Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവേണ്ടത് ദിനാചരണമല്ല;...

വേണ്ടത് ദിനാചരണമല്ല; അഭിപ്രായ സ്വാതന്ത്ര്യം

text_fields
bookmark_border
വേണ്ടത് ദിനാചരണമല്ല; അഭിപ്രായ സ്വാതന്ത്ര്യം
cancel

സ്ത്രീകള്‍ കലാപത്തിന് ഇരയാവുകയും പൊതുനിരത്തില്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്ന കാലത്താണ് നാം മറ്റൊരു വനിതദിനം കൂടി ആഘോഷിക്കുന്നത്. വനിതദിനത്തിന്‍െറ ഭാഗമായി, സ്ത്രീകളെ സുരക്ഷിതരാക്കാനും ശാക്തീകരിക്കാനും വര്‍ഷം തോറും പദ്ധതികള്‍ പലതും പ്രഖ്യാപിക്കപ്പെടുന്നു. ആഘോഷ മേളങ്ങള്‍ പലയിടത്തും സജീവമായിക്കൊണ്ടിരിക്കയാണ്. എന്നാല്‍, ആഘോഷങ്ങള്‍കൊണ്ടോ പദ്ധതി പ്രഖ്യാപനങ്ങള്‍കൊണ്ടോ സ്ത്രീകള്‍ അതിക്രമങ്ങളില്‍നിന്ന് മുക്തരാവില്ല.  ആശയങ്ങളെ സ്വതന്ത്രമായി പ്രകടിപ്പിക്കാനും സംഭീതരാകാതെ സഞ്ചരിക്കാനും സ്വാതന്ത്ര്യം നേടുന്നതിലൂടെയല്ലാതെ ഒരു ദിനാചരണം കൊണ്ട് സ്ത്രീകളുടെ ദുരിതങ്ങള്‍ അവസാനിക്കുന്നില്ല.

ഇന്ത്യയിലെ നഗരങ്ങളില്‍ വൈകുന്നേരം ആറുമണിക്ക് ശേഷം സ്ത്രീക്ക് സഞ്ചാരസ്വാതന്ത്ര്യമില്ല. രാജ്യത്തെ ഏറ്റവും തിരക്കുള്ള നഗരമായ ഡല്‍ഹിയില്‍ ആറുമണിക്ക് ശേഷം സഞ്ചരിക്കേണ്ടിവരുന്ന സ്ത്രീ ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാം. ഓരോ മുക്കിലും മൂലയിലും കൂട്ടംകൂടി നില്‍ക്കുന്ന യുവാക്കള്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത് നഗരത്തിന്‍െറ സ്ഥിരം കാഴ്ചയാണ്. ആര്‍ക്ക് വേണമെങ്കിലും നിങ്ങളോട് അശ്ളീലം പറയാം, ശാരീരികമായി ആക്രമിക്കാം. ആക്രമിക്കപ്പെട്ടുവെന്ന പരാതിപോലും പരിഗണിക്കപ്പെടില്ല. സ്ത്രീയെന്ന നിലയില്‍ ഡല്‍ഹി നഗരത്തേക്കാള്‍ സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷിതത്വവും അനുഭവിക്കുന്നത് കശ്മീരിലാണ്. കശ്മീരിലെ യുവാക്കള്‍ സ്ത്രീകളെ ശല്യം ചെയ്യുകയോ ആക്രമിക്കുകയോ ഇല്ല. രാത്രിയില്‍പോലും കശ്മീരില്‍ സ്ത്രീക്ക് ഒറ്റക്ക് സഞ്ചരിക്കാം. 

ഓടുന്ന ബസില്‍  ബലാത്സംഗം ചെയ്യപ്പെട്ടാല്‍ അത് വലിയ വാര്‍ത്തയായേക്കാം. മാധ്യമങ്ങള്‍ വാര്‍ത്ത കൊണ്ടാടുകയും ചാനലുകളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തേക്കാം. എന്നാല്‍, വര്‍ഗീയ കലാപങ്ങള്‍ക്കിടയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സ്ത്രീകള്‍ രേഖകളില്‍ പോലുമില്ലാതെ പോവും.  മുസഫര്‍നഗര്‍ വര്‍ഗീയ കലാപത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളോട് പരാതിപ്പെട്ടാല്‍ കുടുംബത്തെ ഒന്നാകെ കൊലചെയ്യുമെന്നായിരുന്നു  രാഷ്ട്രീയ കക്ഷികള്‍ ഭീഷണി മുഴക്കിയത്.

കേരളത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയായതുകൊണ്ട് അത് വാര്‍ത്തയായി, അന്വേഷണം നടന്നു. ചേരികളില്‍ ജീവിക്കുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. പരാതിപ്പെടാന്‍പോലും ഭയമാണ് പലര്‍ക്കും. പരാതിപ്പെടാനത്തെുന്നവരോട് എങ്ങനെ, എവിടെവെച്ച്, എത്രതവണ, ഏത് രീതിയില്‍ തുടങ്ങി നിലക്കാത്ത ചോദ്യങ്ങളാണ് പൊലീസ് ഉന്നയിക്കുന്നത്. അധികാരികളുടെ ആക്രോശങ്ങള്‍ ഭയന്നാണ് പല അതിക്രമങ്ങളും സ്ത്രീകള്‍ ഒളിപ്പിച്ചുവെക്കുന്നത്. അതേസമയം തന്നെ അവരുടെ മനസ്സില്‍ പ്രതിഷേധവും രോഷവും ഭയവും തമ്മില്‍ നിരന്തര സംഘട്ടനം നടക്കുകയും ചെയ്യുന്നു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളോടുള്ള സമൂഹത്തിന്‍െറ സമീപനവും ഭയപ്പെടുത്തുന്നതാണ്. അധികാരവും സമൂഹവും ഒരേ തരത്തില്‍ സ്ത്രീകളെ വരിഞ്ഞു മുറുക്കുകയാണ്.

പരാതിപ്പെടാനുള്ള ധൈര്യം ഒരു സ്ത്രീ കാണിച്ചാല്‍തന്നെ അതില്‍ പ്രതിയായവരുടെ സമൂഹത്തിലെ പദവി അനുസരിച്ച് മാത്രമേ അന്വേഷണവും അറസ്റ്റുമുണ്ടാവൂ. ബലാത്സംഗ കേസില്‍ പ്രതികളായവര്‍ നമ്മെ ഭരിക്കുന്നുണ്ട്. സ്ത്രീസുരക്ഷക്ക് അവര്‍തന്നെ നിയമങ്ങളുണ്ടാക്കുകയും ചെയ്യുന്നുവെന്നതാണ് അതിലെ വിരോധാഭാസം.

സമൂഹം വലിയ തോതില്‍ മലീമസമായിരിക്കുകയാണ്. സ്ത്രീയോടുള്ള അതിന്‍െറ മനോനില ഉടനെയൊന്നും മാറാനും പോവുന്നില്ല. അതിനാല്‍ പൊതുനിരത്തില്‍ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകള്‍ സുരക്ഷിതരാവാന്‍ തീര്‍ച്ചയായും സ്വയം മുന്‍കരുതല്‍ എടുക്കേണ്ടിവരും. ഇന്ത്യന്‍ സാഹചര്യം അനുസരിച്ച് മെട്രോ നഗരങ്ങളില്‍പോലും കാല്‍മുട്ട് മറയാത്ത വസ്ത്രം ധരിക്കുന്നത് അപകടനില കൂട്ടാന്‍ കാരണമായേക്കാം. അതിനാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നത് കൂടുതല്‍ സുരക്ഷിതയാക്കാന്‍ സഹായിക്കും.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കാടന്‍ നിയമങ്ങള്‍കൊണ്ട് സാധ്യമല്ല. ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ശേഷം നിയമം കര്‍ശനമാക്കുന്നത് സംബന്ധിച്ച് ഊര്‍ജിതമായ ചര്‍ച്ചകള്‍ നടന്നു. ഒന്നോ രണ്ടോ ലൈംഗിക പീഡന കേസുകളിലെ  പ്രതികളെ തൂക്കിലേറ്റി, സമൂഹത്തെ ഭയപ്പെടുത്തി ശരിയിലേക്ക് നയിക്കാം എന്ന ആശയത്തേക്കാള്‍ ഭീകരമായ വിഡ്ഢിത്തമില്ല. നിയമം കര്‍ശനമാക്കിയതുകൊണ്ടുമാത്രം കുറ്റകൃത്യങ്ങള്‍ ഇല്ലായ്മചെയ്യാന്‍ സാധിക്കുകയില്ല.

മാര്‍ച്ച് എട്ട് വനിതദിനത്തില്‍ നടക്കുന്ന ബോധവത്കരണം കൊണ്ടും സമൂഹത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയില്ല. അതിക്രമങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ വീട്ടകങ്ങളില്‍നിന്നാണ് ആരംഭിക്കേണ്ടത്. കുടുംബത്തിനുള്ളില്‍ മികച്ച ആശയവിനിമയം നടക്കണം. എന്തും തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണം. എന്തു ധരിക്കണം, എന്തു കഴിക്കണം, മതപരമായ ആചാരങ്ങള്‍ എങ്ങനെ പാലിക്കണം തുടങ്ങിയ ചര്‍ച്ചകള്‍ ഇന്ത്യന്‍ കുടുംബങ്ങളില്‍  നിരന്തരം നടക്കുന്നുണ്ട്. എന്നാല്‍, ലൈംഗികതയെ കുറിച്ചോ മരണത്തെ കുറിച്ചോ ഉള്ള ചര്‍ച്ച നിഷിദ്ധമാണ്.

തീര്‍ച്ചയായും ഈ രണ്ട് വിഷയങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതുണ്ട്. വളര്‍ന്നുവരുന്ന കുട്ടികള്‍ അതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിയാക്കപ്പെടുന്ന 18 വയസ്സുപോലും തികയാത്ത കുട്ടിക്കുറ്റവാളികള്‍ക്ക് അവര്‍ എന്താണ് ചെയ്യുന്നതെന്ന ധാരണപോലും ഉണ്ടായിരിക്കില്ല. കൂടെയുള്ളവരുടെ പ്രോത്സാഹനം കൊണ്ടോ സ്ത്രീയെ കീഴ്പ്പെടുത്തുന്നതുകൊണ്ട് താനൊരു അതിമാനുഷനാവുമെന്ന തെറ്റിദ്ധാരണകൊണ്ടോ കുറ്റകൃത്യത്തിലത്തെിപ്പെടുന്നവരാണ് അവര്‍. അവരെ തൂക്കിലേറ്റിയതുകൊണ്ട് പരിഹാരമാവുന്നില്ല. ലൈംഗികത എന്താണെന്നും അതിന്‍െറ മറ്റുവശങ്ങള്‍ എന്താണെന്നും കുട്ടികള്‍ അറിഞ്ഞിരിക്കണം.

ഒരിക്കല്‍ തെറ്റിലത്തെപ്പെടുന്നവര്‍ക്ക് കൃത്യമായ കൗണ്‍സലിങ് നല്‍കണം. കുടുംബത്തിനകത്തുതന്നെ ഇത്തരം കൗണ്‍സലിങ്ങുകള്‍ നടക്കുമ്പോള്‍ സമൂഹം കൂടുതല്‍ സുരക്ഷിതമാവും. നമുക്കിടയില്‍ ആരും സ്നേഹം, സൗഹൃദം തുടങ്ങിയ വികാരങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. പരസ്പരമുള്ള സ്നേഹ-സൗഹൃദങ്ങളിലൂടെയാണ് സ്ത്രീ ശക്തയാവേണ്ടത്.

സ്ത്രീയെ ശാക്തീകരിക്കേണ്ടത് സര്‍ക്കാര്‍ പദ്ധതികള്‍കൊണ്ടു മാത്രമല്ല. വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസം വളര്‍ത്തുകയാണ് വേണ്ടത്. തലതാഴ്ത്താതെ ഭയപ്പാടില്ലാതെ സ്വാഭിപ്രായങ്ങള്‍ ഉറച്ചുപറയാന്‍ സ്ത്രീയെ പ്രാപ്തയാക്കുകയാണ് വേണ്ടത്. കേവലം ദിനാചരണം കൊണ്ട് അത് സാധ്യമല്ല.

തയാറാക്കിയത്: കെ.ആര്‍. രേഖ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:humra khureshiwomen's day 2017
News Summary - not a day celebration, but want freedom of expression
Next Story