പാക് സൈന്യം കൊന്നു, ഇന്ത്യൻ മാധ്യമങ്ങൾ വികൃതമാക്കി
text_fieldsഖാരി മുഹമ്മദ് ഇഖ്ബാലിന്റെ വിധവ നസീമത്ത് അക്തർ (photo: Anmol Pritam)
(സ്വതന്ത്ര വാർത്താ വിശകലന പോർട്ടലുകളായ newslaundry.com , thenewsminute.com എന്നിവക്ക് വേണ്ടി സംഘർഷ മേഖലയിൽനിന്ന് നിധി സുരേഷ്, അൻമോൽ പ്രിതം എന്നിവർ സഈദുസ്സമാന്റെ ഗവേഷണ സഹായത്തോടെ തയാറാക്കിയ റിപ്പോർട്ടിന്റെ സംഗ്രഹ വിവർത്തനം)
അതിർത്തി മേഖലയിൽ ഷെല്ലാക്രമണം കനത്ത മേയ് ഏഴിന് രാത്രി 7.10ന് നസീമത്ത് അക്തർ തന്റെ ഭർത്താവ് ഖാരി മുഹമ്മദ് ഇഖ്ബാലിനെ വിളിക്കാൻ ശ്രമിച്ചു. എന്നാൽ, ഇഖ്ബാലിന്റെ മറുപടിയൊന്നുമുണ്ടായില്ല. ഏകദേശം ഒരു മണിക്കൂറാകുമ്പോഴേക്ക് ഒരു ബന്ധു വിളിച്ച് ആ വാർത്ത അറിയിച്ചു; പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ ഖാരി മുഹമ്മദ് ഇഖ്ബാൽ കൊല്ലപ്പെട്ടിരിക്കുന്നു. ഓപറേഷൻ സിന്ദൂറിനുശേഷം ഇന്ത്യ-പാക് സൈനിക സംഘർഷം തീവ്രമായ ആദ്യ രാത്രിയിൽ കൊല്ലപ്പെട്ട ആദ്യ സിവിലിയനാണ് ഇഖ്ബാൽ.
ആ മരണത്തേക്കാൾ വലിയൊരു ദുരന്തമാണ് അദ്ദേഹത്തിന്റെ ഉറ്റവരെ കാത്തിരുന്നത്. വീട്ടിൽ വന്നവരിലൊരാൾ മൊബൈൽ ഫോണിൽ വാർത്ത വെച്ചപ്പോഴാണ് ദുഃഖാർത്തരായ കുടുംബം ആ പ്രഹരം അനുഭവിച്ചത്.. “ആദ്യം ഞങ്ങളത് സീ ന്യൂസിലും പിന്നീട് ന്യൂസ് 18ലും കണ്ടു. എന്റെ ജ്യേഷ്ഠന്റെ ഫോട്ടോ കാണിച്ചുകൊണ്ട് ഒരു പിടികിട്ടാപ്പുള്ളിയായ ഭീകരനെ ഇന്ത്യ കൊന്നുവെന്ന് അവതാരകർ വിളിച്ചു പറയുന്നുണ്ടായിരുന്നു,” അനിയൻ ഖാരി മുഹമ്മദ് ഫാറൂഖ് (42) സങ്കടപ്പെടുന്നു.
ഇഖ്ബാൽ താമസിച്ചിരുന്നത് പാക് അധിനിവിഷ്ട കശ്മീരിലല്ല, അദ്ദേഹം ഒരു ഭീകരനായിരുന്നില്ല, കൊലപ്പെടുത്തിയത് ഇന്ത്യൻ സൈന്യവുമല്ല. പൂഞ്ചിൽ 1200 ഓളം കുഞ്ഞുങ്ങൾ പഠിക്കുന്ന സിയാ ഉൽ ഉലൂം മദ്റസയിലെ അധ്യാപകനായിരുന്നു ഇഖ്ബാൽ. നിയന്ത്രണ രേഖയിൽനിന്ന് ഒരു കിലോമീറ്റർ തെക്കുമാറിയുള്ള മണ്ടി എന്ന ഗ്രാമത്തിൽ ഭാര്യയും മക്കളുമൊത്ത് ജീവിച്ച സാധാരണക്കാരനായിരുന്നു അദ്ദേഹം.
ഖാരി മുഹമ്മദ് ഇഖ്ബാൽ
കൊല്ലപ്പെട്ട രാത്രിയിൽ വിദ്യാർഥികൾക്ക് അപായമൊന്നും പറ്റാതിരിക്കാൻ നിലവറയിലേക്ക് മാറ്റി സുരക്ഷിതരാക്കുന്ന തിരക്കിലായിരുന്നു ഇഖ്ബാലെന്ന് മദ്റസ വൈസ് പ്രിൻസിപ്പൽ മൗലാന സഈദ് അഹ്മദ് ഹബീബ് ഓർമിക്കുന്നു. ഇഖ്ബാലിന്റെ ജീവനെടുത്ത ഷെല്ല് തട്ടി മൂന്ന് കുട്ടികൾക്കും പരിക്കേറ്റിരുന്നു. അവർ ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു.
‘‘അതിർത്തിയോട് തൊട്ടുചേർന്നുള്ള പ്രദേശമാകയാൽ ആക്രമണവും അതേ തുടർന്നുള്ള മരണവുമെല്ലാം ഏതു സമയവും പ്രതീക്ഷിക്കാവുന്ന കാര്യം തന്നെയാണിവിടെ. അദ്ദേഹം രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച് പടച്ചവന്റെ അരികിൽ എത്തിയിരിക്കുന്നു എന്ന് ആശ്വസിക്കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങൾ. അപ്പോഴാണ് ഇന്ത്യൻ മാധ്യമങ്ങളുടെ ക്രുദ്ധത വന്നുപതിച്ചത്, അതിൽ ഞങ്ങൾ തകർന്നുപോയി’’-ഇഖ്ബാലിന്റെ അനന്തരവൻ ഇംതിയാസ് അഹ്മദ് തുറന്നു പറയുന്നു.
മാധ്യമങ്ങൾ പറഞ്ഞത്
സംഘർഷം മുറ്റിനിൽക്കുന്ന സാഹചര്യമായിരുന്നിട്ടും ഇഖ്ബാലിന്റെ മരണവിവരമറിഞ്ഞ് പുലർച്ചെ മുതൽ തന്നെ അനുശോചനമറിയിക്കാൻ ഗ്രാമവാസികൾ ഒഴുകിയെത്തി.
‘‘ഇന്നാട്ടിലെ സർവാദരണീയനായ മതനേതാവായിരുന്നു അദ്ദേഹം. ഞങ്ങളുടെ കുടുംബവും ഗ്രാമത്തിലെ പഞ്ചായത്തിന്റെ ഭാഗമാണ്’’ -സഹോദരൻ ഫാറൂഖ് പറയുന്നു.
ഇഖ്ബാലിന്റെ ചിത്രം പ്രദർശിപ്പിച്ച് ന്യൂസ് 18 ഇന്ത്യ, സി.എൻ.എൻ-ന്യൂസ് 18 ചാനലുകൾ പലതവണ പരിപാടികൾ നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ കിഷോർ അജ്വാനി സ്ക്രീനിൽവന്ന് പറഞ്ഞു; പാക് അധിനിവേശ കശ്മീരിൽ ഭീകരവാദ ഫാക്ടറികൾ നടത്തിയിരുന്ന ഒരു ലശ്കർ കമാൻഡർക്ക് ഇന്ത്യ മരണത്തിന്റെ മരുന്ന് നൽകിയിരിക്കുന്നു!
സീ ന്യൂസാവട്ടെ, രക്തം പുരണ്ടുകിടക്കുന്ന ഇഖ്ബാലിന്റെ മയ്യിത്തിന്റെ ചിത്രം കാണിച്ചുകൊണ്ട് ആവേശപൂർവം പ്രേക്ഷകരെ അറിയിച്ചു; എൻ.ഐ.എ തേടിക്കൊണ്ടിരുന്ന ഭീകരൻ, പാക് അധിനിവേശ കശ്മീരിലെ കോട്ലിയിൽ ഒളിച്ചുകഴിഞ്ഞിരുന്ന ഭീകരവാദ ക്യാമ്പുകളുടെ കമാൻഡർ, ഇയാൾ ചെറുപ്പക്കാരെ ബ്രെയിൻവാഷ് ചെയ്ത് ഭീകരവാദ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചുവരുകയായിരുന്നു.
ഒരു പടികൂടി കടന്ന സി.എൻ.എൻ-ന്യൂസ് 18 പറഞ്ഞത്; നാൽപത് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഇയാളെ ഇന്ത്യ ഏറെക്കാലമായി അന്വേഷിച്ചുവരുകയായിരുന്നു.
ജമ്മു-കശ്മീർ പൂഞ്ച് ജില്ലയിലെ ബെഹ്റ ഗ്രാമത്തിൽ പാക് ഷെല്ലാക്രമണത്തിൽ നശിച്ച വീട്
അദ്ദേഹത്തെയോ കുടുംബത്തെയോ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇത് മനുഷ്യസഹജമായ ഒരു അബദ്ധമാണെന്നും പറഞ്ഞ് മണിക്കൂറുകൾക്കുശേഷം ന്യൂസ് 18 ഇന്ത്യ അവരുടെ ഹിന്ദി ചാനലിൽ ഒരു ക്ഷമാപണം നടത്തി. എന്നാൽ, ഇഖ്ബാലിനെ ഭീകരനായി ചിത്രീകരിച്ച് രാഹുൽ ശിവശങ്കറിന്റെ നേതൃത്വത്തിൽ പാനൽ ചർച്ച വരെ നടത്തിയ സി.എൻ.എൻ-ന്യൂസ് 18 ഇംഗ്ലീഷ് ചാനൽ മേയ് 14 വരെ ഒരു ക്ഷമാപണം പോലും നടത്തിയിട്ടില്ല.
‘‘സാങ്കേതികമായി ഒരു ഭീകരവാദ ഓപറേഷൻ നേതാവായിരുന്നില്ലെങ്കിലും ചെറുപ്രായത്തിലുള്ള കുട്ടികളെ ജയ്ശെ മുഹമ്മദിലേക്കും ലശ്കറെ ത്വയ്യിബയിലേക്കും എത്തിക്കുന്ന പ്രചോദകനും തീവ്രവാദിയുമാണ്’’ എന്നാണ് പാനലിസ്റ്റുകളിൽ ഒരാൾ ഇഖ്ബാലിനെപ്പറ്റി ആരോപിച്ചത്. ചാനൽ അപ്ലോഡ് ചെയ്ത യൂട്യൂബ് ക്ലിപ്പിന്റെ തലക്കെട്ടിൽ ഇഖ്ബാലിനെ ‘ലശ്കർ ഭീകരൻ’ എന്നാണ് പരാമർശിച്ചത്.
ഇഖ്ബാലോ അദ്ദേഹത്തിന്റെ കുടുംബമോ പാക് അധിനിവേശ കശ്മീരിലല്ല ജീവിച്ചിരുന്നത്. ഞങ്ങൾ അവരെ കണ്ടത് പൂഞ്ച് ജില്ലയിൽ വെച്ചാണ്. കുടുംബത്തിൽ ഒരാൾക്കെതിരെപ്പോലും ദേശവിരുദ്ധ ആരോപണങ്ങളുണ്ടായിട്ടില്ലെന്നും ഒരാൾക്കെതിരിൽ പോലും ഒരു എഫ്.ഐ.ആർ ചുമത്തപ്പെട്ടിട്ടില്ലെന്നും അവർ ആവർത്തിച്ച് ഊന്നിപ്പറയുന്നു.
മേഖലയിൽ സായുധ തീവ്രവാദം അതിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോൾ പോലും സൈന്യത്തിനൊപ്പം നിന്നവരാണ് ഞങ്ങൾ- ഫാറൂഖ് പറയുന്നു.
ഇഖ്ബാലിനെ ഭീകരവാദിയായി ചാപ്പയടിച്ചുള്ള വാർത്ത സി.എൻ.എൻ-ന്യൂസ് 18, സീ ന്യൂസ്, റിപ്പബ്ലിക് ടി.വി, എ.ബി.പി, ന്യൂസ്18 ഇന്ത്യ തുടങ്ങിയ ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്നതിനിടെ, അദ്ദേഹത്തിന് ഒരു ഭീകരബന്ധവുമില്ലെന്നും തെറ്റായ വിവരം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും വ്യക്തമാക്കി പൂഞ്ച് ജില്ല പൊലീസ് ഈ വ്യാജവാർത്തക്കെതിരെ വിശദീകരണമിറക്കി.
വ്യാജവാർത്ത പ്രചരിപ്പിച്ച് ആറ് ദിവസങ്ങൾക്കുശേഷം മേയ് 14ന് ചില ചാനലുകൾ അവരുടെ ക്ലിപ്പുകൾ പിൻവലിച്ചപ്പോൾ മറ്റു ചിലർ അത് നീക്കം ചെയ്യുകയോ യൂട്യൂബ് വിഡിയോകൾ സ്വകാര്യമാക്കിവെക്കുകയോ ചെയ്തു. 15.3 ദശലക്ഷം സബ്സ്ക്രൈബർമാരുള്ള എ.ബി.പി മറാത്തി ചാനൽ ഈ കുറിപ്പ് എഴുതുന്ന സമയം വരെയും ആ വിഡിയോ നീക്കം ചെയ്തിട്ടില്ല.
‘‘ഒരു താടിയും തൊപ്പിയും മാത്രം മതിയായിരുന്നു അവർക്കദ്ദേഹത്തെ ഭീകരനായി മുദ്രയടിക്കാൻ. ഡൽഹിയിലെ ശീതീകരിച്ച സ്റ്റുഡിയോകളിലിരിക്കുന്നവർക്ക് അതിർത്തിയിൽ കഴിയുന്ന ഞങ്ങളുടെ ജീവിതത്തെക്കുറിച്ച്, രണ്ട് രാജ്യങ്ങളും പോരടിക്കാൻ തീരുമാനിച്ചാൽ ഞങ്ങൾ അനുഭവിക്കേണ്ടിവരുന്ന അപായത്തെക്കുറിച്ച് എന്ത് വിവരമാണുള്ളത്? അദ്ദേഹത്തിന്റെ മരണത്തെ ആദരിക്കുന്നതിനുപകരം ഞങ്ങളെ അപ്പാടെ നശിപ്പിക്കാനാണ് ചാനലുകാർ ഒരുമ്പെട്ടത്’’- സഹോദരൻ ഫാറൂഖ് പറയുന്നു.
(Faisal Bashir/SOPA Images/LightRocket/Getty Images)
ചാനലുകളിലാണ് രാജ്യദ്രോഹികൾ
ജമ്മു-കശ്മീരിലെ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന ഗുജ്ജർ സമുദായ അംഗമായ ഖാരി ഇഖ്ബാൽ ആ സമൂഹത്തിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ചുരുക്കം ചില ആളുകളിലൊരാളാണ്. ഗുജറാത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്ന് ഇസ്ലാമിക പഠനം പൂർത്തിയാക്കി 2004ലാണ് അദ്ദേഹം ഗ്രാമത്തിൽ തിരിച്ചെത്തി ഇഷ്ടജോലിയായ അധ്യാപനത്തിലേക്ക് തിരിഞ്ഞത്. രണ്ട് ഭാര്യമാരും എട്ടു മക്കളുമുണ്ട് ഇഖ്ബാലിന്. ആദ്യ ഭാര്യയായ നസീമത്താണ് ഗ്രാമത്തിലെ കൃഷിയും ആടുമാടുകളെയും പരിപാലിക്കുന്നത്. ‘‘അദ്ദേഹത്തോടൊപ്പം നഗരത്തിൽ ചെന്ന് താമസിക്കാൻ എപ്പോഴും വിളിക്കുമായിരുന്നുവെങ്കിലും ഗ്രാമം വിട്ട് എവിടേക്കും പോകാൻ ഇഷ്ടമല്ലാത്തതിനാൽ ഞാൻ പോയില്ല. 18 വയസ്സുള്ള മൂത്ത മകൻ ഭിന്നശേഷിക്കാരനാണ്, ഇനി അവന്റെയും ഞങ്ങളുടെയും കാര്യം ആരാണ് നോക്കുക’’-നസീമത്ത് ആശങ്കപ്പെടുന്നു.
ചാനലുകൾക്കെതിരെ ശക്തമായ നിയമ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ‘‘ആ ചാനലുകൾ അടച്ചുപൂട്ടണം. അതിനുള്ളിലാണ് രാജ്യത്തിന് വ്യാജവിവരങ്ങൾ വിളമ്പുന്ന തനി ദേശദ്രോഹികൾ തമ്പടിച്ചിരിക്കുന്നത്, അവർ ശിക്ഷിക്കപ്പെടണം.
മുസ്ലിംകളും ഹിന്ദുക്കളും സിഖുകാരുമടക്കം മൂവായിരത്തോളം ആളുകൾ പാർക്കുന്ന ഗ്രാമമാണ് ഞങ്ങളുടേത്. വിവാഹങ്ങൾക്കും അടിയന്തരങ്ങൾക്കുമെല്ലാം ഞങ്ങൾ പരസ്പരം പോകാറുണ്ട്. പക്ഷേ, ടി.വി ചാനലുകൾ ഇതിപ്പോഴൊരു ഹിന്ദു-മുസ്ലിം വിഷയമാക്കി മാറ്റിയിരിക്കുന്നു’’.
മേയ് 12ന് ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് അംഗവും മുൻ എം.എൽ.എയുമായ രവീന്ദർ റെയ്ന കുടുംബത്തെ സന്ദർശിച്ചിരുന്നു. ‘‘വ്യാജ പ്രചാരണം നടത്തിയ ചാനലുകൾക്കെതിരെ എന്തു നടപടിയാണ് കൈക്കൊള്ളുക എന്ന് പ്രാദേശിക മാധ്യമങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം മറുപടി പറഞ്ഞില്ല’’യെന്ന് അനന്തരവൻ ഇംതിയാസ് അഹ്മദ്.
പ്രാദേശിക റിപ്പോർട്ടർമാരുടെ വേദന
വ്യാജ വിവരത്തിലൂന്നി പാനൽ ചർച്ച സംഘടിപ്പിച്ച ടി.വി ചാനലുകളിലൊന്നിന്റെ സീനിയർ അവതാരകനുമായി ന്യൂസ് ലോണ്ടറി (newslaundry.com)യും ദ ന്യൂസ് മിനിറ്റും (thenewsminute.com) സംസാരിച്ചു: ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും നിജസ്ഥിതി കണ്ടെത്തൽ തന്റെ ബാധ്യതയല്ലെന്നും പറഞ്ഞ അദ്ദേഹം വ്യാജവാർത്തയാണെങ്കിൽ ചാനൽ തീർച്ചയായും ഖേദപ്രകടനം നടത്തേണ്ടതുണ്ട് എന്നും കൂട്ടിച്ചേർത്തു.
ചാനൽ തലത്തിൽ ഞങ്ങൾ ഇതിനകം തന്നെ ഖേദപ്രകടനം നടത്തിയിട്ടുണ്ട് എന്നായിരുന്നു നെറ്റ് വർക്ക് 18 വക്താവ് പ്രതികരിച്ചത്. അതൊരു ‘‘മാനുഷിക അബദ്ധമായിരുന്നു’’ എന്ന പ്രസ്താവനയെയാണ് അദ്ദേഹം ഖേദപ്രകടനം എന്നതുകൊണ്ടുദ്ദേശിച്ചത്.
ഇഖ്ബാലിനെ ഭീകരവാദിയായി ചിത്രീകരിച്ച രണ്ട് ചാനലുകളുടെ ജമ്മു -കശ്മീർ റിപ്പോർട്ടർമാരുമായി ഞങ്ങൾ സംസാരിച്ചു. ജോലി നഷ്ടപ്പെടുമെന്ന് ഭയമുള്ളതിനാൽ പേര് വെളിപ്പെടുത്തരുത് എന്ന അഭ്യർഥനയോടെ അതിലൊരാൾ പറഞ്ഞു: ‘‘ഇത് ഞങ്ങളുടെ ജീവിതത്തെയാണ് ബാധിക്കാൻ പോകുന്നത്. ഞങ്ങൾ ഇവിടെയാണ് കുടുംബങ്ങളോടൊപ്പം താമസിക്കുന്നത്, ഇതിന്റെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത് ഞങ്ങളാണ്.’’
മേയ് ഏഴിന് പാകിസ്താന്റെ ഷെല്ലാക്രമണം നടക്കുമ്പോൾ ഈ ചാനൽ റിപ്പോർട്ടർമാരിലൊരാൾ ഇഖ്ബാൽ പഠിപ്പിക്കുന്ന മദ്റസക്ക് സമീപത്തുണ്ടായിരുന്നു. ‘‘എനിക്ക് ഇഖ്ബാൽ സാബിനെ നന്നായി അറിയാം, അദ്ദേഹം മരിച്ചതറിഞ്ഞ് ആശുപത്രിയിലും ഞാൻ പോയിരുന്നു, ഞാൻ ഞങ്ങളുടെ ഓഫിസിലേക്ക് വാർത്ത അയച്ചതാണ്, പക്ഷേ അവരത് ഉപയോഗിച്ചില്ല’’ താൻ ജോലിചെയ്യുന്ന സ്ഥാപനത്തിനുകീഴിലെ ചാനലുകൾ പിറ്റേ ദിവസം വ്യാജവാർത്ത അടിച്ചുവിടുന്നതുകണ്ട് അദ്ദേഹം നടുങ്ങിപ്പോയി. ‘‘ഞങ്ങളുടെ ഗ്രൂപ്പിന് കീഴിൽ ഒരുപാട് ചാനലുകളുണ്ട്. എനിക്ക് ബന്ധമുള്ള ചാനലിൽ ആ വാർത്ത വന്നില്ല. എങ്കിലും ഞാൻ എഡിറ്ററെ വിളിച്ച് സത്യാവസ്ഥ പറഞ്ഞു. അവർ വാർത്ത ഒഴിവാക്കാൻ തയാറായി-പക്ഷേ അപ്പോഴേക്ക് ഒരുപാട് വൈകിയിരുന്നു’’.
കള്ളവാർത്ത സംപ്രേക്ഷണം ചെയ്ത മറ്റൊരു ചാനലിന്റെ ലേഖകൻ മേഖലയിലെ ഷെല്ലിങ്ങിനുശേഷമുള്ള സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കെയാണ് ആളുകൾ വിളിച്ച്, എന്താണ് തന്റെ ചാനലിൽ വന്നുകൊണ്ടിരിക്കുന്നത് എന്നു പറയുന്നത്. ‘‘എനിക്ക് ദേഷ്യം വന്നു. ഉടനെ ഓഫിസിൽ വിളിച്ച് ഞാൻ ഇവിടെ സംഭവസ്ഥലത്തുണ്ടല്ലോ, എന്നെ വിളിച്ചന്വേഷിക്കാൻ നിങ്ങൾക്കെന്താണ് ബുദ്ധിമുട്ട്’’ എന്ന് ചോദിച്ചു.
ഡൽഹിയിലെ സ്റ്റുഡിയോകളിലിരിക്കുന്നവർ ഇത്തരം വാർത്തകൾ പടച്ചുവിടുന്നതിന്റെ പേരിൽ പ്രദേശവാസികളുടെ കോപം പേറേണ്ടിവരുന്നത് ഞങ്ങളാണെന്ന് ഈ റിപ്പോർട്ടർമാർ പറയുന്നു. ‘‘റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ എവിടെ നിന്നെങ്കിലും തല്ലുകിട്ടുമോ എന്ന പേടി എനിക്കുണ്ട്. പോകുന്നിടത്തെല്ലാം ഞാനല്ല ആ വാർത്ത കൊടുത്തത് എന്ന് വിശദീകരിക്കേണ്ടിവരുന്നു. ഈ കഷ്ടപ്പാടുകളൊന്നും ഓഫിസിലിരിക്കുന്നവർക്ക് മനസ്സിലാവില്ല.
മേഖലയിൽ ഇന്നേവരെ ഒരു വർഗീയ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. എന്നാൽ, ഇത്തരം സംഭവങ്ങൾ ഭീതിയുണ്ടാക്കുന്നുവെന്ന് ഒരു റിപ്പോർട്ടർ പറയുന്നു- ഞാൻ ഒരു ഹിന്ദു സമുദായാംഗമാണ്. ഇനിയൊരു മുസ്ലിം വീട്ടിലേക്ക് കയറിച്ചെല്ലാൻ എനിക്ക് പേടിയുണ്ട്, സ്വാഭാവികമായും അവർക്ക് എന്നോട് ദേഷ്യമുണ്ടാവും’’.
ഇപ്പറഞ്ഞതിൽ വാസ്തവമുണ്ട്. ‘‘ആ ചാനലുകളുടെ റിപ്പോർട്ടർമാരെ ആരെയെങ്കിലും കണ്ടാൽ അവരെ പിന്നാലെ ചെന്ന് തല്ലുമെന്നും അത്രത്തോളം കുടുംബത്തെ വേദനിപ്പിച്ചു’’വെന്നുമാണ് ഇഖ്ബാലിന്റെ കുടുംബാംഗങ്ങളിലൊരാൾ പറഞ്ഞത്.
ഒരു ചാനലിനുവേണ്ടി വർഷങ്ങളായി ജോലിചെയ്തുകൊണ്ടിരിക്കുന്ന റിപ്പോർട്ടർ പറഞ്ഞത്, വാർത്താ സ്രോതസ്സുകൾക്ക് തന്നിൽ വിശ്വാസം നഷ്ടമായിരിക്കുന്നുവെന്നാണ്. ‘‘എന്തിനാണിങ്ങനെയൊക്കെ ചെയ്യുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പോലും വിളിച്ചുചോദിച്ചു, ഞാനല്ല ഇതൊന്നും ചെയ്തതെന്ന് സകലരോടും വിശദീകരിക്കേണ്ടിവരുന്നു എനിക്ക്’’.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.