നിപ വൈറസ്: വേണ്ടത് സമഗ്രമായ ഇടപെടൽ
text_fieldsഇടക്കിടെയുണ്ടാകുന്ന പകർച്ചപ്പനികൾ ആഗോളതലത്തിൽ തന്നെ വലിയതോതിലുള്ള ആരോഗ്യപ്രതിസന്ധി സൃഷ്ടിച്ചുവരുന്നുണ്ട്. പുതുതായി പകർച്ചവ്യാധികൾ പ്രത്യക്ഷപ്പെടുന്നതും മുമ്പ് നിയന്ത്രണവിധേയമാക്കിയ പകർച്ചവ്യാധികൾ പുനരാവിർഭവിക്കുന്നതും (emerging and re-emerging infection) ഗൗരവതരമായി പരിഗണിക്കപ്പെടുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിലൊന്നാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി ഏകദേശം 30ലധികം പുതിയ രോഗകാരികളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 60 ശതമാനത്തോളം രോഗകാരികളും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് കടന്നു വന്നവയാണ്. ഇങ്ങനെ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളെ സൂണോസിസ് (Zoonosis) എന്നാണ് പറയുന്നത്. ഇപ്പോൾ കോഴിക്കോട് സ്ഥിരീകരിക്കപ്പെട്ട നിപ വൈറൽ ബാധയും ഒരു സൂേണാട്ടിക് രോഗമാണ്.
നിപ വൈറസ്
നിപ വൈറസ് ഒരു ആർ.എൻ.എ വൈറസാണ്. അതായത് ഇതിന് ആർ.എൻ.എയും അതിനുപുറത്ത് ലിപിഡും പ്രോട്ടീനും ചേർന്ന ഒരാവരണമുണ്ടാകും. വവ്വാലുകളിലാണ് ഇവ കാണപ്പെടുന്നത്. വവ്വാലുകൾ ഇൗ വൈറസിെൻറ സ്വാഭാവിക വാഹകരാണ് (natural carriers). അതുകൊണ്ടുതന്നെ വവ്വാലുകൾക്ക് ഇൗ വൈറസ് രോഗബാധ ഉണ്ടാക്കില്ല. വവ്വാലുകളുടെ ശരീരസ്രവങ്ങളിലൂടെ ഇൗ വൈറസ് പുറത്തെത്താം. വവ്വാലുകൾ കടിച്ചുപേക്ഷിച്ച പഴങ്ങൾ, അവയുെട വിസർജ്യം കലർന്ന വസ്തുക്കൾ എന്നിവയിലൂടെ ഇൗ വൈറസ് മറ്റു ജീവികളിലെത്താം. മലേഷ്യയിൽ പന്നികളിലാണ് വൈറസ് ആദ്യം വ്യാപിച്ചത്. പന്നികളിൽനിന്നാണ് അവിടെ മനുഷ്യരിലേക്ക് ഇൗ രോഗം പകർന്നത്. എന്നാൽ, ബംഗ്ലാദേശിൽ ഇൗ വൈറസ് നേരിട്ട് വവ്വാലിൽനിന്ന് മനുഷ്യരെ ബാധിച്ചതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് ഇൗ അസുഖം വ്യാപകമായി പകരുന്നത് ഇന്ത്യയിലും ബംഗ്ലാദേശിലും വന്ന പകർച്ച ചക്രങ്ങളിലാണ്. വൈറസുകളിൽ വന്ന ചില ജനിതകമാറ്റങ്ങളാണ് ഇത്തരത്തിലുള്ള വ്യത്യാസങ്ങൾക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്. വനനശീകരണവും കാലാവസ്ഥ വ്യതിയാനവും മൂലം വവ്വാലുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ താറുമാറാകുന്നതും മനുഷ്യരും വവ്വാലുകളും മറ്റു വളർത്തുമൃഗങ്ങളും തമ്മിലുള്ള സമ്പർക്കം വർധിക്കുന്നതും ഇത്തരം രോഗങ്ങളുടെ (Zoonosis) ആവിർഭാവത്തിന് കാരണമാകുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.
പകരുന്ന രോഗങ്ങളുടെ പരിസര ശാസ്ത്രം
രോഗാണുക്കളും രോഗാണുവാഹകരായ മറ്റു ജീവികളും മനുഷ്യരും പൊതുവായ ഒരു പരിസരം പങ്കുവെക്കുന്നുണ്ട്. ഇൗ മൂന്നു ഘടകങ്ങളിലുള്ള ഏതു (രോഗാണു, രോഗാണുവാഹകരായ ജീവികൾ, പരിസരം) മാറ്റവും മനുഷ്യനിൽ രോഗബാധ വരാൻ കാരണമാകാം. വവ്വാലുകളിൽ നിപ വൈറസിെൻറ സാന്നിധ്യമുള്ള പല സ്ഥലങ്ങളിലും (ഉദാ. വിയറ്റ്നാം) രോഗബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്തതും പല സ്ഥലങ്ങളിലും ചില സവിശേഷ സീസണുകളിൽ രോഗം കൂടുതലായി കാണപ്പെടുന്നതും ഇത്തരം കാരണങ്ങൾ കൊണ്ടാണ്. അതുകൊണ്ടാണ് മുൻകാലങ്ങളിൽ വവ്വാലുകൾ കടിച്ചുപേക്ഷിച്ച പഴങ്ങൾ കഴിച്ചവർക്കും വാഴക്കു....ടപ്പനിൽനിന്ന് തേൻ നുകർന്നവർക്കും അസുഖം വരാതിരുന്നത്. രോഗാണുവിൽ മാറ്റം വന്നിരിക്കാം. രോഗവാഹകരായ ജീവികളിലും മാറ്റം വന്നിരിക്കാം. ഇവയും മനുഷ്യനും പരസ്പരം പ്രതിപ്രവർത്തിക്കുന്ന പരിസരവും മാറിയിരിക്കാം. പുതുതായി ആവിർഭവിക്കുന്ന പകർച്ചവ്യാധികളുടെ ഉദ്ഭവം ഇത്തരത്തിലേതെങ്കിലും ഒരു ഘടകത്തിെൻറയോ ഒന്നിലധികം ഘടകങ്ങളുടെയോ സവിശേഷ രീതിയിലുള്ള ഏതെങ്കിലും മാറ്റങ്ങളിലായിരിക്കും.
പ്രതിരോധവും നിയന്ത്രണവും
മനുഷ്യരിലും മറ്റു ജീവികളിലും പരിസരങ്ങളിലും കാലക്രമത്തിനനുസരിച്ച് മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കും. അതു പൂർണമായി ഇല്ലായ്മചെയ്യാൻ സാധ്യമല്ല. അതുകൊണ്ടുതന്നെ വിവിധ തലങ്ങളിലുള്ള വ്യത്യസ്തമായ ഇടപെടലുകളിലൂടെയും അവയെ ഏകോപിപ്പിച്ചു നിർമിക്കേണ്ട ഒരു പൊതുജനാരോഗ്യ സമീപനത്തിലൂടെയും മാത്രമേ ഇത്തരം സന്ദർഭങ്ങളെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ കഴിയൂ. എപ്പിഡെമിയോളജിയുടെയും തന്മാത്ര ജനിതക ശാസ്ത്രത്തിെൻറയും ഉചിതമായ ഉപയോഗത്തിലൂടെ രോഗകാരികളുടെ സവിശേഷതകൾ മനസ്സിലാക്കുകയും രോഗനിർണയ സംവിധാനങ്ങൾ വികസിപ്പിക്കുകയും ഒൗഷധ നിർമാണത്തിെൻറ നവീന സേങ്കതങ്ങളെല്ലാം ഉപയോഗിച്ച് ചികിത്സ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഒരുതലം.
വികസ്വര രാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്ന അവഗണിക്കപ്പെടുന്ന രോഗങ്ങളെയും (open source initiative for neglected diseases) പഠനവിധേയമാക്കാനുള്ള ഡൽഹിയിലെ ജി.എൻ. രാമചന്ദ്രൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജീനോമിക്സ് ആൻഡ് ഇൻറഗ്രേറ്റിവ് ബയോളജിയുടെ ശ്രമം ഇത്തരത്തിൽ വളരെ ആവേശകരമായ ഒന്നാണ്. പ്രകൃതിയും മനുഷ്യരും മൃഗങ്ങളുമായുള്ള മനുഷ്യരുടെ ഇടപെടലുകളുടെ സ്വഭാവവും മനുഷ്യരുടെ പെരുമാറ്റശീലങ്ങളിലുള്ള സവിശേഷതകളും ഇത്തരം രോഗങ്ങളുടെ ആവിർഭാവത്തെയും പകർച്ചയെയും സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ ചർച്ചകളും അതിലൂടെ നിർമിച്ചെടുക്കേണ്ട ശാസ്ത്രീയമായ പൊതുബോധ നിർമിതിയുടെ തലവുമാണ് മറ്റൊന്ന്. ഇത്തരം പകർച്ചവ്യാധികളെ ഉടനടി കണ്ടെത്താനും പെെട്ടന്ന് തന്നെ നേരിടാനും കഴിയുന്ന വിധത്തിൽ ആരോഗ്യസംവിധാനത്തെ കരുത്തുറ്റതാക്കാനുള്ള ഭരണപരവും നയപരവുമായ നടപടികളുടെ തലമാണ് മറ്റൊന്ന്.
(കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ മനഃശാസ്ത്ര വിദഗ്ധനും ശാസ്ത്ര സാഹിത്യ പരിഷത്ത് സ്റ്റേറ്റ് ഹെൽത്ത് സബ്ജക്ട് കമ്മിറ്റി കൺവീനറുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
