കുട്ടനാട് പുതിയ പാക്കേജിനായി ചെല്ലുമ്പോൾ
text_fieldsരാജ്യത്തിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നായ കുട്ടനാട്ടിൽ രണ്ടാഴ്ച മുമ്പത്തെ പ്രളയം ഏൽപിച്ചത് കനത്ത ആഘാതമാണ്. വാടിക്കരിഞ്ഞതിൽ നിന്ന് പച്ചപ്പിെൻറ തുരുത്ത് തേടുന്ന യജ്ഞത്തിലാണ് കുട്ടനാട്ടുകാർ. തിരുവോണ നാളിൽ വരെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ കുട്ടനാട്ടുകാർ ഇപ്പോഴും ദുരിതക്കയത്തിൽ തന്നെ. കുട്ടനാട് ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയിലെ മുഴുവൻ വില്ലേജുകളും താലൂക്കുകളും പ്രളയ ബാധിതമാണെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആലപ്പുഴക്ക് പുറമെ കോട്ടയം, പത്തനം തിട്ട, എറണാകുളം, തൃശൂർ, വയനാട് എന്നിവയാണ് ഇൗ ഗണത്തിൽ പെടുന്നത്. കുട്ടനാട്ടിൽ ജനജീവിതം പുനസ്ഥാപിക്കുന്നതിന് ഇനിയും നടപടികൾ വരുമെന്ന് തന്നെ കരുതാം.
അടിയന്തര നടപടികള്‍ മന്ത്രിസഭ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുക. പുതിയൊരു കുട്ടനാട് പാക്കേജിനായി കേന്ദ്ര സർക്കാറിനെ സമീപിക്കും എന്ന പ്രഖ്യാപനം വന്നിട്ടുണ്ട്. എല്ലാം വ്യക്തമായ വിഷയങ്ങളിൽപോലും കേരളത്തിെൻറ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രം തയാറാകുന്നില്ല. ഈ പുതിയ പാക്കേജിനായി എന്തെല്ലാം ന്യായങ്ങളാകും കേന്ദ്രത്തിനു മുന്നില്‍ െവക്കുക? അങ്ങനെ ഒരു യുക്തിഭദ്രമായ പാക്കേജ് വെക്കാതിരുന്നാല്‍, അത് കേന്ദ്രം തള്ളാനുള്ള സാധ്യത വളരെ കൂടുതലാണല്ലോ. ഒരു കേന്ദ്ര-സംസ്ഥാന തർക്കമുണ്ടാക്കാം എന്നതിലപ്പുറം സമഗ്രമായ ഒന്ന് തയാറാക്കി അവതരിപ്പിക്കാന്‍ ഈ സർക്കാറിനാകുമോ? ഇല്ല എന്ന് ഒറ്റവാക്കില്‍ പറയാം. 2008ല്‍ അംഗീകരിച്ചു കഴിഞ്ഞ ഒരു പതിറ്റാണ്ടോളം നടപ്പാക്കിയ പഴയ പാക്കേജിന് എന്തു സംഭവിച്ചു? അതിനു തൃപ്തികരമായ ഒരുത്തരം നല്കാന് സർക്കാറിന് കഴിയുമോ?
കേരളത്തില്‍ എൽ.ഡി.എഫും കേന്ദ്രത്തില്‍ ഒന്നാം യു.പി.എയും ഭരിക്കുന്ന കാലത്താണല്ലോ ഇതിന് അനുമതി കിട്ടുന്നത്. മൂന്നു കൊല്ലത്തോളം എൽ.ഡി.എഫ് ഭരിച്ചു. പിന്നീട് യു.ഡി.എഫ് വന്നു. ആർക്ക് ആരെയും കുറ്റപ്പെടുത്തി രക്ഷപ്പെടാം. പക്ഷേ, രണ്ടുകൂട്ടരും ഒരുപോലെ സമ്മതിക്കുന്ന ഒരു സത്യമുണ്ട്. കേന്ദ്രം അനുവദിച്ച സ്വാമിനാഥന് പാക്കേജ് ഇവിടെ വേണ്ടരീതിയിലല്ല നടപ്പായത് എന്നതാണത്. ആ തകരാറാണ് ഇന്നത്തെ കുട്ടനാടിെൻറ ദുരിതങ്ങള്‍ ഇത്ര വലുതാകാന്‍ കാരണം എന്നും അവര്‍ പറയാതെ പറയുന്നു.
രണ്ടു മുന്നണികള്‍ കേരളം ഭരിക്കുമ്പോഴും പ്രതിപക്ഷമായി ഇതില്‍ ഒരു മുന്നണി ഇവിടെ ഉണ്ടായിരുന്നല്ലോ. കുട്ടനാട്ടിലെ എം.പി ആയും എം.എൽ.എ ആയും വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളായും ഈ പാർട്ടിക്കാരൊക്കെ ഇവിടെ ഉണ്ടായിരുന്നില്ലേ? ഇത്ര അപകടകരമായാണ് ഈ പാക്കേജ് എന്ന് അവരൊന്നും കാണാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇവർക്ക് മറുപടിയില്ല. തോമസ് ചാണ്ടി നെൽവയല്‍ നികത്തി റിസോർട്ടും അതിലേക്ക് സർക്കാര്‍ പണം ഉപയോഗിച്ച് റോഡും നിർമിച്ചതുമായി ബന്ധപ്പെട്ടു നടന്ന വാഗ്വാദങ്ങള്‍ മറക്കാറായില്ല. ആ നിയമലംഘനങ്ങളില്‍ കക്ഷിഭേദമില്ലാതെ എല്ലാവർക്കും ഏറിയും കുറഞ്ഞും പങ്കുണ്ട്. എന്തിനു വേണ്ടിയാണ് സ്വാമിനാഥന് ഇങ്ങനെ ഒരു പാക്കേജ് തയാറാക്കിയത്, എന്തൊക്കെ, എങ്ങനെ, ആരൊക്കെ ചെയ്യാനാണ് അതില്‍ നിർദേശിക്കപ്പെട്ടിരുന്നത്, എങ്ങനെയൊക്കെയാണ് അവിടെ ചെയ്തത് എന്ന് പരിശോധിക്കാതെ പുതിയ പാക്കേജിനെപ്പറ്റി സംസാരിക്കാന്‍ കഴിയുമോ? നൂറുകണക്കിന് കോടി രൂപ വരുന്ന ജനങ്ങളുടെ പണം എങ്ങനെ ദുർവ്യയം ചെയ്തു, ആര് ചെയ്തു എന്നതിനൊപ്പം ആ പ്രവർത്തനങ്ങള്‍ കുട്ടനാടിനെ എത്രമാത്രം തകർത്തു എന്നും അതുമൂലം ജനങ്ങൾക്ക് എത്ര ദുരിതമുണ്ടായി എന്നും വിലയിരുത്താന്‍ തയാറാകേണ്ടതല്ലേ? അതിനു മുതിർന്നാൽ അഴുക്കുപറ്റാത്ത ഒരാളും ഇരുമുന്നണികളിലും ഉണ്ടാകില്ല.
ഇങ്ങനെ ഒരു പുതിയ പാക്കേജ് വന്നിട്ട് ഇന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരമുണ്ടാകും എന്ന് ആരും കരുതുന്നുണ്ടാകില്ല. പക്ഷേ, ഇപ്പോള്‍ ഈ ചർച്ചകള്‍ എടുക്കുന്നതിനൊരു ഗൂഢലക്ഷ്യമുണ്ട്. ജനങ്ങളാകെ ദുരിതത്തിൽ നിൽക്കുേമ്പാൾ മേൽപറഞ്ഞ ചർച്ചകളെല്ലാം ഒഴിവാക്കാം എന്നതാണത്. കേന്ദ്രമോ മാധ്യമങ്ങളോ ജനങ്ങളിൽ ചിലരോ അത്തരം ചോദ്യങ്ങളുന്നയിച്ചാൽ ഈ ജനങ്ങളുടെ ദുരിതം ഉയർത്തിക്കാട്ടി അവരുടെയൊക്കെ വായടപ്പിക്കാം. ജനങ്ങൾ ദുരിതത്തിൽ നിൽക്കുമ്പോഴാണോ ഇത്തരം ചർച്ചകൾ എന്നുള്ള മറുപടി മതിയല്ലോ. എന്നാൽ, ഈ ദുരിതങ്ങൾക്ക് കാരണമായ തെറ്റു ചെയ്തവർ ആരെന്നു ജനങ്ങൾക്ക് മനസ്സിലാകേണ്ടതില്ലേ? അവർക്കു ശിക്ഷ കിട്ടേണ്ടതല്ലേ? ഇനി ഒരു പാക്കേജ് വന്നാൽ, അതിലെ പണം ഇങ്ങനെത്തന്നെ ദുർവ്യയം ചെയ്യില്ലെന്ന ഉറപ്പുകിട്ടേണ്ടതല്ലേ?
എന്തായിരുന്നു സ്വാമിനാഥൻ പാക്കേജിൽ ലക്ഷ്യംെവച്ചിരുന്നത്? കുട്ടനാട്ടിലെ കാർഷികമേഖലയിൽ നിലനിൽക്കുന്ന ദുരിതങ്ങൾക്കുള്ള പരിഹാരമായിരുന്നു അതിെൻറ അടിസ്ഥാന ലക്ഷ്യം. കാർഷികാധിഷ്ഠിതമായ കുട്ടനാട് സംരക്ഷിക്കപ്പെടണമെങ്കിൽ അതിെൻറ പാരിസ്ഥിതിക സന്തുലനം അങ്ങേയറ്റം പ്രധാനമാണെന്ന് പറയേണ്ടതില്ല. കുട്ടനാടിെൻറ പരിസ്ഥിതി പുനഃസ്ഥാപനവും ജീവനോപാധി സംരക്ഷണവും ലക്ഷ്യമിട്ട പാക്കേജ് 1840 കോടി രൂപയുടേതായിരുന്നു. മൂന്നു വർഷത്തിനകം നടപ്പാക്കേണ്ട പാക്കേജിെൻറ കാലാവധി 2016 വരെ നീട്ടിക്കൊടുത്തിട്ടും കഷ്ടിച്ച് 750 കോടി മാത്രമാണ് ചെലവഴിക്കാനായത്. പാക്കേജിലെ 15 ഇന പരിപാടികളിൽ ജലവിസ്തൃതി നിയന്ത്രിക്കണമെന്നായിരുന്നു ആദ്യ നിർദേശം. രണ്ടാമത് വെള്ളപ്പൊക്ക, ഓരുവെള്ള നിയന്ത്രണവും. കുട്ടനാടിെൻറ ആരോഗ്യം, ശുചിത്വം, വിളകളെയും കന്നുകാലികളെയും മത്സ്യ ഉൽപാദനത്തെയും അടിസ്ഥാനമാക്കിയ കൃഷി തുടങ്ങിയവ ഇതില്‍ ഉൾെപ്പടുന്നു. 12 വകുപ്പുകളെയാണ് ഇതിെൻറ നടത്തിപ്പിനായി ചുമതലപ്പെടുത്തിയത്. ഈ വകുപ്പുകൾ തന്നിഷ്ടപ്രകാരം കാര്യങ്ങൾ കൈകാര്യം ചെയ്തതാണ് പാക്കേജ് ലക്ഷ്യത്തിലെത്താതെപോയതിനു കാരണം. കാര്യക്ഷമമായ ഏകോപനമില്ല എന്നതായിരുന്നു പ്രധാന പോരായ്മ.
കനാലുകളുടെ ആഴം കൂട്ടി എക്കൽ നീക്കി സംരക്ഷിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്നായിരുന്നു പാക്കേജിൽ സ്വാമിനാഥൻ നിർദേശിച്ചത്. ഒരു ഹെക്ടർ ജലാശയത്തിൽ ഓരോ വർഷവും നിരവധി ടൺ എക്കൽ അടിയുന്നുവെന്നാണ് കണക്ക്. എക്കൽ നീക്കിയെങ്കിൽ മാത്രമേ ജലാശയങ്ങളുടെ ജലവാഹകശേഷി വർധിക്കൂ എന്നതുകൂടി കണക്കിലെടുത്തായിരുന്നു ഈ നിർദേശം. എക്കൽ നല്ല ജൈവവളം അടങ്ങുന്നതുകൂടിയാണെന്നത് മറ്റൊരു കാരണം. പക്ഷേ, എക്കൽ നീക്കംചെയ്യൽ ഇപ്പോൾ നടക്കുന്നില്ല. തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട്, ടി.എസ് കനാൽ, എ.സി കനാൽ, സി.എം.ഡി ബ്ലോക്കിനിടയിലെ കനാൽ എന്നിവയൊക്കെ ഇപ്രകാരം നവീകരിക്കണമെന്നു നിർദേശിക്കപ്പെട്ടിരുന്നു. അതെല്ലാം ഭാഗികമായിട്ടേ നടപ്പായുള്ളൂ. അതിനേക്കാള്‍ പ്രധാന പ്രശ്നം ഈ തോടുകളില്‍ നടത്തിയ ൈകയേറ്റങ്ങളാണ്. റോഡ് നിർമാണം പോലുള്ള വികസനങ്ങളാണ് ഇതില്‍ വലിയൊരു പങ്കും എന്നതിനാല്‍ അവക്കെല്ലാം പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണ ഉണ്ട്.
കനാലുകളുടെ ആഴം കൂട്ടാൻ മാത്രം 361 കോടി രൂപ നീക്കിവെച്ചിരിക്കെയാണ് ഈ ഉദാസീനത. പഴയ പാക്കേജിനെ പൂർണതയിലെത്തിക്കാനുള്ള തയാറെടുപ്പു നടക്കുമ്പോൾ ഈ പിഴവുകൾ മനസ്സിൽ വേണം. കുട്ടനാടിെൻറ പ്രത്യേകത മനസ്സിൽ െവച്ചു കൊണ്ടായിരിക്കണം പദ്ധതികൾ വിഭാവനം ചെയ്യുന്നതും നടപ്പാക്കുന്നതും. കുട്ടനാട് സമുദ്രനിരപ്പിൽ താഴെയുള്ള പ്രദേശമാണെന്നതാണ് പ്രധാനം. ഇത്തരം പ്രദേശത്ത് വെള്ളം ഒഴുകി വാർന്നുപോകാനുള്ള സൗകര്യങ്ങൾക്കായിരിക്കണം മുൻതൂക്കം. മഴക്കാല കൃഷി ക്രമീകരിച്ച് നീരൊഴുക്കിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കണം. മഴക്കാല കൃഷി കൂടുന്നത് പ്രദേശത്ത് ജലവാഹകശേഷി കൂടുന്നതിന് തടസ്സമാകും. മഴക്കാല കൃഷിയുടെ വിസ്തൃതി ഇപ്പോൾ 18,000 ഹെക്ടർ ആണ്. മുൻകാലങ്ങളിൽ വെള്ളം കയറിക്കിടന്ന സ്ഥലങ്ങൾ, പാടശേഖരമായി മാറിയപ്പോൾ ജലവാഹകശേഷി അത്രകണ്ടു കുറഞ്ഞു. 1200 കിലോമീറ്റർ ദൈർഘ്യമുള്ള കനാലുകളാണ് കുട്ടനാട്ടിൽ ആകെയുള്ളത്. ഇവയുടെ ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കുകയാണ് അടിയന്തരശ്രദ്ധ പതിയേണ്ട മറ്റൊരു കാര്യം. ഏറ്റവും പ്രധാന തോടായ എ.സി തോടു പോലും ഇന്ന് സുഗമമായ നീരൊഴുക്കില്ലാത്ത ഒന്നാണ്. റോഡുകളെക്കാൾ തോടുകൾക്കായിരിക്കണം കുട്ടനാട്ടിൽ പ്രാധാന്യം നൽകേണ്ടത്. തോടുകൾക്ക് ബൈപാസുകൾ ഉണ്ടാകുന്നതും നന്ന്. വെള്ളപ്പൊക്കത്തെ അതിജീവിക്കത്തക്കവിധം കുട്ടനാട്ടിലെ റോഡുകളുടെ ഉയരം കൂട്ടേണ്ടതുമുണ്ട്. കുട്ടനാടിനു വേണ്ടത് ജലവിഭവ വകുപ്പല്ല, ജലനിർഗമന വകുപ്പാണ്. ഈ പ്രദേശത്തിെൻറ സവിശേഷത അതാണ്.
പുതിയ പാക്കേജിെൻറ പേരില്‍ ഇനി തർക്കങ്ങള്‍ നടക്കാം. കുട്ടനാട്ടില്‍ ഇതുവരെ നാശം വിതച്ചവർക്ക് രക്ഷപ്പെടാനുള്ള വഴി മാത്രമാകും അത്. അവിടെ നടത്തിയ അശാസ്ത്രീയ നിർമാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഇവര്‍ തയാറാകുമോ? അവ മാറ്റാതെ എങ്ങനെ കുട്ടനാടിനെ രക്ഷിക്കും? വെള്ളപ്പൊക്കവും അതിനു കാരണമാകുന്ന അതിവർഷവും ഇനിയും ആവർത്തിച്ചേക്കാം. ഒരുപക്ഷേ, ഈ വർഷത്തേക്കാള്‍ രൂക്ഷമാകാം. കാലാവസ്ഥ മാറ്റം എന്ന യാഥാർഥ്യം അംഗീകരിക്കാതെ ഇനി ഒരു വികസനപദ്ധതിയും ആസൂത്രണം ചെയ്യാന്‍ കഴിയില്ല. കുട്ടനാട് നമുക്ക് പലവിധ മുന്‍കൂര്‍ സൂചനകള്‍ നൽകിയിരുന്നു എന്ന വസ്തുതയും നിഷേധിക്കാന്‍ കഴിയില്ല. 1991ലാണ് മത്സ്യങ്ങള്‍ അജ്ഞാതരോഗം മൂലം കൂട്ടത്തോടെ ചത്തുപോയത്. സ്വാമിനാഥന് പാക്കേജ് ആരംഭിക്കുന്നതിനടുത്താണ് ശുദ്ധജലപ്പാമ്പുകളും ആമകളും അവിടെ വംശനാശഭീഷണി നേരിട്ടത്. ഈ അടുത്ത കാലത്താണ് താറാവുകള്‍ രോഗം വന്നു കൂട്ടക്കൊലക്ക് വിധേയരായത്. 2015ലാണ് ജപ്പാന് ജ്വരം മൂലം വലിയ ദുരന്തം ഉണ്ടായത്. ഈ സൂചനകളെല്ലാം കുട്ടനാടിെൻറ ദൗർബല്യങ്ങള്‍ തുറന്നുകാട്ടുന്നവയായിരുന്നു. അന്നൊക്കെ നമ്മള് അവയെ തൽക്കാലം നേരിട്ടുകൊണ്ട് അടിസ്ഥാനപ്രശ്നങ്ങളില്‍നിന്ന് ഒളിച്ചുകളിച്ചു.
ലോകത്തിലേക്കുംതന്നെ അതീവ ദുർബലമായ പാരിസ്ഥിതിക ഘടനയുള്ള കുട്ടനാടിനെ സംരക്ഷിക്കാന്‍ നാം അങ്ങേയറ്റം സൂക്ഷ്മതയോടെ ഇടപെടേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയത്തിെൻറ പിന്‍ബലത്തോടെ നടക്കുന്ന അഴിമതികള്‍ തടയപ്പെടേണ്ടതുണ്ട്. തദ്ദേശീയരെ വിശ്വാസത്തില്‍ എടുക്കണം. സുതാര്യമായ പ്രവർത്തനങ്ങള്‍ നടക്കണം. ഏറ്റവും ചുരുങ്ങിയത് ഇതിനകം നടന്ന തെറ്റുകള്‍ തിരുത്തപ്പെടണം. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഇതെല്ലാം നടക്കുമെന്ന് ആരാണ് ഉറപ്പാക്കുക?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
