Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഊദ് തെരുവിലെ...

ഊദ് തെരുവിലെ ഭയമറിയാത്ത രാവുകള്‍

text_fields
bookmark_border
ഊദ് തെരുവിലെ ഭയമറിയാത്ത രാവുകള്‍
cancel

ഊദ് തെരുവിലാണ് ഞാനെ​​​െൻറ പ്രവാസം തുടങ്ങിയത്. പതിനേഴ് വര്‍ഷം മുമ്പ് ജനുവരിയിലെ ഒരു തണുത്ത രാത്രിയില്‍ റിയാദില്‍ വിമാനമിറങ്ങി നഗര വെളിച്ചങ്ങളുടെ മഹാപ്രളയത്തോടൊപ്പം ഒഴുകി ചെന്നടിഞ്ഞതാണ് ഇരുള്‍ പൊറ്റകള്‍ അടര്‍ന്നു വീണുകിടന്ന ആ തെരുവില്‍. വിസ കിട്ടി യാത്ര പുറപ്പെടുന്നതിനിടയിലെ കുറഞ്ഞ കാലത്തിനുള്ളില്‍ മനസ്സിൽ പണിതുയര്‍ത്തിയ മഹാനഗരത്തെ കുറിച്ച് പൊൻവെളിച്ചത്തിൽ കണ്ട സ്വപ്നം ഒടുവില്‍ ഒരിടുങ്ങിയ ഗല്ലിയിലെ വളരെ പഴയൊരു കെട്ടിടത്തില്‍ ചെന്ന് കിടന്നുറങ്ങി. പുലര്‍ന്നത് പിറ്റേന്ന് ഉച്ചയോടെ. നാലാം നിലയിലെ മുഷിഞ്ഞ ജനല്‍ കര്‍ട്ടനും പുകഞ്ഞ ചില്ലുകളും നീക്കിയപ്പോള്‍ ഗല്ലികളില്‍ ആ പകലിലും തലേന്നത്തെ അതേ ഇരുട്ട് അല്‍പം നരച്ച് കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നത് കണ്ടു. മണ്ണി​​​െൻറയ​ും കോണ്‍ക്രീറ്റിന്‍െറയും പഴയ കെട്ടിടങ്ങളാണ് തെരുവ് നിറയെ. പതിയെ മനസ്സിലാക്കി സൗദി തലസ്ഥാനത്തിന്‍െറ അധോനഗരത്തിനും അപ്പുറത്തെ ഒരു പ്രദേശത്താണ് എത്തിപ്പെട്ടിരിക്കുന്നത്. 

പൊന്നണിഞ്ഞ സ്വപ്നങ്ങളുമായി പ്രവാസത്തിനിറങ്ങിയപ്പോൾ ഇങ്ങനെയൊരു ഗല്ലിയില്‍ പിച്ചവെക്കാനാണല്ലോ വിധിയെന്നോര്‍ത്ത്​ വിഷമം തോന്നി. പകല്‍ പുറത്തിറങ്ങിയില്ല. രാത്രിയില്‍, നാട്ടില്‍ നിന്ന് ഒപ്പം വന്ന കൂട്ടുവിസക്കാരനോടൊപ്പം നഗരം കാണാനിറങ്ങി. ഗല്ലിയില്‍ നിറയെ ആളുകള്‍. സോഡിയം വെളിച്ചത്തില്‍ ആകെ മഞ്ഞളിച്ച് തെരുവ്. എന്നാല്‍ ഓരോ ചെറുഗല്ലിയിലേക്കും തിരിയുന്നിടത്തെല്ലാം തലേന്ന് കണ്ടതുപോലെ ഇരുട്ടുപൊന്തകള്‍. തെരുവില്‍ മനുഷ്യര്‍ ഉറുമ്പുകളെ പോലെ അരിച്ചുനടക്കുന്നു. ഒരു കാര്യം പ്രത്യേകം ശ്രദ്ധയില്‍ പെട്ടു. മിക്കവാറും പേർ വളരെ സാധാരണക്കാരായ മനുഷ്യരാണ്. വര്‍ക്കിങ് ക്ലാസ്. തൊലി നിറം മങ്ങിയവര്‍. നന്നേ കറുത്ത മനുഷ്യരുമുണ്ട്. കൂടുതലും വിദേശികള്‍. അതില്‍ ഏറിയ പങ്കും ആഫ്രിക്കന്‍ വംശജർ. പാകിസ്താനികളും ഇന്ത്യാക്കാരുമൊക്കെയുണ്ടെങ്കിലും അവരിലെ നല്ല വെളുത്തവര്‍ പോലും കരുവാളിച്ചവരായിരുന്നു.

  
രാത്രികളില്‍ ആ തെരുവില്‍ ഇറങ്ങി നടക്കല്‍ പിന്നീട് രസമുള്ളൊരു ശീലമായി. ഏറെ ദൂരം നടക്കും. യഥാര്‍ഥ ജീവിതങ്ങളാണ് ചുറ്റുപാടും തുടിക്കുന്നതെന്ന തിരിച്ചറിവിലൂടെയായിരുന്നു ആ നടത്തങ്ങള്‍. അതുവരെ കണ്ടതൊന്നുമല്ല ജീവിതമെന്ന് മനസ്സിലായി. അവിടെ എല്ലാത്തരം മനുഷ്യരുമുണ്ടായിരുന്നു. അവര്‍ക്കിടയിലെ പലതരം ഗന്ധങ്ങളിലൂടെ ജീവിത ചലനങ്ങളെ തൊട്ടുതൊട്ടു നടന്നു. ചിലപ്പോഴെല്ലാം ആ നടത്തം കിലോമീറ്ററുകള്‍ താണ്ടി ബത്ഹയി​ലെത്തി. മഹാനഗരത്തിന്‍െറ ഏറ്റവും തിരക്കേറിയ വാണിജ്യ കേന്ദ്രം. നഗര ഗതാഗതത്തി​​​െൻറ  ഭൂപടത്തിലെ സിറ്റി സെന്‍റര്‍. വലിയൊരങ്ങാടി. അതി​​​െൻറ ചുറ്റുമായിരുന്നു ഒരു കാലത്ത് സൗദി അറേബ്യയുടെ ഭരണസിരാകേന്ദ്രം പടര്‍ന്നുകിടന്നിരുന്നത്. സ്വദേശി സമൂഹം ഇടതിങ്ങി പാര്‍ത്തിരുന്നതും അവിടെയായിരുന്നു. ഇന്നത്തെ സൗദി വാണിജ്യ പ്രമുഖരില്‍ പലരും തങ്ങളുടെ വിജയഗാഥകള്‍ക്ക് അടിത്തറ കെട്ടിയതും ഇതേ അങ്ങാടിയിലായിരുന്നു. റിയാദ് നഗരം വളര്‍ന്ന് പടരുന്നതിനനുസരിച്ച് ഭരണകാര്യാലയങ്ങളും മറ്റ് സുപ്രധാന സ്ഥാപനങ്ങളും ഓരോന്നായി മറ്റ് ദിക്കുകളിലേക്ക് നീങ്ങിപ്പോയി. സ്വദേശി സമൂഹവും പുതിയ പാര്‍പ്പിട മേഖലകളിലേക്ക് പറിച്ചുനടപ്പെട്ടു. പിന്നീട് വിദേശ തൊഴിലാളികളുടെ ആധിപത്യമായി ബത്ഹ അങ്ങാടിയില്‍. വൈകീട്ട് ബത്ഹയിലേക്കുള്ള പോക്ക് കേരളത്തിലെ ഏതേ നാട്ടുകവലയിലേക്കുള്ള സായാഹ്ന സഞ്ചാരം പോലെ ഗൃഹാതുര സുഖമാര്‍ന്നൊരു നടത്തമായി മാറി. കേരളത്തിലെ പല നാടുകളും അവിടെ കണ്ടു. അനുഭവിച്ചു, ആസ്വദിച്ചു. 

ശാറ ഊദില്‍ നിന്ന് പല കൈവഴികള്‍ മറികടന്ന് ബത്ഹയിലെത്തെുകയും അവിടെ ചുറ്റിപ്പറ്റി നില്‍ക്കുകയും രാത്രി വളരെ വൈകി ഊദിലേക്ക് മടങ്ങിപ്പോകുകയും ചെയ്യുന്നത് നാടുവിട്ടുപോരേണ്ടിവന്ന വിഷമത്തെ മായ്ച്ചുകളയാൻ സഹായിച്ചു. രാത്രിയെത്ര വൈകിയാലും തെരുവുകളില്‍ അവിടവിടെ ഇരുട്ട് കട്ടപിടിച്ചുകിടന്നാലും ഒരു ഭയവും തോന്നാതെ, കൈയിലൊരു ടോര്‍ച്ചോ മെഴുകുതിരി വെട്ടമോ പോലുമില്ലാതെ നടക്കാന്‍ കഴിയുന്ന അനുഭവം ജീവിതത്തില്‍ തന്നെ പുതിയതായിരുന്നു. സ്വതവേ വലിയ പേടിത്തൊണ്ടനായ എനിക്ക് നിര്‍ഭയനായി രാത്രിയെ  നേരിടാന്‍ കഴിഞ്ഞത്​ വിസ്മയമായി അനുഭവപ്പെട്ടു. കേരളത്തിലെ നാട്ടിടവഴികളിലായാലും നഗര തെരുവുകളിലായാലും രാത്രിയില്‍ വലിയ ധീരന്മാര്‍ക്ക് പോലും പേടി കൂടാതെ നടക്കാനാവാത്ത സാഹചര്യം അന്നുമുണ്ടായിരുന്നു. ഇരുട്ടില്‍ പട്ടി മാത്രമല്ല കള്ളന്മാരും പതുങ്ങി നിന്നിരുന്നു. എന്നാല്‍ ശാര ഊദോ (തെരുവ് എന്നതി​​​െൻറ അറബ് മൊഴിയാണ് ‘ശാര’) അതിലേക്ക് ചെന്നുചേരുന്ന ബത്ഹയില്‍ നിന്നുള്ള ദരക്തര്‍, ഫറസ്ദഖ്, മര്‍ഖബ് കൈവഴികളോ അമാവാസി രാവില്‍ പോലും ഭയമില്ലാത്ത വീട്ടകം പോലെയായിരുന്നു.   

ഒന്നര ദശകത്തിനിപ്പുറം പേടിപ്പെടുത്തുന്ന വാര്‍ത്തകളുടെ ചുറ്റുമിരുന്ന് ഏറെ ദുഃഖത്തോടെ തിരുത്തേണ്ടിവരുന്നത് മേലെഴുതിവെച്ചതിലെ ‘ഭയരഹിതം’ എന്ന വാക്കിനെയാണ്. പേടിയില്ലാത്ത രാവുകൾ സമ്മാനിച്ച ഊദ് മാത്രമല്ല ഈ വലിയ നഗരത്തിന്‍െറ പല തെരുവുകളിലും ഇന്ന് പകല്‍ പോലും ഒറ്റക്ക് നടക്കാന്‍ ആളുകള്‍ക്ക് ഭയമുണ്ട്.  അങ്ങനെയൊരു മാറ്റം സംഭവിച്ചിരിക്കുന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെ പോലും പിടിച്ചുപറിക്കാനും ആക്രമിക്കാനും ധൈര്യപ്പെടുന്ന കവര്‍ച്ച സംഘങ്ങളില്‍ പലതും ഊദടക്കമുള്ള തെരുവുകളുടെ ചില ഭാഗങ്ങളെങ്കിലും കൈയടക്കിയിരിക്കുന്നു. 

******* 
അന്ന് രണ്ടാഴ്ചയേ ഊദില്‍ താമസിച്ചുള്ളൂ. അപ്പോഴേക്കും ജോലിസ്ഥലവ​ും താമസസ്ഥലവും നഗരത്തിലെ ആദ്യകാല വി.ഐ.പി ഏരിയയെന്ന് പഴയ ആള്‍ക്കാര്‍ വിശേഷിപ്പിക്കാറുള്ള ‘മലസി’ല്‍ തയാറായി കഴിഞ്ഞിരുന്നു. രണ്ടാഴ്ചക്ക് ശേഷം ഊദിലെ പൊറുതി മതിയാക്കി മലസിലേക്ക് പോകുമ്പോള്‍ ആ തെരുവിനെ വിട്ടുപോരാന്‍ വിഷമമുണ്ടായിരുന്നു. വെറും രണ്ടാഴ്ച കൊണ്ട് ആ തെരുവിന്‍െറയും അവിടുത്തെ ജീവിതത്തിന്‍െറയും ഭാഗമായി കഴിഞ്ഞുവെന്ന തോന്നലായിരുന്നു മനസ്സിന്​.

എന്നാല്‍ ചെന്നത്തെിയ മലസും ഭയമറിയാത്ത രാവുകളുമായി കാത്തിരുന്നു. പ്രാചീന അറേബ്യന്‍ കവി മുത്തുനബ്ബി​​​െൻറ പേരിലുള്ള പുതിയ സൂഖിന് സമീപമായിരുന്നു ജോലി സ്ഥലവും പാര്‍പ്പിടവും. പ്രവര്‍ത്തനം ആരംഭിച്ചതിനെക്കാള്‍ വേഗത്തില്‍ പൂട്ടുവീണ സൂഖാണത്. മെലിഞ്ഞ് രണ്ട് കിലോമീറ്ററോളം നീണ്ട് കിടക്കുന്ന ഒരിടനാഴി പോലെയാണ് ആ സൂഖ്. ഇരുവശത്തും കെട്ടിടങ്ങള്‍. നടുവില്‍ നടപ്പാത. എന്നാല്‍, വിജനതക്കൊപ്പം ചില ഭാഗങ്ങളിലെങ്കിലും ഇരുട്ടുപൊന്തകള്‍ കളകളെ പോലെ വളര്‍ന്നുകിടന്നിരുന്നു. എന്നാല്‍ വ്യായാമത്തിനുവേണ്ടി അതിലൂടെയുള്ള രാത്രി സഞ്ചാരങ്ങളും ഊദിലേതുപോലെ തന്നെ ഭയമില്ലാതെയായിരുന്നു. വളരെ പെട്ടെന്ന് അതും ശീലമായി. എത്ര വൈകിയ രാവുകളിലും അതിലേ നടക്കാനിറങ്ങി. ഒരിരുട്ടിനേയും ഒരു കെട്ടിട മറവുകളേയും ആരും ഭയന്നില്ല. ഒരു പിടിച്ചുപറിക്കാരനും മറഞ്ഞുനിന്നില്ല. ചാടിവീണില്ല. സ്ത്രീകളൊക്കെ രാത്രിയില്‍ പോലും നിര്‍ഭയരായി നടന്നുപോകുന്നത് കണ്ട് അന്തംവിട്ടിട്ടുണ്ട്. എന്നാല്‍, ഇന്നതല്ല സ്ഥിതി. ഭയം ഭരിക്കാത്ത മനസ്സുമായി ആ ഭാഗങ്ങളിലും സഞ്ചരിക്കാനാവില്ല. 

മൂന്നുവര്‍ഷത്തിന് ശേഷം മലസ് വിട്ട് വീണ്ടും ഊദിന് സമീപത്തേക്ക് തിരിച്ചത്തെി. ആദ്യം ശാര മര്‍ഖബിലേക്കും പിന്നീട് അതിനടുത്തുള്ള ശാര മര്‍ഖബിലേക്കും താമസം മാറ്റി. അന്നും അന്തരീക്ഷത്തിന് ഒരു മാറ്റവും വന്നിരുന്നില്ല. ഭയമില്ലാതെ സ്ത്രീകള്‍ പോലും സഞ്ചരിക്കുന്ന തെരുവുകള്‍. എന്നാല്‍ പിന്നീട് സ്ഥിതിയാകെ മാറി. നഗര മൂലകളിലെ പല വിജനതകളിലും കവര്‍ച്ചക്കാര്‍ പതുങ്ങി നില്‍ക്കുന്നു. അല്ലെങ്കിൽ കാറിലോ സ്കൂട്ടറിലൊ പാ​ഞ്ഞെത്തുന്നു. അനധികൃത താമസക്കാര്‍ പെരുകിയതി​​​െൻറ കെടുതി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യമനില്‍ നിന്നുമൊക്കെ അതിര്‍ത്തി നുഴഞ്ഞുകയറ്റക്കാരായി എത്തിയവരാണ് അതിജീവനത്തിന് കവര്‍ച്ച തൊഴിലായി സ്വീകരിച്ചത്. 

കഴിഞ്ഞ ഏഴെട്ട് വര്‍ഷത്തിനിടയിലാണ് ഇന്ന് അനുഭവപ്പെടുന്ന ഭയത്തി​​​െൻറ പെരുമ്പാമ്പുകൾ പതിയെ ഇഴഞ്ഞെത്തിയത്. ജീവിതം അന്വേഷിച്ചുള്ള പരദേശികളുടെ ഗള്‍ഫ് കുടിയേറ്റം ആരംഭിച്ചതില്‍ പിന്നെ സൗദി അറേബ്യയില്‍ അനധികൃതരുടെ ക്രമാതീതമായ പെരുക്കമുണ്ടായത് ഈ കാലയളവിലാണ്. ആഫ്രിക്കയില്‍ നിന്ന് കള്ള ജങ്കാറുകള്‍ കയറി ചെങ്കടല്‍ കടന്നവരും യമനില്‍ നിന്ന് ജീവിതം അന്വേഷിച്ചുവരുന്നവരുമായ അതിര്‍ത്തി നുഴഞ്ഞുകയറ്റക്കാര്‍. ആഫ്രിക്കയില്‍ നിന്നും യമനില്‍ നിന്നും മറ്റും വന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഇവിടെ കുടിവെച്ച് കുടുംബങ്ങളായി പെറ്റുപെരുകി അനധികൃതാവസ്ഥ തന്നെ അസ്ഥിത്വത്തിനുള്ള അടയാളമാക്കിയവര്‍. 

തൊഴില്‍ വിസയിലും ഹജ്ജ് ഉംറ വിസകളിലും വന്ന് കാലാവധി കഴിഞ്ഞും പലവിധ നിയമകുരുക്കുകളില്‍ കുടുങ്ങിയും അനധികൃതരായി തീര്‍ന്ന ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങി ലോകത്തി​​​െൻറ നാനാമൂലകളില്‍ നി​െന്നത്തിയവര്‍ വേറെയും. ഈ ഒരു സവിശേഷ സാഹചര്യമാണ് സാമൂഹിക സുരക്ഷിതത്വത്തില്‍ നേരിയ വിള്ളലുകള്‍ക്കിടയാക്കിയത്. 

പിടിച്ചുപറിയുടെയും കൊള്ളയടിയുടെയും മോഷണത്തി​​െൻറയുമൊക്കെ രൂപത്തില്‍ അരക്ഷിതാവാസ്ഥ പടര്‍ന്നുകയറി. പിടിച്ചുപറി സംഘങ്ങളില്‍ അധികവും ആഫ്രിക്കന്‍ വംശജരാണെന്നാണ് കരുതപ്പെടുന്നത്. അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നതും അതാണ്. നൂറുകണക്കിന് സംഭവങ്ങളില്‍ പൊലീസ് പൊക്കിയ സംഘങ്ങളില്‍ അധികവും അതായിരുന്നുതാനും. മറ്റ് ദേശക്കാരും ഉള്‍പ്പെട്ട കേസുകളും അപൂര്‍വമായുണ്ടായിട്ടുണ്ട്. എന്നാല്‍, കവര്‍ച്ചക്കാരെന്നാല്‍ കറുത്ത വംശജരാണെന്ന ഒരു പൊതുബോധം ശക്തമാണ്. ആഫ്രിക്കക്കാരല്ലാതാവില്ല കറുത്തവരാണെങ്കില്‍ എന്ന ലോകവിവരം കൊണ്ട് സ്ഥാപിക്കപ്പെട്ടതാണ് അത്. ‘കറുപ്പന്മാര്‍ പിടിച്ചു’ എന്നാണ് ഇന്ന് കവര്‍ച്ചയെ സൂചിപ്പിക്കുന്ന പ്രയോഗം പോലും. 

ഗ്രോസറി ഷോപ്പുകളും (ബഖാലകളും) സൂപര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും വഴിനടത്തക്കാരും എല്ലാം അക്രമിക്കപ്പെടുന്നു. ഒരുകാലത്ത് അത് വ്യാപകമായിരുന്നു. വാഹനാപകടങ്ങള്‍ സൃഷ്ടിച്ചിട്ട് കാറുകള്‍ തട്ടിയെടുക്കുകഴ. സ്കൂട്ടറിലെത്തി തട്ടിപ്പറിക്കുക. വഴിനടത്തക്കാരനെ കത്തികാട്ടി കവര്‍ച്ച നടത്തുക. ടാക്സി എന്ന വ്യാജേനെ ആളുകളെ കയറ്റിക്കൊണ്ടുപോയി കൊള്ളയടിക്കുക. പൊലീസ്, സി.ഐ.ഡി എന്നൊക്കെ പറഞ്ഞു താമസസ്ഥലങ്ങളില്‍ കയറി പരിശോധന നടത്തി കൊള്ളയടിക്കുക. എതിര്‍ക്കുന്നവരെ ക്രൂരമായി ആക്രമിക്കുക... വ്യാപകമായി നടമാടിയ അതിക്രമങ്ങള്‍ ഇങ്ങനെയൊക്കെ.
 
ഉപജീവനത്തിനായി അഭയം തേടിവന്നവരോട്​ ഉദാരതയും കാരുണ്യവും കാട്ടിയ ഭരണകൂടത്തിന്​ ഒടുവില്‍ ശക്തമായ നടപടികളിലേക്ക് നീങ്ങേണ്ടിവന്നു. സാമൂഹിക വിരുദ്ധ സംഘങ്ങളെ അടിപടലെ വാരുന്നതായിരുന്നു ആ നടപടികള്‍. തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണത്തി​​​െൻറ ഭാഗമായി 2013ല്‍ പ്രഖ്യാപിച്ച നിതാഖാത് പദ്ധതിയും അതിനെ തുടര്‍ന്നുണ്ടായ ശുദ്ധീകരണവും കൂടിയായപ്പോള്‍ അനധികൃത സമൂഹങ്ങളിലെ ഇത്തരം സംഘങ്ങളില്‍ പലതും നാടുകടത്തപ്പെട്ടു. അവശേഷിച്ച ചിലര്‍ ഇപ്പോഴും അങ്ങിങ്ങുണ്ടെന്ന് ഇടക്കിടെയുണ്ടാകുന്ന കവര്‍ച്ച സംഭവങ്ങള്‍ പറയുന്നു.


 
സംഭവങ്ങളുണ്ടാവുമ്പോഴേക്കും ഉടനടി ഇടപെടുന്ന പൊലീസ് പല സംഘങ്ങളെയും ഇതിനകം അകത്താക്കിയിട്ടുണ്ട്.  എന്നാല്‍ ഈ വര്‍ഷമാണ് റിയാദിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച വലിയ രണ്ട് ദൗര്‍ഭാഗ്യ സംഭവങ്ങളുണ്ടായത്. ബഖാല ജീവനക്കാരനും പ്ലാസ്​റ്റിക്​ ഫാക്ടറി ഉദ്യോഗസ്ഥരുമായ രണ്ട് മലയാളികള്‍ ഒറ്റ മാസത്തിനിടെയുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ കവര്‍ച്ചക്കാരുടെ കത്തിക്കിരയായി കൊല്ലപ്പെട്ടു. യമനികളാണ് ഈ സംഭവങ്ങളിലെ പ്രതികളായി പൊലീസ് പിടിയിലായതെന്നാണ് വിവരം.നഗരത്തിലെ ഏതാണ്ടെല്ലാ തെരുവുകളിലും പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ഭയമറിയാത്ത ആ പഴയ രാത്രികൾ  വേഗത്തില്‍ തിരിച്ചത്തെുമെന്ന് തന്നെയാണ് പ്രതീക്ഷയും.

കറുപ്പന്മാരാണ് കൊള്ളക്കാര്‍ എന്ന പൊതുബോധം വരുത്തിവെച്ച ഒരു വിനയെ കുറിച്ച് ഒരു സുഹൃത്തി​​​െൻറ അനുഭവ വിവരണം ഇങ്ങനെയായിരുന്നു. 
ഒരു രാത്രി ബത്ഹയിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപത്ത് കൂടി നടക്കുകയായിരുന്നു അയാളും സുഹൃത്തും. ആളൊഴിഞ്ഞ ഭാഗത്ത് നിരത്തരികിലെ കോണ്‍ക്രീറ്റ് ബാരിക്കേഡിന് മുകളില്‍ രണ്ടുമൂന്നാളുകള്‍ ഇരിക്കുന്നു. അവര്‍ അത്യാവശ്യം കറുത്തവരാണ്. മലയാളികള്‍ ഭയന്നു. പിടിച്ചുപറി സംഘമായിരിക്കും. മുന്നോട്ടു ചലിക്കാനാവാതെ അവര്‍ നിന്നുപോയി. കാലുകളില്‍ വിറ പടര്‍ന്നുകയറുന്നു. തിരിച്ചുനടക്കാന്‍ ആയുമ്പോഴേക്കും ആ ആളുകള്‍ എഴുന്നേറ്റ് വേഗത്തില്‍ നടന്ന് അടുത്തെത്തി. ഓടാന്‍ ശ്രമിക്കുമ്പോഴേക്കും അവരുടെ പിടിത്തം ഷര്‍ട്ടില്‍ വീണു. ‘‘എന്തിനാ ഞങ്ങളെ കണ്ടപ്പോള്‍ ഒടുന്നത്’’ ഈര്‍ഷ്യ കലര്‍ന്ന സ്വരത്തില്‍ അവര്‍ അറബിയില്‍ ചോദിച്ചു.മിണ്ടാന്‍ പോലും കഴിയാതെ നില്‍ക്കുമ്പോള്‍ ഉറക്കെ ചിരിച്ചു. ‘‘ഞങ്ങളുടെ നിറം കണ്ടിട്ടാവും, അല്ലേ? സദീഖ്, മാനംമര്യാദക്ക് ജോലി ചെയ്ത് ജീവിക്കുന്നവരാണ് ഞങ്ങള്‍. നിറം വെച്ച് ആളുകളെ അളക്കരുത്’’ എന്ന് ഉപദേശിച്ച് അവര്‍ മടങ്ങിപ്പോയി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleoudh street
News Summary - oudh street-article
Next Story