Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപെസ നിയമം നടപ്പാക്കാൻ ...

പെസ നിയമം നടപ്പാക്കാൻ സർക്കാർ ഭയക്കുന്നതാരെ?

text_fields
bookmark_border
pesa-law-23
cancel

സംസ്ഥാനത്ത് ആദിവാസികൾക്ക് പെസ (​െപ്രാവിഷൻസ് ഓഫ് പഞ്ചായത്ത് (എക്​സ്​റ്റൻഷൻ ടു ഷെഡ്യൂൾഡ് ഏരിയാസ്) നിയമം നടപ്പാക്കാമെന്ന് ഉറപ്പുനൽകിയത് മുൻ മുഖ്യമന്ത്രി എ.കെ. ആൻറണിയാണ്. ഏതാണ്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ആദിവാസികൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന നിയമത്തിൻെറ ഗുണഫലം അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. ആദിവാസികൾ നിൽപ്​ സമരം നടത്തുന്നതുവരെ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒരടി മുന്നോട്ടുപോയില്ല. ഒടുവിൽ ഉമ്മൻ ചാണ്ടി വീണ്ടും ഉറപ്പുനൽകി. എൽ.ഡി.എഫ് സർക്കാറാകട്ടെ, സംസ്ഥാനത്തെ ആദിവാസികളുടെ ഇത്തര​െമാരു അവകാശത്തെ അംഗീകരിച്ചുകൊടുക്കാൻ തയാറല്ലെന്ന് അവരുടെ പ്രവർത്തനങ്ങൾ തെളിയിക്കുന്നു. നിയമം കേരളത്തിൽ നടപ്പാക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച് കിർത്താഡ്സ് നൽകിയ റിപ്പോർട്ട് പൊടിപിടിച്ചുകിടക്കുകയാണ്.

സ്വാതന്ത്ര്യാനന്തര കേരളത്തിലെ ആദിവാസികൾ ജനസംഖ്യയിൽ ചില പ്രദേശങ്ങളിൽ ഭൂരിപക്ഷമായിരുന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയും വയനാട്, ഇടുക്കി ജില്ലകളിലെ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന ബ്ലോക്കുകളും പഞ്ചായത്തുകളും മറ്റും പട്ടികവർഗ പ്രദേശമായി പ്രഖ്യാപിച്ച കഴിഞ്ഞതായിരുന്നു. എന്നാൽ, ഇന്ന് അതല്ല സ്ഥിതി. സംസ്ഥാനത്താകെ ആദിവാസികളുടെ പിറന്ന മണ്ണും സംസ്കാരവും ജീവിതവും അന്യാധീനപ്പെട്ടു. ഒരു പ്രദേശത്തെ ഭരണഘടനയുടെ അഞ്ചാം പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച് ആദിവാസി ജനത എണ്ണത്തിൽ മുന്നിട്ടുനിൽക്കുന്ന, വലുപ്പമുള്ള, അയൽപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള പ്രദേശമായിരിക്കണം. ഈ മാനദണ്ഡം അനുസരിച്ചാണ് ഒരു പ്രദേശം പട്ടികവർഗ പ്രദേശമായി പ്രഖ്യാപിക്കുന്നത്. അതനുസരിച്ച് സംസ്ഥാനത്ത് ഇന്ന് ജനസംഖ്യയിൽ ആദിവാസികൾ 50 ശതമാനത്തിലധികം വരുന്ന ജില്ലയും ബ്ലോക്ക് പഞ്ചായത്തും നിലവിലില്ല. അതുകൊണ്ട് നിലവിലെ ബ്ലോക്കുകളെയും പഞ്ചായത്തുകളെയും പട്ടികവർഗ പ്രദേശമായി അതേപടി പ്രഖ്യാപിക്കുന്നതിന് എതിർപ്പുകളുണ്ടാകും.

സംസ്ഥാനത്തെ അഞ്ചാം പട്ടിക മറ്റൊരു തരത്തിൽ കണ്ടെത്താമെന്നാണ് കിർത്താഡ്സ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. 2011ലെ സെൻസസ് പ്രകാരം ആദിവാസി ജനത 50 ശതമാനത്തിലധികം വരുന്ന ഏഴു പ്രദേശങ്ങൾ സംസ്ഥാനത്തുണ്ട്. പാലക്കാട് അട്ടപ്പാടി ബ്ലോക്കിൽ പുതൂർ പഞ്ചായത്തിലെ പാടവയൽ വില്ലേജ് (72), പുതൂർ (62), ഷോളയൂർ പഞ്ചായത്ത് (57.3), വയനാട് തിരുനെല്ലി (52), നൂൽപുഴ (53), ഇടുക്കി അറക്കുളം (73), കുടയത്തൂർ (53) എന്നിവയാണവ. ഇവിടങ്ങളിലെ ഒരു പഞ്ചായത്തിൽ അടുത്തടുത്ത് ഉള്ളവയും സമീപ പഞ്ചായത്തുകളിൽ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളും ചേർത്ത് ഒരു യൂനിറ്റാക്കാം. അതത്​ പഞ്ചായത്തുകളിൽനിന്ന് വിഭജിച്ചോ വേർപെടുത്തിയോ ഇടമലക്കുടി പഞ്ചായത്തി​​െൻറ മാതൃകയിൽ ആദിവാസികൾ ഭൂരിപക്ഷമുള്ള പ്രത്യേക പഞ്ചായത്ത് രൂപവത്​കരിച്ച് പട്ടികപ്രദേശമായി പ്രഖ്യാപിക്കാം. അതുപോലെ 30 ശതമാനത്തിനും 50നും ഇടയിൽ ആദിവാസി ജനസംഖ്യയുള്ള 10 പ്രദേശങ്ങൾ സംസ്ഥാനത്തുണ്ട്: വയനാട്ടിലെ തൃശ്ശിലേരി (38 ശതമാനം), പൊഴുതന (34), തരിയോട് (33), നടവയൽ (31), കിടങ്ങാട് (37), പാലക്കാട് അഗളി (36), കോട്ടത്തറ (48), ഇടുക്കി ഇലപ്പിള്ളി (33), കാഴന്നൂർ (38), കൊട്ടക്കമ്പൂർ (42). ഈ പ്രദേശങ്ങളെ പ്രത്യേകമായി തിരിച്ച് പട്ടികവർഗ പ്രദേശമാക്കാം.
സംസ്ഥാനത്തെ ആദിവാസികൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ അതത് പഞ്ചായത്തിൽതന്നെ നിലനിർത്തി പട്ടികപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്യാം.

സംസ്ഥാനത്ത് സംരക്ഷിക്കപ്പെടുന്ന 540 ആദിവാസി ഊരുകളിലെ ചോലനായ്ക്കരുടെ 14 ഊരുകളും നിലമ്പൂരിലെ വനങ്ങളിലാണ്. അതിരപ്പിള്ളി, നെല്ലിയാമ്പതി, പറമ്പിക്കുളം വനമേഖലകളിലാണ് കാടരുടെ ഊരുകൾ. മലൈപണ്ടാരം, മുതുവാൻ, മന്നാൻ, കാട്ടുനായ്ക്കർ തുടങ്ങിയ പല സമൂഹങ്ങളും ധാരാളമായി വനപ്രദേശങ്ങളിൽ കഴിയുന്നുണ്ട്. വനാവകാശ നിയമം നടപ്പാക്കിയതോടെ അവരുടെ ഭൂമി റവന്യൂ ഭൂമിയായി മാറി. ഇൗ പ്രദേശങ്ങ​ളെ വില്ലേജാക്കി പട്ടികപ്രദേശമായി വിജ്ഞാപനം ചെയ്യാമെന്നാണ് റിപ്പോർട്ടിലെ നിർദേശം. പെസ നിയമം പട്ടികപ്രദേശങ്ങൾക്കു മാത്രമാണ് ബാധകം. നിയമത്തിൻെറ അടിസ്ഥാനം മൂന്നു കാര്യങ്ങളാണ്. പാരമ്പര്യ ചട്ടങ്ങളെയും സാമൂഹികക്രമത്തെയും അടിസ്ഥാനമാക്കി ഗ്രാമസഭക്ക്​ അധികാരം നൽകണം. ജനസംഖ്യക്കുപരിയായി ഒരു സങ്കേതമോ ഒന്നിലധികം സങ്കേതമോ ഉൾക്കൊള്ളുന്ന ഗ്രാമസഭയാണ് ഭരണനിർവഹണ യൂനിറ്റ്. പെസയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ പഞ്ചായത്തീരാജ് നിയമം രൂപകൽപന ചെയ്യണം. അതാകട്ടെ ഗ്രാമങ്ങളുടെ പാരമ്പര്യ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചായിരിക്കണം.
നിലവിൽ സംസ്ഥാനത്ത് വില്ലേജ് എന്നത് 1000 -1500 ജനസംഖ്യയുള്ള റവന്യൂ വില്ലേജുകളാണ്. അതുപോലെ ആദിവാസികൾ താമസിക്കുന്ന ഒന്നോ അതിലധികമോ സങ്കേതങ്ങളെ പട്ടികമേഖലയിലെ ഗ്രാമസഭയായി നിർവചിക്കാവുന്നതാണ്. കേന്ദ്ര പെസ നിയമത്തിൽ പറഞ്ഞിരിക്കുന്ന പഞ്ചായത്തീരാജ് നിയമം പട്ടികപ്രദേശങ്ങളിൽ നടപ്പാക്കുമ്പോൾ സംസ്ഥാനം ചില വകുപ്പുകൾ ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യണം. സംസ്ഥാനങ്ങൾ ചട്ടങ്ങൾ നിർമിക്കുകയും ചെയ്യണം.
നിലവിലെ പഞ്ചായത്ത് പട്ടികപ്രദേശങ്ങളിൽ വരുന്നതാണെങ്കിൽ ജനസംഖ്യ അടിസ്ഥാനമാക്കി ചുരുങ്ങിയത് 50 ശതമാനം സീറ്റും ചെയർപേഴ്സൻപദവിയും പട്ടികവർഗക്കാർക്ക് മാറ്റിവെക്കണമെന്നാണ് റിപ്പോർട്ട് നിർദേശിക്കുന്നത്. പ്രാതിനിധ്യമില്ലാത്ത ആദിവാസികളുടെ പ്രതിനിധിയെ ആകെ അംഗങ്ങളുടെ എണ്ണത്തി​​െൻറ പത്തിലൊന്നിൽ കൂടാത്ത തരത്തിൽ ജില്ല പഞ്ചായത്തിലേക്കും തൊട്ടടുത്ത പഞ്ചായത്ത്തലത്തിലേക്കും സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യണം. പെസ നിയമപ്രകാരം പഞ്ചായത്തി​​െൻറ അധികാരങ്ങൾ ഗ്രാമസഭയുടെ അധികാരത്തിൻ കീഴിലാണ്. ടി.എസ്.പി (ട്രൈബൽ സബ് പ്ലാൻ) ഉൾപ്പെടെയുള്ള ഫണ്ട് വിനിയോഗിച്ച് പദ്ധതികളുടെ രൂപവത്​കരണവും അവയുടെ മോണിറ്ററിങ്ങും ഗുണഭോക്താക്കളെ കണ്ടെത്തലും ജലസ്രോതസ്സുകൾ ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ വിനിയോഗവും പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളും തർക്കങ്ങളുടെ പരിഹാരവുമെല്ലാം ഗ്രാമസഭ തീരുമാനിക്കും.
ചരിത്രപരമായി ആദിവാസികൾ മറ്റു സാമൂഹിക വിഭാഗങ്ങളിൽനിന്ന്​ ഏറെ അകലെയാണ്. അവരുടെ സാമൂഹിക ജീവിതം ചിട്ടപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അവരുടേതായ പാരമ്പര്യമാണ്. ഇന്ത്യൻ ഭരണഘടന ആദിവാസി സമൂഹങ്ങളുടെ മേഖലകളിൽ പ്രത്യേക പ്രദേശങ്ങളായി പട്ടിക പ്രഖ്യാപിക്കുകയും പ്രത്യേക ഭരണത്തിൻ കീഴിൽ കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ആദിവാസി സമൂഹങ്ങൾക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശമാണിത്. കിലയുടെ സർവേ അനുസരിച്ച് 4752 സങ്കേതങ്ങൾ സംസ്ഥാനത്തുണ്ട്. അവയിൽ 1518 എണ്ണം വനപ്രദേശങ്ങളിലാണ്. ബഹുഭൂരിപക്ഷം വരുന്ന ആദിവാസി സമൂഹങ്ങൾക്കും പാരമ്പര്യ ജീവിതവും സാംസ്കാരിക സവിശേഷതകളും നഷ്​ടപ്പെട്ടു. സുരക്ഷിതമായ സ്വാശ്രയജീവിതം സാധ്യമാകുന്നില്ല. അധിവസിക്കുന്ന മേഖലകളിലെ ഭൂമി സാമൂഹിക ഇടപെടലുകൾ മൂലം നഷ്​ടപ്പെട്ടു. അത്തരം മേഖലകളിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മാത്രമേ ആദിവാസികൾക്ക് അതിജീവനം സാധ്യമാകൂ. അവർ അനുഭവിക്കുന്ന ജീവിതദുരിതങ്ങൾക്ക്​ ഒരളവുവരെ പരിഹാരം കണ്ടെത്താൻ കഴിയും. രാഷ്​ട്രീയ പ്രസ്ഥാനങ്ങൾ പെസയെ ഭയക്കുകയാണ്. അധികാരം ആദിവാസികളിലെത്തുന്ന നിയമം ആപത്താണെന്ന് അവർ തിരിച്ചറിയുന്നു. അതിനാൽ നിയമസഭയിൽ ഇതുസംബന്ധിച്ച് ആരും ചോദ്യം ഉന്നയിക്കുന്നില്ല. നിയമം നടപ്പാക്കാൻ വൈകുന്നതിലൂടെ ഒരു ജനതയുടെ ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തുകയാണ്. ഇത് ചില വിഭാഗങ്ങളെ വംശീയമായി തുടച്ചുനീക്കുമെന്നുറപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentpesa actmalayalam newsarticlesOPNION
News Summary - PESA Law-Opnion
Next Story