Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകുട്ടികളുടെ...

കുട്ടികളുടെ ഉച്ചക്കഞ്ഞിയിൽ മണ്ണുവാരിയിടുന്നതാരാണ്?

text_fields
bookmark_border
mid-day meal scheme
cancel

സ്കൂളുകളിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും വിശപ്പില്ലാത്ത പഠനദിനങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി നടപ്പിൽവരുത്തിയതാണ് ദേശീയ ഉച്ചഭക്ഷണ പദ്ധതി. ഇതിനു വരുന്ന ചെലവിന്റെ 60 ശതമാനം തുക കേന്ദ്ര സർക്കാറും 40 ശതമാനം സംസ്ഥാന സർക്കാറുമാണ് വഹിക്കേണ്ടത്.

ഉച്ചഭക്ഷണത്തിന് ഫണ്ടില്ലാതെ പ്രയാസപ്പെടുന്ന പ്രധാനാധ്യാപകർ അനിശ്ചിതകാല സമരത്തിലേക്കു നീങ്ങുന്നതായി ഈയിടെ വാർത്ത വന്നിരുന്നു. പാചകത്തൊഴിലാളികളും വേതനം ലഭിക്കാതെ ദുരിതപ്പെടുന്നു. അതിനിടയിലാണ് പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണത്തിന് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണം തേടുന്ന രീതി വ്യാപകമായിരിക്കുന്നത്.

ജന്മദിനം, ഓർമദിനം, രക്ഷിതാക്കളുടെ വിവാഹവാർഷികം തുടങ്ങിയ വിശേഷദിവസങ്ങളിൽ സ്പെഷൽ വിഭവം സ്പോൺസർ ചെയ്യണമെന്നാണ് ചില സ്കൂളുകളിൽനിന്നുള്ള നിർദേശമെങ്കിൽ, ഓരോ കുട്ടിയും ഓരോ ആഴ്ചയും അൽപം പച്ചക്കറികളും പയർ, പരിപ്പ് പോലുള്ള ധാന്യങ്ങളും കൊണ്ടുവന്ന് ഉച്ചഭക്ഷണ നടത്തിപ്പിൽ പങ്കാളികളാകണമെന്നാണ് മറ്റു ചില സ്കൂളുകളിൽനിന്ന് ലഭിച്ചിരിക്കുന്ന അറിയിപ്പ്.

കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത നിധി (സി.എസ്.ആർ ഫണ്ട്) സ്വീകരിച്ച് സന്നദ്ധ സംഘടനകൾ ഉച്ചഭക്ഷണം വിളമ്പുന്ന രീതിയും രാജ്യത്തെ പല സ്കൂളുകളിലുമുണ്ട്. കുട്ടികൾക്ക് കൂടുതൽ പോഷകഗുണമുള്ള ഭക്ഷണം നൽകാനുള്ള പരിശ്രമം, സ്വന്തം മക്കൾക്കുള്ള ഭക്ഷണം നമ്മൾ നൽകുന്നു തുടങ്ങിയ രീതിയിൽ ഇത് വാഴ്ത്തപ്പെടുന്നു- എന്നാൽ, എന്താണ് ഇതിന്റെ മറുപുറം?

മറ്റു പല സേവനരംഗങ്ങളിൽനിന്നുമെന്നപോലെ പൊതുവിദ്യാഭ്യാസ മേഖലയിൽനിന്ന് സർക്കാർ പിൻവാങ്ങുന്നതിന്റെ വ്യക്തമായ ലക്ഷണമായാണ് ഇതിനെ വായിക്കേണ്ടത്. ഐ.എം.എഫിൽനിന്നും ലോക ബാങ്കിൽനിന്നും വായ്പ വാങ്ങിത്തുടങ്ങിയ തൊണ്ണൂറുകളിൽ തന്നെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ചെലവ് വെട്ടിക്കുറക്കാൻ ഇന്ത്യക്കുമേൽ സമ്മർദം ആരംഭിച്ചിരുന്നു.

വായ്പ വാങ്ങുന്ന രാജ്യത്തിന്റെ സാമ്പത്തികനില ബാലൻസ് ചെയ്യാനാണ് ഇതെന്നാണ് വെപ്പെങ്കിലും കനേഡിയൻ സാമ്പത്തിക ശാസ്ത്രജ്ഞൻ മൈക്കേൽ ചോസ്സുഡോവ്സ്കി പറയുന്നത് ഈ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്പ സ്വീകരിച്ച വികസ്വര രാജ്യങ്ങളിൽ ഒരുതരം സാമ്പത്തിക സ്തംഭനമാണ് സംഭവിക്കുന്നത് എന്നാണ്.

ചെലവ് കുറക്കുക എന്ന ഉപാധിയുടെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹികക്ഷേമ മേഖലകളിൽനിന്ന് സർക്കാർ പിന്മാറണം എന്ന് അവർ നിഷ്കർഷിക്കുന്നു. പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് നൽകാത്തതും കോവിഡ്കാല സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് രണ്ടു രൂപയിൽനിന്ന് 10 രൂപയിലേക്ക് ഉയർത്തിയതും ഈ നയങ്ങളുടെ പ്രതിഫലനമായി വിലയിരുത്താം.

പൊതുവിദ്യാഭ്യാസത്തെ ഉന്നംവെക്കുമ്പോൾ

1980ല്‍ പാരിസിൽ ചേർന്ന യുനെസ്കോയുടെ ജനറൽ സമ്മേളനത്തിലെ 21ാം സെഷനിലാണ് അടുത്ത രണ്ടു പതിറ്റാണ്ടിലെ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം എന്തായിരിക്കണം എന്ന ചർച്ച ആദ്യമായി വരുന്നത്.

1987ൽ യുനെസ്കോ പ്രസിദ്ധീകരിച്ച, ഷാപോർ റസേഖും ജോർജ് വൈഡീനും ചേർന്നെഴുതിയ ദ കോണ്ടന്റ്സ് ഓഫ് എജുക്കേഷൻ എന്ന പുസ്തകത്തിൽ മുതലാളിത്തത്തിന്റെ താൽപര്യം സംരക്ഷിച്ചുള്ള വിദ്യാഭ്യാസ പദ്ധതിയുടെ ഉള്ളടക്കം വിശകലനം ചെയ്യുന്നുണ്ട്.

വിദ്യാഭ്യാസ ചെലവുചുരുക്കാൻ വേണ്ടിവന്നാൽ രക്ഷിതാക്കൾ, തൊഴിലാളി യൂനിയൻ, കമ്പനികൾ എന്നിവരിൽനിന്ന് ഫണ്ട് സമാഹരിക്കണം, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതാകുകയും വ്യക്തിഗതമോ സ്വകാര്യമോ ആയ വിദ്യാഭ്യാസം സാർവത്രികമാക്കുകയും വേണം, ക്ലാസുകളുടെ വിഡിയോ കാസറ്റ് ഉപയോഗിച്ച് വീട്ടിൽ ഇരുന്നുതന്നെ പഠിക്കാവുന്നതാണ് എന്നിങ്ങനെയുള്ള ആശയങ്ങൾ ഈ പുസ്തകം മുന്നോട്ടുവെക്കുന്നു.

ഇതിനുശേഷമാണ് ആഗോള വിദ്യാഭ്യാസം ക്രമപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനകൾക്കായി 1990ല്‍ തായ്‌ലൻഡിലെ ജ്യോംതിയനിൽ ലോക വിദ്യാഭ്യാസ സമ്മേളനം യുനെസ്കോ വിളിച്ചുചേർത്തത്.

ഈ സമ്മേളനത്തിന്റെ മുഖ്യ സ്പോൺസറായിരുന്ന ലോകബാങ്കും ഐ.എം.എഫും ചേർന്നാണ് തൊണ്ണൂറുകളുടെ ആദ്യത്തിൽ ഇന്ത്യക്ക് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനായി വായ്പ നൽകുന്നത് എന്നോർക്കണം.

ലോക ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോസഫ് ഇ. സ്റ്റിഗ്ലീറ്റ്സ് തന്റെ പുസ്തകത്തിൽ 'വ്യവസ്ഥകളില്ലാതെ ലോകബാങ്ക് ഒരു വായ്പയും കൊടുക്കാറില്ല' എന്ന് അടിവരയിടുന്നു.

ഇവിടെയാണ് ലോകബാങ്ക് പ്രസിദ്ധീകരിച്ച SSA- A Frame Work for Implementation എന്ന രേഖയിലെ സ്കൂൾ കമ്യൂണിറ്റി ഉടമസ്ഥതയിലേക്കു മാറ്റണമെന്ന പ്രസ്താവനയുടെ പ്രസക്തി. ''കുട്ടികളെ ജനിപ്പിക്കുന്നതിനുള്ള തീരുമാനം പൊതുവിൽ മാതാപിതാക്കൾക്കാണ്. എന്നതുകൊണ്ട് കുട്ടികളെ വളർത്തുന്നതിന്റെയും പഠിപ്പിക്കുന്നതിന്റെയും പ്രാഥമിക ഉത്തരവാദിത്തം അവരേറ്റെടുത്തേ പറ്റൂ'' എന്നാണ് ആ രേഖ പറഞ്ഞുവെക്കുന്നത്.

ഇന്ത്യയിൽ സർവശിക്ഷ അഭിയാൻ നടപ്പാക്കുന്ന ലോക ബാങ്കിന്റെ തീട്ടൂരം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി വേണം ഉച്ചഭക്ഷണ പദ്ധതിയിൽനിന്നുള്ള പിന്മാറ്റനീക്കം ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ ചെലവുകുറക്കലിനെയും കാണാൻ.

സർക്കാറിന്റെ പക്കൽ ഫണ്ടില്ലെന്നും തങ്ങളുടെ കുട്ടികൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി രക്ഷിതാക്കൾ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കേണ്ടത് ആവശ്യമാണെന്ന ചർച്ചയും വൈകാതെ ഉയർന്നുവന്നേക്കാം. സ്വകാര്യ വിദ്യാലയങ്ങൾ ഈടാക്കുന്നതിനേക്കാൾ താരതമ്യേന കുറഞ്ഞ ഫീസ് സ്വന്തം കുട്ടിക്കുവേണ്ടി നൽകുന്നതിൽ ഒരു യുക്തിരാഹിത്യവും നമുക്ക് തോന്നാനിടയില്ല.

ഇത്തരം ആശയങ്ങൾ പടിപടിയായി ജനങ്ങൾക്കിടയിലേക്ക് ചർച്ചക്കുവെക്കുകയും ജനങ്ങളിൽനിന്നുതന്നെ സ്വീകാര്യത നേടുകയും അവരെക്കൊണ്ടുതന്നെ നടപ്പാക്കുകയും ചെയ്ത് സൗജന്യ വിദ്യാഭ്യാസം തകർക്കുകയെന്നതാണ് മുതലാളിത്ത സൂത്രം.

ഇന്ന് ലോകം പിൻപറ്റുന്ന മുതലാളിത്ത സാമ്പത്തികനയവും വിഭവങ്ങളുടെ അസന്തുലിതമായ വിതരണവുമാണ് ദാരിദ്ര്യത്തിന്റെ മൂലകാരണം. ഇതിനെ ചോദ്യംചെയ്യുന്ന സമൂഹം വളർന്നുവരാതിരിക്കാൻ ആഗോളതലത്തിൽതന്നെ വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണ് മുതലാളിത്തം.

അവർ നമ്മുടെ സ്കൂൾ വളപ്പിലുമെത്തി എന്നത് തിരിച്ചറിയാതെ പോകുന്നിടത്താണ് നമ്മുടെ സർക്കാറുകളും അധ്യാപകരും രക്ഷിതാക്കളും തോറ്റുപോകുന്നത്, നമ്മുടെ കുഞ്ഞുങ്ങളെ തോൽപിച്ചുകളയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsschemeschool mid-day meal
News Summary - National Mid-day Meal Scheme was implemented to prevent school dropouts and ensure hunger-free learning daysbfor students
Next Story