
ഇസ്രായേലിനെ തീവ്രദേശീയതയും വംശീയതയും കാത്തുസൂക്ഷിക്കുന്ന ജൂതരാഷ്ട്രമായി പരിവർത്തിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു നെതന്യാഹു. അതിനുവേണ്ടി അദ്ദേഹം എല്ലാ മാർഗങ്ങളും അവലംബിച്ചു. ഡോണൾഡ് ട്രംപിനെയും ജാരിദ് കുശ്നറെയും അദ്ദേഹം ഉപയോഗപ്പെടുത്തി. അങ്ങനെയാണ് ജറൂസലം ഇസ്രായേലിെൻറ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെടുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ജൂതസമൂഹം തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് മേൽക്കൈ നൽകാതിരുന്നത്? ബെന്നി ഗാൻറിസിെൻറ നിലപാട് വളരെ അവ്യക്തമായിരുന്നുവെന്നു പറയുന്നതാകും ശരി. നെതന്യാഹുവിെൻറ താത്ത്വിക വീക്ഷണങ്ങളെയൊന്നും അദ്ദേഹം എതിർത്തില്ല. എന്നാൽ, സൈനിക മേധാവിയെന്ന നിലക്ക് അദ്ദേഹം തെൻറ ധീരസേവനങ്ങളെ എടുത്തുകാണിച്ചു. രണ്ടു പേർക്കും കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകൾ 120 ൽ 61 ലഭിച്ചില്ലെന്നത് ശരിയാണെങ്കിലും നെതന്യാഹുവിനെ ജനങ്ങൾ പിന്തള്ളുമെന്നു ആരും പ്രതീക്ഷിച്ചില്ല. ഇതിനർഥം ഇസ്രായേലുകാർ ആഗ്രഹിക്കുന്നത് സൈനികമുന്നേറ്റങ്ങളും അധിനിവേശവുമല്ല, സമാധാനജീവിതം നയിക്കാനുള്ള അവസരമാണെന്നാണ്. ഇസ്രായേലിലെ അറബ്സമൂഹമാണ് തെരഞ്ഞെടുപ്പിൽ വിജയം നേടിയതെന്നു പറയാം. അവരുടെ കൂട്ടായ്മയായ ‘അറബ് ജോയിൻറ് ലിസ്റ്റ്’ പതിമൂന്നു സീറ്റുകൾ നേടി ‘നെസറ്റി’ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
അവിഗ്ദോർ ലിബർമാെൻറ ‘യിസ്രയീൽ ബൈത്തുനാ’ എന്ന തീവ്ര വലതുപക്ഷ പാർട്ടിക്ക് പത്ത് സീറ്റുകൾ ലഭിച്ചതാണ് ഇതിന് അപവാദം. അവർക്ക് കഴിഞ്ഞ തവണത്തെക്കാൾ നാലു സീറ്റുകൾ അധികം ലഭിച്ചു. എല്ലാം പരിഗണിക്കുമ്പോൾ ‘സെക്കുലർ നാഷനൽ യൂനിറ്റി’ എന്ന പേരിൽ ഒരു സഖ്യകക്ഷി ഭരണം നിലവിൽ വരുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. ഇതിൽ ‘ബ്ലൂ -വൈറ്റ്’ പാർട്ടിയും, ഇടതുപക്ഷ പാർട്ടികളും, ലിബർമാെൻറ ‘യിസ്രായീൽ ബൈത്തുനാ’യും ഭാഗഭാക്കായിരിക്കുമെന്നും അവരെ ‘അറബ് ജോയിൻറ് ലിസ്റ്റ്’ പിന്തുണക്കുമെന്നും കരുതിയിരുന്നു. ‘അറബ് ജോയിൻറ് ലിസ്റ്റി’െൻറ പ്രഥമ പരിഗണന ഭരണപങ്കാളിത്തത്തേക്കാൾ നെതന്യാഹുവിനെ ഭരണത്തിൽ നിന്നു മാറ്റി നിർത്തുക എന്നതിലാണ്. കാരണം, തെരഞ്ഞെടുപ്പിെൻറ പേരിൽ മാപ്പർഹിക്കാത്ത ക്രൂരതക്കാണ് നെതന്യാഹു തുടക്കം കുറിച്ചത്.

താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ജോർഡൻ താഴ്വര ഇസ്രായേലിനോടു കൂട്ടിച്ചേർക്കുമെന്നു അദ്ദേഹം നിർലജ്ജം പ്രഖ്യാപിച്ചു. ബ്രിട്ടൻ ഉൾപ്പെടെയുള്ള ഇസ്രായേലിെൻറ സുഹൃത്തുക്കളൊക്കെ ഇതിനെ എതിർത്തു. എന്നിട്ടും, അദ്ദേഹം കുലുങ്ങിയില്ല! ഗലീലി ഉൾക്കടലിനും ചാവുകടലിനുമിടയിൽ സ്ഥിതിചെയ്യുന്ന ജോർഡൻ താഴ്വരയുടെ മുനമ്പ് 1967ലെ യുദ്ധത്തിൽ ഇസ്രായേൽ കൈവശപ്പെടുത്തിയതാണ്. ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം യഥാർഥത്തിൽ ഇസ്രായേൽ അതു ഫലസ്തീനിനു വിട്ടുകൊടുക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് വാസ്തവത്തിൽ നെതന്യാഹുവിെൻറ ജൽപനങ്ങൾക്കു മേലുള്ള ഹിതപരിശോധനയായിരുന്നു. പക്ഷേ, വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഇപ്പോൾ മന്ത്രിസഭാരൂപവത്കരണം വീണ്ടും നെതന്യാഹുവിെൻറ കരങ്ങളിലെത്തിയിരിക്കുന്നു. തൽക്കാലം, കോടതിയിൽ നിന്നു രക്ഷപ്പെടാൻ പ്രധാനമന്ത്രി പദത്തിലെത്തേണ്ടത് അദ്ദേഹത്തിെൻറ വ്യക്തിപരമായ താൽപര്യമാണ്. അതുകൊണ്ട്, അദ്ദേഹം വിട്ടുവീഴ്ചകൾക്ക് സന്നദ്ധനാകുമെന്നാണ് കരുതുന്നത് .
ഇസ്രായേൽ പശ്ചിമേഷ്യയിലെ ഏറ്റവും സൈനികശേഷിയുള്ള രാഷ്ട്രമാണ്. എന്നാൽ, ഏറെ അസ്വസ്ഥവും അസമാധാനപൂർണവുമായ ജീവിതത്തിെൻറ ഉടമകളാണവർ. നെതന്യാഹു പറയുന്നത് അദ്ദേഹത്തിന് മാത്രമേ ഇസ്രായേലിനു സമാധാനം നൽകാൻ കഴിയുകയുള്ളൂ എന്നാണ്. തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്ന് നെതന്യാഹുവും ഡോണൾഡ് ട്രംപും പരസ്പരം പുഞ്ചിരി തൂകി നിൽക്കുന്ന ഒരു ചിത്രമായിരുന്നു. വൻശക്തികളുമായി-പ്രത്യേകിച്ചും അമേരിക്കയുമായി – കൈകോർത്തു പിടിക്കാനുള്ള കൗശലം തനിക്കു മാത്രമാണെന്ന അവകാശവാദമായിരുന്നു ഇവിടെ പ്രകടിപ്പിക്കപ്പെട്ടത്.

നെതന്യാഹുവിെൻറ ലിക്വിഡ് പാർട്ടിയുടെ എതിർകക്ഷി ബെന്നി ഗാൻറിസിെൻറ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയാണെന്ന് പറഞ്ഞല്ലോ. ബ്ലൂ ആൻഡ് വൈറ്റിനെ നയിക്കുന്നതിൽ ബെന്നിക്ക് കൂട്ട് യേർ ലാപിഡ് എന്ന ചാനൽ വിട്ടു രാഷ്ട്രീയത്തിലേക്കു കടന്ന വ്യക്തിയാണ്. രണ്ടു പേരും രാഷ്ട്രീയത്തിൽ പുതു മുഖങ്ങളാണ്. എന്നാൽ, ഏറെക്കാലം രാഷ്ട്രീയം പയറ്റിയ - ഇസ്രായേലിെൻറ സ്ഥാപകപിതാവ് ഡേവിഡ് ബെൻഗൂരിയനെക്കാൾ ഏറെക്കാലം- വ്യക്തിയാണ് നെതാന്യാഹു. ഈ ഒരു പശ്ചാത്തലം കൊണ്ടാകണം ‘ബ്ലൂ ആൻഡ് വൈറ്റ് പാർട്ടി’ മന്ത്രിസഭ രൂപവത്കരണത്തിൽ നിന്നു പിന്മാറേണ്ടി വന്നത്. നെതന്യാഹുവിനെതിരെ അഴിമതി ആരോപണങ്ങൾ നിലനിൽക്കേ അദ്ദേഹവുമായി യോജിച്ചു പോകാൻ സാധ്യമല്ലെന്നാണ് ‘ബ്ലൂ ആൻഡ് വൈറ്റി’െൻറ നിലപാട്. ഇതുകാരണം, മന്ത്രിസഭാ രൂപവത്കരണത്തിെൻറ ഉത്തരവാദിത്തം നെതന്യാഹുവിെൻറ കരങ്ങളിൽതന്നെ വന്നു പെട്ടിരിക്കുന്നു. ഇതെങ്ങനെയെങ്കിലും വിജയിപ്പിക്കേണ്ടത് അദ്ദേഹത്തിന് ആവശ്യമാണ്. കാരണം, ഒക്ടോബർ രണ്ടിനാണ് അദ്ദേഹത്തിനെതിരെയുള്ള അഴിമതിക്കേസുകൾ വിചാരണക്കു വരുന്നത്.
പ്രധാനമന്ത്രിപദവിക്ക് അർഹനാകുന്നതോടെ അഴിമതി ആരോപണങ്ങളിൽനിന്നു തൽക്കാലത്തേക്ക് അദ്ദേഹത്തിന് രക്ഷപ്പെടാമല്ലോ! എന്നാൽ, സംഗതി എളുപ്പമല്ലെന്നാണ് നിരീക്ഷണ മതം. “പ്രസിഡൻറ് റൂവിൻ റിവ്ലിന് തൊപ്പിയിൽ നിന്നു മുയലിനെ പുറത്തെടുക്കാൻ ആകുമോ, എങ്കിൽ, നെതന്യാഹുവിെൻറ ശ്രമവും വിജയിച്ചുവെന്നു വരാം”-ഇതൊരു പ്രതിപക്ഷ അഭിപ്രായം മാത്രമാണ്.
●