ചികല്‍ത്താനയിലെ പണരഹിത സമ്പദ് വ്യവസ്ഥ
text_fieldsമഹാരാഷ്ട്രയിലെ ഒൗറംഗാബാദ് പട്ടണത്തില്‍നിന്ന് ഏറെ ദൂരം സഞ്ചരിക്കാതെ നിങ്ങള്‍ക്ക് ചികല്‍ത്താനയിലത്തൊം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കറന്‍സിരഹിത സമ്പദ്ഘടന എന്ന സ്വപ്നം ഈ ഗ്രാമത്തില്‍ ഇപ്പോള്‍ പൂവണിഞ്ഞിരിക്കുന്നു എന്നുപറയാം. കാരണം ചികല്‍ത്താനയിലെ ഒരു മനുഷ്യജീവിയുടെയും കൈവശം ഒരു കാശുമില്ല. ബാങ്കുകളിലും കാശില്ല. എ.ടി.എമ്മുകളാണെങ്കില്‍ പൂര്‍ണമായും കാലിയായിക്കിടക്കുന്നു. എങ്കിലും ബാങ്കുകള്‍ക്ക് മുന്നില്‍ നൈരാശ്യവും പ്രത്യാശയും കലര്‍ന്ന ഭാവത്തില്‍ ജനം ക്യൂ നില്‍ക്കുന്നു. ബാങ്കിന് സമീപം പാര്‍ക്ക് ചെയ്ത വാനിലിരുന്ന് ജനങ്ങളെ നിരീക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പോക്കറ്റുകളിലും ചില്ലിക്കാശ് ബാക്കിയില്ല.
ഒൗറംഗബാദിലെ ഷാഗഞ്ച് സ്ട്രീറ്റിലെ ഹൈദരാബാദ് സ്റ്റേറ്റ് ബാങ്കിലെ ജീവനക്കാര്‍ പണം തേടിയത്തെിയ ജനങ്ങളെ തൃപ്തിപ്പെടുത്താനുള്ള നെട്ടോട്ടം തുടരുന്നു. നഗരത്തിലെ ഓരോ ബാങ്ക് ശാഖയിലും നിഴലിക്കുന്നത് നിരാശയും മ്ളാനതയും മാത്രം. നശിപ്പിച്ചുകളയാന്‍ വേണ്ടി റിസര്‍വ് ബാങ്കിന് കൈമാറാന്‍ മാറ്റിവെച്ചിരുന്ന 100ന്‍െറയും 50ന്‍െറയും മുഷിഞ്ഞ നോട്ടുകളാണ് ചില ശാഖകളുടെ ഇപ്പോഴത്തെ ഏക ആശ്രയം. അനഭിലഷണീയമായ ആ പ്രവൃത്തിയെക്കുറിച്ച് അറിയാമെങ്കിലും തല്‍ക്കാലം അതിനുനേരെ കണ്ണടച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക്.
‘‘ഞങ്ങള്‍ക്കുമുമ്പില്‍ മറ്റ് പോംവഴികളില്ല’’ ബാങ്ക് ജീവനക്കാര്‍ എന്നോട് പറഞ്ഞു. ചെറിയ നോട്ടുകളാണ് ജനങ്ങള്‍ക്ക് ആവശ്യം. അവരുടെ എല്ലാ ഇടപാടുകളും സ്തംഭിച്ചിരിക്കുന്നു. ജോലികളൊന്നും നടക്കുന്നില്ല. ബാങ്ക് ജീവനക്കാര്‍ വേദന പങ്കുവെക്കുന്നതിനിടെ ജാവേദ് ഹയാത് ഖാന്‍ എന്നൊരാള്‍ കയറിവന്നു. തെരുവിലെ വഴിവാണിഭക്കാരനാണയാള്‍. മകള്‍ റഷീദ ഖാത്തൂന്‍െറ വിവാഹ ക്ഷണക്കത്തുണ്ടായിരുന്നു അയാളുടെ കൈവശം. ഈ കല്യാണത്തിനുവേണ്ടി 10,000 രൂപ പിന്‍വലിക്കാനത്തെിയതാണ് ഖാന്‍. പക്ഷേ, അത്രയും പണം നല്‍കാനാകില്ളെന്ന് ബാങ്കുകാര്‍ പറയുന്നു. 27,000 രൂപ കക്ഷിയുടെ അക്കൗണ്ടില്‍ കിടക്കുന്നു. മകളുടെ വിവാഹത്തിനുവേണ്ടി ഇത്ര വലിയ തുക നല്‍കിയാല്‍ അറ്റം കാണാത്തരീതിയില്‍ നീളുന്ന ക്യൂവില്‍ ക്ഷമ നശിച്ചുനില്‍ക്കുന്നവര്‍ക്ക് എന്ത് നല്‍കും? അതുകൊണ്ടാണ് ബാങ്ക് ജീവനക്കാര്‍ ഖാന് മുമ്പില്‍ കൈമലര്‍ത്തുന്നത്.
കള്ളപ്പണവേട്ടയാണ് കറന്‍സി മരവിപ്പിക്കല്‍ നാടകങ്ങളുടെ പ്രധാനലക്ഷ്യമെന്ന് അധികൃതര്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍, കള്ളപ്പണം എവിടെയാണ് സമാഹരിക്കപ്പെട്ടിരിക്കുന്നത്? പ്രധാനമായും അത് വിദേശ രഹസ്യബാങ്കുകളിലാണ്. ചിലര്‍ ഭൂസ്വത്തായും പലരും സ്വര്‍ണശേഖരമായും അത് മാറ്റിയിരിക്കുന്നു. ഒൗദ്യോഗിക റിപ്പോര്‍ട്ടുകളും സാമ്പത്തിക വിദഗ്ധരുമാണ് ഇക്കാര്യങ്ങള്‍ നമ്മോട് വിശദീകരിച്ചത്. കള്ളപ്പണത്തിന്‍െറ കെട്ടുകള്‍ ആരും മുത്തശ്ശിയുടെ ചെല്ലത്തില്‍ സൂക്ഷിക്കാറില്ളെന്ന് ചുരുക്കം. കള്ളപ്പണം നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ അനിവാര്യമാണെന്നും 1946ലും 1978ലും നടത്തിയ കറന്‍സി മരവിപ്പിക്കാന്‍ നടപടി ദയനീയമായി പരാജയപ്പെടുകയായിരുന്നുവെന്നും പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടിയത് ഓര്‍മിക്കുക. എന്നിട്ടും അതേ നടപടി മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ചിരിക്കുന്നു. അതേസമയം അവിശ്വസനീയമാംവിധം ബുദ്ധിശൂന്യമായ ഈ നടപടിയെ ചില അവതാരക കോമാളികള്‍ മോദിയുടെ മാസ്റ്റര്‍ സ്ട്രോക് ആയി ശ്ളാഘിച്ചുകൊണ്ടിരിക്കുന്നു! ഈ തലതിരിഞ്ഞ നടപടിമൂലം നാട്ടിന്‍പുറങ്ങളിലെ സമ്പദ്ഘടന പൂര്‍ണമായി തികിടംമറിഞ്ഞിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.
23 ദിവസം കൊണ്ട് കാര്യങ്ങള്‍ പഴയപടിയാകുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ജെയ്റ്റ്ലി ഒടുവില്‍ 23 ആഴ്ചകള്‍കൊണ്ടേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന പുതിയ പ്രസ്താവന പുറത്തുവിട്ടു! ‘സീനിയര്‍ സര്‍ജന്‍’ നരേന്ദ്ര മോദിയാകട്ടെ 50 ദിവസത്തെ ക്ളേശങ്ങള്‍ സഹിക്കുമ്പോള്‍ വേദനകള്‍ ഭേദമായിക്കിട്ടും എന്നായിരുന്നു ജനത്തെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ചികിത്സ 2017ലേക്ക് നീണ്ടുപോകുമെന്ന് തീര്‍ച്ച. അതിനകം ഈ ആഘാത ചികിത്സയില്‍ എത്രപേര്‍ക്ക് ജീവഹാനി സംഭവിക്കുമെന്ന കാര്യം പ്രവചിക്കാന്‍ മാര്‍ഗങ്ങളില്ല.
നാസിക് ജില്ലയിലെ ലസാല്‍ഗോണില്‍ കാശില്ലാത്തതിനാല്‍ വില്‍പന നടക്കാത്തതുമൂലം സവാള മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതരായിരിക്കുന്നു. വിദര്‍ഭയിലും മറാത്ത്വാഡയിലും പരുത്തിവിലയില്‍ 40 ശതമാനം വരെ ഇടിവുണ്ടായി. ‘‘അല്ലറ ചില്ലറ ഇടപാടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വില്‍പന പൂര്‍ണമായി നിലച്ചിരിക്കുന്നു. ആരുടെ കൈവശവും കാശില്ല. ഉല്‍പാദകരും കമീഷന്‍ ഏജന്‍റുമാരും കൃഷിക്കാരും ഉപഭോക്താക്കളും ഒരുപോലെ പണക്ഷാമത്താല്‍ സ്തബ്ധരായി നില്‍ക്കുന്നു’’ പുണെയിലെ ടെലിഗ്രാഫ് റിപ്പോര്‍ട്ടര്‍ ജയദീപ് ഹര്‍ദ്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
പല കര്‍ഷകര്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ ഇല്ല. അക്കൗണ്ട് ഉള്ളവര്‍പോലും ചെക്കുകള്‍ സ്വീകരിക്കാന്‍ മടിക്കുന്നു. ഗ്രാമങ്ങളിലെ മിക്ക എ.ടി.എമ്മുകളും തുറക്കുന്നതുപോലുമില്ല. സാധാരണക്കാരില്‍ ഭൂരിപക്ഷവും കറന്‍സികളില്‍ ഇടപാട് നടത്തുന്നവരായതിനാല്‍ ബാങ്കുകളിലെ പണക്ഷാമം ജനങ്ങളില്‍ സൃഷ്ടിക്കുന്ന ആഘാതം വിവരണാതീതമാണ്. കൂടുതല്‍ നോട്ടുകള്‍ എത്താതിരുന്നാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ആശങ്കയിലാണ് ബാങ്ക് ജീവനക്കാര്‍.
ഒൗറംഗബാദിലെ ക്യൂവില്‍ കണ്ട നിര്‍മാണമേഖലയിലെ സൂപ്പര്‍വൈസര്‍ പര്‍വേസ് പൈഥാന്‍ വേദന പങ്കുവെച്ചത് ഇപ്രകാരമായിരുന്നു ‘‘ചെയ്തുതീര്‍ത്ത ജോലിക്ക് കൂലി നല്‍കാതെ വിഷമിക്കുകയാണ് ഞാന്‍. തൊഴിലാളികള്‍ അക്രമാസക്തരാകുമോ എന്നാണ് ഇപ്പോള്‍ എന്‍െറ പേടി. കാശ് കണ്ടിട്ട് ദിവസങ്ങളായി’’ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ടിവരുന്നതിനാല്‍ കുട്ടികള്‍ക്ക് കൃത്യനേരത്ത് ഭക്ഷണംപോലും നല്‍കാനാകാത്ത സാഹചര്യത്തെക്കുറിച്ചായിരുന്നു ചികല്‍ത്താനയില്‍ കണ്ടുമുട്ടിയ വീട്ടമ്മമാരുടെ പരിഭവം.
കര്‍ഷകര്‍, കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാര്‍, പെന്‍ഷന്‍കാര്‍, വഴിവാണിഭക്കാര്‍ തുടങ്ങി സമൂഹത്തിലെ അടിത്തട്ടില്‍ കഴിയുന്ന വിഭാഗങ്ങള്‍ക്ക് കറന്‍സിമാറ്റം സമ്മാനിച്ച പ്രഹരം അതീവ ഗുരുതരമാണെന്ന് മഹാരാഷ്ട്രയിലെ പര്യടനം ബോധ്യപ്പെടുത്തുന്നു. ജോലിക്ക് ആളെ നിര്‍ത്തിയ വിഭാഗങ്ങള്‍ വേതനം നല്‍കാനാകാതെ പ്രതിസന്ധിയിലായി. വായ്പാ മാര്‍ഗങ്ങളും അവര്‍ക്കുമുമ്പില്‍ അടഞ്ഞുപോകുന്നു. കാത്തുനില്‍പ്പുകാരുടെ എണ്ണം കുറയുന്നില്ല. വരികള്‍ക്ക് ദിനേന ദൈര്‍ഘ്യമേറുകയാണ്. എല്ലായിടങ്ങളിലും വരികള്‍’’ ഒൗറംഗബാദിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ജനങ്ങളെ അവിശ്വസിക്കുന്നതിനാല്‍ വിരലില്‍ മഷി ചാര്‍ത്താനുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നു. പക്ഷേ, ഒരു തവണപോലും നോട്ടുകള്‍ മാറ്റാനാകാതെ മടങ്ങുന്ന ജനങ്ങള്‍ ഒരിക്കല്‍ ഐഡിയും പിന്നീട് പാസ്പോര്‍ട്ടും പിന്നീട് ആധാറും ഉപയോഗിച്ച് പണം മാറ്റിക്കൊണ്ടിരിക്കുമെന്ന വിചിത്ര ആശങ്കയിലാണത്രെ അധികൃതര്‍.
രണ്ടായിരത്തിന്‍െറ പുത്തന്‍ കറന്‍സിയാകട്ടെ കള്ളനാണയം കണക്കെ എങ്ങും നിരാകരിക്കപ്പെടുന്നു. മരുന്ന് വാങ്ങാന്‍ ക്ളിനിക്കുകള്‍ മാറിമാറി സഞ്ചരിച്ചിട്ടും 2000 നോട്ട് സ്വീകരിക്കപ്പെടാത്തതിനാല്‍ ഒൗഷധം കിട്ടാതെ വലയുന്നവരെയും എനിക്ക് കണ്ടുമുട്ടാന്‍ സാധിച്ചു. ഇപ്പോള്‍ സര്‍വരുടെയും പ്രതീക്ഷാനിര്‍ഭരമായ കണ്ണുകള്‍ നീളുന്നത് നാസിക്കിലേക്കാണ്. നാസിക്കിലെ കറന്‍സി പുറത്തിറക്കുന്ന മുദ്രാലയത്തില്‍നിന്ന് ഒരു പുതിയ നോട്ടുപോലും മഹാരാഷ്ട്രയിലെ നാട്ടിന്‍പുറങ്ങളില്‍ എത്തിച്ചേര്‍ന്നുകഴിഞ്ഞില്ളെങ്കിലും.
കടപ്പാട്: പീപ്ള്‍സ് ആര്‍കൈവ്സ് ഓഫ് റൂറല്‍ ഇന്ത്യ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
