Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനില്‍ക്കുന്ന തറയുടെ...

നില്‍ക്കുന്ന തറയുടെ ചൂടറിയാത്തവര്‍

text_fields
bookmark_border
നില്‍ക്കുന്ന തറയുടെ ചൂടറിയാത്തവര്‍
cancel

കേരളത്തിലടക്കം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഭൂപരിഷ്കരണം സാധ്യമാക്കിയത് സാമൂഹിക-രാഷ്ട്രീയബന്ധങ്ങളിലെ പൊളിച്ചെഴുത്തുകളാണ്. 1924ല്‍ സോവിയറ്റ് യൂനിയനില്‍ ഭൂപരിഷ്കരണം നടപ്പാക്കിയത് ഒക്ടോബര്‍ വിപ്ളവത്തിന്‍െറ വിജയത്തോടെ വര്‍ഗബന്ധങ്ങളില്‍ വന്ന മാറ്റങ്ങളുടെ ഫലമായാണ്. ഈ ഭൂപരിഷ്കരണത്തിലൂടെ ലഭിച്ച മിച്ചമൂല്യംകൊണ്ടാണ് സോവിയറ്റ് യൂനിയനൊരു വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്താനും രണ്ടാം ലോകയുദ്ധത്തില്‍ നാസി ജര്‍മനിയെ പരാജയപ്പെടുത്താനും കഴിഞ്ഞത്.

ചൈന, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളുടെ വ്യവസായ സമ്പദ്ഘടനയുടെ അടിത്തറയും ഭൂപരിഷ്കരണമാണ്. ‘കേരള മോഡല്‍’ സാധ്യമാക്കിയതും ഭൂപരിഷ്കരണത്തിലൂടെ രൂപപ്പെട്ട മിച്ചസമ്പത്താണ്. ഇപ്രകാരം, ഭൂപരിഷ്കരണം നടപ്പാക്കാതിരുന്നതിനാലാണ് ഇന്ത്യയിലെ വ്യവസായവത്കരണത്തിനാവശ്യമായ മൂലധനം വിദേശരാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്യേണ്ടിവരുന്നത്. ചുരുക്കത്തില്‍, ഭൂമിയുടെ രാഷ്ട്രീയമെന്നത് സാമൂഹിക (സാമുദായിക) ബന്ധങ്ങളിലെ മാറ്റവും ഭൂമിയില്‍ നിന്നുള്ള മിച്ചമൂല്യത്തിന്‍െറ വിനിയോഗവുമാണ്. അതുകൊണ്ടാണ് നിയമാധിഷ്ഠിതമായ ഭൂപരിഷ്കരണത്തിനുവേണ്ടിയുള്ള വാദമുയരുന്നത്.

ഈ ദലിത് നാമധാരികളുടെയും അവര്‍ക്ക് ഓശാന പാടുന്ന കമ്യൂണിസ്റ്റ് ലിബറലുകളുടെയും വഴിയും വെളിച്ചവും ജിഗ്നേഷ് മേവാനിയാണ്. ഗുജറാത്തിലെ ഉനയില്‍ ദലിത് പീഡനങ്ങള്‍ക്കെതിരെ അദ്ദേഹത്തിന്‍െറ നേതൃത്വത്തിലുണ്ടായ മുന്നേറ്റം പ്രസക്തമാക്കുന്നത് മൂന്നുകാര്യങ്ങളാണ്. ഒന്ന്, ചത്ത പശുവിന്‍െറ തോലുരിക്കല്‍ പോലുള്ള ഹീനമായ ജോലികള്‍ ഉപേക്ഷിക്കണമെന്ന പ്രഖ്യാപനമാണ്. ഈ ആഹ്വാനം ഡോ. ബി.ആര്‍. അംബേദ്കറുമായി രക്തബന്ധം പുലര്‍ത്തുന്നുണ്ട്.

1920കളില്‍ അംബേദ്കര്‍ സാമൂഹികരംഗത്തേക്കു കടന്നുവരുന്നത് ഹീനജോലികള്‍ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായാണ്. ഇതിന്‍െറയടിസ്ഥാനത്തില്‍ അദ്ദേഹത്തിന്‍െറ സമുദായമായ മഹറുകള്‍ ചത്തമൃഗങ്ങളുടെ തോലുരിയുന്നതും മലം കോരുന്നതും ചത്തമൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നതും ഉപേക്ഷിക്കുകയും ചെയ്തു. പകരം, അദ്ദഹം മുന്നോട്ടു വെച്ചത് സര്‍ക്കാര്‍ ഉദ്യോഗം പോലുള്ള മാന്യമായ തൊഴിലുകളാണ്. ഈ സാമൂഹികവിപ്ളവത്തിന്‍െറ തുടര്‍ച്ചയാണ് ജിഗ്നേഷ് മേവാനിയില്‍ നിന്നു വായിച്ചെടുക്കാനാവുന്നത്. രണ്ടാമത്തെ കാര്യം മുസ്ലിംകളെ ഒരു പീഡിത ജനതയായും നിരന്തരമായ ഭീഷണിയിലൂടെ അരക്ഷിതത്വം പേറുന്ന ജനതയായും കാണുന്നതാണ്.

കേരളത്തില്‍ ‘ചലോ തിരുവനന്തപുരം മുന്നേറ്റം’ എന്ന പേരില്‍ ഭൂസമര പ്രഹസനവുമായി രംഗത്തുവന്ന ചില ദലിത് ആക്ടിവിസ്റ്റുകളും കമ്യൂണിസ്റ്റു പാരമ്പര്യവാദികളും ചേര്‍ന്ന്, ഒരു പിടി സമ്പന്നരെയും വരേണ്യരേയും ചൂണ്ടിക്കാട്ടി മുസ്ലിംകളെ വര്‍ഗപരമായി വിഭജിക്കുകയാണ.് ഇങ്ങനെ ചെയ്യുമ്പോള്‍ അവര്‍ മറന്നുപോകുന്നത് നാളിതുവരെ നടന്ന മുസ്ലിം വിരുദ്ധ ആക്രമണങ്ങളില്‍ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെയാണ് കൊലപാതകങ്ങള്‍ നടന്നിട്ടുള്ളതെന്നതാണ്. ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കൂട്ടക്കൊലകളുടെ നാള്‍വഴികള്‍ ഇത് അസന്ദിഗ്ധമായി തെളിയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്? വ്യക്തമായ പാഠവത്കരണം അംബേദ്കറിന്‍േറതാണ്.

അദ്ദേഹത്തിന്‍െറ വീക്ഷണത്തില്‍ ഇന്ത്യന്‍ ദേശീയതയില്‍ അധീശത്വം വഹിക്കുന്നത് മതേതര രാഷ്ട്രീയഭൂരിപക്ഷമല്ല, മറിച്ച് ഹിന്ദുത്വത്താല്‍ നയിക്കപ്പെടുന്ന മതാത്മക സാമുദായിക ഭൂരിപക്ഷമാണ്. ജാതികളായി വിഭജിതരായിരിക്കുന്ന ഈ സാമുദായിക ഭൂരിപക്ഷത്തിന്‍െറ ഏകീകരണത്തിനടിസ്ഥാനം മുസ്ലിംകള്‍ക്കെതിരായ കലാപമോ വിദ്വേഷപ്രചാരണമോ ആണെന്ന് അദ്ദേഹം ‘ജാതി ഉന്മൂലനം’ എന്ന കൃതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജര്‍മനിയില്‍ ആര്യന്‍ വംശീയതയുടെ സ്ഥാപനവത്കരണത്തിനായി അഡോള്‍ഫ് ഹിറ്റ്ലര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ജൂതവിരോധത്തിന്‍െറ ഇന്ത്യന്‍ പതിപ്പാണിത്. കൂടാതെ, ഈ ഹിന്ദുസാമുദായിക ഭൂരിപക്ഷത്തിനു ലഭിച്ച വരദാനമാണ് ഭരണഘടനയുടെ 25ാം വകുപ്പിലെ രണ്ടാം ഉപവകുപ്പിന്‍െറ നിര്‍വചനത്തിലൂടെ ബുദ്ധ, സിഖ്, ജൈനമതങ്ങളെ ഹിന്ദുക്കളായി കണക്കാക്കിയിരിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് അംബേദ്കര്‍, ഗാന്ധിജിയുടെയും ആഗാഖാന്‍െറയും പ്രതിരോധ നിരകളെ മറികടന്ന് ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുകയും, അതിന് ഭരണഘടനാ പരിരക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഇത്തരം ജനാധിപത്യവത്കരണത്തിന്‍െറ ചരിത്രാനുഭവങ്ങളെ നിഷേധിക്കുന്നവരാണ് മുസ്ലിംകളെ വര്‍ഗവത്കരണങ്ങളിലൂടെ വിഭജിക്കാനായി രംഗത്ത് വന്നിരിക്കുന്നത്.

മൂന്നാമത്തെ കാര്യമാണ് അഞ്ച് ഏക്കര്‍ ഭൂമി വേണമെന്ന ആവശ്യം. ചത്ത പശുക്കളുടെ തോലുരിക്കല്‍പോലുള്ള ഹീനജോലികള്‍ നിഷേധിക്കപ്പെടുമ്പോഴുണ്ടാകുന്ന തൊഴിലില്ലായ്മയുടെ പരിഹാരമെന്ന, ദരിദ്രരായ ദലിതരുടെ അടിയന്തരമായ സാമ്പത്തികാവശ്യമെന്ന നിലയിലാണ് അഞ്ച് ഏക്കര്‍ ഭൂമി പ്രസക്തമാകുന്നത്. ഇതിനാധാരമായ അവഗണനയുടെ ചിത്രം മീരാ വേലായുധന്‍ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്. ‘‘1996നും 2000നും ഇടയില്‍ ഭൂവിതരണപദ്ധതിക്കു കീഴില്‍ ദലിതര്‍ക്കു ആറായിരത്തോളം ഏക്കര്‍ ഭൂമിയാണ് രേഖപ്രകാരം നല്‍കിയത്. എന്നാല്‍ അതില്‍ അവര്‍ക്ക് നിയമാവകാശമില്ല.

ദലിതര്‍ ജീവിക്കുന്ന 12,500 ഗ്രാമങ്ങളില്‍ ഭൂവിതരണം നടന്നിട്ടില്ല...’’ ‘‘ഗുജറാത്തില്‍ എസ്.സി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട 64, 000ത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. വിദ്യാഭ്യാസത്തിന്‍െറ സ്വകാര്യവത്കരണവും രണ്ടുലക്ഷം വരെയുള്ള ഫീസും ദലിതരെ വിദ്യാഭ്യാസത്തില്‍ നിന്നുമകറ്റി. കര്‍ഷകതൊഴിലാളികള്‍ക്കുള്ള ദിവസ വേതനം 176 രൂപയാണെങ്കിലും ഗുജറാത്തിലെ ഗ്രാമങ്ങളില്‍ ദലിതര്‍ക്ക് കിട്ടുന്നത് 50-60 രൂപ മാത്രമാണ്...’’ ഇത്തരം പ്രശ്നങ്ങള്‍ കൂടി ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ ദലിതരുടെ സാമ്പത്തിക വികസനത്തെ അഭിസംബോധന ചെയ്യാന്‍ ജിഗ്നേഷ് മേവാനിക്ക് കഴിയുമായിരുന്നു.

കേരളത്തില്‍, ഭൂമിയുടെ ഉടമസ്ഥാവകാശം കേവലമൊരു സാമ്പത്തികമാത്ര അവകാശമായിരിക്കുന്നതിനാലാണ് ലിബറല്‍ ഇടതുപക്ഷങ്ങള്‍ രക്ഷാപുരുഷന്മാരായി വന്നിരിക്കുന്നത്.  മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിച്ചതിനത്തെുടര്‍ന്ന് വി.എസ്. അച്യുതാനന്ദനാണ് കേരളത്തിലൊരു ‘രണ്ടാം ഭൂപരിഷ്കരണം’ വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഈ ആവശ്യത്തെ കെ.പി.എം.എസ് അടക്കമുള്ള സംഘടനകളും സാമൂഹിക-രാഷ്ട്രീയപ്രസ്ഥാനങ്ങളും ഏറ്റെടുക്കുകയുണ്ടായി. അപ്പോഴൊന്നും, ഇടതുപക്ഷ ലിബറലുകളുടെ പിന്തുണയുണ്ടായില്ല. ഇതിനര്‍ഥം ജിഗ്നേഷ് മേവാനിയുടെ അഞ്ചേക്കര്‍ ഭൂമിയെന്ന ആവശ്യത്തെ കലവറയില്ലാതെ തുണക്കുന്നവരുടെ ലക്ഷ്യം അംബേദ്കറിന്‍െറ സാമ്പത്തിക രാഷ്ട്രീയദര്‍ശനങ്ങളെ തള്ളിക്കളഞ്ഞ് മാര്‍ക്സിസ്റ്റ് താര്‍ക്കിക യുക്തികളെ ദലിതരിലേക്ക് ഒളിപ്പിച്ചുകടത്തുകയാണ്.

ജിഗ്നേഷ് മേവാനി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ നിഷേധിക്കേണ്ടതില്ല. മറിച്ച്, അതിനെ നിയമാധിഷ്ഠിത ഭൂപരിഷ്കരണമാക്കി മാറ്റാനുള്ള പ്രക്ഷോഭങ്ങളാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്. ഇതിനായി, സാമുദായിക രാഷ്ട്രീയബന്ധങ്ങളുടെ പുനര്‍നിര്‍ണയത്തിനുതകുന്ന സംഘടനാപ്രവര്‍ത്തനങ്ങളാണാവശ്യം. ഇത്തരം വസ്തുതകളെ കണക്കിലെടുക്കാതെയാണ് ഭൂമിയുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്. ഒരുദാഹരണം നോക്കുക. രാജമാണിക്യം കമ്മിറ്റി ചൂണ്ടിക്കാണിച്ച തോട്ടം മേഖലയിലെ അഞ്ചു ലക്ഷം ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെടുമ്പോള്‍ തോട്ടം ഭൂമി വ്യവസായാവശ്യത്തിനു മാത്രമേ വിനിയോഗിക്കാന്‍ കഴിയുകയുള്ളൂവെന്ന നിലവിലുള്ള നിയമത്തെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു.

അതായത്, ഭൂമിയുടെ മേലുള്ള നിയമപരിരക്ഷയുടെ കുരുക്കഴിക്കാനുള്ള സാമുദായിക രാഷ്ട്രീയ സമ്മര്‍ദമില്ലാതെ, സര്‍ക്കാര്‍ നടപടികളിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം അടിത്തട്ട് ജനതക്കു ലഭിക്കുമെന്നത് ദിവാസ്വപ്നം മാത്രമാണ്. കമ്യൂണിസ്റ്റ് വിപ്ളവകാരികള്‍ തെലങ്കാനയില്‍ തുടക്കം കുറിച്ചതും നക്സല്‍ബാരിയിലൂടെ  ഇന്ത്യയുടെ പല ഭാഗങ്ങളിലും പിടിച്ചെടുത്തതുമായ ഭൂമി തിരിച്ചുനല്‍കേണ്ടി വന്നുവെന്നതാണ് ചരിത്രപാഠം. ഇത് മനസ്സിലാക്കാതെ തങ്ങളുടെ അവസരവാദത്തിനും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുംവേണ്ടി ഭൂസമരങ്ങളെ വഴിതിരിച്ചുവിടുന്നവരെ ഉദ്ദേശിച്ചുംകൂടിയാണ് ‘നില്‍ക്കുന്ന തറയുടെ ചൂടറിയാത്തവര്‍, അവരോടെനിക്കൊന്നും പറയാനില്ല’ എന്ന് ബുദ്ധന്‍ ആനന്ദനോട് പറഞ്ഞത്.
(അവസാനിച്ചു)

Show Full Article
TAGS:land strike 
News Summary - persons who dont know hot of the floor in which they stand
Next Story