Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്മശ്രീ തിളക്കത്തിലും പച്ചയായ ജീവിതം; ചെ​റു​വ​യ​ൽ രാ​മ​ൻ വിടവാങ്ങി

text_fields
bookmark_border
പത്മശ്രീ തിളക്കത്തിലും പച്ചയായ ജീവിതം; ചെ​റു​വ​യ​ൽ രാ​മ​ൻ വിടവാങ്ങി
cancel
camera_alt

കഴിഞ്ഞ ദിവസം വയനാട് എൻ ഊരിൽ നടന്ന ലൈഫ് എക്സ്പീരിയൻസ് ട്രെയിൽസ് പരിപാടിയിൽ പത്മശ്രീ ചെറുവയൽ രാമനെ ടൂറിസം, സാംസ്കാരിക, സിനിമ മന്ത്രി പി.സി വിഷ്ണുനാഥ് പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ. ചെറുവയൽ രാമൻ പങ്കെടുത്ത അവസാന ഔദ്യോഗിക പരിപാടിയായിരുന്നു ഇത്

പാ​ര​മ്പ​ര്യ ശൈ​ലി​യി​ലു​ള്ള വൈ​ക്കോ​ൽ മേ​ഞ്ഞ മ​ൺ​ചു​മ​രു​ക​ളു​ള്ള ചെ​റി​യ വീ​ട്ടി​ൽ ഈ ​പു​ര​സ്കാ​ര​ങ്ങ​ളൊ​ക്കെ​യും സൂ​ക്ഷി​ക്കാ​ൻ അ​ദ്ദേ​ഹം പാ​ടു​പെ​ട്ടു. സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ വി​ള​യു​ന്ന ജൈ​വ അ​രി​യും പ​ച്ച​ക്ക​റി​ക​ളു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ധാ​ന ആ​ഹാ​രം

കൽപറ്റ: പത്മശ്രീ പുരസ്കാരം ഉൾപ്പെടെ വലിയ ആദരവുകൾ തേടിയെത്തിയിട്ടും ആഡംബരങ്ങളുടെ ലോകത്തേക്ക് ചുവടുവെക്കാതെ പ്രകൃതിയോട് ഇണങ്ങി ജീവിച്ച അപൂർവ വ്യക്തിത്വമായിരുന്നു ചെറുവയൽ രാമൻ. വൈക്കോൽ മേഞ്ഞ സ്വന്തം മൺവീടിനെയും വിത്തുപുരയിലെ അപൂർവ നെൽവിത്തുകളെയും സ്നേഹിച്ച അദ്ദേഹം മണ്ണാണ് ഏറ്റവും വലിയ സമ്പത്തെന്നു വിശ്വസിച്ചു. ആഗോളതലത്തിൽ പ്രശസ്തനായിട്ടും വയനാടൻ മണ്ണിലെ സാധാരണ കർഷകനായി ജീവിക്കാനായിരുന്നു ചെറുവയൽ രാമന് ഇഷ്ടം. തന്റെ പൂർവികർ പകർന്നുനൽകിയ പാരമ്പര്യവും സംസ്കാരവും നിത്യജീവിതത്തിൽ അദ്ദേഹം കാത്തുസൂക്ഷിച്ചു. നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയതോടെ അവയെല്ലാം നനയാതെ വീട്ടുനുള്ളിൽ വെക്കാൻ കഴിയുന്നില്ലെന്ന് അടുത്തിടെ അദ്ദേഹം സങ്കടപ്പെട്ടിരുന്നു.

പാരമ്പര്യ ശൈലിയിലുള്ള വൈക്കോൽ മേഞ്ഞ മൺചുമരുകളുള്ള ചെറിയ വീട്ടിൽ ഈ പുരസ്കാരങ്ങളൊക്കെയും സൂക്ഷിക്കാൻ അദ്ദേഹം പാടുപെട്ടു. സ്വന്തം കൃഷിയിടത്തിൽ വിളയുന്ന ജൈവ അരിയും പച്ചക്കറികളുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആഹാരം. പ്രകൃതിദത്തമായ ആഹാരരീതിയാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് അദ്ദേഹം പറയുമായിരുന്നു. കൃഷിയെ അദ്ദേഹം ബിസിനസ് ആയി കണ്ടിരുന്നില്ല. വിത്തുകൾ കച്ചവടം ചെയ്ത് പണമുണ്ടാക്കാൻ വിസമ്മതിച്ച അദ്ദേഹം വിത്ത് ചോദിച്ചു വരുന്നവർക്ക് സൗജന്യമായി നൽകുകയും വിളവെടുത്ത ശേഷം തിരികെ വാങ്ങുകയും ചെയ്യുന്ന ‘വിത്തുവായ്പ’ രീതിയാണ് പിന്തുടർന്നത്. തന്റെ കൃഷിയിടം കാണാനും പഠിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗവേഷകർ ഉൾപ്പടെ എത്തിയിരുന്നെങ്കിലും അതിനെ ഒരു വാണിജ്യ ടൂറിസം കേന്ദ്രമാക്കാൻ അദ്ദേഹം അനുവദിച്ചില്ല. പഠിക്കാൻ വരുന്നവർക്ക് അറിവ് പകർന്നു നൽകുക മാത്രമായിരുന്നു ലക്ഷ്യം.

തന്റെ സമുദായമായ ‘കുറിച്ച്യ’ വിഭാഗത്തിന്റെ പാരമ്പര്യങ്ങളെ അദ്ദേഹം ഏറെ ബഹുമാനിച്ചു. പൂർവികർ കൈമാറിയ കൃഷിയറിവുകളും ആചാരങ്ങളും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി.

വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തിയപ്പോൾ പോലും വലിയ വേദികളിൽ പുരസ്കാരം വാങ്ങാൻ പോയപ്പോഴും കേരളീയ തനിമയുള്ള മുണ്ടും ഷർട്ടും മാത്രമായിരുന്നു അദ്ദേഹത്തിന്റെ വസ്ത്രം. വീടിനോട് ചേർന്ന് പരമ്പരാഗത രീതിയിൽ നിർമിച്ച വിത്തുപുരയിൽ വിത്തുകൾ ക്രമമായി സൂക്ഷിക്കുകയും അത് കാണാൻ വരുന്നവർക്ക് ഓരോന്നിന്റെയും ഗുണങ്ങൾ വിശദീകരിച്ചു കൊടുക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു.

പാരമ്പര്യത്തിന്റെ വിത്തുപുര

ആധുനിക കൃഷിരീതികളും വീര്യമേറിയ ഹൈബ്രിഡ് വിത്തുകളും രാസവളങ്ങളും കാർഷിക മേഖലയെ കീഴടക്കിയ കാലത്ത്, പ്രകൃതിയോട് ഇണങ്ങിനിന്ന് പാരമ്പര്യത്തിന്റെ വിത്തുപുര കാത്തുവെച്ച അപൂർവ വ്യക്തിത്വമായിരുന്നു വയനാടിന്റെ ‘നെല്ലച്ഛൻ’ എന്നും ‘വിത്തച്ഛൻ’ എന്നുമൊക്കെ സ്നേഹത്തോടെ അറിയപ്പെട്ടിരുന്ന ചെറുവയൽ രാമൻ. കേരളം കണ്ട ഏറ്റവുംവലിയ വിത്ത് സംരക്ഷകന്റെ കഥ തുടങ്ങുന്നത് വയനാട് കമ്മനയിലെ 150 വർഷം പഴക്കമുള്ള മൺവീട്ടിൽനിന്നാണ്.

കുറിച്യ സമുദായത്തിൽപെട്ട തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ രണ്ടാമത്തെ വയസ്സിൽ അച്ഛനെ പിരിഞ്ഞ് അമ്മാവനോടൊപ്പമാണ് വളർന്നത്. പതിനേഴാം വയസ്സിൽ അമ്മാവൻ മരണമടഞ്ഞതോടെ ഗോത്രത്തിന്റെയും കൃഷിയുടെയും ചുമതല രാമനായി. കൂട്ടുകുടുംബ വ്യവസ്ഥ നിലനിൽക്കുന്ന തറവാട്ടിൽ നെൽവിത്തുകളും കന്നുകാലികളും ഏക്കറുകണക്കിനു ഭൂമിയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അതോടെ രാമൻ ഏറ്റെടുത്തു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കണ്ണൂർ ഡി.എം.ഒ ഓഫിസിൽ 150 രൂപ വേതനത്തിൽ വാർഡർ ജോലി കിട്ടിയെങ്കിലും കൃഷിഭൂമി വിട്ടുപോകാൻ ഇഷ്ടമില്ലാതെ രാമേട്ടൻ സർക്കാർ ജോലി വേണ്ടെന്ന് വെച്ചു. 160 ഇനം നെല്ലുണ്ടായിരുന്നിടത്ത് ഹരിതവിപ്ലവവും സങ്കരവിത്തുകളും വന്നതോടെ 55 ഇനങ്ങൾക്ക് വംശനാശം നേരിട്ടതോടെ വയനാട് മുഴുവൻ നടന്ന് രാമേട്ടൻ വിത്തുകൾ ശേഖരിക്കാൻ തുടങ്ങി. മണ്ണുവെളിയൻ, ചെമ്പകം, തൊണ്ടി, ചന്നൽത്തൊണ്ടി, ചെറ്റുവെളിയൻ, പാൽവെളിയൻ, ഗന്ധകശാല, ജീരകശാല, കയമ തുടങ്ങി ഔഷധഗുണമുള്ളതും സുഗന്ധമുള്ളതും പ്രളയത്തെ അതിജീവിക്കുന്നതുമായ നെല്ലിനങ്ങൾ വരെ അദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. ആവശ്യക്കാർക്ക് വിത്ത് കച്ചവടം ചെയ്യാതെ, അടുത്ത വർഷം തിരികെ നൽകണമെന്ന വ്യവസ്ഥയോടെയാണ് അദ്ദേഹം കർഷകർക്ക് വിവിധയിനം വിത്തുകൾ നൽകിയിരുന്നത്.

കൃഷിക്കും വിളവെടുത്ത നെല്ലിനുമെല്ലാം അദ്ദേഹത്തിന്റെ പരിചരണം വേറിട്ടതായിരുന്നു. ചൂടാക്കിയ മുളങ്കൂട്ടയിലും വൈക്കോല്‍ കൊണ്ടുണ്ടാക്കിയ വിത്തുകൂടയിലും വിത്ത് സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ പരമ്പരാഗത രീതി ആധുനിക സാങ്കേതിക വിദ്യയൊന്നുമല്ല. വിളവെടുത്ത നെല്ലിനെ ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിക്കും. പിന്നീട് മുളങ്കുട്ട ചൂടാക്കി അതിൽ സംഭരിക്കും.

ഇങ്ങനെ രണ്ടു വർഷംവരെ മുളയ്ക്കൽ ശേഷി നഷ്ടപ്പെടാതെ സൂക്ഷിക്കാമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നെല്‍വിത്തുകള്‍ക്ക് പുറമെ പാരമ്പര്യ പച്ചക്കറികള്‍, ഔഷധ സസ്യങ്ങള്‍, വിവിധ വൃക്ഷങ്ങള്‍ എന്നിവയും തോട്ടത്തില്‍ സംരക്ഷിച്ചുപോന്നു.

നിരവധി വിദ്യാർഥികളും ഗവേഷകരും ദിവസേനെ രാമേട്ടനേയും അദ്ദേഹത്തിന്റെ കൃഷി രീതികളെയും അന്വേഷിച്ചെത്താറുണ്ട്. പ്രിയങ്ക ഗാന്ധി എം.പി പോലും മൂന്ന് മണിക്കൂറാണ് ചെറുവയൽ രാമനന്റെ മൺവീട്ടിൽ ചെലവഴിച്ചത്. രാമേട്ടനെ കുറിച്ചുള്ള ‘നെക്കാൾ’ എന്ന ഡോക്യുമെന്ററിക്ക് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Loses Renowned Agriculturist Cheruvayal Raman
Next Story