വയനാട്: ആരെയും കൈവിടില്ല; കേന്ദ്രം വഞ്ചിച്ചു -മന്ത്രി രാജൻ
text_fieldsമുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റോഷി അഗസ്റ്റിനും മുണ്ടക്കൈ സന്ദർശിച്ചപ്പോൾ
കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഒരുവർഷം പൂർത്തിയാവുകയാണ്. ജൂലൈ 30ന് അതിഭീകരമായ ദുരന്തമുണ്ടായ ഘട്ടം മുതൽ ലോകം ശ്രദ്ധിക്കപ്പെടുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കാണ് ചൂരൽമലയും വയനാടും സാക്ഷ്യം വഹിച്ചത്. പൊലീസ്, ഫയർഫോഴ്സ്, എസ്.പി.ജി, കരസേന, നാവികസേന, കോസ്റ്റ് ഗാർഡ്, എൻ.ഡി.ആർ.എഫ്, യൂത്ത് ഡിഫൻസ്, കഡാവർ ഡോഗ്സ്... ഇതിനെല്ലാം പുറമെ, കേരളത്തിന്റെയും രാജ്യത്തിന്റെ മറ്റു വിവിധ മേഖലകളിൽ നിന്നുമായി ഏതുവിധത്തിലുള്ള പ്രവർത്തനങ്ങൾക്കും തയാറായിവന്ന ഒരു സംഘം, ലോകത്തെ അത്ഭുതപ്പെടുത്തുന്ന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആ മേഖലയിൽ നേതൃത്വം നൽകി. അതിന്റെ തുടർച്ചയിൽതന്നെ പുനരധിവാസ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഏപ്രിൽ 13നാണ് ടൗൺഷിപ്പിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞത് എന്ന യാഥാർഥ്യം തിരിച്ചറിയണം. കനത്ത മഴയുണ്ടായിട്ടും അഞ്ച് സോണുകൾ നിശ്ചയിച്ചതിൽ മൂന്ന് സോണുകളിലും ഒരേ സമയം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് പൂർത്തിയായി വരുകയാണ്.
കേവല പുനരധിവാസമല്ല
വീടുവെച്ച് കൊടുക്കുക എന്ന കേവല പുനരധിവാസ പ്രക്രിയയിൽ ഒതുങ്ങുന്നതല്ല ചൂരൽമലയിലെ സർക്കാർ ഇടപെടലുകൾ. നഷ്ടപ്പെട്ട തൊഴിൽ, ജീവനോപാധികൾ എല്ലാം തിരിച്ചുപിടിക്കുന്നതിനായി ദുരന്തബാധിതർക്കൊപ്പം നിലകൊള്ളുകയാണ്. കുടുംബശ്രീയെയും തദ്ദേശ സ്വയംഭരണ വകുപ്പിനെയും മുന്നിൽ നിർത്തിക്കൊണ്ട് വിപുലമായ മൈക്രോ പ്ലാൻ തന്നെ തയാറാക്കിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗം, നൈപുണ്യ വികസനം എന്നിവയിലൂന്നിയുള്ള ഈ പ്ലാനുകളിലൂടെ ദുരന്തബാധിതരുടെ ഉയിർത്തെഴുന്നേൽപ് സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.
വയനാട്ടിൽ ഭൂമി ഇത്രയധികം ഒരുമിച്ച് തരാൻ പറ്റുന്ന ഒരു ഉടമയും ഇല്ല. സർക്കാർ ഉടമസ്ഥതയിലും ഇല്ല. ഭൂപരിഷ്കരണ നിയമത്തിന്റെ സാധാരണ പരിധിയനുസരിച്ച് 15 ഏക്കർ ഭൂമിയേ ഒരാൾക്ക് കൈയിൽ കരുതാനാവൂ. പ്ലാന്റേഷൻ ഭൂമികളായിരിക്കും വയനാട് പോലുള്ള ഒരിടത്ത് ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ലഭിക്കുക. പ്രാഥമിക അന്വേഷണത്തിൽ വയനാട് ജില്ലയിലെ 25 എസ്റ്റേറ്റുകൾ കണ്ടെത്തി. ഇതിൽ ഏറ്റവും ഗുണകരവും തുടർ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാത്തതുമായ സ്ഥലങ്ങൾ പരിശോധിക്കാൻ ഭൗമശാസ്ത്രജ്ഞനായ ഡോ.ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള പഠനസംഘത്തെ നിയോഗിച്ചു. ഒമ്പത് ഇടങ്ങൾ ഗുണകരമെന്ന് കണ്ടെത്തി.
അതിൽ നെടുമ്പാല എസ്റ്റേറ്റും എൽസ്റ്റൺ എസ്റ്റേറ്റുമാണ് അടുത്തുകിടക്കുന്ന പ്രദേശങ്ങൾ എന്ന് വിലയിരുത്തി. രണ്ട് സ്ഥലങ്ങളും ഏറ്റെടുക്കാൻ കേരള മന്ത്രിസഭ തത്ത്വത്തിൽ തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. വിജ്ഞാപനം പുറത്തിറക്കിയതിനെ തുടർന്ന് എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിക്കുകയും താൽക്കാലികമായി അവിടെ പ്രവേശിക്കാനുള്ള സർക്കാറിന്റെ നടപടിക്രമങ്ങൾക്ക് കോടതി സ്റ്റേ ഉത്തരവ് നൽകുകയും ചെയ്തു. ദുരന്ത നിവാരണ ആക്ടുപ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടിക്ക് തുടർച്ചയായ കോടതി വ്യവഹാരത്തിന്റെ ഭാഗമായ കാലതാമസം വന്നു.
ഡിസംബർ 27ന് ഹൈകോടതി പുറപ്പെടുവിച്ച വിധിയിലൂടെയാണ് ഹൈകോടതി, ഈ രണ്ട് എസ്റ്റേറ്റുകളും ഏറ്റെടുത്ത് പുനരധിവാസ നടപടികൾ മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനം ശരിവെച്ചത്. ഒക്ടോബർ മൂന്നിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിൽ ഡിസംബർ 27വരെ അവിടേക്ക് പ്രവേശിക്കാൻ പോലും പറ്റാത്ത വിധത്തിൽ സ്റ്റേയുടെ ഭാഗമായി നിൽക്കേണ്ടിവന്നു. ഇതിനിടെ, എങ്കിലും ഈ രണ്ടരമാസക്കാലം സർക്കാർ വെറുതെ ഇരുന്നില്ല. രണ്ട് എസ്റ്റേറ്റുകളെയും കേന്ദ്രീകരിച്ച് വിശദമായ രൂപരേഖ പുനരധിവാസ നഗരത്തെ സംബന്ധിച്ചുണ്ടാക്കി. ഡിസംബർ 27ന് കോടതി വിധി വന്ന് നാലുദിവസത്തിനുള്ളിൽ-ജനുവരി ഒന്നിന്- ടൗൺഷിപ്പിന്റെ സ്കെച്ച് ഉൾപ്പെടെയുള്ള എല്ലാ വിശദാംശങ്ങൾക്കും അംഗീകാരം നൽകി.
ഗ്രൗണ്ട് സർവേ, ടോപ്പോഗ്രഫിക്കൽ സർവേ, ഹൈഡ്രോളജിക്കൽ സർവേ, ജിയോ ടെക്നിക്കൽ സ്റ്റഡി തുടങ്ങിയ പരിശോധനകൾ വളരെ വേഗത്തിൽ പൂർത്തിയാക്കി. ഈ ഘട്ടത്തിലും കേസുകൾ തുടർന്നിരുന്നു. നഷ്ടപരിഹാരമായി സർക്കാർ 26.56 കോടി രൂപ നിശ്ചയിച്ച് കോടതിയെ അറിയിച്ചിട്ടും തുകയെ സംബന്ധിച്ച് തർക്കമുണ്ടാക്കി വീണ്ടും ഉടമകൾ കോടതി വ്യവഹാരം നീട്ടിക്കൊണ്ടുപോകാൻ ശ്രമവും നടന്നു. ഈ വ്യവവാഹരങ്ങളുടെ ഭാഗമായി 17 കോടി രൂപകൂടി ചേർത്ത് കോടതി രജിസ്ട്രാറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് ഭൂമി ഏറ്റെടുക്കാനും അവിടെ നിർമാണം നടത്താനുമുള്ള പൂർണാധികാരം സംസ്ഥാന സർക്കാറിന് നൽകി.
അന്ന് രാത്രി 12 മണിക്കുള്ളിൽ തന്നെ ആ തുക പൂർണമായും ഇ-ട്രഷറി വഴി നിക്ഷേപിച്ച് ഭൂമി ഏറ്റെടുത്തു. 13ന് തന്നെ നിർമാണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. വ്യവഹാരങ്ങളിൽകുരുങ്ങിയാണ് ടൗൺഷിപ്പ് നിർമാണം വൈകിയതെന്ന് ചുരുക്കം. ദുരന്തത്തിൽ വീട് പൂർണമായും തകർന്നവരുടെ പട്ടികയാണ് ഫെയ്സ് 1 എന്ന രീതിയിൽ പുറത്തിറക്കിയത്. നോ ഗോ സോണിൽ ഉൾപ്പെട്ട പ്രദേശത്ത് വീടുള്ളവരുടെ പട്ടികയാണ് ഫെയ്സ് രണ്ട്-എ എന്നതിൽ ചേർത്തിരിക്കുന്നത്.
എല്ലാം ചേർത്ത് 402 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ദുരന്തബാധിതരായ ഒരാളെയും പുനരധിവസിപ്പിക്കാതെയോ ഒറ്റപ്പെടുത്തുകയോ ചെയ്യില്ല. ടൗൺഷിപ്പിലേക്ക് വരാൻ ആഗ്രഹിക്കാത്ത ദുരന്തബാധിതർക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനുള്ള നടപടിയും സർക്കാർ പൂർത്തീകരിച്ചിട്ടുണ്ട്. ഏപ്രിൽ 13നാണ് ടൗൺഷിപ്പിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞത് എന്ന യാഥാർഥ്യം തിരിച്ചറിയണം. കനത്ത മഴയുണ്ടായിട്ടും അഞ്ച് സോണുകൾ നിശ്ചയിച്ചതിൽ മൂന്ന് സോണുകളിലും ഒരേ സമയം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് പൂർത്തിയായി വരുകയാണ്.
കേന്ദ്രം തിരിഞ്ഞുനോക്കിയില്ല
ഇത്രയും വലിയൊരു ദുരന്തമുണ്ടായ ഒരു സംസ്ഥാനത്തിനോടും കാണിക്കാൻ പാടില്ലാത്ത, കണ്ണിൽ ചോരയില്ലാത്ത നിലപാടാണ് കേന്ദ്ര സർക്കാർ ചൂരൽമല വിഷയത്തിൽ സ്വീകരിച്ചത്. ആഗസ്റ്റ് 11ന് ദുരന്തഭൂമി സന്ദർശിച്ച പ്രധാനമന്ത്രി എല്ലാ കാര്യങ്ങളും അന്വേഷിക്കുകയും കേരളത്തിന്റെ ആവശ്യങ്ങളുന്നയിച്ചുള്ള മെമ്മോറാണ്ടം അടിയന്തരമായി നൽകണമെന്ന് നിർദേശിക്കുകയും ചെയ്താണ് മടങ്ങിയത്. ആഗസ്റ്റ് 17നു തന്നെ നഷ്ടപരിഹാരത്തിന്റെയും കേരളം ആവശ്യപ്പെടുന്ന വിവിധങ്ങളായ പ്രശ്നങ്ങളെയും കാണിച്ച് ആദ്യ മെമ്മോറാണ്ടം കേന്ദ്രത്തിന് കൈമാറി.
എസ്.ഡി.ആർ.എഫിനു പുറമെ, മാനദണ്ഡങ്ങൾ മറികടക്കുന്നതിനുള്ള അധിക സഹായം വേണം എന്നതിനൊപ്പം കേരളം ആവശ്യപ്പെട്ട രണ്ട് കാര്യങ്ങളിൽ ആദ്യത്തേത് ദുരന്തബാധിതരുടെ കടങ്ങൾ എഴുതി ത്തള്ളണം എന്നായിരുന്നു. രണ്ടാമത്തേത് ഈ ദുരന്തത്തെ അതിതീവ്ര ദുരന്തം എന്ന നിലവാരത്തിൽ എൽ-3 ആയി ഉൾപ്പെടുത്തണം എന്നുമായിരുന്നു. എൽ-3 ആയി ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കാൻ ഐ.എം.സി.ടി സംഘം ആഗസ്റ്റ് 10നുതന്നെ കേരളത്തിൽ വന്നിരുന്നു. ആഗസ്റ്റ് 10, 11 തീയതികളിൽ തന്നെയായി അതിന്റെ റിപ്പോർട്ട് തയാറാക്കി ഒരു മാസത്തിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായാണ് മനസ്സിലാക്കാനായത്.
ആ ശിപാർശ പരിഗണിച്ച് കേന്ദ്ര സർക്കാറിന്റെ ഭാഗമായ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഹൈലെവൽ കമ്മിറ്റി ചേർന്ന് ഒരു തീരുമാനമെടുക്കുകയാണ് അടുത്ത നടപടി. എന്നാൽ, ഒരുമാസത്തിനകം ഐ.എം.സി.ടി നൽകിയ റിപ്പോർട്ട് പരിശോധിക്കാനുള്ള ഹൈലെവൽ കമ്മിറ്റി ചേരുന്നതിന് പിന്നെയും രണ്ടുമാസത്തെ കാലാവധി എടുത്തു. തുടർച്ചയായി കേരളം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഹൈലെവൽ കമ്മിറ്റി ചേർന്നതിന്റെ രണ്ടു മാസവും കഴിഞ്ഞ് ഡിസംബർ 27നാണ് അതിതീവ്ര ദുരന്തമായി ഉൾപ്പെടുത്തി എന്ന കാര്യം പറഞ്ഞത്.
ദുരന്തം നടന്ന അഞ്ചുമാസക്കാലം കഴിഞ്ഞാണിത്. ഐ.എം.സി.ടി ശിപാർശ അന്നുതന്നെ അംഗീകരിച്ചിരുന്നെങ്കിൽ യു.എൻ സ്ഥാപനങ്ങളുടെയും എൻ.ജി.ഒകളുടെയും അടക്കം വിവിധ ഏജൻസികളുടെ സഹായങ്ങൾ എൽ-3യിൽപ്പെട്ട ഒരു സംസ്ഥാനത്തിന് ലഭ്യമാകുമായിരുന്നു. 2005ൽ പാർലമെന്റ് പാസാക്കിയ ദേശീയ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 13 പ്രകാരം എൽ-3 ആയി ഉൾപ്പെടുത്തിയ ഒരു സ്ഥലത്തെ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് ദേശസാത്കൃത ബാങ്കുകളോട് നിർദേശിക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരമുണ്ട്. ഈ അധികാരം പ്രയോഗിക്കപ്പെട്ടില്ല. കേരള സർക്കാറിന്റെ ഭാഗമായ കേരള ബാങ്ക് ദുരന്തഭൂമിയിലെ മുഴുവൻ കടങ്ങളും എഴുതിത്തള്ളിയ മാതൃക കാണിച്ചുകൊണ്ടാണ് കേന്ദ്രത്തിന് അപേക്ഷ സമർപ്പിച്ചത്.
ആഗസ്റ്റ് മുതൽ സ്വമേധയാ കേസെടുത്ത ഹൈകോടതിയുടെ മുമ്പാകെ, എല്ലാ ആഴ്ചയും തങ്ങൾ പരിഗണിക്കുകയും പരിശോധിക്കുകയും ചെയ്യുമെന്ന് തുടർച്ചയായി പറഞ്ഞ സോളിസിറ്റർ ജനറൽ, ജൂൺ ആദ്യവാരത്തിൽ നൽകിയ സത്യവാങ്മൂലത്തിലൂടെ വെളിപ്പെടുത്തിയത്, സെക്ഷൻ 13 പ്രകാരം ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമം കൊടുത്ത അധികാരം മാർച്ച് മാസം പാർലമെന്റ് എടുത്തുകളഞ്ഞു എന്നാണ്.
കേരളം ആവശ്യപ്പെട്ട മനുഷ്യത്വപരമായ വലിയൊരു സഹായം ലഭ്യമാകാതിരിക്കാൻ വിപുലമായ ആ വകുപ്പ് തന്നെ എടുത്തുകളയുക എന്ന അപകടകരമായ ഒരു നിലവാരത്തിലേക്ക് കേന്ദ്രം എത്തി. സാധാരണ നിലയിൽ കിട്ടുന്ന എസ്.ഡി.ആർ.എഫ് അല്ലാതെ ഒരു സഹായവും അനുവദിച്ചില്ല. കേന്ദ്ര ബജറ്റിൽ ഈ ദുരന്തത്തെക്കുറിച്ച് ഒരു വരിപോലും പരാമർശിച്ചില്ല. എന്നുമാത്രമല്ല, രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തസമയത്ത്, പ്രയാസത്തിലുഴലുന്ന കേരളത്തോട്, പണ്ട് പ്രളയകാലത്ത് നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഹെലികോപ്ടർ വാടകയിനത്തിൽ 120 കോടി രൂപ അടിയന്തരമായി തരണം എന്ന അപമാനകരവും ശത്രുതാപരമായ നിലപാടുമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

