നമ്മുടെ രാജ്യം ഏഴു ദശാബ്ദമായി ജനാധിപത്യസരണിയില്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഏറെ സുസ്ഥിരമായ ഒരു ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ മാറുമെന്നാണ് 1950-60കളില്‍ കരുതപ്പെട്ടത്. നമ്മുടെ പ്രിയപ്പെട്ട നാടിന്‍െറ ചെങ്കോലേന്തിയവര്‍ നാടിന്‍െറ സ്വാതന്ത്ര്യത്തിനുവേണ്ടി അക്ഷീണം യത്നിച്ചവരായിരുന്നു. അവര്‍ രാജ്യത്തെ സ്നേഹിച്ചവരും രാജ്യത്തിന്‍െറ ഭാസുരമായ ഭാവി ലാക്കാക്കി പ്രവര്‍ത്തിച്ചവരുമായിരുന്നു. ഇന്ത്യ-പാക് വിഭജനം നിര്‍ഭാഗ്യകരമായിരുന്നു. എന്നാല്‍, നാം അംഗീകരിച്ച ഭരണഘടന വിഭജനത്തിന്‍െറ തിക്തഫലങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുമെന്ന് വിശ്വസിക്കപ്പെട്ടു. പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ നടത്തിയ രാഷ്ട്രീയ തെരഞ്ഞെടുപ്പുകള്‍ വിശ്വാസയോഗ്യരായ വ്യക്തികളെയായിരുന്നു സംസ്ഥാന നിയമസഭകള്‍ക്കും പാര്‍ലമെന്‍റിനും പ്രതിനിധികളായി നല്‍കിയത്. വിദ്യാസമ്പന്നരും ദേശസ്നേഹികളുമായ നേതൃനിരയുടെ കീഴില്‍ വൈവിധ്യപൂര്‍ണമായ ഭാരതം ഏകീഭാവത്തോടെ നിലകൊണ്ടപ്പോള്‍ അത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അസൂയാര്‍ഹമായ പദവിയലങ്കരിച്ചു!
എന്നാല്‍, കഴിഞ്ഞ രണ്ടു-മൂന്നു ദശകങ്ങളിലായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമ്മതിദായകരായ ജനങ്ങളുടെ മേലുണ്ടായിരുന്ന പ്രാമാണികത്വം നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളെ ഒരുമിച്ചുചേര്‍ക്കുന്ന സംയുക്ത ഭരണമാണല്ളോ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രാദേശികമായി സാധാരണ ജനങ്ങള്‍ക്കിടയിലും സംസ്ഥാനതലത്തില്‍ പാര്‍ട്ടി ഭാരവാഹികള്‍ക്കിടയിലും സ്വാധീനവും സ്വീകാര്യതയുമുണ്ടായിരിക്കണം. പാര്‍ട്ടികളുടെ കേന്ദ്ര നേതൃത്വം ജനാധിപത്യ വ്യവസ്ഥയില്‍ സംസ്ഥാന ഭാരവാഹികളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരും സുസമ്മതരുമായിരിക്കണം. ആദ്യകാലത്തെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് തങ്ങളുടെ നേതാക്കളില്‍ വിശ്വാസമുണ്ടായിരുന്നതും നേതൃത്വത്തിന് തങ്ങളുടെ അനുയായികളുടെമേല്‍ ശാസനാധികാരമുണ്ടായിരുന്നതും അതുകൊണ്ടാണ്. എന്നാല്‍, ക്രമേണ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ ജനാധിപത്യമൂല്യങ്ങള്‍ സ്വയം കൈയൊഴിയുന്നതായിട്ടാണ് അനുഭവപ്പെട്ടത്. തങ്ങളുടെ ജനാധിപത്യാവകാശങ്ങളും ബാധ്യതകളും പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വത്തെ ഭരമേല്‍പിക്കുന്ന വിചിത്രമായ മൂല്യശോഷണത്തിനാണ് രാജ്യത്തിന്‍െറ ചരിത്രം സാക്ഷിയായത്. ജനാധിപത്യ ഘടനയില്‍ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ കണ്ടത്തെുന്നതിനു പകരം പാര്‍ട്ടി എല്ലാം നേരെ വിപരീതമായി പ്രതിലോമദിശയില്‍ തീരുമാനിക്കുന്ന അവസ്ഥ വന്നു. പാര്‍ട്ടിയെന്നത് കേവലം കേന്ദ്രനേതൃത്വമായി-ഹൈകമാന്‍ഡായി- പരിണമിച്ചു. ഒരു വ്യക്തിയുടെ പ്രമാണിത്വത്തെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം പാര്‍ട്ടികളുടെ ജനാധിപത്യസ്വഭാവം ക്ഷയിപ്പിക്കുന്നതിനും നേതൃത്വത്തിനും സ്വേച്ഛാധികാരം ലഭിക്കുന്നതിനും കാരണമായി.
ഈ ദുഷ്പ്രവണത എല്ലാ പാര്‍ട്ടികളെയും ബാധിച്ചു. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഭാരതീയ ജനതാ പാര്‍ട്ടി നേതാവിനെ തീരുമാനിച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെയാണ് ഗുജറാത്തില്‍ മനുഷ്യരക്തംകൊണ്ട് ഹോളിയാഘോഷിച്ചത്. അതുമൂലം നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിനു ലോകവേദിയില്‍ പേരുദോഷമുണ്ടായി. എന്നിട്ടും മോദി ജയിച്ചുവരാന്‍ സാധ്യതയുണ്ടായത് ഇന്ത്യയുടെ ജനാധിപത്യ ക്രമത്തില്‍ വന്ന പ്രതിലോമ സാഹചര്യമായിരുന്നുവെന്നത് ഒരു ദു$ഖസത്യമാണ്.
അനുഭവപരിചയം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നാണ് പ്രമാണം. എന്നാല്‍, എന്തുകൊണ്ടോ നാം എതിര്‍ദിശയിലേക്കാണ് സഞ്ചരിക്കുന്നത്. സംഭവഗതികള്‍ ഓരോന്നായി പരിശോധിച്ചാല്‍ നാം ദേശീയത മറയായി സ്വീകരിച്ച് ഫാഷിസത്തിലേക്ക് ദ്രുതഗതിയില്‍ ചലിച്ചുകൊണ്ടിരിക്കുകയാണെന്നു കാണാം. ബി.ജെ.പി വളര്‍ത്തിക്കൊണ്ടുവരുന്ന ദേശീയമായ ആത്മബോധം മാനവികമൂല്യങ്ങളെ നിരാകരിക്കുന്നതാണെന്നതിന് ഗുജറാത്തിലെ നരഹത്യതന്നെ തെളിവാണ്. രാജ്യത്തിന്‍െറയും ജനങ്ങളുടെയും പൊതുതാല്‍പര്യങ്ങള്‍ക്കു പകരം മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആദിവാസി-പിന്നാക്ക വിഭാഗങ്ങള്‍ക്കുമെതിരായ സമീപനം സ്വീകരിക്കുന്നതിലൂടെ രാജ്യത്ത് സംഘര്‍ഷം വളര്‍ത്തിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ട്. അവരുടെ വീക്ഷണം ദേശീയ പ്രബുദ്ധതയെ പരിമിതപ്പെടുത്തുന്നതും മാനവിക ഐക്യത്തെ തുരങ്കംവെക്കുന്നതുമാണ്.
ജനഹൃദയങ്ങളില്‍ സംഘര്‍ഷത്തിന്‍െറ കനല്‍കോരിയിട്ടാല്‍ മാത്രമേ ഫാഷിസം വേരുപിടിക്കുകയുള്ളൂ. സാമ്പത്തികവിഷമതകള്‍ ജനങ്ങളില്‍ ഇച്ഛാഭംഗവും സംഘര്‍ഷവും സൃഷ്ടിക്കുന്നതാണ്. സാമ്പത്തികമായ ചേരിതിരിവ് ജനങ്ങളെ എളുപ്പം രാഷ്ട്രീയ പ്രതികരണങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്ന് ഫാഷിസത്തെക്കുറിച്ച് പഠനം നടത്തിയ സാമൂഹിക ശാസ്ത്രജ്ഞനും ചരിത്രകാരനുമായ ജോണ്‍ ഹോം പ്രസ്താവിക്കുന്നുണ്ട്. ഇതുതന്നെയല്ളേ ‘നോട്ടുനിരോധനം’ ഉള്‍പ്പെടെയുള്ള സാമ്പത്തിക നടപടികള്‍കൊണ്ട് സംഭവിച്ചിരിക്കുന്നത്.
1925ല്‍ മുസോളിനി ചെയ്തത് ഇറ്റലിയിലെ ഫാഷിസ്റ്റ് ട്രേഡ് യൂനിയനുകളെയും തൊഴില്‍ദായകരായ കോര്‍പറേറ്റുകളെയും കൂട്ടിയിണക്കി -ഫാഷിസ്റ്റ് വിരുദ്ധ ട്രേഡ് യൂനിയനുകളെയെല്ലാം ഒഴിവാക്കി- പാലസ്സോ വിദോനി പാക്ട് (Palazzo vidoni pact) ഒപ്പുവെക്കുകയായിരുന്നു. നരേന്ദ്ര മോദി ഇവിടെ ചെയ്തിരിക്കുന്നതും ഇതുതന്നെയല്ളേ? ‘ലാറ്ററാന്‍ കരാറി’ലൂടെ തങ്ങളുടെ ഭൗതികനേട്ടങ്ങള്‍ ഉറപ്പായപ്പോള്‍ റോമന്‍ കത്തോലിക്ക വിഭാഗം മുസോളിനിക്ക് പിന്തുണ നല്‍കി. ഇവിടെയും അതേപോലെ പരിവാര്‍ സംഘടനകള്‍ മോദിയെ പിന്തുണക്കുന്നതായി നാം കാണുന്നു.
കോര്‍പറേറ്റ് മുതലാളിമാര്‍ ലാഭം കൊയ്തെടുക്കുന്ന ആനറാഞ്ചികളാണ്. വന്‍കിട ബാങ്കുകളെ കബളിപ്പിച്ച് കടം തിരിച്ചടക്കാതെ നാടുവിടുന്ന ഈ വമ്പന്മാരുടെ കോടികളാണ് നമ്മുടെ ഗവണ്‍മെന്‍റ് എഴുതിത്തള്ളുന്നത്. ഇപ്പോള്‍ നോട്ട് അസാധുവാക്കിയതിലൂടെ സംഭവിച്ചതെന്താണ്? ചെറുകിട കച്ചവടക്കാരും കര്‍ഷകരും തകര്‍ന്നുകൊണ്ടിരിക്കുന്നു. കൂലിവേലക്കാര്‍ ജോലി നഷ്ടമായി ഗ്രാമങ്ങളിലേക്കു മടങ്ങുകയാണ്. എന്നാല്‍, ക്രയവിക്രയങ്ങളെല്ലാം ഡിജിറ്റല്‍ സൗകര്യമുള്ള വന്‍കിട വാണിജ്യസ്ഥാപനങ്ങളില്‍ കേന്ദ്രീകരിക്കുകയാണ്. ഇത് ജനങ്ങളെ രണ്ടു തട്ടിലാക്കിയിരിക്കുന്നു. ഭരണകക്ഷി ഇതിനെ പാവങ്ങള്‍ക്ക് അനുകൂലമെന്നാണ് പറയുന്നത്. പ്രധാനമന്ത്രി മോദി ഇതിനെ ‘സാമ്പത്തിക ദേശീയത’ എന്നു വിശേഷിപ്പിക്കുകയുണ്ടായി. എന്നാല്‍, അനുഭവത്തില്‍ ഇത് ധനാഢ്യര്‍ക്ക് സഹായകമായൊരു നടപടിയാണെന്ന് തെളിയുന്നു.
പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളിലും മന്ത്രിമാരിലും നല്ളൊരു ശതമാനം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണത്രെ. അവരുടെ കീഴിലാണല്ളോ സാധാരണ ജനങ്ങളുമായി നിത്യബന്ധമുള്ള ഉദ്യോഗസ്ഥര്‍ ഭരണനിര്‍വഹണം നടത്തുന്നത്. ട്രാന്‍സ്പരന്‍സtി ഇന്‍റര്‍നാഷനല്‍ 2004ല്‍ പ്രസിദ്ധീകരിച്ച അഴിമതി ഗ്രഹണ സൂചിക (Corruption Perception Index) അനുസരിച്ച് 146 രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ സ്ഥാനം 91ാമത്തേതാണ്. ഉദ്യോഗസ്ഥരെ -സൈനിക, പൊലീസ്, നീതിന്യായ, സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലെല്ലാം- ഭരണകൂടം തോന്നിയതുപോലെ ഇളക്കിപ്രതിഷ്ഠകള്‍ നടത്തി മുന്നേറുന്ന കാഴ്ച നമ്മെ ചകിതരാക്കുന്നു.