Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവഞ്ചകർ ജനക്ഷേമ...

വഞ്ചകർ ജനക്ഷേമ ബില്ലിനെ കൊഞ്ഞനം കാട്ടരുത് 

text_fields
bookmark_border
Paddy Field
cancel

വയൽ, തണ്ണീർത്തടം നികത്തൽ സംബന്ധിച്ച ഇടതുസർക്കാറി​​െൻറ ഉത്തരവിനെതിരെ പ്രതിപക്ഷനേതാവ്​ ഉന്നയിച്ച ആരോപണങ്ങൾക്ക്​ മറുപടി

‘മാധ്യമം’ ദിനപത്രത്തിൽ ജൂൺ 27ന് വന്ന പ്രതിപക്ഷ നേതാവി​​െൻറ ലേഖനമാണ് ഈ കുറിപ്പിന് ആധാരം. വരുംതലമുറയ്ക്ക് വേണ്ടി പ്രകൃതി വിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നവരായി മാറേണ്ടവരാണ് നമ്മളെന്ന സ്​റ്റോക്​ഹോം കൺവെൻഷ​​െൻറ അടിസ്​ഥാന പ്രമാണം ഉദ്ധരിച്ച ലേഖനം കൗതുകത്തോടു കൂടിയാണ് വായിച്ചത്.  ഹരിത കേരളത്തി​​െൻറ പേര് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ കേരള ജനതയെ വഞ്ചിച്ച ദിനം എന്ന പേരിലായിരിക്കും 2018 ജൂൺ 25 ചരിത്രത്തിൽ അടയാളപ്പെടുത്തുക എന്നും  ഭൂസ്വാമിമാർക്കു വേണ്ടി കേരളത്തി​​െൻറ പച്ചപ്പ് വിറ്റുതുലയ്ക്കുകയാണ് ഈ സർക്കാറെന്നും അദ്ദേഹം ആക്ഷേപിക്കുന്നു.  

ഇതു വായിച്ചപ്പോൾ പണ്ടൊരാൾ അച്ഛനെയും അമ്മയെയും കൊന്നിട്ട് കോടതിയിൽ കേസ്​ വന്നപ്പോൾ അച്ഛനും അമ്മയും ഇല്ലാത്ത അനാഥനാണ് ഞാൻ, അതുകൊണ്ട് എന്നെ വെറുതെ വിടണം എന്നുപറഞ്ഞ കഥയാണ് ഓർമവരുന്നത്. പ്രതിപക്ഷ നേതാവ് അംഗമായിരുന്ന യു.ഡി.എഫ്  മന്ത്രിസഭയുടെ കാലത്ത് കേരളത്തി​​െൻറ നെൽവയലുകളോട് ചെയ്ത (ആറന്മുള, മെത്രാൻ കായൽ, ആൾദൈവത്തി​​െൻറ വൈക്കത്തെ ഭൂമി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത) വഞ്ചനകളുടെ തീയതികൾ അടയാളപ്പെടുത്തിയാൽ വഞ്ചനാദിനങ്ങളല്ല, വഞ്ചനകളുടെ പഞ്ചവത്സരമായി യു.ഡി.എഫ് സർക്കാറി​െൻറ ഭരണകാലം ചരിത്രത്തിൽ അറിയപ്പെടും. കൈയേറ്റ മാഫിയയുടെയും ഭൂമാഫിയയുടെയും തടവിലായിരുന്നപ്പോൾ സ്​റ്റോക്​ഹോം കൺവെൻഷൻ പ്രമാണം ഇക്കൂട്ടർക്ക് ഓർമവരാതിരുന്നത് ബന്ദിയാക്കപ്പെട്ടയാളുകളെ പിടികൂടുന്ന ​സ്​റ്റോക്​ഹോം സിൻ​േഡ്രാം മൂലമാകാം.  

ഇനിമുതൽ വയൽനികത്തുന്നത് കണ്ടുനിൽക്കാനേ കഴിയൂ എന്നു വിലപിക്കുന്ന പ്രതിപക്ഷ നേതാവ് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. വില്ലേജ് ഉദ്യോഗസ്​ഥർ റിപ്പോർട്ട് ചെയ്താൽ മാത്രം കേസെടുക്കുമായിരുന്ന വ്യവസ്​ഥ മാറ്റി ആർക്കു വേണമെങ്കിലും പൊലീസിൽ പരാതി കൊടുക്കാവുന്ന കോഗ്​നൈസബിൾ ഒഫൻസ്​ ആയി വയൽ നികത്തൽ മാറ്റുകയും ശിക്ഷ രണ്ട് വർഷം തടവ് എന്നത് മൂന്ന് വർഷമായി ഉയർത്തുകയും ഈ നിയമ ഭേദഗതിയിലൂടെ ചെയ്തത് വയൽ നികത്തലിനെ സഹായിക്കാനാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾ വിശ്വസിക്കില്ല.  ഡാറ്റാബാങ്ക് പ്രസിദ്ധീകരണം ഭൂരിപക്ഷ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലും തയാറായി എന്ന് പ്രതിപക്ഷ നേതാവ് സമ്മതിക്കുന്നുണ്ട്.  പക്ഷേ, 2011 മുതൽ 2016 വരെയുള്ള കാലത്ത് ഇക്കാര്യത്തിനായി അദ്ദേഹത്തി​​െൻറ സർക്കാർ ഒന്നും ചെയ്തില്ല എന്നത് നാട്ടുകാർക്കൊക്കെ ബോധ്യമുള്ള കാര്യമാണ്.  

കേരളത്തിൽ നിലവിലുള്ള 2.2 ലക്ഷം ഹെക്ടർ നെൽകൃഷിയിൽ ഒരിഞ്ച് പോലും കുറയാതെ നോക്കുക മാത്രമല്ല മൂന്ന് ലക്ഷം ഹെക്ടറായി അതിനെ ഉയർത്തുക എന്നതാണ് ഈ സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലാവധി അവസാനിക്കുമ്പോൾ ഉണ്ടായിരുന്ന 1.9 ലക്ഷം ഹെക്ടറിൽ നിന്നാണ് 2.2 ലക്ഷത്തിലേക്കുള്ള ഉയർച്ച ഈ സർക്കാർ സാധ്യമാക്കിയത്. ഭേദഗതി ആക്റ്റ് പ്രകാരം 16ാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് തരിശിട്ടിരിക്കുന്ന നെൽവയൽ ഉടമയെകൊണ്ട് കൃഷി ചെയ്യിക്കുന്നതിന് നിർബന്ധിതമാക്കുന്നതിനും നെൽകൃഷി ചെയ്യുന്നതിനു നോട്ടീസ്​ നൽകി 15 ദിവസത്തിനകം മറുപടി ലഭ്യമാക്കിയില്ലെങ്കിൽ മറുപടി ലഭിച്ചതായി കണക്കാക്കി തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളെകൊണ്ടോ കുടുംബശ്രീയെ കൊണ്ടോ പ്രസ്​തുത ഭൂമിയിൽ കൃഷി ചെയ്യിക്കുന്നതിനും കൃഷിയിൽ നിന്നു കിട്ടുന്ന ലാഭവിഹിതത്തി​​െൻറ 25 ഉടമയ്ക്ക് നൽകാനും വ്യവസ്​ഥ ചെയ്തുകൊണ്ട് നെൽകൃഷിക്ക് ഉപയുക്തമായ എല്ലാ സ്​ഥലങ്ങളിലും നെൽകൃഷി വ്യാപിപ്പിക്കുന്നതിനുവേണ്ട വ്യവസ്​ഥ ഉൾപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്.

അപ്പോഴും ഭൂമിയുടെ ഉടമസ്​ഥാവകാശം ചോദ്യം ചെയ്യപ്പെടാത്ത തരത്തിൽ അത് ഭൂഉടമയിൽ തന്നെ നിലനിർത്തുന്നതിനുള്ള വ്യവസ്​ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. 2008ന് മുമ്പ് കാലങ്ങൾ കൊണ്ട് നികന്നുകിടന്നതും ഒരു തരത്തിലും ഇപ്പോൾ നെൽകൃഷി സാധ്യമാകാത്തതും ഭൂരേഖകളിൽ നിലം എന്ന് രേഖപ്പെടുത്തിയതുമായ ഭൂമി ഉപാധികൾക്ക് വിധേയമായി ക്രമവത്​കരിച്ചു നൽകുന്നതിനും സർക്കാരി​​െൻറ കേന്ദ്ര സർക്കാരി​​േൻറതുമുൾപ്പെടെയുള്ള വികസന പദ്ധതികൾക്കും പൊതു ആവശ്യങ്ങൾക്കും മാത്രം ഒഴിച്ചുകൂടാൻപറ്റാത്ത സാഹചര്യങ്ങളിൽ നെൽവയൽ ഉപാധികളോടെ തരംമാറ്റുന്നതിനുമുള്ള വ്യവസ്​ഥ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരി​​െൻറ ഫണ്ട് വിനിയോഗിച്ചു മാത്രം നടപ്പാക്കാൻ കഴിയുന്ന ഗെയിൽ പോലെയുള്ള പദ്ധതികൾക്കാവശ്യമായ വളരെ കുറഞ്ഞ അളവിലുള്ള നെൽപാടം തരം മാറ്റുന്നതിനു കഴിയാതെ വന്നതു കാരണം പദ്ധതി നഷ്​ടമാകുന്ന സാഹചര്യത്തിലാണ് ഗെയിൽ പോലുള്ള സർക്കാരി​​െൻറ പദ്ധതികൾക്ക് പ്രാദേശികതല സമിതിയുടെ റിപ്പോർട്ട് പ്രകാരം ഉപാധികളോടെ തരം മാറ്റാൻ അനുവദിക്കാവുന്നതാണെന്ന വ്യവസ്​ഥ ഉൾപ്പെടുത്തിയത്.  അത് സംസ്​ഥാനത്തി​​െൻറ വികസനത്തിന് അത്യന്താപേക്ഷിതമായതുകൊണ്ടുമാണ്.  അല്ലാതെ നെൽവയൽ അനിയന്ത്രിതമായി നികത്തുന്നതിനല്ല. വയൽ നികത്തലിനെതിരെ പരാതി നൽകുന്നതിന് വലിയ ഫീസ്​ ഏർപ്പെടുത്തിയെന്ന പ്രസ്​താവനയും തെറ്റാണ്. നെൽവയൽ നികത്തുന്നതിനെതിരെ ഒരു ഫീസും ഇല്ലാതെ ആർക്കും എപ്പോൾ വേണമെങ്കിലും പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകാം.  

ദശാബ്​ദങ്ങളായി നികന്നുകിടന്ന ഭൂമി (2008 ന് മുമ്പ്) തരംമാറ്റുന്നതിനുള്ള അപേക്ഷ നൽകിയവരുടെ കാര്യത്തിൽ റവന്യു ഡിവിഷണൽ ഓഫീസർ പുറപ്പെടുവിക്കുന്ന ഉത്തരവിനെതിരെയുള്ള അപ്പീൽ കാര്യത്തിലാണ് 500 രൂപ ഫീസ്​ നിശ്ചയിച്ചിട്ടുള്ളത്. മറ്റെങ്ങും ഭൂമിയില്ലാത്ത സാധാരണക്കാരായ ആളുകൾ ഗ്രാമങ്ങളിൽ പത്തും നഗരങ്ങളിൽ അഞ്ചും സ​െൻറ് വീതം നെൽവയൽ ആയ ഭൂമിയിൽ വീട് വെക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷിക്കുന്നതിൻമേൽ റവന്യു ഡിവിഷണൽ ഓഫീസർ പുറപ്പെടുവിക്കുന്ന ഉത്തരവിനെതിരെ അടക്കേണ്ട ഫീസ്​ കേവലം 60 രൂപയാണ്. യാഥാർഥ്യങ്ങൾ ഇതൊക്കെയാണെന്ന് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്  അറിയാമായിരുന്നിട്ടും, നിലം നികത്തലിനുള്ള  അനുമതിയാണ് ഈ ഭേദഗതി നിയമത്തിലൂടെ നൽകുന്നത് എന്ന് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിൽ നടത്തുന്ന പ്രചാരണങ്ങൾ ജനങ്ങളെ കബളിപ്പിക്കുന്നതിനും പ്രബുദ്ധരായ മലയാളികളുടെ ഓർമശക്തിയെ കളിയാക്കുന്നതിനുമാണ്. കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് ഈ നിയമത്തെ കൂടുതൽ ശകതമാക്കുകയും യുകതിഭദ്രമാക്കുകയുമാണ് ഭേദഗതിയിലൂടെ സർക്കാർ ചെയ്തത്.  പ്രതിപക്ഷ നേതാവി​​െൻറ വ്യാഖ്യാനം കൊടുത്ത് മോഹിച്ച് ആരെയെങ്കിലും വയൽ നികത്താൻ േപ്രരിപ്പിച്ചാൽ അത്തരക്കാർക്ക് മൂന്ന് വർഷം ജയിൽ ശിക്ഷ വാങ്ങികൊടുക്കാനേ അത് ഉപകരിക്കൂ. ദരിദ്രരെന്നും സമ്പന്നരെന്നും വിവേചനമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭൂമിയിൽ അർഹവും സന്തുലിതവുമായി അവകാശം സംരക്ഷിച്ചുകൊടുക്കാൻ ഈ സർക്കാർ നടത്തുന്ന ചരിത്രപരമായ ഭരണ പരിഷ്കാരങ്ങളുടെ ഭാഗമാണീ നിയമ നിർമാണം.

Show Full Article
TAGS:Paddy Field Conservation Law article malayalam news 
News Summary - Paddy Field Conservation Law - Article
Next Story