Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഫലസ്തീൻ...

ഫലസ്തീൻ പരാജയപ്പെടില്ല!

text_fields
bookmark_border
palestine victory
cancel
camera_alt

2008​ലെ ഇസ്രായേലി ആക്രമണത്തിൽ കാൽ നഷ്ടപ്പെട്ട ഫലസ്തീനിയൻ കലാകാരൻ മുഹമ്മദ് തൂത്ത ഗസ്സയിലെ കടൽത്തീരത്ത് പുതുവർഷാശംസ എഴുതിയപ്പോൾ      

 - ചിത്രം അലി ജദല്ലാഹ് 

ഭീകരവാദികൾക്കും അവരുടെ ആക്രമണങ്ങൾക്കും ഭരണകൂടം തന്നെ പിന്തുണ നല്‍കിയാൽ ജനങ്ങൾ എന്തുചെയ്യും? ഫാഷിസ്റ്റ് ഭരണകൂടങ്ങൾ ലോകമെമ്പാടും പയറ്റുന്ന ഒരു ഭീരുത്വനിലപാടാണിത്. നീതിന്യായ-ധാർമിക വ്യവസ്ഥകളെ നിരാകരിക്കുന്ന ഈ നിലപാടിനെ മാനുഷികമൂല്യങ്ങളിൽ വിശ്വസിക്കുന്ന ആരുംതന്നെ പിന്തുണക്കുകയില്ല. നിവൃത്തിയില്ലാതെ വരുമ്പോൾ സഹികെട്ട് എന്തുമാവട്ടെ എന്നുകരുതി ജനങ്ങൾ പ്രതികരിക്കുന്നു. ഇതാണിപ്പോൾ ബൈത്തുൽ മുഖദ്ദസിൽ സംഭവിക്കുന്നത്.

ഇസ്രായേലി പ്രഥമ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് ബെൻഗൂരിയൻ 1948 മേയ് 14ന് ഇസ്രായേൽ നിലവിൽവന്നതായി ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. ഗ്രിഗേറിയൻ കലണ്ടറിലെ ഈദിനം ഹീബ്രു കലണ്ടറിൽ എപ്പോഴാണോ ഒത്തുവരുന്നത് ആ ദിവസമാണ് ഇസ്രായേൽ സ്വാതന്ത്ര്യദിനമായാഘോഷിക്കുന്നത്. ഈ വർഷം അത് മേയ് അഞ്ചിനായിരുന്നു. പാർലമെൻറ് (Knesset) സ്പീക്കറുടെ സാന്നിധ്യത്തിൽ ജറൂസലമിലെ അൽഅഖ്സ പള്ളിയോട് ചേര്‍ന്ന മൗണ്ട് ഹർസലിൽ ദീപാലങ്കാരത്തോടെയും കലാപ്രകടനങ്ങളോടെയും നടത്തപ്പെടുന്ന ഈ മഹോത്സവത്തിന് ഇക്കുറി ഒരു പ്രത്യേകതയുണ്ടായിരുന്നു. മൗണ്ട് ഹർസലിലും ഹിബ്റോൺ സിറ്റിയിലെ ഇബ്രാഹീമി മസ്ജിദിലും ഇസ്രായേലിന്റെ കൊടിനാട്ടാനും തുടർന്ന് ദേശീയഗാനമാലപിക്കാനും അവർ പരിപാടിയിട്ടു. ഇബ്രാഹീം മസ്ജിദിന് മുകളിൽ കൊടിനാട്ടിയതിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതായും കണ്ടു!

മുസ്‍ലിം ലോകത്തിന്റെ മനോഗതിയെ മാനിച്ചുകൊണ്ട് അറബ് രാഷ്ട്രങ്ങളിൽ ചിലത് അവരുടെ അതൃപ്തി രേഖപ്പെടുത്തി. എന്നാൽ, 'അബ്രഹാം കരാറി'ലൂടെ അറബ് രാഷ്ട്രങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നവേളയിൽതന്നെ ഇങ്ങനെയൊരു വയ്യാവേലിക്ക് ഇസ്രായേൽ തുനിഞ്ഞതെന്തിനാണെന്ന് ചോദിക്കുന്നവരുണ്ട്. ഫാഷിസ്റ്റ് തന്ത്രങ്ങളെക്കുറിച്ച് വിവരമുള്ളവർക്ക് അതിന് മതിയായ വിശദീകരണങ്ങൾ നൽകാനുണ്ട്: ഇസ്രായേൽ തങ്ങളുടെ നയതന്ത്രബന്ധങ്ങളുടെ കെട്ടുറപ്പ് പരീക്ഷിക്കുകയാണത്രെ! റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച മസ്ജിദുൽ അഖ്സയിലെ ജനൽ ചില്ലുകൾ അവർ തകര്‍ത്തു! തുടർന്ന് മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്ക് വന്ന ഫലസ്തീനികളെ പട്ടാളം തടഞ്ഞു. തീവ്രവാദികൾ ചെയ്യുന്ന എല്ലാവിധ ക്രൂരകൃത്യങ്ങൾക്കും ഇസ്രായേൽ സേന പിന്തുണ നല്‍കി.

ഏറ്റുമുട്ടലുകളിൽ ഒട്ടേറെ പേർക്ക് പരിക്കുപറ്റി. നെസറ്റിലെ തീവ്ര വലതുപക്ഷ അംഗമായ ഇടാമർ ബെൻ ഗ്യുർ (Itamar Ben-Gvir), ലികുഡ് പാർട്ടിയിലെ യഹൂദ ഗ്ലിക് (Yehuda Glick) മുൻ മന്ത്രി ഉറി ആരിയൽ (Uri Ariel) തുടങ്ങിയ തീവ്ര ചിന്താഗതിക്കാരാണ് ഇതിന് നേതൃത്വം നൽകിയത്. നെഫ്താലി ബെന്നറ്റിന്റെ സേനയും പാർട്ടിയും പൂര്‍ണ പിന്തുണ നല്‍കി പ്രോത്സാഹിപ്പിച്ചു. പ്രധാനമന്ത്രി തന്നെ വിവിധ തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതെന്തിനാണെന്ന് ആരും അത്ഭുതം കൂറാനിടയില്ല. കാരണം, അത് ഫാഷിസ്റ്റ് ശൈലിയാണ്. വെസ്റ്റ് ബാങ്കിലെ അധിനിവേശ കുടിയേറ്റക്കാരുടെ തീവ്രവാദ കൂട്ടായ്മയായ 'യെശ കൗൺസിലി'ന്റെ (Yesha Council) പ്രതിനിധിയായാണ് നെഫ്താലി ബെന്നറ്റ് ആദ്യം രാഷ്ട്രീയരംഗത്തെത്തിയത്.

തീവ്രവാദികളെ തൃപ്തിപ്പെടുത്തുന്നതിലൂടെ അദ്ദേഹത്തിന്റെ നിയോജകമണ്ഡലം സജീവമാക്കി നിലനിർത്തുകയാണദ്ദേഹത്തിന്റെ ആവശ്യം. ലോകമെമ്പാടും ഫാഷിസ്റ്റുകൾ പിന്തുടരുന്ന അതേ ശൈലി തന്നെ! ലോകചരിത്രം കോളനിവത്കരണത്തിന്റെ ചരിത്രമാണ്. വൻ ശക്തികളോരോന്നും ചെറിയ രാജ്യങ്ങളെ ശക്തി ഉപയോഗിച്ച് കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്തവരാണ്. വിഭവങ്ങൾ കൊള്ളയടിക്കുന്നതിലോ അവരുടെ വിശ്വാസവും സംസ്കാരവും അധിനിവിഷ്ഠ രാജ്യങ്ങളുടെ മേൽ അടിച്ചേൽപിക്കുന്നതിലോ അവർക്ക് ഒരു കൂസലുമില്ലായിരുന്നു. അവർ തങ്ങളുടെ സൈനികബലത്തിൽ ഊറ്റംകൊണ്ടപ്പോൾ മിക്ക മൂന്നാംലോക രാജ്യങ്ങളിലെ ഉപരിവർഗവും അവരുടെ ഭരണത്തിന്റെ തണൽപറ്റുകയും തങ്ങളുടെ താല്‍ക്കാലിക കാര്യസാധ്യങ്ങൾക്കായി സ്വാതന്ത്ര്യസമരങ്ങളിൽനിന്നും മാറിനിന്നതും ചരിത്രപരമായ യാഥാർഥ്യമാണ്.

ചരിത്രത്തെ മാറ്റിയും തിരുത്തിയും തങ്ങൾക്കനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് ലോകമെമ്പാടും ഫാഷിസ്റ്റുകൾ ഇപ്പോൾ നടത്തുന്നത്. എന്നാൽ, അതിൽനിന്നെല്ലാം തികച്ചും വിഭിന്നവും ആത്മാഭിമാന പ്രചോദിതവുമായ ചിത്രമാണ് ഫലസ്തീൻ കാഴ്ചവെക്കുന്നത്. ജോർജ്യ യൂനിവേഴ്സിറ്റിയിലെ പ്രഫസർ ഡൊരോതി എം. ഫിഗൗറ (Dorothy M. Figueira) ഇത് വസ്തുനിഷ്ഠമായി വ്യക്തമാക്കുന്നുണ്ട്: എത്രതന്നെ ഇസ്രായേലി ബോംബുകളും മിസൈലുകളും തങ്ങളുടെ വീടുകളും വ്യാപാരകേന്ദ്രങ്ങളും ജോലിസ്ഥലങ്ങളും തകര്‍ത്താലും ഇസ്രായേലിന് വഴങ്ങാൻ ഫലസ്തീനികളെ കിട്ടുകയില്ല.

വെസ്റ്റ് ബാങ്ക് ഭരിക്കുന്നത് മഹമൂദ് അബ്ബാസാണ്. ഫലസ്തീൻ അദ്ദേഹത്തെ കൈയൊഴിഞ്ഞിരിക്കുന്നു. 2006ൽ അന്താരാഷ്ട്ര നിരീക്ഷകർ സുതാര്യമായിരുന്നുവെന്ന് വിധിയെഴുതിയ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഫതഹ് പാർട്ടി പരാജയപ്പെട്ടു. ഗസ്സയുടെ നിയന്ത്രണം ഹമാസിനാണ്. ഇസ്മായീൽ ഹനിയ്യ അതിന് നേതൃത്വം നല്‍കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംമുതലേ, സിയോണിസം മുന്നോട്ടുവെച്ചത് ഒരു 'വിശാല ഇസ്രായേൽ' എന്ന കാഴ്ചപ്പാടായിരുന്നു. പക്ഷേ, തന്ത്രശാലികളായ അവർ ലോകത്തെ കബളിപ്പിക്കുന്നതിൽ വിജയിച്ചു. ഫലസ്തീനികളുടെ അഭയാർഥി പ്രശ്നത്തിന്റെ ഉത്ഭവം (The Birth of the Palestinian Refugee Problem) എന്നപേരിൽ ബെന്നി മോറിസ് എഴുതിയ ഗ്രന്ഥം ഇത് വ്യക്തമാക്കുന്നുണ്ട്. 1937 മുതലേ ഫലസ്തീന്റെ വിഭജനത്തിലൂടെ ഇസ്രായേൽ സ്ഥാപിക്കാൻ മുന്നിൽനിന്ന ബെൻഗൂരിയന്റെ മനസ്സിലിരിപ്പ് ക്രമേണ ഒരു 'വിശാല ഇസ്രായേൽ' സാധ്യമാക്കുക എന്നതുതന്നെയായിരുന്നു.

ഇപ്പോൾ, കുടിയേറിയവർ തങ്ങളുടെ പാർപ്പിടങ്ങൾ വിപുലീകരിക്കുകയും പുതിയ താമസക്കാരെ ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. ഭരണകൂടം അതംഗീകരിക്കുകയും ആ സ്ഥലം കൂടി തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആവശ്യമായ സന്ദർഭങ്ങളിലെല്ലാം അവർക്ക് അമേരിക്ക പിന്തുണ നല്‍കുന്നു! തൽഫലമായി ഫലസ്തീനിന്റെ എല്ലാ ഗല്ലികളിലും പ്രതിഷേധത്തിന്റെ ആക്രോശങ്ങൾ മുഴങ്ങുകയാണ്! അവാർഡിനർഹയായ ഫലസ്തീൻ-അമേരിക്കൻ പത്രപ്രവര്‍ത്തക ലൈല അൽ അറയാൻ (Laila al Arian) ന്യൂയോർക് ടൈംസിൽ കുറിച്ചു: ഫലസ്തീനിന് ജീവിതം പോരാട്ടമാണ്. കവർന്നെടുത്ത സ്വഭവനത്തിന്റെ സ്മരണ സൂക്ഷിച്ചുവെച്ചുകൊണ്ടാണ് അവൻ പുതിയ വീട് പണിയുന്നത്. അവൻ ഉറ്റുനോക്കുന്നത് നഷ്ടപ്പെട്ട സ്വന്തം ഭവനത്തിൽ തിരിച്ചെത്താനാണ്.

അധിനിവേശത്തിന്റെ കഥകൾ അയവിറക്കുന്ന ലോകചരിത്രത്തിൽ, അധികാരം വാഴുന്നവരുടെ ഇംഗിതങ്ങൾക്ക് കൂട്ടുനില്‍ക്കുകയും അവരുടെ സംസ്കാരത്തിൽ അലിഞ്ഞുചേരുകയും ചെയ്യുന്ന പതിവുശൈലിയിൽനിന്ന് ഭിന്നമാണ് ഫലസ്തീനിയുടെ ജീവിതം.

ദശാബ്ദങ്ങളായി അവർ നടത്തുന്ന പോരാട്ടം കൂടുതൽക്കൂടുതൽ ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ്. സ്തോഭജനകമായൊരു വാര്‍ത്ത ശ്രവിച്ചുകൊണ്ടാണ് ഈ കുറിപ്പവസാനിപ്പിക്കുന്നത്. അൽ ജസീറ ചാനലിന്റെ റിപ്പോർട്ടറായ ശിറീൻ അബു ആഖിലയെ ഇസ്രായേൽ സേന വെടിവെച്ചുകൊന്നു. ആ ധീരവനിത സ്വന്തം ജീവൻകൊണ്ട് ഫലസ്തീൻ വിമോചനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നു!

Show Full Article
TAGS:palestine 
News Summary - Palestine will not fail!
Next Story