Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഓപൺ യൂനിവേഴ്സിറ്റിയും...

ഓപൺ യൂനിവേഴ്സിറ്റിയും വിദ്യാഭ്യാസത്തിന്‍റെ വരേണ്യവത്​കരണവും

text_fields
bookmark_border
ഓപൺ യൂനിവേഴ്സിറ്റിയും വിദ്യാഭ്യാസത്തിന്‍റെ വരേണ്യവത്​കരണവും
cancel

സാമൂഹികവും സാന്പത്തികവുമായ കാരണങ്ങളാൽ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിൽ ഉറപ്പിച്ചുനിർത്തുംവിധം കൂടുതൽ യൂനിവേഴ്സിറ്റികളും സ്ഥാപനങ്ങളും സൃഷ്​ടിക്കാനാണ് ഭരണകൂടം പണം ചെലവഴിക്കേണ്ടത്. അതിന് സർക്കാറിന് സാധ്യമാവാതെവന്ന പശ്ചാത്തലത്തിലാണ് സർക്കാറിനെയും വിദ്യാർഥികളെയും സഹായിക്കുന്ന സംവിധാനം എന്ന നിലയിൽ സമാന്തര (പാരലൽ) കോളജുകൾ ഉണ്ടായത്. മികവ് നേടിയിട്ടും സർക്കാർ/എയ്​ഡഡ് കോളജുകളിൽ പഠിക്കാനാവാത്തവർ വിദ്യാഭ്യാസരംഗത്ത് പിടിച്ചുനിന്നത് കുറഞ്ഞ ചെലവിൽ വിദ്യ പകർന്ന ഈ സംവിധാനം കാരണമാണ്. ആ അർഥത്തിൽ പ്രൈവറ്റ്​ രജിസ്​​ട്രേഷൻ, പണവും സ്വാധീനവും ഇല്ലാത്തതു കാരണം പിന്തള്ളപ്പെടുന്നവർക്ക് ആശാവഹമായ പരിഹാരമായിരുന്നു. ഇതിനെയാണ് യു.ജി.സി ആജ്ഞ നടപ്പാക്കുന്നതി​െൻറ ഭാഗമായി കലാശാലകൾ കുഴിച്ചുമൂടിയത്.

അന്ന് കേരളത്തിലെ വിദ്യാർഥിപ്രസ്ഥാനങ്ങളും രാഷ്​ട്രീയനേതൃത്വവും കുറ്റകരമായ മൗനം പാലിച്ചു. പകരം വിദൂര വിദ്യാഭ്യാസം എന്ന സംവിധാനം യൂനിവേഴ്സിറ്റികളിൽ നിലവിൽവന്നെങ്കിലും കടുത്ത വിവേചനമാണ് ആ മേഖലയിലെ വിദ്യാർഥികൾ അനുഭവിക്കുന്നത്. ഒരുപാട് പരാതികൾ ഉയർന്നിട്ടും അവ പരിഹരിക്കുന്നതിനു പകരം വിവേചനത്തെ ന്യായീകരിക്കുന്നതും സമാന്തരസംവിധാനങ്ങളിലെ വിദ്യാർഥികൾ അനുഭവിക്കുന്ന അവഗണന അവരുടെ ജ്ഞാന പിന്നാക്കാവസ്ഥയുടെ സ്വാഭാവികപരിണാമമായി അപഹസിക്കുന്നതുമായ സമീപനമാണ് ചിലരെങ്കിലും പ്രകടിപ്പിക്കാറുള്ളത്. ഈ നിലപാടുകാരെ തൃപ്തിപ്പെടുത്താൻ മാത്രമാണ് ഓപൺ യൂനിവേഴ്​സിറ്റി എന്ന പുതിയ സംവിധാനം ഉപകരിക്കുക.

ഓപൺ യൂനിവേഴ്സിറ്റി എന്ന ആശയംതന്നെ കടുത്ത വിവേചനത്തെ കുറിക്കുന്നു. റെഗുലർ സ്ട്രീമിൽനിന്നു പല കാരണങ്ങളാൽ മാറിനിന്നവർക്കുള്ള താൽക്കാലിക പരിഹാരഘടനയായിട്ടാണ് അത് വിലയിരുത്തപ്പെടുന്നത്. ഒരു യോഗ്യതയും ഇല്ലാത്ത ഏതു പൗരനും പ്രായഭേദ​െമന്യേ അറിവ് നേടാൻ സഹായിക്കുന്ന ഒരു ഘടന ഒാപൺ യൂനിവേഴ്സിറ്റി നിലനിർത്തുന്നത് അക്കാരണത്താലാണ്. ഒരുപാട് ബിരുദങ്ങൾ നേടിയവർക്ക് മറ്റു പുതിയ വിഷയങ്ങൾ പഠിക്കാനും ഒരു ഡിഗ്രിയും ഇല്ലാത്തയാൾക്ക് പ്രത്യേക പ്രായമെത്തുന്പോൾ എന്തെങ്കിലും പഠിക്കണമെന്ന് തോന്നുമ്പോൾ ഓപൺ യൂനിവേഴ്സിറ്റി സഹായകമാകാം. പല ജോലികളും ചെയ്തുകൊണ്ടിരിക്കുന്നവർക്ക് പ്രമോഷനുള്ള അധികയോഗ്യതയായി ഓപൺ യൂനിവേഴ്സിറ്റി സർട്ടിഫിക്കറ്റുകൾ ഉപകാരപ്പെടുമായിരിക്കും. എന്നാൽ, എല്ലാ യോഗ്യതയുമുണ്ടായിട്ടും മതിയായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ തുടർപഠനം അസാധ്യമായവർക്ക് ഈ ഡിഗ്രികൾ ജീവിതകാലം മുഴുവൻ ഭാരംതന്നെയായിരിക്കും. നമ്മുടെ സംവിധാനത്തി​െൻറ അപര്യാപ്തത കാരണവും സാമൂഹികകാരണങ്ങളാലും പുറന്തള്ളപ്പെട്ടവരാണ് കേരളത്തിലെ വിദ്യാർഥികൾ. അവരിലെ സമർഥരായ ലക്ഷക്കണക്കിന് വിദ്യാർഥികളെ ജ്ഞാനപരമായ പിന്നാക്കാവസ്ഥ എന്ന മു​ദ്രയുടെ ഭാരം ജീവിതകാലം മുഴുവൻ താങ്ങിനടക്കുന്നവരാക്കി അപമാനിക്കുന്ന സംവിധാനമാണ് ഓപൺ യൂനിവേഴ്സിറ്റി.

ഇൗയൊരു പൊതുധാരണ ഓപൺ യൂനിവേഴ്സിറ്റിയെക്കുറിച്ച് നിലനിൽക്കുന്നതിനാൽ പ്രസ്തുത സർട്ടിഫിക്കറ്റുകളുള്ളവർക്ക് വിദേശരാജ്യങ്ങളിൽ പരിഗണന ലഭിക്കാറില്ല. ഓപൺ യൂനിവേഴ്സിറ്റി ബിരുദധാരികൾക്ക് വിദേശത്ത് തുടർപഠനവും സാധ്യമല്ല. ഇന്ത്യയിലെതന്നെ അനേകം യൂനിവേഴ്സിറ്റികൾ പല സംസ്ഥാനങ്ങളിലെയും സ്​റ്റേറ്റ് ഓപൺ യൂനിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാറില്ല. ഉദാഹരണത്തിന്, കർണാടക സ്​റ്റേറ്റ് ഓപൺ യൂനിവേഴ്സിറ്റിയുടെ പല കോഴ്‌സുകൾക്കും കേരളത്തിലെ യൂനിവേഴ്സിറ്റികൾ തുല്യത സർട്ടിഫിക്കറ്റ്​ നൽകാറില്ല. ആ ബിരുദം കരസ്ഥമാക്കിയ ഭൂരിഭാഗം വിദ്യാർഥികൾക്കും കേരളത്തിലെ സർവകലാശാലകളിൽ തുടർപഠനം സാധ്യമല്ല. സ്​റ്റാറ്റ്യൂട്ടറി പദവിയുള്ള ഇഗ്​നോയുടെ ചില കോഴ്‌സുകൾ വരെ ഈ വിവേചനം നേരിടുന്നുണ്ട്. കേരള ഓപൺ യൂനിവേഴ്സിറ്റിയും ഭാവിയിൽ ഇതരസംസ്ഥാനങ്ങളിൽ ഇതേ വിവേചനംതന്നെ നേരിടാനാണിട. ഇത്രയധികം ഗുരുതരമായ ഒരു പ്രശ്നം ഭാവിയിൽ വിദ്യാർഥികൾ അഭിമുഖീകരിക്കേണ്ടിവരും എന്ന വസ്തുത മറച്ചുപിടിച്ചാണ് കേരള സർക്കാർ ഏകപക്ഷീയമായി ഒരു ചർച്ചക്കും ഇടംകൊടുക്കാതെ ഒരു ഓർഡിനൻസിലൂടെ ഈ പുതിയ ഘടന അടിച്ചേൽപിക്കുന്നത്. ഇത് വിദ്യാർഥികളോടുള്ള കടുത്ത അവകാശ നിഷേധംകൂടിയാണ്.

ഇന്ത്യയിലെ ഫാഷിസ്​റ്റ്​ സർക്കാർ നടപ്പാക്കുന്ന പുതിയ നാഷനൽ എജുക്കേഷൻ പോളിസി വിദ്യാഭ്യാസ ഘടനയുടെ വരേണ്യവത്​കരണത്തിന് കാരണമായിത്തീരും എന്നഭിപ്രായമുള്ളവർതന്നെയാണ് കേരളത്തിൽ വരേണ്യവിഭാഗത്തെ സവിശേഷമായി അടയാളപ്പെടുത്താനും മറ്റുള്ളവരെ കൂടുതൽ അകറ്റാനും ഉപകരിക്കുന്ന ഓപൺ യൂനിവേഴ്സിറ്റിക്ക് തുടക്കംകുറിക്കുന്നത്. ഓപൺ യൂനിവേഴ്സിറ്റി ബിരുദങ്ങൾ വിവേചനമില്ലാതെ പരിഗണിക്കണം എന്ന് സർക്കാർ ഉത്തരവിടുന്നതോടുകൂടി ഈ പ്രശ്നം പരിഹരിക്കപ്പെടും എന്ന് വാദിക്കുന്നവരുണ്ട്. വിദേശരാജ്യത്തും സംസ്ഥാനത്തിന് പുറത്തും നിലനിൽക്കുന്ന വിവേചനം ഇല്ലാതാക്കാൻ ഇൗ ഉത്തരവുകൊണ്ട്​ സാധ്യമല്ല.

എന്നാൽ, കേരളസർക്കാർ നടപ്പാക്കുന്ന ഒരു പദ്ധതി എന്ന നിലക്ക് ഒരുപക്ഷേ, പി.എസ്​.സി പോലുള്ള പൊതു സെലക്​ഷൻ പരീക്ഷാസംവിധാനങ്ങളിൽ കേരള സർക്കാറിന് അപ്രകാരം തീരുമാനിക്കാം. പക്ഷേ, ആ തീരുമാനംപോലും മാറിമാറി വരുന്ന ഭരണനേതൃത്വത്തി​െൻറയും ബ്യൂറോക്രസിയുടെയും 'ദയാവായ്​പി'നനുസരിച്ച് മാറിമാറി വരുമെന്നതാണ് അനുഭവം. ഇപ്പോൾതന്നെ ഓപൺ/ഡിസ്​റ്റൻസ് ബിരുദങ്ങളോട് വിവേചനം പാടില്ലെന്ന സർക്കുലർ യു.ജി.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നിട്ടും ഇന്ത്യയിലെ പല യൂനിവേഴ്സിറ്റികളും ഈ വിവേചനം നിലനിർത്തുന്നു. പല കോഴ്‌സുകൾക്കും ചില യൂനിവേഴ്സിറ്റികൾ തുല്യത സർട്ടിഫിക്കറ്റുകൾ നൽകാറില്ല. ഇതു കാരണം മാത്രം അഡ്മിഷൻ മുടങ്ങുന്ന ആയിരക്കണക്കിന് വിദ്യാർഥികളുണ്ട് നമ്മുടെ നാട്ടിൽ. കേരളത്തിലെതന്നെ ഡിസ്​റ്റൻസ് എജുക്കേഷനോട് പി.എസ്​.സി പുലർത്തുന്ന സമീപനം ചിലപ്പോഴെങ്കിലും വിവേചനപരംതന്നെയാണ്. ഇന്ത്യയിലെ പൊതുസംവിധാനമായ സി.ബി.എസ്​.ഇ സിലബസ് പഠിച്ചവരെ വരെ വിലയിരുത്തുന്നതിന് ഓരോ സംസ്ഥാനത്തും വ്യത്യസ്ത രീതികളാണുള്ളത്. സി.ബി.എസ്​.ഇ പത്താംതരം പൂർത്തിയായവർ സ്​റ്റാ​ൻഡേഡ് മാത്​സിന് പകരം ബേസിക് മാത്‍സ് ആണ് പഠിച്ചതെങ്കിൽ കേരള സിലബസ് പ്രകാരമുള്ള ഒരു ഹയർ സെക്കൻഡറിയിലും സയൻസ് ഗ്രൂപ്പിന് പ്രവേശനം കൊടുക്കരുതെന്ന് ഇപ്പോൾ ഉത്തരവുണ്ട്.

സി.ബി.എസ്​.ഇക്കില്ലാത്ത ഒരു നിബന്ധന കേരളം അടിച്ചേൽപിക്കുന്നതി​െൻറ ഉദാഹരണമാണിത്. ഇതുതന്നെയാണ് നാഷനൽ ഓപൺ സ്‌കൂൾ (എൻ.ഐ.ഒ.എസ്) പത്താം തരം പൂർത്തിയാക്കുന്നവരോടും കേരളം പുലർത്തുന്ന സമീപനം. കേരളത്തിലെ സ്​റ്റേറ്റ് ഓപൺ സ്‌കൂളിൽ വരെ ഹയർ സെക്കൻഡറി കോഴ്‌സിന് പഠിക്കാൻ എൻ.ഐ.ഒ.എസിന്​ ഇല്ലാത്ത നിബന്ധനകൾ കേരളം ചുമത്തിയിട്ടുണ്ട്. കേരളത്തിലെ പല യൂനിവേഴ്സിറ്റികളുടെയും വിദൂര വിദ്യാഭ്യാസ സ്ട്രീമിൽ വരെ പഠിക്കാൻ ​െറഗുലർ സ്ട്രീമിലൂടെയല്ലാതെ ഇതര സംസ്ഥാനങ്ങളിൽ പഠിച്ച വിദ്യാർഥികൾക്ക് സാധ്യമല്ല. സർക്കാറി​െൻറ ഒരു ഉത്തരവുകൊണ്ട് മാത്രം നിർദിഷ്​ട ഓപൺ യൂനിവേഴ്സിറ്റി സാധാരണ വാഴ്സിറ്റിയായി പരിഗണിക്കപ്പെടും എന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കളുടെ ശ്രദ്ധയിലേക്കാണ് ഈ ഉദാഹരണങ്ങൾ.

കേരളത്തി​െൻറ പ്രശ്​നം എല്ലാ യോഗ്യതയുമുണ്ടായിട്ടും തുടർപഠനം സാധ്യമല്ലാത്ത അനേകായിരം വിദ്യാർഥികളാണ്. സാധ്യമായ സ്വഭാവത്തിൽ സ്വയംഭരണ യൂനിവേഴ്സിറ്റികളും കോളജുകളിലും യൂനിവേഴ്സിറ്റികളിലും കൂടുതൽ കോഴ്സുകളും അനുവദിച്ച്​ പരമാവധി വിദ്യാർഥികളെ പൊതുധാരയിലേക്ക് കൊണ്ടുവരുകയാണ് ഉത്തരവാദിത്തബോധമുള്ള ഒരു സർക്കാർ നിർവഹിക്കേണ്ട ഏറ്റവും പ്രധാന ദൗത്യം. അതിനുതകുന്ന സംവിധാനങ്ങളില്ലെങ്കിൽ ഈവനിങ്​​ കോഴ്‌സുകൾ പോലെയുള്ള നൂതനരീതികൾ പരീക്ഷിക്കാം. ഡൽഹി യൂനിവേഴ്സിറ്റിയിൽ പല ബാച്ചുകളിലായാണ് ലോ സ്‌കൂൾ പ്രവർത്തിക്കുന്നത്. കേരളത്തിലാകട്ടെ, വരേണ്യ മനോഭാവമുള്ള ചിലരുടെ പിടിവാശി കാരണം മുമ്പ് നിലവിലുണ്ടായിരുന്ന ഈവനിങ് ലോ കോളജുകൾ നിർത്തുകയാണുണ്ടായത്. വിദ്യാഭ്യാസരംഗത്തുള്ള ഇത്തരം പിടിവാശികൾ അവസാനിപ്പിച്ച് സാധ്യമായ എല്ലാ സർക്കാർ/എയ്​ഡഡ് കോളജുകളിലും ഈവനിങ്​ കോഴ്‌സുകൾ ആരംഭിക്കുകയാണെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് പണം ചെലവഴിക്കാതെതന്നെ ​െറഗുലർ വിദ്യാഭ്യാസം ഉറപ്പുവരുത്താനാകും. കോളജുകളുടെ സമയം 8.30 മുതൽ 1.30 വരെയായി ക്രമീകരിക്കുന്ന പരിഷ്കരണം നടപ്പാക്കുന്നതോടെ മൂന്നു മണി മുതൽ എട്ടു വരെ ഈവനിങ്​ ബാച്ചിനുള്ള സാധ്യത വർധിക്കുകയും ചെയ്യും. ലോകത്തെല്ലായിടത്തും ബിരുദ ബിരുദാനന്തര പഠനത്തിന് പിന്തുടരുന്ന, ജോലിയോടൊപ്പം പഠനവും ഉറപ്പുവരുത്തുന്ന, കുറച്ചുകൂടി ഫ്ലെക്സിബിൾ ആയ ഇത്തരം ഘടനകളെക്കുറിച്ച ആലോചനകളൊന്നുമില്ലാതെ ഓപൺ യൂനിവേഴ്സിറ്റി സ്ഥാപിക്കുന്നത് കടുത്ത നീതിനിഷേധമാണ്.

ഇത്തരം പരിഹാരങ്ങൾക്കൊന്നും മുടക്കാൻ സർക്കാറി​െൻറ കൈവശം പണമില്ലെങ്കിൽ പതിറ്റാണ്ടുകളായി കേരളത്തിൽ നിലനിൽക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ സമ്പ്രദായത്തെ തന്ത്രപരമായ നീക്കത്തിലൂടെ പുനഃസ്ഥാപിക്കാൻ യൂനിവേഴ്സിറ്റികളുടെകൂടി സഹായത്തോടെ ചില നീക്കുപോക്കുകൾക്ക് സർക്കാർ തയാറാകണം. അതോടൊപ്പം താൽപര്യമുള്ള വിദ്യാർഥികൾക്കുള്ള വിദൂര വിദ്യാഭ്യാസം പേരിലും പ്രയോഗത്തിലും നിലനിൽക്കുന്ന വിവേചനം ഒഴിവാക്കി തുടരുകയും വേണം. പല സംസ്ഥാനങ്ങളിലും ആവശ്യത്തിലധികം യൂനിവേഴ്സിറ്റികളുണ്ട്. കേരളം ഈ രംഗത്ത് വളരെ പിന്നിലാണ്. ഒരു പ്രദേശത്തി​െൻറ വിദ്യാഭ്യാസപ്രശ്നങ്ങളെ അവിടത്തെ സാമൂഹികഘടനകൂടി പരിഗണിച്ച്​ പരിഹരിക്കാനാണ് സർക്കാർ മുന്നോട്ടുവരേണ്ടത്. യു.ജി.സി നിർ​േദശങ്ങൾ വാരിവിഴുങ്ങൽ മാത്രമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പി​െൻറ ജോലിയെങ്കിൽ പിന്നെ നമുക്കെന്തിനാണ് അങ്ങനെയൊരു വകുപ്പും മന്ത്രിയും?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Open UniversityElegant Class
Next Story