‘‘ഇനിയും മരിക്കാത്ത വയലേ, നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി...’’ ഇങ്ങനെ ഒരു വരി കവിതയെഴുതാൻ കഴിയുന്ന കവികളും സാംസ്കാരിക നായകരും ഉറക്കത്തിലാണ്. വർഗീയ ഫാഷിസത്തെ ചെറുക്കാൻ വയലായ വയലെല്ലാം നികത്തുകയും അതിനായി കുന്നായ കുന്നൊക്കെ ഇടിക്കുകയും ചെയ്തേ പറ്റൂ എന്നവർ കരുതുന്നുണ്ടാകും. ഇതിനെതിരെ മിണ്ടിയാൽ ഫാഷിസ്റ്റ് വിരുദ്ധ ഐക്യം തകർന്നാലോ എന്നു ഭയപ്പെടുന്നുണ്ടാകും. തൽക്കാലം അവരോട് ക്ഷമിക്കുക. കേരള നിയമസഭ പാസാക്കിയ നെൽവയൽ തണ്ണീർത്തട സംരക്ഷണ (അഥവാ സംഹാര) നിയമം നടപ്പായാൽ എത്ര പെരുമഴ പെയ്താലും കുപ്പിവെള്ളം കുടിച്ച് ജീവിക്കാൻ കഴിയും വിധത്തിൽ നാട് വികസിക്കും.
2008ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമം ഈ സർക്കാർ ഭേദഗതി ചെയ്യുകയാണ്. മൂന്നു തവണ ഓർഡിനൻസ് ഇറക്കി അസാധുവായി. 2017 ഡിസംബറിലെ ഓർഡിനൻസ് 2018 ഫെബ്രുവരിയിലും ഫെബ്രുവരിയിലെ ഓർഡിനൻസ് ഏപ്രിൽ ഒമ്പതിനും കാലാവധി തീർന്നു. ഏപ്രിലിലെ ഓർഡിനൻസ് രണ്ടാഴ്ചകൂടിയുണ്ടെന്ന് അറിയുന്നു. അതാണ് നിയമമായി കേരള നിയമസഭ പാസാക്കിയിരിക്കുന്നത്. കൂടുതൽ പ്രദേശങ്ങളിൽ നെൽകൃഷി നടത്തുംവിധമുള്ള കാലാനുസൃതമായ മാറ്റങ്ങൾ 2008ലെ നിയമത്തിൽ ആവശ്യമാണ്. എന്നാൽ, ഈ നിയമത്തെതന്നെ ഇല്ലാതാക്കുംവിധമുള്ള അത്യന്തം അപകടകരമായ ഭേദഗതികൾ ഈ ബില്ലിൽ ഉണ്ട്. അതിനെതിരെ ശക്തമായ പ്രതിഷേധമാണ് പരിസ്ഥിതി പ്രവർത്തകരില്‍നിന്നും നെൽകർഷകരിൽനിന്നും ഉയരുന്നത് (ഇതിലെ പല വിവരങ്ങൾക്കും ആശ്രയം അഡ്വ. ഹരിഷ് വാസുദേവെൻറ ഫേസ്ബുക്ക് പോസ്റ്റാണ്.)
പൊതു ആവശ്യം എന്ന പേരിൽ ഗസറ്റിൽ വിജ്ഞാപനമിറക്കിയാൽ ഏതു വയലും നികത്താം. ഒരു പദ്ധതിക്കാണെന്നു പറഞ്ഞാൽ മതി. ആ പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന-തദ്ദേശ സർക്കാറുകളിൽ ഏതിനെങ്കിലും പങ്കാളിത്തമെങ്കിലും വേണമെന്ന ആവശ്യം പോലും അംഗീകരിക്കാൻ സർക്കാർ തയാറായില്ല. അപ്പോൾ ലക്ഷ്യം വ്യക്തം. സർക്കാറിെൻറ അനുമതി ഉണ്ടെങ്കിൽ ഏതു പദ്ധതിയുടെ പേരിലായാലും നെൽപാടങ്ങൾ നികത്താം. ഈ നിലക്ക് നോക്കിയാൽ, ഒരു അനുമതി ഗസറ്റിൽ വിജ്ഞാപനം ചെയ്താൽ ആറന്മുള വിമാനത്താവളം നിർമിക്കുന്നതിൽ തെറ്റില്ല എന്ന് ഇടതുപക്ഷം പറയുന്നു. അപ്പോൾ ആറന്മുളയിൽ നെൽവയൽ നികത്തുന്നതിലായിരുന്നില്ല എതിർപ്പ്, ഭരണം തങ്ങൾക്കായിരുന്നില്ല എന്നതിൽ മാത്രമാണ്.
നിലവിൽ വൻകിട പദ്ധതികൾക്കുവേണ്ടി വയൽ നികത്താൻ സർക്കാറിന് പരിമിതമായ അധികാരമേ ഉള്ളൂ. ചുറ്റുമുള്ള പരിസ്ഥിതിക്കോ നെൽകൃഷിക്കോ ദോഷകരമായി ഒന്നും ബാധിക്കില്ല എന്ന് പ്രാദേശികതല സമിതി റിപ്പോർട്ട് ചെയ്ത്, അത് സംസ്ഥാനതല സമിതി അംഗീകരിച്ച് അനുകൂല റിപ്പോർട്ട് കൊടുത്താൽ മാത്രമേ കാബിനറ്റിൽ നികത്തൽ അപേക്ഷ പരിഗണിക്കാൻ കഴിയൂ. ഈ വ്യവസ്ഥ 2018ലെ നിയമത്തില്‍ എടുത്തുകളഞ്ഞു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന നികത്തലും ഇനി അനുവദിക്കാം എന്നതാണ് ഈ ഭേദഗതിയുടെ കാതൽ. മാത്രമല്ല, ലാൻഡ് റവന്യു കമീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പരിസ്ഥിതി വിദഗ്ധരും അടങ്ങിയ സംസ്ഥാനതല നിരീക്ഷണ സമിതിയുടെ റിപ്പോർട്ട് മൂന്നുമാസത്തിനകം കിട്ടിയില്ലെങ്കിൽ സർക്കാറിന് ഇഷ്ടമുള്ള ഏജൻസിയുടെ റിപ്പോർട്ട് വാങ്ങി എത്ര ഏക്കറും എങ്ങനെയും നികത്താൻ അനുവദിക്കാം എന്നാണ് പുതിയ ഭേദഗതി. 10ാം വകുപ്പിലെ ഈ ഭേദഗതി അത്യന്തം അപകടകരമാണ്. യു.ഡി.എഫ് കടുംവെട്ടുകാലത്തുപോലും കൊണ്ടുവരാൻ ധൈര്യപ്പെടാത്ത വ്യവസ്ഥയാണ് ഇത്. 10ാം വകുപ്പിലെ എല്ലാ ഭേദഗതികളും എടുത്തു കളയാതെ ഈ ബിൽ നിയമമാക്കിയത് ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവും ആണ്. വയലുകളുടെ റിയൽ എസ്റ്റേറ്റ് കച്ചവടത്തിനാണ് ഈ സർക്കാർ ഇതുവഴി ലക്ഷ്യമിടുന്നത്.
വൻകിട പദ്ധതികൾക്ക് തടസ്സവുമായി ഒരു കൂട്ടം ‘മാന്യന്മാരായ ഗുണ്ടകൾ’ രംഗത്തുവരുന്നു എന്ന ആരോപണം പരിഹാസസ്വരത്തിൽ മുഖ്യമന്ത്രി ഒരിക്കൽ പറഞ്ഞത് ഇവിടെ ഓർക്കാം. തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരം ഉപയോഗിച്ചു ഇത്തരം വികസന അട്ടിമറിക്കാർ ‘തൽപരകക്ഷി’കളുടെ പദ്ധതികൾക്ക് സൃഷ്ടിക്കുന്ന തടസ്സങ്ങൾ നീക്കുക എന്നതാണ് ഈ ഭേദഗതിയുടെ പ്രാഥമികലക്ഷ്യം എന്ന് വ്യക്തം. ഏതാവശ്യത്തിനു വേണ്ടിയാണെങ്കിലും നെൽവയലും തണ്ണീർത്തടങ്ങളും നികത്തുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക നാശം ഇനിമേൽ വിലയിരുത്തുകയേ വേണ്ടെന്നർഥം. ഇവിടെ മൂലനിയമത്തിെൻറ ലക്ഷ്യം നഷ്ടപ്പെടുന്നു. നിലവിലുള്ള നിയമത്തിലെ 10 (2 ) വകുപ്പ് കൃത്യമായി പറയുന്ന വ്യവസ്ഥകൾക്ക് ഇനി ഒരു പ്രസക്തിയുമില്ല. ‘പരിവർത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ പ്രാദേശിക നിരീക്ഷണസമിതി ശിപാർശ ചെയ്യുകയും അപ്രകാരമുള്ള പരിവർത്തനപ്പെടുത്തലോ രൂപാന്തരപ്പെടുത്തലോ ചേർന്നുകിടക്കുന്ന നെൽവയലിലെ നെൽകൃഷിയെയോ പരിസ്ഥിതി വ്യവസ്ഥയെയോ ദോഷകരമായി ബാധിക്കുകയില്ലെന്നു സർക്കാറിന് ബോധ്യപ്പെടുകയും ചെയ്താലല്ലാതെ’ എന്ന വ്യവസ്ഥയാണ് ഇനി അപ്രസക്തമാകുന്നത്. ബോധ്യങ്ങൾക്കൊന്നും ഇനി നിയമത്തിൽ പ്രസക്തിയില്ലെന്ന് !
കേരളത്തിൽ നടപ്പാക്കുന്ന ഗെയിൽ വാതക പൈപ്പ്ലൈൻ പദ്ധതിയുടെ പേര് പറഞ്ഞുകൊണ്ടാണ് നിയമസഭയിലെ ചോദ്യങ്ങൾക്കു റവന്യു മന്ത്രി മറുപടി പറഞ്ഞത്. ഈ പദ്ധതിക്കായി വലിയ തോതിൽ നെൽപാടങ്ങളും തണ്ണീർത്തടങ്ങളും നികത്തപ്പെടുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു. പക്ഷേ, ഇത് ആ ഒരു പദ്ധതിക്കുവേണ്ടി മാത്രമാകില്ല ഉപയോഗിക്കുക എന്ന് വ്യക്തമാണ്. സി.പി.എമ്മിന് തലവേദനയായിരിക്കുന്ന കീഴാറ്റൂരും എണ്ണ സംഭരണിക്കായി പയ്യന്നൂരിലെ കണ്ടങ്കാളിയിലുമെല്ലാം ഇത് പ്രയോഗിക്കപ്പെടും. വളന്തക്കാട് ദ്വീപിൽ ഏറെക്കാലമായി ശ്രമിക്കുന്ന വിവിധ പദ്ധതികൾക്കും ഇതാവശ്യമാണ്. ഇങ്ങനെ കേരളത്തിെൻറ പലഭാഗത്തും വൻകിട പദ്ധതികൾക്കായി ഭൂമാഫിയ വാങ്ങിയിട്ടിരിക്കുന്ന നെൽവയലുകൾ ഇനി ഓർമ മാത്രമാകും എന്ന് തീർച്ച.
ഈ വിനാശനിയമത്തെ ന്യായീകരിക്കാനായി സി.പി.ഐയിലെ കൃഷിമന്ത്രി നടത്തുന്ന അഭ്യാസങ്ങളാണ് ഏറെ പരിഹാസ്യം. യു.ഡി.എഫ് ഭരണകാലത്ത് പ്രതിപക്ഷത്തിരുന്നു അദ്ദേഹം നടത്തിയ പ്രകടനങ്ങള്‍ നാം മറന്നിട്ടില്ല. അന്നത്തെ ഭരണക്കാര്‍ ഈ നിയമത്തെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങൾക്കെതിരെ യു.ഡി.എഫില്‍നിന്നുതന്നെ ഉയർന്ന ശക്തമായ എതിർപ്പുകളും നാം ഓർക്കുന്നു. പക്ഷേ, ഇന്നോ? സി.പി.എമ്മിനെക്കാള്‍ വലിയ പരിസ്ഥിതിസ്നേഹികളാണ് തങ്ങള്‍ എന്ന് സ്ഥാപിക്കാന്‍ ഇവര്‍ നടത്തിയ രോദനങ്ങള്‍ ഇനി ഒരു മനുഷ്യനും വിശ്വസിക്കില്ല. മൂന്നാറിലും എസ്റേറ്റുകളുടെ കാര്യത്തിലും ഇവർക്ക് ചില ഒഴികഴിവുകൾ എങ്കിലും ഉണ്ടായിരുന്നു. മുഖ്യമന്ത്രിതന്നെ നേരിട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെ വിളിച്ചു കാര്യങ്ങൾ നടത്തുകയായിരുന്നു എന്നെങ്കിലും പറയാം. പക്ഷേ, ഇവിടെ ബിൽ നിയമസഭയിൽ അവതരിപ്പിച്ചതും അതിനു ശക്തമായ പിന്തുണയുമായി വന്നതും സി.പി.ഐക്കാരാണ്. വളരെ ദുർബലമായ ശബ്ദത്തില്‍ ഇവരുടെ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ ഒരു ചടങ്ങ് മാത്രമായിരുന്നല്ലോ.
ഈ നിയമത്തിൽ ചില നല്ല വശങ്ങൾ ഇല്ലെന്നൊന്നും പറയുന്നില്ല. തരിശിടുന്ന പാടങ്ങൾ പിടിച്ചെടുത്ത് കൃഷിചെയ്യാനുള്ള വ്യവസ്ഥയും ശിക്ഷ വർധിപ്പിച്ചതും ഒക്കെ വേണ്ടതുതന്നെ. അതിനെയെല്ലാം സ്വാഗതം ചെയ്യുന്നു. പക്ഷേ, അന്തിമ വിശകലനത്തിൽ ഇത് നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും നാശത്തിനാകും വഴിെവക്കുക. വയൽ നികത്തുന്നതിനെതിരെ പരാതി നൽകാൻ ഒരു സങ്കടക്കാരൻ 500 രൂപ കെട്ടിവെക്കണം എന്ന വ്യവസ്ഥതന്നെ എത്രമാത്രം ദ്രോഹകരമാണ്. ആരാണ് സങ്കടക്കാരൻ എന്ന പ്രശ്നവുമുണ്ട്. നികത്തപ്പെടുന്ന വയലിനടുത്ത് കൃഷിചെയ്യുന്നയാൾ എന്നോ മറ്റോ നിർവചനം െവച്ചാൽ പിന്നെ ഒരിക്കലും ഒരു പരാതിയും ഉണ്ടാകില്ല. തെൻറ ഭൂമിയും നികത്തുമെന്നതിനാൽ ഒരു അയൽക്കാരനെയും സങ്കടക്കാരനായി കിട്ടില്ല.
പരിസ്ഥിതി സംരക്ഷണം ഓരോ പൗരെൻറയും മൗലിക കടമയായി നിർവചിക്കുന്ന ഭരണഘടനയാണ് നമ്മുടേത്. വയൽ നികത്തുന്നു എന്നറിഞ്ഞാൽ ഏതു പൗരനും അതിൽ സങ്കടക്കാരൻ ആകാം. നികത്താനുള്ള ഉത്തരവ് നൽകി അറുപതു ദിവസത്തിനകം (മുപ്പതു ആയിരുന്നു ആദ്യം) പരാതി നൽകണം. പക്ഷേ, ഈ അനുമതി പരസ്യമാകാതെ വെക്കാമെന്നതിനാൽ ഇത് കിട്ടാൻ വിവരാവകാശനിയമത്തെ ആശ്രയിക്കണം. അതിനുതന്നെ മുപ്പതു ദിവസം വേണം. ചുരുക്കത്തിൽ ഒരിക്കലും ഇത് ചോദ്യം ചെയ്യപ്പെടാൻ സാധ്യതയില്ല. കാലാവധി പൊറുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരവുമില്ല. നിയമവിരുദ്ധമായി നികത്തപ്പെട്ട ഭൂമികളുടെ ലിസ്റ്റ് ഉണ്ടാക്കണമെന്ന വകുപ്പ് 5.4.4 എടുത്തുകളഞ്ഞത് എന്തിനാണെന്ന് വിശദീകരണം പോലും ഭേദഗതിയിലോ നിയമസഭയിലോ കണ്ടില്ല. പാടശേഖരങ്ങളിൽ തലമുറകളായി നടന്ന വരമ്പുകളിന്മേലുള്ള സഹകർഷകരുടെ യാത്രാവകാശത്തെപ്പറ്റി (ഈസ്മെൻറ് അവകാശം)ഈ ഭേദഗതി മിണ്ടുന്നുപോലുമില്ല.
അധികാരമേറ്റു ആറുമാസത്തിനകം ഡാറ്റാ ബാങ്ക് പൂർണമായി പ്രസിദ്ധീകരിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയവർ രണ്ടു വർഷം പിന്നിട്ടിട്ടും അതിനുള്ള ഒരു ശ്രമവും നടത്തിയിട്ടേയില്ല. അങ്ങനെ ഡാറ്റ ബാങ്കിൽപെടാത്ത ഭൂമി നികത്താനുള്ള അവസരമാണിവിടെ ഒരുക്കുന്നത്. മുൻകാലങ്ങളിൽ നികത്തിയ ഭൂമിക്കു 25 ശതമാനം പിഴ ഈടാക്കാനുള്ള വ്യവസ്ഥ മുൻ സർക്കാർ കൊണ്ടുവന്നപ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും അധികാരമേറ്റപ്പോൾ അത് റദ്ദാക്കുകയും ചെയ്തവർ അതേ വ്യവസ്ഥ തിരികെ കൊണ്ടുവന്നിരിക്കുന്നു. വ്യത്യാസം പിഴ അമ്പത് ശതമാനം ആണെന്നുമാത്രം. ഇത് നികുതിയാണെന്നു മന്ത്രി പറയുന്നു. പിഴ ആണെങ്കിൽ അത് ഭരണഘടനയുടെ ഇരുപതാം അനുച്ഛേദത്തിെൻറ ലംഘനമാകില്ലേ?
ഇത്തരം നിരവധി ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് ഈ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്. പക്ഷേ, ഒരു കാര്യം സർക്കാർ ഓർക്കണം. കേവലം ഒരു മന്ത്രിയും ചില ഉദ്യോഗസ്ഥരും ചേർന്നുണ്ടാക്കിയ ഒന്നല്ല 2008ലെ മാതൃനിയമം. ഒരുപാട് പേർ കേരളത്തിെൻറ പല ഭാഗത്തായി നടത്തിയ നിയമപരവും അല്ലാത്തതുമായ പോരാട്ടങ്ങളുടെ ഉൽപന്നമാണത്. നിരവധി പേർ ആ നിയമത്തിെൻറ രൂപകൽപനയിൽ പങ്കെടുത്തിട്ടുണ്ട്. അത് സെലക്ട് കമ്മിറ്റിയുടെ പരിഗണനക്കു വന്നപ്പോഴും ജനകീയ ഇടപെടലുകൾ ഉണ്ടായി. അന്നത്തെ മുഖ്യമന്ത്രി വി.എസും കൃഷിമന്ത്രി മുല്ലക്കരയും ഇക്കാര്യത്തെ ശക്തമായി പിന്തുണച്ചു. പ്രതിപക്ഷത്തുനിന്നും പിന്തുണ നിർലോഭമായി കിട്ടി. പക്ഷേ, ഇപ്പോൾ അതിെൻറ നട്ടെല്ലൊടിക്കാൻ ഒരു മുഖ്യമന്ത്രിക്ക് എളുപ്പം കഴിയുന്നു എങ്കിൽ ജനകീയമായ ഇടപെടൽ ശേഷി സംബന്ധിച്ചുള്ള സംശയം ഉയരുന്നിേല്ല? ഇനിയും പോരാട്ടങ്ങൾ തുടരുകതന്നെ വേണം.