത്രമായ ഒരു ധാർമികസമിതിയും സ്ഥാപിക്കണം. കേന്ദ്ര കീടനാശിനി ബോർഡിന്റെ നിർബന്ധിത വാർഷിക റിപ്പോർട്ടുകളിലൂടെയും ഘടനാപരമായ പൊതുജന കൂടിയാലോചന പ്രക്രിയകളിലൂടെയും ഫലപ്രദമായ പാർലമെന്ററി മേൽനോട്ടം ഉറപ്പാക്കുകയും വേണം.
പ്രകൃതി കൃഷിക്കും അഗ്രോ ഇക്കോളജിക്കും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള കാർഷിക വികസന നയങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കീടനാശിനി ഉൽപാദനം, ഉപയോഗം, വിപണനം, കീടനാശിനി മാലിന്യ നിർമാർജനം എന്നിവയെല്ലാം ശക്തമായി നിയന്ത്രിക്കേണ്ടതുണ്ട് . കൃഷി സംസ്ഥാന വിഷയമാണെന്നിരിക്കേ സംസ്ഥാന സർക്കാറുകൾക്കും കീടനാശിനികളെ നിയന്ത്രിക്കാനുള്ള അധികാരം നൽകേണ്ടതുണ്ട്.
ushathanal@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

