Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightന​വ​മാ​ര്‍ജാ​ര​ന്‍

ന​വ​മാ​ര്‍ജാ​ര​ന്‍

text_fields
bookmark_border
ന​വ​മാ​ര്‍ജാ​ര​ന്‍
cancel

പൂച്ച കറുത്തിട്ടായാലും വെളുത്തിട്ടായാലും എലിയെ പിടിച്ചാല്‍ പോരേ എന്ന് മുമ്പൊരിക്കല്‍ വി.എസ് ചോദിച്ചിട്ടുണ്ട്. ഇരപിടിക്കാന്‍  നിറം നോക്കാതെ അന്ന് മൂന്നാറിലേക്ക് പല പൂച്ചകളെയാണ് വി.എസ് പറഞ്ഞുവിട്ടത്. എങ്ങനെ വീണാലും നാലുകാലില്‍ വീഴുന്ന ജീവികളാണല്ലോ പൂച്ചകൾ. അത് മാര്‍ജാരസമൂഹത്തി​െൻറ സവിശേഷസിദ്ധിയാണ്. ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണ് പുതിയ പൂച്ചയായി അവരോധിക്കപ്പെട്ടിരിക്കുന്നത്. ഇയാള്‍ നാലു കാലിലേ പോവൂ എന്ന് എസ്. രാജേന്ദ്രന്‍ എം.എൽ.എ പറഞ്ഞത് രണ്ടുതരത്തില്‍ വ്യാഖ്യാനിക്കാവുന്നതാണ്. ഒന്ന്, ശ്രീറാം വെങ്കിട്ടരാമനെ അനധികൃത കൈയേറ്റക്കാരായ മൂഷികരെ പിടിക്കുന്ന മാര്‍ജാരനായി അദ്ദേഹം പരിഗണിച്ചിട്ടില്ല. അതായത് ശ്രീറാം, മനുഷ്യന്‍ എന്ന വര്‍ഗത്തില്‍പെട്ട ഇരുകാലിമൃഗമാണ്. ഇരുകാലി നാലുകാലിലേ പോവൂ എന്നു പറയുമ്പോള്‍ രണ്ടുകാലുകളും തല്ലിയൊടിക്കുമെന്നാണ് വിവക്ഷ. ഇരുകാലിമൃഗമായ മനുഷ്യ​െൻറ കൈകള്‍ കൂടി കാലുകളാക്കി പരിവര്‍ത്തിപ്പിച്ചുകൊണ്ടുള്ള ഒരു ഓപറേഷനാണ് അദ്ദേഹം ഉദ്ദേശിച്ചത്. പൂച്ചയായി ശ്രീറാമിനെ അംഗീകരിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അങ്ങനെയൊരു പരാമര്‍ശം അദ്ദേഹത്തില്‍നിന്നുണ്ടാവുമായിരുന്നില്ല. കാരണം, പൂച്ച നാലുകാലുള്ള ജീവിയാണ് എന്നറിയാത്ത ആളല്ല എസ്. രാജേന്ദ്രന്‍ എം.എൽ.എ. അത്രക്കുള്ള ലോകവിവരമെങ്കിലും അദ്ദേഹത്തിനുണ്ടെന്ന് നമ്മള്‍ സമ്മതിച്ചേ പറ്റൂ. രണ്ടാമത്തെ വ്യാഖ്യാനം ശ്രീറാമിനുള്ള പ്രശംസയോ മുഖസ്തുതിയോ ആയി കാണേണ്ടിവരും. ഇരുകാലിയായ കേവലം മനുഷ്യനായി വന്ന ആള്‍ ഇരപിടിക്കുന്ന പൂച്ചയായാണ് മടങ്ങുക എന്നതാണ് അതിലെ വിവക്ഷ. അതാണ് നാലുകാലില്‍ മടങ്ങും എന്നു പറഞ്ഞതി​െൻറ അര്‍ഥം. കൈയേറ്റങ്ങള്‍ക്കെതിരെ ശ്രീറാം ശക്തമായ നടപടിയെടുക്കും എന്നുതന്നെയാണ് എം.എൽ.എ ഉദ്ദേശിച്ചിരിക്കുന്നത്.

വയസ്സിപ്പോള്‍ മുപ്പതായിട്ടേയുള്ളൂ. ചെറുപ്പത്തി​െൻറ ചോരത്തിളപ്പാണ് എന്നൊക്കെ കാരണവന്മാർ പറയും. ഇടുക്കിയിലെ ദേവികുളത്ത് സര്‍ക്കാര്‍ ഭൂമി കൈയേറിയത് ഒഴിപ്പിക്കാന്‍ പോയതാണ് വിനയായത്. അതോടെ കൈയും കാലും ഇന്‍ഷുര്‍ ചെയ്യേണ്ട ഗതിയായി. ജനങ്ങളുടെ പേരില്‍ കൈയൂക്കു കാട്ടലാണ് ജനാധിപത്യം എന്നാണ് അവിടത്തെ പഞ്ചായത്ത് അംഗം വിചാരിച്ചുവെച്ചിരിക്കുന്നത്. അദ്ദേഹം ഭരണകക്ഷിയില്‍ പെട്ടയാളാണ്. അതുകൊണ്ട് അധികാരത്തി​െൻറ ഹുങ്കുണ്ട്. പാര്‍ട്ടിക്കാണെങ്കില്‍ സംഘടിതശക്തിയുമുണ്ട്. അപ്പോള്‍ ന്യായം സബ് കലക്ടറുടെ പക്ഷത്താണെങ്കിലും ഒന്ന് തുരത്താന്‍ തോന്നും. സര്‍ക്കാറി​െൻറ തീരുമാനം അനുസരിച്ച് ഒഴിപ്പിക്കാന്‍ വന്നവരെ ഭരണകക്ഷിയിലെ പ്രവര്‍ത്തകര്‍ തടഞ്ഞത് എന്തിനാണ് എന്ന് ചാനലുകള്‍ക്കു മുന്നില്‍ മിഴിച്ചുനില്‍ക്കുന്ന ജനത്തിന് മനസ്സിലായിട്ടുണ്ട്. ശ്രീറാമി​െൻറ നടപടികൊണ്ട് അത്രയെങ്കിലും ഗുണം നാടിനുണ്ടായി. കൈയും കാലുമില്ലാതെ ഇയാള്‍ മടങ്ങിപ്പോവുമെന്ന് ഒരു ജനപ്രതിനിധി പറഞ്ഞതോടെ കൈയേറ്റക്കാര്‍ ആരൊക്കെയെന്ന് പൊതുജനമാകുന്ന കഴുതക്ക് ബോധ്യമായി. ഒഴിപ്പിക്കാന്‍ വന്ന റവന്യൂ ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന് പൊലീസ് തയാറായില്ല എന്നോര്‍ക്കണം. അപ്പോള്‍ കൈയേറ്റത്തിന് കുടപിടിക്കുന്നത് ആരാണെന്ന് മനസ്സിലാവും.

പൂര്‍വാശ്രമത്തില്‍ ഡോക്ടറായിരുന്നു ശ്രീ. സമൂഹത്തെ ചികിത്സിക്കുന്നതിനു മുമ്പ് മനുഷ്യനെ ചികിത്സിക്കാനാണ് വൈദ്യം പഠിച്ചത്. പാവപ്പെട്ട രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ സര്‍വിസില്‍ ജോലി ചെയ്യണമെന്നായിരുന്നു ആഗ്രഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് നേടിയത് അതിനാണ്. പിന്നീട് ജനറല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദമെടുക്കുന്നതിന് ഒഡിഷയിലേക്ക് വണ്ടികയറി. അതിനിടയില്‍ എപ്പോഴോ ജനസേവനമെന്ന ആഗ്രഹം മനസ്സിനെ കീഴ്പ്പെടുത്തിയപ്പോള്‍ സിവില്‍ സര്‍വിസ് പരീക്ഷ എഴുതിയിരുന്നു. അതിന് കിട്ടിയത് അഖിലേന്ത്യ തലത്തില്‍ രണ്ടാംറാങ്ക്. അതോടെ കരിയറി​െൻറ ദിശമാറി. ആതുരസേവനം ജനസേവനത്തിനു വഴിമാറി. വെള്ളക്കുപ്പായം ഊരിവെച്ച് നേരെ ചുവപ്പുനാട ചുറ്റിയ ഇന്ത്യന്‍ ഭരണ സര്‍വിസി​െൻറ അരങ്ങിലേക്ക് നടന്നുകയറുമ്പോള്‍ പൊതുജനാരോഗ്യസംവിധാനത്തെ മുഴുവനായി അഴിച്ചുപണിയാന്‍ കഴിയും എന്ന പ്രതീക്ഷയുണ്ടായിരുന്നു മനസ്സിൽ. ഡോക്ടര്‍ ശ്രീറാം ഇപ്പോള്‍ സമൂഹത്തെ ബാധിച്ച അഴിമതി എന്ന അര്‍ബുദത്തെയാണ് ചികിത്സിക്കാന്‍ ശ്രമിക്കുന്നത്.  സിവില്‍ സര്‍വിസില്‍ 2013 ബാച്ചില്‍പെട്ട ശ്രീറാം പത്തനംതിട്ട അസി. കലക്ടറായിരുന്നു. കുറച്ചുകാലം ഡല്‍ഹിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പില്‍ അസി. സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

തിരുവല്ലയില്‍ സബ് കലക്ടറായിരിക്കുമ്പോള്‍ 2016 ജൂലൈ 22നാണ് ദേവികുളത്തേക്ക് നിയോഗിക്കപ്പെട്ടത്. മൂന്നാറിലെത്തിയതോടെ അനധികൃത നിര്‍മാണങ്ങള്‍ക്കും കൈയേറ്റത്തിനുമെതിരെ ശക്തമായ നടപടി ആരംഭിച്ചു. നൂറോളം അനധികൃത റിസോര്‍ട്ടുകള്‍ക്ക് സ്റ്റോപ് മെമ്മോ കൊടുത്തു. പല കൈയേറ്റങ്ങളും ഒഴിപ്പിച്ചു. രാഷ്ട്രീയ നേതാക്കളുടെ കൈയേറ്റങ്ങളില്‍ കൈവെച്ചതോടെ പലരുടെയും കണ്ണിലെ കരടായി. കലക്ടറെക്കൊണ്ട് മാപ്പുപറയിക്കുമെന്ന് വീമ്പടിച്ചവര്‍ ഏറെ. സബ് കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചക്കാലം സത്യഗ്രഹമിരുന്നത് ഭരണകക്ഷിയുടെ പോഷകസംഘടനയായ കര്‍ഷകസംഘത്തി​െൻറ പ്രവര്‍ത്തകർ. ദേവികുളം താലൂക്കിലെ എട്ട് വില്ലേജുകളിലെ കര്‍ഷകര്‍ക്കെതിരെ നടപടിയെടുക്കുന്നു എന്നായിരുന്നു ആരോപണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടാണ് ഇവര്‍ സമരം പിന്‍വലിച്ചത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖര​െൻറ പിന്തുണയുള്ളതുകൊണ്ട് മുന്നോട്ടുപോവുന്നു.

കടുത്ത പരിസ്ഥിതിവാദിയൊന്നുമല്ല. വികസനവിരോധിയുമല്ല. പക്ഷേ, കൈയേറ്റത്തിനെതിരെ സന്ധിയില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഏതെങ്കിലും ചിലര്‍ പ്രതിഷേധിച്ചാല്‍ പിന്മാറുന്ന ആളല്ലെന്ന് മുന്നറിയിപ്പുകൊടുത്തിട്ടുമുണ്ട്.  കൂടിവന്നാല്‍ കിട്ടാവുന്നത് ഒരു സ്ഥലംമാറ്റമാണ്. ആരും തൂക്കിക്കൊല്ലുകയൊന്നുമില്ലല്ലോ. അങ്ങനെയൊരു ധൈര്യമാണ് മുന്നോട്ടു നയിക്കുന്നത്.

മോട്ടോര്‍ സൈക്കിള്‍ യാത്രയിലാണ് ചെഗുവേര ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തി​െൻറ ദുരിത ജീവിതം കണ്ടറിഞ്ഞത്. ശ്രീറാം ഇന്ത്യയെ കണ്ടെത്തിയതും മോട്ടോര്‍ സൈക്കിളിലാണ്. ബുള്ളറ്റില്‍ പറക്കലാണ് പ്രധാന ഹോബി. കൗമാരകാലത്ത് സ്വന്തമായി ഒരു ബൈക്ക് കിട്ടാന്‍ വീട്ടില്‍ നിരാഹാരം കിടന്നിട്ടുണ്ട്. മുതിര്‍ന്നപ്പോള്‍ ബൈക്കിലുള്ള സാഹസികയാത്ര ഒരു ഹരമായി. ഐ.എ.എസ് പരിശീലനത്തി​െൻറ ഭാഗമായുള്ള ഭാരതദര്‍ശന്‍ യാത്രയിലാണ് ഇന്ത്യയെ മുഴുവനായി ദര്‍ശിച്ചത്. ഡല്‍ഹിയില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ അന്തമാന്‍ വരെ നീണ്ട യാത്രയില്‍ സ്വന്തം നാടിനെ അടുത്തറിഞ്ഞു. വിശപ്പും പട്ടിണിയും രോഗങ്ങളുമായി മല്ലിടുന്ന ജനതയെ കണ്ടു. സമീപകാലത്ത് അടുത്ത സുഹൃത്തുക്കളുമൊത്ത് ലഡാക്ക് വരെ ബൈക്ക് വാടകക്കെടുത്ത് ഒരു യാത്ര നടത്തി. കാറുണ്ടെങ്കിലും കറങ്ങാന്‍ കയറുന്നത് റോയല്‍ എന്‍ഫീല്‍ഡിൽ.

മൂന്നാറിലെ പൂച്ചക്ക് നായ്ക്കളെ വലിയ ഇഷ്ടമാണ്. അപകടത്തില്‍ കാലൊടിഞ്ഞ് ബംഗളൂരുവിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന നായ്ക്കുട്ടിയെ ദത്തെടുത്തത് ഈയിടെയാണ്. അവന് റേ എന്ന് പേരിട്ട് വളര്‍ത്തുന്നു. എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശിയാണ്. റിട്ട. അധ്യാപകനും കരിയര്‍ ഗൈഡന്‍സ് വിദഗ്ധനുമായ ഡോ. പി.ആർ. വെങ്കിട്ടരാമനാണ് പിതാവ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാടിവട്ടം കമേഴ്സ്യല്‍ ബ്രാഞ്ചില്‍ സീനിയര്‍ സ്പെഷലിസ്റ്റായി  ജോലിചെയ്യുന്ന രാജം രാമമൂര്‍ത്തിയാണ് അമ്മ. സഹോദരി ഡോ. ലക്ഷ്മി ബംഗളൂരുവില്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദംചെയ്യുന്നു.

Show Full Article
TAGS:madhyamam editorial 
News Summary - new cat
Next Story