Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right'ദേശീയ മുസ്ലിംകളും'...

'ദേശീയ മുസ്ലിംകളും' കോൺഗ്രസിനെ കൈയൊഴിയുന്നുവോ?

text_fields
bookmark_border
ദേശീയ മുസ്ലിംകളും കോൺഗ്രസിനെ കൈയൊഴിയുന്നുവോ?
cancel
camera_alt

മുഹമ്മദ് അബ്ദുറഹ്മാൻ, പി.പി. ഉമ്മർകോയ

ആധുനിക ജനാധിപത്യ ക്രമത്തിൽ പഴക്കവും തിളക്കവും സമം ചേർന്ന ഒരു പാർട്ടിയെ ഉദാഹരിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ ആദ്യം വരുന്ന പേര് ഇന്ത്യൻ നാഷനൽ കോൺഗ്രസ് തന്നെയായിരിക്കും. പതിറ്റാണ്ടുകൾ രാജ്യവും ഒട്ടുമിക്ക സംസ്ഥാനങ്ങളും ഭരിച്ചിരുന്ന ആ പാർട്ടിക്കിന്ന് അംഗീകൃത പ്രതിപക്ഷത്തിനു വേണ്ട അംഗസംഖ്യ ലോക്സഭയിൽ തികക്കാൻ കഴിയുന്നില്ല. പാർട്ടിയുടെ ചിരപരിചിത മുഖങ്ങളായിരുന്ന ഗുലാം നബി ആസാദിനെപ്പോലെ നിരവധി പേർ പുറത്തുപോയി. അതിലേറെപ്പേർ ശത്രുപാളയങ്ങളിലെ മുഖ്യ ഉത്സാഹക്കാരായി.

സ്വതന്ത്ര ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ പ്രതീക്ഷയോടെ ഒപ്പം നടന്ന പാർട്ടി കോൺഗ്രസാണ്. തുല്യനീതിയും പരിഗണനയും ഉറപ്പുവരുത്താൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന പ്രതീക്ഷയും പ്രതീതിയും നിലനിന്നിരുന്നു. പ്രധാന ന്യൂനപക്ഷ സമുദായമായ മുസ്ലിംകൾ 40ശതമാനം വരുന്ന നൂറിനടുത്ത് ലോക്സഭ മണ്ഡലങ്ങൾ രാജ്യത്തുണ്ട്. കേരളത്തിൽ മലബാർ ജില്ലകളിലും മുസ്ലിം വോട്ടർമാരുടെ വിഹിതം ശതമാനക്കണക്കിൽ നാൽപതിനടുത്ത് വരും. കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസിെൻറ ഉറച്ച കോട്ടകളായിരുന്നു ഈ മണ്ഡലങ്ങളിൽ പലതും. എന്നാലിന്ന് മലബാറിലെ അറുപത് നിയമസഭ സീറ്റുകളിൽ കേവലം ആറു മാത്രമാണ് കോൺഗ്രസ് വിഹിതം. തകർച്ചയുടെ ഈ കാലഘട്ടത്തിൽ മലബാറിലെ മുസ് ലിംകൾ കൈയൊഴിയാനും അകലാനുമുള്ള കാരണമെന്തെന്ന് വിലയിരുത്താനെങ്കിലും പാർട്ടി തയാറാവുന്നത് നന്നാവും.

മലബാറിന്‍റെ മനസ്സ് ഒരു കാലത്ത് കോൺഗ്രസ് സ്വന്തമാക്കിയത് ആലോചനാപൂർണമായ രാഷ്ട്രീയ നീക്കങ്ങളിലൂടെയായിരുന്നു. കോൺഗ്രസ് - ഖിലാഫത് കമ്മിറ്റികൾ രൂപവത്കരിച്ച് പ്രക്ഷോഭം തുടങ്ങിവെച്ചെങ്കിലും കലാപത്തിലേക്ക് വഴിമാറിയപ്പോൾ ഖിലാഫത്തുകാർ ഒറ്റപ്പെട്ടുവെന്ന ആക്ഷേപം കോൺഗ്രസിനു നേരെ ഉയർന്നു. എന്നാലും മലബാർ കലാപാനന്തരമുള്ള മാപ്പിള സമുദായത്തിന്‍റെ ദീനവിലാപങ്ങളെ അഭിസംബോധന ചെയ്യാനും ആത്മാർഥമായി പരിഹാരം ആരായാനും ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുന്നിൽ നിന്നിട്ടുണ്ട്.

മാപ്പിളമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.സി.സി അക്കാലത്ത് മാപ്പിള ഡേ വരെ ആചരിച്ചു. മദിരാശി പ്രസിഡൻസിയുടെ പതിമൂന്നാമത് ജില്ലയായിരുന്ന മലബാറിൽ ഹിന്ദുക്കളും മുസ്ലിംകളും ചേർന്നാണ് കോൺഗ്രസിന് ശക്തമായ അടിത്തറ പാകിയത്. മുസ്ലിം ലീഗ് ശക്തമാകുമ്പോഴും മലബാറിലെ ഗ്രാമങ്ങളിൽ കോൺഗ്രസിൽ അടിയുറച്ചു നിന്ന ദേശീയ മുസ്ലിംകൾ തങ്ങളുടെ ഭാഗധേയം കൃത്യമായി നിർവഹിച്ചു.

അരാഷ്ട്രീയവും അസംഘടിതവുമായ ഒരു സമൂഹത്തെ രാഷ്ട്രീയവത്കരിക്കേണ്ട രീതികളുടെ കാര്യത്തിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഗാന്ധിക്കു ചേർന്ന ശിഷ്യനായിരുന്നു. തീവ്ര എതിർപ്പും കടുത്ത പ്രേമവും ഒരേസമയം അദ്ദേഹം ഏറ്റുവാങ്ങി. വലിയ വിമർശനങ്ങൾക്കിടയിലും അബ്ദുറഹ്മാെൻറ നയപരിപാടികൾ ഒരു വിഭാഗം മുസ്ലിംകളെ കോൺഗ്രസിനോടടുപ്പിച്ചു. കോളറയും മലമ്പനിയും പട്ടിണിയും ബ്രിട്ടീഷ് പ്രതികാരവും മൂലം ജീവച്ഛവമായ മാപ്പിളമാർക്കുവേണ്ടി അധികാരികളുടെ മുന്നിൽ വാദിച്ച അദ്ദേഹം 'ദ ഹിന്ദു'വിലും 'ബോംബെ ക്രോണിക്കിളി'ലുമെഴുതിയ ലേഖനങ്ങൾ വഴി പൊതുസമൂഹത്തിെൻറ ശ്രദ്ധക്ഷണിച്ചു.

കാക്കിനാഡ എ.ഐ.സി.സി സമ്മേളനത്തിൽ അബ്ദുറഹ്മാൻ നടത്തിയ ഹൃദയസ്പൃക്കായ പ്രസംഗം കേട്ട് പഞ്ചാബിലെ ധനാഢ്യനായ അബ്ദുൽ ഖാദർ ഖസൂരി മലബാർ സന്ദർശിച്ചു. തുടർന്ന് ഏഴോളം റിലീഫ് കേന്ദ്രങ്ങൾ ആരംഭിച്ചു. കോഴിക്കോട് ജെ.ഡി.ടി സ്ഥാപനങ്ങൾ അതിെൻറ ജീവിക്കുന്ന സ്മാരകമാണ്. ബോംബെയിലെ ചൗപായിയിൽ അബ്ദുറഹ്മാൻ വിളിച്ചു കൂട്ടിയ മനുഷ്യാവകാശ പ്രവർത്തകരുടെ സമ്മേളനത്തെ തുടർന്ന് ഓൾ സെൻട്രൽ മലബാർ റിലീഫ് കമ്മിറ്റി രൂപവത്കൃതമായി. ആര്യസമാജവും തബ് ലീഗെ ഇസ്ലാമിയും കെ.പി.സി.സിയും സംയുക്തമായി രൂപവത്കരിച്ച സമിതി അബ്ദുറഹ്മാന്‍റെ രാഷ്ട്രീയ ഏകോപനത്തിന്‍റെ തെളിവാണ്. മലബാറിലെ മുസ് ലിം മനസ്സുകളിൽ കോൺഗ്രസ് സാവധാനം സ്ഥാനമുറപ്പിക്കുകയായിരുന്നു.

മമ്പുറം ഫസൽ പൂക്കോയ തങ്ങളുടെ പുത്രൻ അലി തങ്ങൾ 1933 ഏപ്രിൽ അഞ്ചിന് അബ്ദുറഹ്മാന് കത്തെഴുതിയത് കേട്ടറിവു വെച്ചാണ്. അവർ തമ്മിൽ കണ്ടിരുന്നില്ല. ഫസൽ പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാർ നാടുകടത്തുമ്പോൾ മമ്പുറം മഖാമിന്‍റെ വരുമാന വിഹിതം നൽകാമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും കാര്യങ്ങൾ പ്രയാസത്തിലാണെന്നുമായിരുന്നു കത്തിെന്‍റ സാരം. കോഴിക്കോട് ചേർന്ന യോഗത്തിൽ മമ്പുറം റസ്റ്റൊറേഷൻ കമ്മിറ്റി പിറന്നു. അതൊരു ജനകീയ മുന്നേറ്റമായി മാറി. വൈകാതെ അലി തങ്ങൾ നാട്ടിലെത്തി. പിന്നീട് മാഹിയിലേക്ക് മാറ്റി പാർപ്പിച്ചു.

മുസ്ലിംകളുടെ സാമൂഹിക - രാഷ്ട്രീയ പ്രാധാന്യമുള്ളതും വൈകാരികവുമായ വിഷയങ്ങളിൽ നടത്തിയ കൃത്യമായ ഇടപെടലുകളും ജനകീയ മുന്നേറ്റങ്ങളും കോൺഗ്രസിന്‍റെ ബഹുജനാടിത്തറയെ കരുത്തുറ്റതാക്കി മാറ്റി. മലബാറിലെ കോൺഗ്രസ് മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളികളായി മുസ്ലിം സമുദായം നിലകൊണ്ടു.പി.പി. ഉമ്മർകോയ ലീഗിലെ നീലാമ്പ്ര മരക്കാർ ഹാജിയെ തോൽപിച്ച് മഞ്ചേരിയിൽനിന്ന് എം.എൽ.എയായതും 1967 ലെ സി.പി.എം - ലീഗ് സഖ്യത്തിനെതിരെ കോൺഗ്രസ് സ്ഥാനാർഥികളായിരുന്ന തിരൂരിലെ ആർ. മുഹമ്മദും നിലമ്പൂരിലെ ആര്യാടൻ മുഹമ്മദും പതിനായിരത്തിൽ താഴെ വോട്ടിനു തോറ്റതുമൊക്കെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വിശ്വസിക്കാൻപോലും പ്രയാസമാണ്.

ദേശീയ മുസ്ലിം ധാര നാൾക്കുനാൾ ശോഷിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. ആ വിഭാഗത്തിൽനിന്ന് നേതാക്കളെ വളർത്തുന്നതിൽ കോൺഗ്രസ് ബോധപൂർവമായ ഉപേക്ഷ പുലർത്തി. മുസ്ലിം സമൂഹത്തിൽ സ്വാധീനമുണ്ടാക്കാൻ പാകത്തിൽ നയപരമായ ഒരു നീക്കവും കോൺഗ്രസ് ഏറ്റെടുക്കാറില്ല. മലബാർ രാഷ്ട്രീയത്തെക്കുറിച്ചും സാമുദായിക ഘടനകളെക്കുറിച്ചും കൃത്യമായ ധാരണകൾ പല മുഖ്യധാര നേതാക്കൾക്കും ഇല്ലാതെയും പോയി. ഒരു വേള മതനിരാസത്തിെൻറ യൂറോപ്യൻ മോഡൽ സെക്കുലറിസം ദേശീയ മുസ്ലിംകളെ പ്രതിനിധാനംചെയ്ത് പകരം പ്രതിഷ്ഠിക്കാനുള്ള വലിയ ശ്രമവും നടന്നിരുന്നു.

കോൺഗ്രസിൽ അണിനിരന്ന മുസ്ലിം സമുദായ നിരക്ക് എന്നും അനാകർഷകമായിരുന്നു. കോൺഗ്രസിൽ നിന്ന് മാറിച്ചിന്തിക്കുന്നവരുടെ രാഷ്ട്രീയം കൃത്യമായി മുതലെടുത്ത സി.പി.എമ്മിന് അതുകൊണ്ടുതന്നെ വലിയ മുന്നേറ്റമുണ്ടാക്കാനായി. കോൺഗ്രസ് ശക്തിപ്പെടേണ്ടത് ന്യൂനപക്ഷങ്ങൾ ഒരു ജീവൽ പ്രശ്നമായി കരുതുന്ന കാലത്തുപോലും കേരളം പോലൊരു സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ നിരന്തര തോൽവി കോൺഗ്രസിെൻറ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. 35 വർഷമായി കാസർകോട്ടും 20 വർഷമായി കോഴിക്കോട്ടും ഒരു എം.എൽ.എ പോലും കോൺഗ്രസിനില്ല.

യു.ഡി.എഫിന്‍റെ ശക്തി ദുർഗമായ മലപ്പുറത്ത് കോൺഗ്രസ് തോറ്റുതോറ്റ് ഒരു സീറ്റിൽ ഒതുങ്ങിയിരിക്കുന്നു. വർഷങ്ങളായി പ്രവർത്തിച്ചുപോന്ന കോൺഗ്രസിൽനിന്ന് പിണങ്ങി ഇടതുപക്ഷം ചേർന്ന അബ്ദുറഹ്മാനെപ്പോലുള്ളവർ ജയം ആവർത്തിക്കുകയും മന്ത്രിപദത്തിലെത്തുകയും ചെയ്തു. ജയിക്കാവുന്ന ഉദുമ, കണ്ണൂർ, മാനന്തവാടി, കൊയിലാണ്ടി, കുന്ദമംഗലം, നിലമ്പൂർ, പൊന്നാനി, തവനൂർ, പട്ടാമ്പി, തൃത്താല, ചിറ്റൂർ മണ്ഡലങ്ങൾ നിരന്തരം കൈവിടുന്ന പാർട്ടിയെ സഖ്യകക്ഷികളും സംശയത്തോടെ നോക്കിത്തുടങ്ങി. ഇനി തീരുമാനിക്കേണ്ടത് കോൺഗ്രസാണ്-ഗതകാല പ്രൗഢിയുടെ ശേഷിപ്പായി, ഏതു നിമിഷവും നിലംപതിച്ചേക്കാവുന്ന ആളനക്കമില്ലാത്ത ജീർണിച്ച തറവാടു കണക്കെയാവണോ അതോ, കാലത്തെ തിരിച്ചറിഞ്ഞ് അതിജീവിക്കണോ?

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian MuslimsCongress
News Summary - 'national Muslims' also abandoning the Congress?
Next Story