Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആണവകരാറിന്​ പുതുജീവൻ

ആണവകരാറിന്​ പുതുജീവൻ

text_fields
bookmark_border
nuclear deal
cancel
camera_alt

ഇറാൻ ആണവകരാർ സംബന്ധിച്ച്​ വിയനയിൽ രാഷ്​ട്ര പ്രതിനിധികൾ ചർച്ചക്കിരുന്നപ്പോൾ

അമേരിക്കയും ഇറാനും തമ്മിലെ പോർവിളികൾ ലോകത്തി​െൻറ സമാധാനപൂർണമായ ജീവിതത്തിന്​ വലിയ ഭംഗമാണ്​ വരുത്തിവെക്കുന്നത്​. ഐക്യരാഷ്​ട്ര സംഘടനയും വൻശക്തികളും തലപുകഞ്ഞാലോചിച്ചിട്ടും ഇതിനൊരു പരിഹാരം തീർക്കാനും കഴിഞ്ഞില്ല. വിഷയസംബന്ധമായി ഐക്യരാഷ്​ട്ര സഭ രക്ഷാസമിതി അംഗങ്ങളായ റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാഷ്​ട്രങ്ങളുമായും ജർമനിയുമായും ഇറാൻ കഴിഞ്ഞമാസങ്ങളിൽ സംഭാഷണം നടത്തുകയുണ്ടായി. 2015ൽ ഒപ്പുവെച്ച ജെ.സി.പി.ഒ.എ കരാർ അതേപടി പുനഃസ്ഥാപിക്കുകയെന്നതാണ് യൂറോപ്യൻ യൂനിയനും റഷ്യയും ചൈനയുമെല്ലാം ആഗ്രഹിക്കുന്നത്. അതായിരിക്കും ലോകസമാധാനത്തിന്​സഹായകമാവുക എന്നവർ വിശ്വസിക്കുന്നു. എന്നാൽ, 2018ൽ കരാറിൽനിന്ന്​ ഏകപക്ഷീയമായി പിൻവാങ്ങവെ ഡോണൾഡ് ട്രംപ്​ ഭരണകൂടം അടിച്ചേൽപിച്ച തീവ്രമായ ഉപരോധങ്ങൾ പിൻവലിക്കണമെന്നാണ് ഇറാ​െൻറ ഉപാധി. കരാർ പുനഃസ്ഥാപിക്കുന്നതിൽ അമേരിക്കക്കും താൽപര്യമുണ്ട്. പ്രസിഡൻറ്​ ജോ ബൈഡൻ ഇത് തുറന്നുപറയുകയും ചെയ്​തു. പക്ഷേ, സന്ധിസംഭാഷണങ്ങൾക്ക് ആരു​ മുൻകൈയെടുക്കുമെന്നറിയാതെ കാര്യങ്ങൾ നീണ്ടുപോകുകയായിരുന്നു. എന്നാലിപ്പോൾ അമേരിക്കയുടെ ഇറാൻകാര്യങ്ങൾക്കായുള്ള പ്രത്യേക ദൂതൻ റോബ് മാലിയുടെ നേതൃത്വത്തിൽ ഒരു ദൗത്യസംഘംതന്നെ ഏപ്രിൽ ആറിനും 10നും വിയനയിൽ നടന്ന ആണവ സംഭാഷണത്തിൽ പങ്കെടുത്തത് പ്രത്യേകം പരാമര്‍ശമർഹിക്കുന്നു. ഏപ്രിൽ 15ന് പുനരാരംഭിച്ച ചര്‍ച്ച ഒരു തീരുമാനമാകുന്നതുവരെ തുടരുമെന്ന്​ പ്രതീക്ഷിക്കാം.

ഡോണൾഡ് ​ട്രംപി​െൻറ സമ്മാനം

രണ്ടു ദശകങ്ങളിലേറെയായി അന്താരാഷ്​ട്രതലത്തിൽ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്​ ഇറാെൻറ ആണവ സാങ്കേതിക വിദ്യ. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജം ഉപയോഗപ്പെടുത്താനാണ് തങ്ങൾ ആ​ഗ്രഹിക്കുന്നതെന്ന് ഇറാൻ വാദിക്കുന്നു. പ​േക്ഷ, അമേരിക്കയും യൂറോപ്യൻ രാഷ്​ട്രങ്ങളും സംശയിക്കുന്നത് ഇറാൻ ബോംബു നിര്‍മാണത്തിനൊരുങ്ങുകയാണെന്നാണ്. ഈയൊരു പശ്ചാത്തലത്തിലാണ് 2015ൽ ഇറാൻ-അമേരിക്ക ആണവ കരാർ എന്നറിയപ്പെടുന്ന സംയുക്ത സമഗ്ര ആണവ കർമപദ്ധതി (ജെ.സി.പി.ഒ.എ) നിലവിൽ വന്നത്. അഞ്ച്​ വൻശക്തി രാഷ്​ട്രങ്ങളും ജർമനിയും ഇതിൽ ഒപ്പുവെച്ചു. തങ്ങളുടെ മേൽ ചുമത്തപ്പെട്ട സാമ്പത്തിക ഉപരോധം പിൻവലിക്കുന്നതിന് സഹായകമാകുമെന്ന് കരുതിയാണ് ഇറാൻ കരാറിന് വഴങ്ങിയത്. എന്നാൽ, 2018ൽ ഡോണൾഡ്​ ട്രംപ്​ ഭരണകൂടം കരാറിൽനിന്ന്​ പിൻവാങ്ങുകയും വീണ്ടും ഇറാെൻറ മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്​തു.

അമേരിക്ക ഉപരോധം പിൻവലിച്ചാലേ ആണവ ചര്‍ച്ച പുനരാരംഭിക്കാവൂ എന്ന കാര്യത്തിൽ ഇറാനിലെ ഭരണ-പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടാണ്. അതേസമയം, യു.എസ് സെനറ്റംഗങ്ങൾക്കിടയിൽ ഇതിൽ അഭിപ്രായാന്തരങ്ങളുണ്ട്. ആൻറണി ബ്ലിങ്ക​െൻറ നേതൃത്വത്തിലെ വിദേശകാര്യ മന്ത്രാലയം പ്രശ്ന പരിഹാരത്തിനുള്ള എല്ലാ വഴികളും തേടുന്നു. കരാർ 2015ലേതുപോലെ പുനഃസ്ഥാപിക്കുകയാണ്​ അവരുടെ ലക്ഷ്യം. എന്നാൽ, ഇറാനെ കൂടുതൽ സമ്മർദത്തിലാക്കാൻ ഈ അവസരം എങ്ങനെ ഉപയോഗിക്കാമെന്നതിലാണ്​ സെനറ്റിലെ കഴുകന്മാരുടെ ശ്രദ്ധ. അവർ ആണവ കരാറിനോടൊപ്പം ഇറാ​െൻറ മിസൈൽ പദ്ധതികൂടി ചര്‍ച്ചചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ, വകവെച്ചുകൊടുക്കാൻ ഒരുക്കമല്ല അലി ഖാംനഈ. അമേരിക്കൻ ഉപരോധം ജൂണിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇറാനിലെ തീവ്രവാദ-യാഥാസ്ഥിക പക്ഷത്തിന് ഗുണംചെയ്യുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. യഥാർഥത്തിൽ, ഖാംനഈയുടെ കൂടെ നില്‍ക്കുന്ന യാഥാസ്ഥിതിക തീവ്രവാദപക്ഷത്തിന് ഡോണൾഡ് ​ട്രംപ്​ നൽകിയ സമ്മാനമാണ്​ കരാറിൽനിന്നുള്ള പിന്മാറ്റം.

അവ​സരോചിത തീരുമാനം

അമേരിക്ക ഉപരോധം പിൻവലിക്കാത്തതിനാൽ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്​ട്ര ആണവ ഏജന്‍സി (IAEA) നടത്തിവരുന്ന പരിശോധനകൾക്ക് ഇറാൻ അനുമതി നിഷേധിക്കാൻ ഒരുമ്പെട്ടു. 2021 ഫെബ്രുവരി 23 ആയിരുന്നു അതിെൻറ സമയപരിധി. എന്നാൽ, ഭാഗ്യവശാൽ, അവസാന നിമിഷം ഇറാൻ ശാഠ്യം മാറ്റിവെച്ചു. ആണവ ഏജന്‍സിയായ ഐ.എ.ഇ.എ അതിെൻറ ഉത്തരവാദിത്തം നിർവഹിച്ചു. ലോകരാഷ്​ട്രങ്ങളുടെ ഉത്​കണ്ഠ തൽക്കാലത്തേക്ക് വിട്ടുമാറിയെന്നാണ്​ ഇതിനെക്കുറിച്ച് ചെയർമാൻ റാഫേൽ ഗ്രോസി മാധ്യമങ്ങളോട്​ പ്രതികരിച്ചത്​.

രക്ഷാസമിതി അംഗങ്ങളെയും ജർമനിയെയും ഇറാൻ വിശ്വാസത്തിലെടുത്തിരിക്കുന്നതും അമേരിക്കയെ സമ്മർദത്തിലാക്കാൻ വേണ്ടിയാണ്. അതുവഴി എണ്ണ കയറ്റുമതി, ബാങ്കിങ്​, മറ്റു സാമ്പത്തിക മേഖലകളിലെ ഉപരോധം എന്നിവ മറികടക്കാൻ അവർ ആഗ്രഹിക്കുന്നു. അതേസമയം, ഇറാനെ ബോംബ് നിര്‍മാണത്തിന് സജ്ജമാക്കരുതെന്ന് അമേരിക്കയും ആഗ്രഹിക്കുന്നു. ഇത് സംബന്ധമായി ആൻറണി ബ്ലിങ്കൻ ഈയിടെ പറഞ്ഞത് ഇറാനുദ്ദേശിച്ചാൽ ഒരുമാസംകൊണ്ടോ, അല്ലെങ്കിൽ ഏതാനും ആഴ്ചകൾകൊണ്ടോ ബോംബ്​ നിര്‍മിക്കാൻ സാധിക്കുമെന്നാണ്. അതിനുള്ള പരിഹാരം ജെ.സി.പി.ഒ.എ പുനരാരംഭിക്കുക എന്നതുതന്നെയാണെന്ന്​ അവർ വിലയിരുത്തുന്നു.

ഇറാെൻറ അറ്റോമിക് എനർജി ഏജന്‍സി ഡയറക്ടർ അലി അക്ബർ സാലിഹ് ആണവ ചര്‍ച്ചകൾ സ്വാഗതാർഹമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. പ​േക്ഷ, ചര്‍ച്ചകൾ അമേരിക്കയുടെയോ യൂറോപ്യൻ രാഷ്​ട്രങ്ങളുടെയോ ഇസ്രായേലി​െൻറയോ ഇംഗിതങ്ങൾക്ക് വഴങ്ങിക്കൊണ്ടായിരിക്കരുതെന്ന് ഇറാന് നിർബന്ധമുണ്ട്. മൂന്നുമാസങ്ങൾക്കകം ആണവ കരാറിൽ തീരുമാനമായില്ലെങ്കിൽ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്​ട്ര ആണവ ഏജന്‍സി സ്ഥാപിച്ച നിരീക്ഷണ കാമറകൾ നീക്കംചെയ്യുമെന്ന് ഇറാൻ താക്കീത് നല്‍കുന്നു. അനുരഞ്ജനത്തിലേർപ്പെട്ടിരിക്കുന്ന വൻശക്തികൾ ആശങ്കപ്പെടുന്നത് ഇറാൻ അതിവേഗം ബോംബുമായി രംഗത്തുവന്നേക്കുമെന്നാണ്. അങ്ങനെവന്നാൽ അത് മിഡിലീസ്​റ്റിൽ പുതിയ സംഘർഷങ്ങൾക്ക് വഴിവെക്കും.

ഇസ്രായേലിന്‍റെ ബോംബുകൾ

ഇ​സ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ അഭിപ്രായത്തിൽ അമേരിക്ക ചെയ്ത ഏറ്റവും വലിയ അപരാധമാണ് ഈ കരാർ. അതെങ്ങനെയെങ്കിലും കുഴിച്ചുമൂടണമെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. ഇതിനുവേണ്ട കരുക്കൾ നീക്കുകയാണവർ. എന്നാൽ, രസകരമായ വസ്തുത ഇ​സ്രായേൽ ഇന്നുവരെയും ആണവായുധ വ്യാപനത്തിനെതിരെയുള്ള കരാറിൽ ഒപ്പുവെച്ചിട്ടില്ലെന്നതാണ്. ജറൂസലമിൽനിന്ന് 90 കിലോമീറ്റർ അകലെ ഡിമോണ പട്ടണത്തിൽ നിന്നകലെയല്ലാതെ സ്ഥിതിചെയ്യുന്ന മരുഭൂമിയിൽ 1950ൽ തുടങ്ങിയതാണ് ഇസ്രായേലിെൻറ ബോംബ്​ നിര്‍മാണം. ഇപ്പോൾ ഇസ്രായേലിെൻറ കൈവശം 80 ബോംബുകൾക്കുള്ള സാമഗ്രികളുണ്ടെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

മധ്യപൂർവ ദേശത്ത് ആണവായുധങ്ങളും ബോംബും രംഗത്തുകൊണ്ടുവന്നത് ഇസ്രായേലാണെന്ന വസ്തുത സൗകര്യപൂർവം വിസ്​മരിക്കുകയാണ്​ പാശ്ചാത്യശക്തികൾ. ഇക്കാര്യം അംഗീകരിക്കുകയും നടപടികൾ സ്വീകരിക്കുകയുമാണ് മിഡിലീസ്​റ്റിനെ ആണവമുക്തമാക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത്. എന്തുതന്നെയായാലും അനുരഞ്ജന ശ്രമങ്ങൾ തുടരുമെന്നും ജൂൺ 18ന് ഇറാൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനുമുമ്പ് രമ്യമായ തീരുമാനം മുന്നോട്ടുവെക്കാൻ ലോക നേതൃത്വത്തിനു സാധ്യമാകുമെന്നുമുള്ള പ്രതീക്ഷയിലാണ്​ ലോകമൊട്ടുക്കുമുള്ള സമാധാനകാംക്ഷികൾ.

Show Full Article
TAGS:nuclear deal 
News Summary - New life for nuclear deal
Next Story