Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആശങ്കയും...

ആശങ്കയും അനിശ്ചിതത്വവും പേറി 2020ലേക്ക്

text_fields
bookmark_border
new-year2020
cancel

ഭരണഘടന സ്​ഥാപനങ്ങളുടെ സംവിധാനങ്ങളുടെ വിശ്വാസ്യത, സമ്പദ്​വ്യവസ്​ഥയുടെ കെട്ടുറപ്പ്​ എന്നിവയുടെ കാര്യത്തിൽ നാം കെട്ടിപ്പൊക്കിയ സങ്കൽപങ്ങളുടെ അടിക്കല്ലുകൾക്കു പോലും ഇളക്കം തട്ടിയ പതിറ്റാണ്ടാണ്​ കടന്നുപോകുന്നത്. ജനാധിപത്യ ഇന്ത്യയെ ഇപ്പോൾ ഭരിക്കുന്നത്​ ആശങ്കയും അനിശ്ചിതത്വവും അവിശ്വാസവും സാമ്പത്തിക മാന്ദ്യവുമാണ്​. പുതിയ പതിറ്റാണ്ടിൽ അതിനൊക്കെ എന്തു മാറ്റമുണ്ടാകുമെന്ന നിരാശ കലർന്ന ചോദ്യത്തിനു മുന്നിലാണ്​ ഇന്ത്യക്കാരൻ.

ഏറ്റവും വലിയ ജനാധിപത്യ രാജ്യം വീണ്ടുമൊരിക്കൽക്കൂടി വിധിയെഴുത്തു നടത്തിയ ലോക്​സഭ തെരഞ്ഞെടുപ്പിൽ ​നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വീണ്ടും അധികാരത്തിൽ വന്നു. അതോടെ കടന്നുപോകുന്ന പതിറ്റാണ്ടി​​െൻറ മാത്രമല്ല, അടുത്ത പതിറ്റാണ്ടി​​െൻറയും മുഖം നിർണയിക്കുന്നത്​​ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും നയിക്കുന്ന ഭരണമാണ്​​. ശരിക്കുമൊരു വഴിത്തിരിവ്​.

മതനി​രപേക്ഷതയും ജനാധിപത്യവും വഴിമാറു​​േമ്പാൾ
മതനിരപേക്ഷതയുടെയും ജനാധിപത്യത്തി​​െൻറയും പരമ്പരാഗത രീതികളിൽ നിന്ന്​ വഴിമാറി നടക്കുകയാണ്​ ഇന്ത്യ. ഹിന്ദുത്വത്തി​​െൻറ രാഷ്​ട്രീയ ശൈലി, ജനതയുടെ മനസ്സിൽ വലിയ വിഭജനങ്ങൾ സൃഷ്​ടിച്ചു ‘മുന്നേറു’കയാണ്​. മോദി-അമിത്​ ഷാമാരുടെ കൈപ്പിടിയിൽ അമർന്നുപോയ രാജ്യത്ത്​ വിഭജനം പലവിധത്തിലാണ്​. രണ്ടാമൂഴമായതോടെ വിഭജന തന്ത്രങ്ങൾക്ക്​ പുതിയ രൂപവും ഭാവവും വന്നിരിക്കുന്നു.

ഇല്ലാതായ ജമ്മു കശ്​മീർ സംസ്​ഥാനം; 370ാം വകുപ്പ്​
അയൽപക്ക സംഘർഷത്ത​ി​​െൻറയും മിന്നലാക്രമണങ്ങളുടെയും അകമ്പടിയോടെയാണ്​ ലോക്​സഭ തെര​െഞ്ഞടുപ്പ്​ നടത്തിയതെങ്കിൽ, തെരഞ്ഞെടുപ്പിനു ശേഷമുള്ള ആദ്യ പാർലമ​െൻറ്​ സമ്മേളനം പിരിഞ്ഞത്​ ജമ്മു-കശ്​മീർ എന്ന സംസ്​ഥാനം ഇല്ലാതാക്കിയാണ്​. പകരം ജമ്മു-കശ്​മീർ, ലഡാക്ക്​ എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാണ്​ ഭൂപടത്തിൽ. ജമ്മു-കശ്​മീരിന്​ പ്രത്യേക പദവി നൽകിയ 370ാം ഭരണഘടനാ അനുഛേദം എടുത്തുകളഞ്ഞു. അയോധ്യ കേസിൽ കോടതി വിധി കൂടി കഴിഞ്ഞതോടെ, ബി.ജെ.പിയുടെ മൂന്നു പ്രഖ്യാപിത അജണ്ടകളിൽ അവശേഷിക്കുന്നത്​ ഏക സിവിൽ കോഡാണ്​. പാർലമ​െൻറും രാഷ്​ട്രീയ, നീതിന്യായ സംവിധാനങ്ങളുമൊക്കെ നോക്കുകുത്തിയാക്കിയാണ്​ നമ്മുടെ സംവിധാനം മുന്നോട്ടു പോവുന്നത്​.

ഏറ്റവും കൂടുതൽ പ്രവർത്തനക്ഷമമായ വർഷമാണ്​ കടന്നുപോകുന്നതെന്ന്​ പാർലമ​െൻറ്​ സമ്മേളിച്ച സമയക്കണക്കുകൾ വെച്ച്​ സർക്കാറിന്​ അവകാശപ്പെടാനാകും. എന്നാൽ, അത്രയും സമയം ജനാധിപത്യ മര്യാദകളും ഭരണഘടനാ സങ്കൽപങ്ങളും കാറ്റിൽ പറത്തിയ നടത്തിപ്പു രീതിയാണ്​ പാർലമ​െൻറ്​ ജനത്തിന്​ സംഭാവന ചെയ്​തത്​. ലോക്​സഭയിലെ ഭൂരിപക്ഷവും പ്രാദേശിക കക്ഷിനേതാക്കളെ വിരട്ടിയും കൈയിലെടുത്തും രാജ്യസഭയിൽ സമ്പാദിക്കുന്ന അനുകൂലാവസ്​ഥയുമാണ്​ പിൻബലം.

സംശയ നിഴലിലായ പൗരത്വം
ആൾക്കൂട്ട അതിക്രമങ്ങളിലൂടെയും മറ്റുമായി വാഴ്​ച സ്​ഥാപിച്ചെടുക്കുന്നതായിരുന്നു ഒന്നാമൂഴത്തിലെ കാഴ്​ച. കാലിക്കടത്തി​​െൻറ പേരിൽ, മാംസം ഫ്രിഡ്​ജിൽ സൂക്ഷിച്ചതി​ന്​, കാവിക്കൂട്ടം അടിച്ചുകൊല്ലൽ അവകാശമാക്കി; ന്യൂനപക്ഷത്തെ ഭയപ്പാടിലാക്കി. രണ്ടാമൂഴത്തിൽ അവ​രുടെ പൗരത്വം തന്നെ സംശയത്തിലാക്കി; ഭരിക്കുന്നവരുടെ ഔദാര്യമാക്കി. പൗരത്വ നിയമഭേദഗതിക്കു മുന്നിൽ പാർലമ​െൻറും പൊതുസമൂഹവും മിഴിച്ചു നിന്നു. ഇത്തരത്തിലുള്ള ഓരോ നീക്കങ്ങളിലും മുസ്​ലിംവിരുദ്ധവികാരം ഊതിക്കത്തിച്ച്​ ഭൂരിപക്ഷവോട്ടുകൾ കൈയടക്കുന്ന അധമ രാഷ്​ട്രീയമാണ്​ തെളിഞ്ഞു നിൽക്കുന്നത്​.
എണ്ണത്തിൽ കുറവായതി​​െൻറ പേരിൽ ഭരണഘടനാപരമായ അവകാശങ്ങൾക്കപ്പുറം, സാമാന്യ നീതി നിഷേധിച്ച്​, ചേരിതിരിച്ച്​, ഭൂരിപക്ഷത്തോട്​ അർമാദിക്കാൻ ഭരണകൂടം തന്നെ പറയുന്ന വിചിത്ര അവസ്ഥ.

ബാബരി ഭൂമിയിൽ രാമക്ഷേത്രം; പള്ളിക്ക്​ അ​േഞ്ചക്കർ
ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കാൻ ബാധ്യതപ്പെട്ട നീതിപീഠവും പ്രഥമ പൗരനുമൊക്കെ ഭരിക്കുന്നവരുടെ കളിപ്പാട്ടങ്ങളായി. ബാബരി മസ്​ജിദ്​ തകർക്കപ്പെട്ടതിന്​ വർത്തമാനകാലം സാക്ഷിയാണെങ്കിലും, ഐതിഹ്യം പിൻപറ്റി സർക്കാറി​​െൻറ ഇടപെടലിലൂടെ തന്നെ അവിടെ രാമക്ഷേത്രം ഉയരണമെന്നാണ്​, പള്ളിക്ക്​ മറ്റെവിടെയെങ്കിലുമൊരു അഞ്ചേക്കർ കണ്ടെത്തി കൊടുക്കണമെന്നാണ്​ സുപ്രീംകോടതി വിധിച്ചത്​.

രാജ്​ഭവനുകൾ വാഴും കാലം
മഹാരാഷ്​ട്ര ഭരിക്കുന്നത്​ ശിവസേന-എൻ.സി.പി-കോൺഗ്രസ്​ സഖ്യമാണെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസിനെ വീണ്ടും അധികാരത്തിലേറ്റാൻ നട്ടപ്പാതിര​യാണോ കോഴി കൂവിയോ എന്നു പോലും രാഷ്​ട്രപതി ഭവൻ നോക്കിയില്ല. തെരഞ്ഞെടുപ്പു കമീഷൻ അടക്കം മറ്റു ഭരണഘടനാ സ്​ഥാപനങ്ങളുടെ ചിത്രവും വ്യത്യസ്​തമല്ല. രാജ്​ഭവനുകളെ ഭരിക്കുന്നവരുടെ കൈയിൽ​ ഭരണഘടന പുസ്​തകമല്ല; ആർ.എസ്​.എസ്​ കുറുവടിയാണ്​. പല സംസ്​ഥാനങ്ങളിലും ഗവർണർമാർ സർക്കാറുകളുമായി ഏറ്റുമുട്ടി കൂറും വിധേയത്വവും ബോധ്യപ്പെടുത്തുന്നു.

അന്വേഷണ ഏജൻസികളും ആയുധം
‘സ്വതന്ത്ര’രെന്ന്​ പറയുന്ന അന്വേഷണ ഏജൻസികൾ സർക്കാറി​​െൻറ ചട്ടുകമായി മാറുന്നതിൽ അമ്പരക്കേണ്ടതില്ല. സി.ബി.ഐ, എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​, ആദായനികുതി വകുപ്പ്​ തുടങ്ങിയവയെ ഭരണകക്ഷിയുടെ രാഷ്​ട്രീയ ലക്ഷ്യങ്ങൾക്കും പകപോക്കലിനുമുള്ള ഉപകരണങ്ങളായാണ്​ കാണാൻ കഴിയുന്നത്​. മുൻധനമന്ത്രി പി. ചിദംബരം തെറ്റുകാരനാണോ നിരപരാധിയാണോ എന്ന്​ ഇനിയും വ്യക്​തമല്ലെങ്കിലും, കുറ്റപത്രം പോലുമില്ലാതെ 105 ദിവസമാണ്​ തിഹാർ ജയിലിലും അന്വേഷണ ഏജൻസി കസ്​റ്റഡിയിലുമായി കഴിഞ്ഞത്​. മറുവശത്ത്​, ഗുജറാത്തിലെ ദൂരൂഹവും വിവാദവുമായ കേസുകളിൽ ഉൾപ്പെട്ട പൊലീസ്​, രാഷ്​ട്രീയ നേതാക്കൾ​ മിക്കവാറും രക്ഷപ്പെട്ടു കഴിഞ്ഞു. ഹിന്ദുത്വ ഭീകരതയുടെ മുഖമായ സ്വാമി അസീമാനന്ദ കുറ്റവിമുക്​തി നേടുകയും പ്രജ്​ഞസിങ്​ ഠാകുർ മൂന്നര ലക്ഷം വോട്ടി​​െൻറ ഭൂരിപക്ഷത്തിൽ മുൻമുഖ്യമന്ത്രിയെ തോൽപിച്ച്​ ലോക്​സഭയിൽ എത്തുകയും ചെയ്​തു. പാർലമ​െൻറിനുള്ളിൽ പോലും ഗാന്ധിഘാതകൻ ഗോദ്​സെയാണ്​ വാഴ്​ത്തപ്പെടുന്ന താരം.

ആഗോളതലത്തിൽ ഒറ്റപ്പെട്ട്​ രാജ്യം
പൗരത്വ നിയമഭേദഗതി (സി.എ.എ), ദേശീയ ജനസംഖ്യാ രജിസ്​റ്റർ (എൻ.പി.ആർ) പുതുക്കൽ, അതിനു പിന്നാലെ ലക്ഷ്യമിടുന്ന ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) എന്നിവ സൃഷ്​ടിച്ച അന്യതാബോധത്തി​​െൻറയും കടുത്ത ഉത്​കണ്​ഠയുടെയും നടുവിലൂടെയാണ്​ 2020ലേക്ക്​ ഇന്ത്യ നടക്കുന്നത്​. ജീവിക്കുന്ന മണ്ണിൽ പിടിച്ചുനിൽക്കാൻ മേൽവിലാസം തെളിയിക്കേണ്ട സ്​ഥിതി മാത്രമല്ല അതിലൂടെ ഉണ്ടായിത്തീരുന്നത്​. ഈ മണ്ണിൽ രണ്ടാംതരക്കാരനായി എടുത്തെറിയപ്പെടുന്നതി​​െൻറ നീറ്റൽ കൂടിയാണ്​. പൗരത്വത്തിന്​ മതപരമായ വിവേചനം കാട്ടുന്നത്​ ആഗോള തലത്തിൽ ഇന്ത്യയെ ഒറ്റപ്പെടുത്തിക്കളഞ്ഞു. ഐക്യരാഷ്​ട്ര സഭയും യു.എസും മറ്റു പല രാജ്യങ്ങളും രൂക്ഷമായി വിമർശിച്ചു. ഇത്തരമൊരു ദുരവസ്​ഥ ഇന്ത്യ മു​െമ്പാരിക്കലും നേരിട്ടിട്ടില്ല.

മാന്ദ്യം സാക്ഷി, വളർച്ച കീഴോട്ട്​
ഇതിനെല്ലാമൊപ്പമാണ്​ സാമ്പത്തിക മാന്ദ്യത്തി​​െൻറ കെടുതികൾ. ഒമ്പതു ശതമാനത്തിൽനിന്ന്​ വളർച്ച നിരക്ക്​ നാലര ശതമാനത്തിലേക്ക്​ കൂപ്പു കുത്തിയത്​ നോട്ടു നിരോധനത്തി​​െൻറയും ജി.എസ്​.ടി പൊല്ലാപ്പുകളുടെയും സാമൂഹിക അസമാധാനത്തി​​െൻറയും ദുരന്തം കൂടിയാണ്​. നോട്ടു നിരോധനക്കാലത്തെ അവകാശവാദങ്ങൾപോലെ തന്നെ, വളർച്ചയിൽ ചൈനയോടാണ്​ മത്സരമെന്നും അഞ്ചു ട്രില്യൺ ഡോളറി​​െൻറ സമ്പദ്​വ്യവസ്​ഥയിലേക്കുള്ള കുതിപ്പാണ്​ നടത്തുന്നതെന്നുമുള്ള അവകാശവാദങ്ങളും ഇപ്പോഴില്ല. ഉപഭോഗം, നിക്ഷേപം എന്നിവയെല്ലാം ഇടിഞ്ഞ്​ പ്രവർത്തന ചെലവിന്​ റിസർവ്​ ബാങ്കി​​െൻറ കരുതൽ നിക്ഷേപത്തിലും പൊതുമേഖലാ ആസ്​തികളിലും സർക്കാർ കൈയിടുന്ന അവസ്​ഥ. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുമെന്ന്​ പ്രഖ്യാപിച്ച്​ അധികാരത്തിൽ വന്നവർ ഉണ്ടാക്കിയെടുത്ത ഈ മാന്ദ്യത്തിൽനിന്ന്​ കരകയറാൻ എത്ര വർഷം വേണ്ടിവരുമെന്ന ചോദ്യം ബാക്കി.

തെരുവിൽ തിളക്കുന്നത്​ കാമ്പസ്​ രോഷം
പ്രതിപക്ഷം അങ്ങേയറ്റം ദുർബലപ്പെട്ട്​ സ്വേച്ഛാധിപത്യം വളരുന്ന ഇന്ത്യ, ജനാധിപത്യത്തോട്​ കൂറും വിശ്വാസവും തെളിയിക്കുന്ന ചില വീണ്ടെടുപ്പുകൾ നടത്താതിരിക്കുന്നില്ല. പൗരത്വ വിവേചനത്തിനെതിരായ കാമ്പസ്​ രോഷം തെരുവിൽ തിളക്കുന്നത്​ അതിലൊന്നാണ്​. ഹിന്ദുത്വ രാഷ്​ട്രമല്ല, പുരോഗതിയിലേക്ക്​ നടക്കേണ്ട ജനാധിപത്യ ഇന്ത്യയാണിതെന്ന യുവശബ്​ദമാണ്​ മുഴങ്ങുന്നത്​. അടിച്ചമർത്തലുകൾ വകവെക്കാതെ വിവേചനത്തിനെതിരായ സമരം വർഷാന്തത്തിൽ ആളിക്കത്തുന്നു. ബി.ജെ.പിക്ക്​ ഒറ്റക്ക്​ ഭൂരിപക്ഷം നേടിക്കൊടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിൽ നിന്ന്​ ഭിന്നമായി ആറു മാസം കൊണ്ട്​ മഹാരാഷ്​ട്ര, ഝാർഖണ്ഡ്​​ എന്നീ സംസ്​ഥാനങ്ങൾ കൈവിട്ടത്​ ​പ്രതിപക്ഷ നിരക്ക്​ ആത്​മവിശ്വാസം വീണ്ടെടുക്കാൻ അവസരം നൽകുന്നു. എന്നാൽ, അതിനുമപ്പുറം, നിരാശ പൊതുസമൂഹത്തിൽ നിഴൽപരത്തി നിൽക്കുന്നുവെന്നത്​ യാഥാർഥ്യം മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleNRCCitizenship Amendment ActNew Year 2020
News Summary - New Year 2020 to What -Malayalam Article
Next Story