നെൽസൺ മണ്ടേല; മനുഷ്യാവകാശത്തിന്റെ രാഷ്ട്രീയം
text_fieldsചരിത്രത്തിൽ ചില വ്യക്തികൾ ഒരു രാജ്യത്തിന്റെ രാഷ്ട്രീയത്തെ മാറ്റുന്നു. ചിലർ ഭരണസംവിധാനങ്ങളെ മാറ്റുന്നു. അപൂർവം ചിലർ മനുഷ്യസമൂഹത്തിന്റെ ധാർമികബോധത്തെത്തന്നെ മാറ്റിമറിക്കുന്നു; നെൽസൺ മണ്ടേലയെപ്പോലെ. അദ്ദേഹത്തിന്റെ മഹത്വം ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്തവർഗ പ്രസിഡന്റായതിലോ ഇരുപത്തിയേഴു വർഷത്തെ തടവുജീവിതം അതിജീവിച്ചതിലോ മാത്രം ഒതുങ്ങുന്നില്ല. മനുഷ്യാവകാശങ്ങളെ ഒരു രാഷ്ട്രീയ മുദ്രാവാക്യത്തിൽ നിന്ന് മനുഷ്യ അന്തസ്സിന്റെ സാമൂഹിക ദർശനമാക്കി ഉയർത്തിയതാണ് മണ്ടേലയുടെ ഏറ്റവും വലിയ സംഭാവന. ലോകം ‘നെൽസൺ മണ്ടേല അന്താരാഷ്ട്ര ദിനം’ ആചരിക്കുന്ന ഈ വേളയിൽ, ഒരു നേതാവിന്റെ ജന്മദിനം ആഘോഷിക്കുന്നതിലുപരി മനുഷ്യചരിത്രത്തിലെ അപൂർവമായ ഒരു സാമൂഹിക പരിവർത്തനത്തെ ഓർമിക്കുകയാണ്.
ഒരു മനുഷ്യന് ഒരു സമൂഹത്തിന്റെ മൂല്യവ്യവസ്ഥയെ മാറ്റാൻ കഴിയുമോ എന്ന ചോദ്യത്തിനുള്ള ഉജ്ജ്വലമായ ഉത്തരമാണ് നെൽസൺ മണ്ടേലയുടെ ജീവിതം. വർണവിവേചനം ഏതാനും വ്യക്തികളുടെ മുൻവിധികളുടെ ഫലമായിരുന്നില്ല. അത് ഭരണകൂടം അംഗീകരിക്കുകയും നിയമം സംരക്ഷിക്കുകയും വിദ്യാഭ്യാസം ന്യായീകരിക്കുകയും സമ്പദ്വ്യവസ്ഥ നിലനിർത്തുകയും ചെയ്ത ഘടനാപരമായ ഒരു അസമത്വം ആയിരുന്നു. മണ്ടേലയുടെ പോരാട്ടം മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന ആ വ്യവസ്ഥിതിക്കെതിരായിരുന്നു.
സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം വിവേചനങ്ങൾ മനുഷ്യരുടെ മനോഭാവങ്ങളിലും സാംസ്കാരിക ശീലങ്ങളിലും വിദ്യാഭ്യാസത്തിലും മാധ്യമങ്ങളിലും ദൈനംദിന ജീവിതരീതികളിലും പതിഞ്ഞുകിടക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യാവകാശങ്ങൾ ഭരണഘടനയുടെ ഭാഷയിൽ മാത്രം ഒതുങ്ങിയാൽ പോരാ, അവ മനുഷ്യബന്ധങ്ങളുടെ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടണം. അവകാശം എന്നത് കോടതിയിൽ നേടിയെടുക്കേണ്ട ഒരു നിയമപദവി മാത്രമല്ല; സമൂഹം പരസ്പരം നൽകുന്ന അംഗീകാരവും ബഹുമാനവും അന്തസ്സുമാണെന്ന് മണ്ടേല ലോകത്തെ പഠിപ്പിച്ചു.
ഇവിടെയാണ് അദ്ദേഹത്തിന്റെ ചിന്ത സാമൂഹികശാസ്ത്രത്തിന്റെ പരിധിയിലേക്ക് പ്രവേശിക്കുന്നത്. ഒരു സമൂഹത്തിന്റെ യഥാർഥ ശക്തി അതിന്റെ സൈനികബലത്തിലോ സാമ്പത്തിക വളർച്ചയിലോ അല്ല, മറിച്ച് വ്യത്യസ്തരായ മനുഷ്യർ ഒരുമിച്ച് ജീവിക്കാൻ പഠിച്ച സാമൂഹിക സംസ്കാരത്തിലാണെന്ന് അദ്ദേഹം തെളിയിച്ചു. മനുഷ്യാവകാശങ്ങൾ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾ മാത്രം സംരക്ഷിക്കുന്നതല്ല; അടിച്ചമർത്തുന്നവരെ മനുഷ്യത്വമുള്ളവരാക്കി മാറ്റുന്ന ഒരു പ്രക്രിയ കൂടിയാണെന്ന് മണ്ടേല വിശ്വസിച്ചു. പ്രതികാരത്തിന്റെ രാഷ്ട്രീയം പുതിയ ശത്രുക്കളെ സൃഷ്ടിക്കുമ്പോൾ, അനുരഞ്ജനത്തിന്റെ രാഷ്ട്രീയം പുതിയ ഉത്തമപൗരരെയാണ് വാർത്തെടുക്കുന്നത്. മണ്ടേല രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്.
ഉബുണ്ടു: മനുഷ്യനെ മനുഷ്യനാക്കുന്ന ചിന്ത
മണ്ടേലയുടെ ചിന്തയുടെ ആത്മാവ് ആഫ്രിക്കൻ ദാർശനിക പാരമ്പര്യമായ ‘ഉബുണ്ടു’വിലാണ്. ‘‘ഞാൻ ഉണ്ട്, കാരണം നാം ഉണ്ട്’’ എന്ന ഈ ആശയം വ്യക്തിയെ സമൂഹത്തിൽ നിന്ന് വേർതിരിച്ച് കാണുന്ന ആധുനിക വ്യക്തിവാദത്തിന് ശക്തമായ ഒരു ബദലാണ്. സമൂഹശാസ്ത്രപരമായി ഉബുണ്ടുവിൽ ഒരു ജീവിതതത്ത്വം മാത്രമല്ല അടങ്ങിയിരിക്കുന്നത്; അതൊരു സാമൂഹിക സിദ്ധാന്തം കൂടിയാണ്. മനുഷ്യന്റെ വ്യക്തിത്വം രൂപപ്പെടുന്നത് പരസ്പര ബന്ധങ്ങളിലൂടെയാണ്. മറ്റൊരാളുടെ അന്തസ്സിനെ നിഷേധിക്കുന്ന നിമിഷം നമ്മുടെ സ്വന്തം മാനവികതയും നഷ്ടമാകുന്നു. അതുകൊണ്ടാണ് മണ്ടേല മനുഷ്യാവകാശങ്ങളെ കേവലമൊരു പട്ടികയായി കാണാതെ പരസ്പര ബഹുമാനത്തിന്റെ സംസ്കാരമായി ദർശിച്ചത്.
ലോകചരിത്രത്തിലെ മഹത്തായ സാമൂഹിക പരിഷ്കർത്താക്കളെ ഓർക്കുമ്പോൾ മഹാത്മാഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, നെൽസൺ മണ്ടേല എന്നിവരെ ഒരേ നിരയിൽ കാണാം. എന്നാൽ ഓരോരുത്തരുടെയും സംഭാവന വ്യത്യസ്തമാണ്. ഗാന്ധി അഹിംസയെ രാഷ്ട്രീയ സമരത്തിന്റെ ആയുധമാക്കി. അംബേദ്കർ സാമൂഹിക സമത്വത്തെ ഭരണഘടനയുടെ ആത്മാവാക്കി. മാർട്ടിൻ ലൂഥർ കിങ് അമേരിക്കയിൽ പൗരാവകാശസമരത്തിന് പുതിയ ദിശ നൽകി. മണ്ടേല ഇവരിൽ നിന്ന് വ്യത്യസ്തനാകുന്നത് അനുരഞ്ജനത്തെ രാഷ്ട്രനിർമാണത്തിന്റെ അടിസ്ഥാനതത്വമാക്കിയതിലൂടെയാണ്. ജനാധിപത്യം തിരഞ്ഞെടുപ്പുകളിലൂടെ മാത്രം നിലനിൽക്കില്ലെന്നും, പരസ്പരവിശ്വാസത്തിലൂടെയും സാമൂഹിക നീതിയിലൂടെയും മാത്രമേ അതിന് ദീർഘായുസ്സുണ്ടാകൂ എന്നും അദ്ദേഹം നമ്മെ പഠിപ്പിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് വംശീയതയും മതവിദ്വേഷവും കുടിയേറ്റവിരുദ്ധതയും സാമൂഹിക അസമത്വവും ശക്തിപ്പെടുകയാണ്. ഡിജിറ്റൽ ഇടങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിനൊപ്പം വിദ്വേഷത്തിന്റെയും തെറ്റായ വിവരങ്ങളുടെയും വേദിയായി മാറുന്നു. രാഷ്ട്രീയ ധ്രുവീകരണം ജനാധിപത്യത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. ഇവിടെ മണ്ടേലയുടെ സന്ദേശം വീണ്ടും പ്രസക്തമാകുന്നു. വിദ്യാലയങ്ങളിലും കുടുംബങ്ങളിലും തൊഴിലിടങ്ങളിലും രാഷ്ട്രീയസംസ്കാരത്തിലും നമ്മുടെ ദൈനംദിന ജീവിതയിലും ആ മൂല്യങ്ങൾ പടരുമ്പോൾ മാത്രമേ നിയമങ്ങൾക്ക് ജീവനുണ്ടാകൂ.
കേരളം പോലുള്ള വൈവിധ്യമാർന്ന സമൂഹങ്ങൾക്കും ഈ സന്ദേശത്തിന് വലിയ പ്രസക്തിയുണ്ട്. ജാതി, മതം, ഭാഷ, വർഗം എന്നീ വ്യത്യാസങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിൽ നിയമങ്ങൾക്കപ്പുറം പരസ്പര ബഹുമാനത്തിന്റെ ഒരു സംസ്കാരം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. മനുഷ്യാവകാശങ്ങളുടെ രാഷ്ട്രീയം ഒടുവിൽ മനുഷ്യബന്ധങ്ങളുടെ രാഷ്ട്രീയമായി മാറുമ്പോഴാണ് ജനാധിപത്യം യഥാർഥ അർത്ഥത്തിൽ വിജയിക്കുന്നത്.
അധികാരമാറ്റം ചരിത്രത്തിൽ പലതവണ സംഭവിച്ചിട്ടുണ്ട്. എന്നാൽ അധികാരത്തെ പ്രതികാരത്തിൽ നിന്ന് മനുഷ്യാന്തസ്സിലേക്കും, വിഭജനത്തിൽ നിന്ന് ഐക്യത്തിലേക്കും, വിദ്വേഷത്തിൽ നിന്ന് അനുരഞ്ജനത്തിലേക്കും നയിച്ച നേതാക്കൾ വിരളമാണ്. നിയമങ്ങൾ സമത്വം പ്രഖ്യാപിച്ചേക്കാം, പക്ഷേ അതിന് ജീവൻ നൽകേണ്ടത് നമ്മൾ ജീവിക്കുന്ന സമൂഹമാണ്. അതുകൊണ്ടാണ് മണ്ടേല ഇന്നും ചരിത്രത്തിലെ വെറുമൊരു അധ്യായമായി ഒതുങ്ങാതെ, നീതിയുള്ള ഒരു ലോകം സ്വപ്നം കാണുന്ന ഏവരുടെയും സമകാലികനായി തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

