Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രവാസ ഭൂമികയില്‍ കാല്‍നൂറ്റാണ്ട്
cancel

നോര്‍ക്ക രൂപവത്​കരിച്ചിട്ട് 2021 ഡിസംബര്‍ ആറിന് 25 വര്‍ഷം പൂർത്തിയായി. പ്രവാസ പരിപാലനത്തി​െൻറ സാര്‍ഥകമായ കാല്‍നൂറ്റാണ്ട് പിന്നിടുന്ന വേളയില്‍ കേരളവും പ്രവാസ സമൂഹവും തമ്മിലെ ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പത്തേമാരികളില്‍ കടലുകള്‍ താണ്ടി മരുക്കാടുകളും അപരിചിതമായ ഭൂപ്രദേശങ്ങളും കടന്ന് ലോകമെമ്പാടും വ്യാപിച്ച മുന്‍കാല പ്രവാസി തലമുറകളെ ഈ അവസരത്തില്‍ നമുക്ക് കൃതജ്ഞതയോടെ ഓര്‍ക്കാം.

നോര്‍ക്കക്ക്​ രൂപം നല്‍കുമ്പോള്‍ ഉണ്ടായിരുന്ന പല സങ്കൽപനങ്ങളും ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവത്കൃത രാജ്യമായ ജര്‍മനിയുമായി ഇന്ത്യയിലെ ആദ്യ സര്‍ക്കാര്‍തല റിക്രൂട്ട്​മെൻറിന്​ കേരള സര്‍ക്കാറിനുവേണ്ടി കരാര്‍ ഒപ്പുവെച്ചതി​‍െൻറ നിറവിലാണിപ്പോള്‍ നോര്‍ക്ക റൂട്ട്സ്. ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെൻറ്​ ഏജന്‍സിയെ പ്രതിനിധാനംചെയ്​ത്​ കരാര്‍ ഒപ്പുവെക്കാനെത്തിയ കോണ്‍സുല്‍ ജനറല്‍ അച്ചിംബുക്കാര്‍ട്ട് ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ ഏറ്റവും വൈദഗ്​ധ്യമാര്‍ന്ന മാനവവിഭവശേഷിയായാണ്​ മലയാളികളെ വിശേഷിപ്പിച്ചത്​. യൂറോപ്യന്‍ രാജ്യങ്ങളിലെ ഹോസ്പിറ്റാലിറ്റി മേഖലകളിലടക്കം വരുംനാളുകളില്‍ പ്രതീക്ഷിക്കപ്പെടുന്ന വിപുലമായ സാധ്യതകളുടെ ആദ്യപടിയാണ് ഈ പദ്ധതിയിലെ നോര്‍ക്ക പങ്കാളിത്തം.

നോര്‍ക്ക റൂട്ട്‌സ് എന്നും പ്രവാസികള്‍ക്കൊപ്പം

കേരളത്തെ പ്രവാസി സമൂഹത്തി​െൻറ പ്രത്യേകത പൊതുവേ മധ്യേഷ്യയിലാണ് കൂടുതല്‍ ആളുകള്‍ ഉള്ളത് എന്നതാണ്. ഇവരിൽ ബഹുഭൂരിപക്ഷവും മനസ്സ് കേരളത്തില്‍ അവശേഷിപ്പിച്ചുകൊണ്ട്​ പുറപ്പെട്ടുപോയവരാണ്​.

തിരിച്ചുവരാനായി യാത്രപുറപ്പെടുന്ന പ്രവാസിക്കുവേണ്ടി രൂപവത്​കൃതമായ നോര്‍ക്ക സുരക്ഷിതമായ പ്രവാസത്തിന് യാത്രികരെ സജ്ജമാക്കിയും ചെന്നെത്തുന്ന നാട്ടിലെ പ്രതിസന്ധികളില്‍ ഒപ്പംനിന്നും തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസം ഒരുക്കിയും 'എന്നും പ്രവാസികള്‍ക്കൊപ്പ'മെന്ന മുദ്രാവാക്യത്തെ അർഥവത്താക്കി.

മഹാമാരിയെ മറികടന്ന കരുതല്‍

മനുഷ്യരാശിയുടെ തന്നെ എല്ലാ മുന്‍ഗണനാക്രമങ്ങളും തകിടം മറിച്ചെത്തിയ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തിരിച്ചെത്തുന്നവർക്കായി സര്‍ക്കാര്‍ ഏർപ്പെടുത്തിയ പ്രവാസി ഭദ്രത സംരംഭകത്വസഹായ പദ്ധതികള്‍ മികച്ച പ്രതികരണമാണ് ഇതിനകം നേടിയെടുത്തത്. കുടുംബശ്രീ വഴി നടപ്പാക്കുന്ന പ്രവാസി ഭദ്രത പേള്‍ പദ്ധതിയില്‍ രണ്ടു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ സൂക്ഷ്​മ സംരംഭകര്‍ക്കായി ലഭ്യമാക്കുമ്പോള്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ കെ.എസ്.എഫ്.ഇയും കേരളാബാങ്കും വഴി നല്‍കുന്നു.

തിരിച്ചെത്തിയശേഷം സ്വയംസംരംഭങ്ങളിലൂടെ സുസ്ഥിരവരുമാനമുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രവാസികളെ പിന്തുണക്കാന്‍ നോര്‍ക്ക ഡിപ്പാര്‍ട്ടുമെൻറ്​ പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രൻറ്​സ് (എന്‍.ഡി.പി.ആര്‍.എം) പദ്ധതി നേരത്തേ നിലവിലുണ്ട്. 30 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങള്‍ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം) മൂന്നു ശതമാനം പലിശ സബ്‌സിഡിയും ഇതു വഴി അനുവദിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 450ഓളം സംരംഭങ്ങള്‍ക്ക് സഹായം ലഭ്യമാക്കി. എട്ടു കോടിയോളം രൂപ വിതരണംചെയ്തു.

പ്രവാസശേഷം തിരികെയെത്തി ദുരിതമനുഭവിക്കുന്ന കേരളീയര്‍ക്കായുളള ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയില്‍ 2020- 21 സാമ്പത്തിക വര്‍ഷം 27 കോടി രൂപയും അതിനുശേഷം ഇതുവരെ 12.16 കോടി രൂപയും ഉള്‍പ്പെടെ ആകെ 39.16 കോടി രൂപയാണ് വിതരണം ചെയ്തത്. ഇക്കാലയളവിലെ ഗുണഭോക്താക്കളുടെ എണ്ണം 6359 വരും. കോവിഡും ലോക്ഡൗണും ഏറെ പ്രതികൂലമായി ബാധിച്ചത് പ്രവാസികളെയാകയാല്‍ 2016- 17 വര്‍ഷത്തില്‍ 2200 ഗുണഭോക്താക്കൾക്കായി 12.70 കോടി രൂപയാണ് ആകെ ചെലവഴിച്ചതെങ്കില്‍ 2019- 2020 വര്‍ഷത്തില്‍ ഗുണഭോക്താക്കളുടെ എണ്ണം 4102 ആയും ചെലവഴിച്ച തുക 24.25 കോടിരൂപയായും വര്‍ധിച്ചു.

സുരക്ഷ പദ്ധതികള്‍ പ്രയോജനപ്പെടുത്തണം

പ്രവാസലോകത്തുള്ളവര്‍ക്കായി ആവിഷ്‌കരിച്ചിട്ടുള്ള സാമൂഹിക സുരക്ഷ പദ്ധതികള്‍ പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ പ്രവാസികള്‍ മുന്നോട്ടുവരണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. കേവലം 315 രൂപക്ക്​ പ്രവാസി തിരിച്ചറിയൽ കാര്‍ഡ് ലോകത്തിലെവിടെനിന്നും നോര്‍ക്ക റൂട്ട്‌സി​െൻറ വെബ്‌സൈറ്റ് വഴി തന്നെ സ്വന്തമാക്കാം. നാലു ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ ഇതു തുണയാവും. വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ്, എന്‍.ആര്‍.കെ. ഇന്‍ഷുറന്‍സ് കാര്‍ഡ്, പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നിവയിലും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാന്‍ നടപടി സ്വീകരിക്കും.

വിദേശത്ത് പ്രവാസികള്‍ക്ക് നിയമസഹായത്തിനായി പ്രവര്‍ത്തിച്ചുവരുന്ന പ്രവാസിലീഗല്‍ എയ്ഡ് സെല്ലുകള്‍, പരാതികള്‍ അറിയിക്കുന്നതിനും സംശയനിവാരണത്തിനും ബന്ധപ്പെടാവുന്ന 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കോണ്‍ടാക്ട് സെൻറര്‍ എന്നിവ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. വിദേശത്ത് ലേബര്‍ ക്യാമ്പുകളിലടക്കം പണിയെടുക്കുന്നവരുടെ പരിപാലനത്തിനായി പുതിയ പദ്ധതികള്‍ നടപ്പാക്കുന്ന കാര്യവും പരിഗണനയിലാണ്​.

മഹാമാരിയുടെ കാലയളവില്‍ ആഗോളതലത്തിലേക്കുതന്നെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ട് പ്രവാസി സമൂഹത്തിന് കൂടുതല്‍ കൈത്താങ്ങാവാന്‍ നോര്‍ക്കക്ക്​ സാധിച്ചു. ഇരുപതിലധികം രാജ്യങ്ങളില്‍ ഹെല്‍പ്ഡെസ്‌കുകള്‍ തുടങ്ങി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും സമാനമായ സംവിധാനങ്ങള്‍ ഉണ്ടാക്കി. യാത്രാവിലക്കുമൂലം നാട്ടില്‍ കുടുങ്ങിയ ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ക്ക് അയ്യായിരം രൂപ വീതം വിതരണം ചെയ്തു. കോവിഡ്​ വന്നു മരിച്ച പ്രവാസികളില്‍ ക്ഷേമനിധി അംഗത്വമുള്ളവര്‍ക്ക് 10,000 രൂപ വീതം നല്‍കി. കോവിഡ്​ മൂലം വിദേശത്തോ നാട്ടിലോ മരിച്ച എല്ലാ പ്രവാസികളുടെയും അവിവാഹിതകളായ പെണ്‍മക്കള്‍ക്ക് ഒറ്റത്തവണ സഹായമായി 25,000 രൂപ വീതം നല്‍കുന്ന പ്രവാസി തണല്‍ പദ്ധതി ആര്‍.പി. ഫൗണ്ടേഷ​െൻറ സഹായത്തോടെ ആവിഷ്‌കരിച്ചു നടപ്പാക്കി.

സുരക്ഷിത കുടിയേറ്റം

സുരക്ഷിതവും ഗുണമേന്മയുള്ളതുമായ തൊഴില്‍കുടിയേറ്റം നമ്മുടെ പ്രധാന മുദ്രാവാക്യമാണ്. പലപ്പോഴും ചതിക്കുഴികള്‍ നിറഞ്ഞ ഈ മേഖലയില്‍ വലിയ ബോധവത്കരണങ്ങള്‍ നടക്കേണ്ടതുണ്ട്. കോവിഡിനുശേഷം ആഗോളതലത്തില്‍ തൊഴില്‍ മേഖലയിലുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പരമാവധി സാധ്യതകള്‍ കണ്ടെത്താനുള്ള എല്ലാ നടപടികളും നോര്‍ക്ക കൈക്കൊള്ളും. പരമ്പരാഗത മേഖലകള്‍ക്കു പുറമെ പുതിയ തൊഴിലിടങ്ങളിലെ സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമത്തി​െൻറ ഭാഗമാണ് ജപ്പാന്‍, ജര്‍മനി പോലുള്ള രാജ്യങ്ങളിലേക്കുള്ള റിക്രൂട്ടുമെൻറ്​ നടപടികള്‍. പുതിയ റിക്രൂട്ട്​മെൻറുകള്‍ക്കായി ജോബ് ഫെയറുകള്‍ നടപ്പാക്കാനും നോളജ്​ മിഷനുമായി സഹകരിച്ച് വിദേശ തൊഴിൽ ദാതാക്കളെ കേരളത്തിലേക്ക് കൊണ്ടുവരാനും ശ്രമിക്കും.

നോര്‍ക്ക ബിസിനസ്​ ഫെസിലിറ്റേഷന്‍ സെൻറര്‍

സംരംഭകത്വം ലക്ഷ്യം ​െവച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന പ്രവാസി ബിസിനസ്​​ ഫെസിലിറ്റേഷന്‍ സെൻറര്‍ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുന്നതും പരിഗണനയിലാണ്. പ്രവാസികള്‍ ആരംഭിക്കുകയും വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തനം നിലക്കുകയും ചെയ്ത സംരംഭങ്ങള്‍ക്ക് എന്തുസംഭവിച്ചുവെന്ന് അന്വേഷിക്കാന്‍ വ്യവസായ മന്ത്രി തന്നെ നേരിട്ടു പങ്കെടുക്കുന്ന അദാലത്തുകള്‍ സംഘടിപ്പിക്കും. പ്രവാസി സംരംഭങ്ങള്‍ക്ക് പ്രത്യേകം പരിഗണന നല്‍കുന്നതിനുവേണ്ടിയുള്ള ഒരു നോഡല്‍ ഏജന്‍സിയായി എന്‍.ബി.എഫ്.സി പ്രവര്‍ത്തിക്കും. മഹാമാരിക്കുശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ലോകത്ത് പ്രവാസി മലയാളിയുടെ സ്ഥാനം കൂടുതല്‍ ഉയരത്തിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഉണ്ടാകേണ്ടത്. അതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യര്‍ഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norka Root
News Summary - norka roots Silver Jubilee
Next Story