സു​ര​ഭി​ല

07:38 AM
09/04/2017

‘പാത്തൂ...’ എന്നൊരു നീട്ടിവിളിയിൽ ‘മൂസക്കായീ...’ എന്ന കോഴിക്കോടൻ ശൈലിയിലെ സുന്ദരമായൊരു മറുവിളിയായിരുന്നു ഇത്രനാൾ അടയാളവാക്യം. ശൈലിയൊന്നു മാറ്റിപ്പിടിച്ച് തിരുവനന്തപുരമാക്കിയപ്പോൾ കൂടെ പോന്നത് താരങ്ങളെല്ലാം കൊതിയോടെ കാത്തിരുന്ന ദേശീയ അവാർഡ്. മികച്ച നടനെ ഭരത് എന്നും നടിയെ ഉർവശി എന്നും വിളിക്കുന്ന ശീലം നിർത്തിയില്ലായിരുന്നെങ്കിൽ ‘ഭരത് ഗോപി, ഉർവശി ശാരദ’ എന്നൊക്കെ വിളിച്ച് ശീലിച്ചപോലെ ‘ഉർവശി സുരഭി’ എന്നു വിളിക്കാമായിരുന്നു. 

ഇത്തവണ സംസ്ഥാന അവാർഡ് പ്രഖ്യാപിക്കുന്നതുവരെ സുരഭി ലക്ഷ്മി എന്നൊരു നടി ഇവിടെയുണ്ട് എന്ന വിവരംപോലും ആരുമത്ര ഗൗനിച്ചിരുന്നില്ല. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള മത്സരത്തിൽ ഒപ്പം നിന്നതി​െൻറ സമാശ്വാസമായി ജൂറി പ്രത്യേക പരാമർശം നടത്തിയപ്പോഴാണ് സുരഭി ഒരു തമാശയല്ല എന്ന് ബോധ്യമായത്. അതിനകം പത്തുനാൽപത് സിനിമയിലൊക്കെ അഭിനയിച്ചെങ്കിലും സുരഭിതന്നെ പറഞ്ഞപോലെ അതൊക്കെ ബി.പി.എൽ കഥാപാത്രങ്ങളായിരുന്നതിനാൽ ആരുമത്ര വകവെച്ചിരുന്നില്ല. ഏറിയാൽ സീരിയലുകളിൽ തമാശ കഥാപാത്രത്തെ അവതരിപ്പിക്കുന്നൊരു നടി എന്നേ കരുതിയുള്ളൂ. പക്ഷേ, സംസ്ഥാനവും കടന്ന് അവാർഡ് നിർണയം അങ്ങ് ദേശീയ തലത്തിലെത്തിയപ്പോൾ കഥ മാറി. 14 വർഷത്തിനു ശേഷം മലയാളത്തിലേക്ക് വീണ്ടും ഏറ്റവും മികച്ച നടിക്കുള്ള പുരസ്കാരമെത്തി. 2003ൽ ‘പാഠം ഒന്ന് ഒരു വിലാപ’ത്തിൽ മീരാ ജാസ്മിനായിരുന്നു ഒടുവിലത്തെ നടി. 

മകൾക്കും വയസ്സായ അച്ഛനും വേണ്ടി പെടാപ്പാടുപെടുന്ന 45കാരിയായ വിധവയെയാണ് സുരഭി ‘മിന്നാമിനുങ്ങി’ൽ അവതരിപ്പിച്ചത്. പേരുപോലുമില്ലാത്തൊരു കഥാപാത്രം. താരങ്ങളെ പിന്തള്ളി, അഭിനയ മികവ് മാത്രം കണക്കിലെടുത്ത് വിനായകനെ മികച്ച നടനായി തെരഞ്ഞെടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ കമ്മിറ്റി പോലും സുരഭിയുടെ പ്രകടനത്തെ വേണ്ടവിധം ഗൗനിച്ചില്ലെന്നാണ് ദേശീയ അവാർഡ് ബോധ്യപ്പെടുത്തുന്നത്. അവാർഡുകൾ തൂത്തുവാരുന്ന മറാത്ത, ബംഗാളി സിനിമകളിലെ നടിമാരെപ്പോലും പിന്തള്ളിയാണ് സുരഭി ഈ പുരസ്കാരത്തിന് അർഹയായത്. 

കോഴിക്കോടൻ ഗ്രാമത്തിലെ നാടൻ വർത്തമാനം പറയുന്ന ഇത്താത്ത എന്ന ലേബലായിരുന്നു സുരഭിക്ക് ഇത്രകാലം. മീഡിയവണിലെ ‘എം 80 മൂസ’ എന്ന പരമ്പരയിലെ ‘മൂസക്കായീ...’ എന്ന നീട്ടിവിളി കേരളത്തിലെ വീടുകളുടെ ഇഷ്ടക്കാരിയാക്കി. അതിനിടയിലും സിനിമയും നാടകവുമൊക്കെയായി മുന്നോട്ടു പോകുന്നതിനിടയിലാണ് ‘മിന്നാമിനുങ്ങ്’ എന്ന സിനിമയിൽ മുഴുനീള കഥാപാത്രത്തെ ചെയ്യാൻ അനിൽ തോമസ് വിളിച്ചത്. സൂപ്പർ താരങ്ങൾക്കു മാത്രം സിനിമയിൽ അനുവദിച്ചുകിട്ടുന്ന ഭാഗ്യമാണ് അഭിനയത്തിനു മുമ്പ് സ്ക്രിപ്റ്റ് വായിക്കാനുള്ള അവസരം. അനിൽ തോമസ് സ്ക്രിപ്റ്റ് കൈയിൽ കൊടുത്തിട്ടായിരുന്നു സുരഭിയോട് അഭിനയത്തിന് ഒരുങ്ങാൻ പറഞ്ഞത്. തിരുവനന്തപുരം സംഭാഷണശൈലിയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മനസ്സിൽ വന്നത് സംസ്കൃത സർവകലാശാലയിൽ ബിരുദത്തിനു പഠിക്കുമ്പോൾ ഹോസ്റ്റലി​െൻറ ചുമതലക്കാരിയായിരുന്ന മീന മേട്രണെ. തിരുവനന്തപുരത്തുകാരിയായ അവരുടെ എടുപ്പും നടപ്പും മനസ്സിൽ വെച്ച് അഭിനയം ഫലിപ്പിച്ചു. സംസ്ഥാന സ്പെഷൽ ജൂറി പരാമർശം.

മൂന്നര വയസ്സിൽ അഭിനയത്തി​െൻറ തട്ടിൽ കയറിയതാണ് സുരഭി. കോഴിക്കോട് എളേറ്റിൽ വട്ടോളി എന്ന ഗ്രാമത്തിൽ നാടോടി സർക്കസുകാർക്കൊപ്പം നൃത്തം വെക്കാൻ അച്ഛൻ കെ.പി. ആണ്ടി മകളെ നിർബന്ധിച്ചു കയറ്റിയിടത്തുനിന്ന് സുരഭിയുടെ അഭിനയ ജീവിതം തുടങ്ങി. ആദ്യ അഭിനയത്തിന് നാട്ടുകാർ കൊടുത്ത ഒരു പൊതി കടലയും ഒരു തണ്ണിമത്തൻ കഷണവും ആദ്യ അവാർഡ്.

പിന്നെ നാട്ടിലെ പരിപാടികളിൽ സ്ഥിരം സാന്നിധ്യമായപ്പോൾ നാട്ടുകാരനായ അനൗൺസറായ വിജയൻ പാലാടിക്കുഴിയാണ് പറഞ്ഞത് താളബോധമുള്ള കുട്ടിയാണ്, നൃത്തം പഠിപ്പിക്കണമെന്ന്. കലാമണ്ഡലം സത്യവ്രതന് കീഴിൽ ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവുമൊക്കെ അഭ്യസിച്ചു. അസാരം ഓട്ടൻ തുള്ളലും പഠിച്ചു. പിന്നീട് കുട്ടികളുടെ നാടകത്തിലെ അഭിനേതാവുമായി. വി.എച്ച്.എസ്.സിക്കു പഠിക്കുമ്പോൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തു. അച്ഛ​െൻറ മരണത്തിനും സാമ്പത്തിക പ്രതിസന്ധിക്കുമിടയിൽ പക്കമേളക്കാരില്ലാതെ അവതരിപ്പിച്ചതിനാൽ ഓട്ടൻതുള്ളലിൽ മൂന്നാമതായി. ആ സങ്കടകഥ പത്രങ്ങളിൽ വാർത്തയായി. അതുകണ്ട സംവിധായകൻ ജയരാജ് ഭാര്യ സബിതയോട് പരിചയപ്പെടാൻ പറഞ്ഞത് സുരഭിക്ക് വഴിത്തിരിവായി.

ജയരാജി​െൻറ ‘ബൈ ദ പീപ്പിളി’ൽ ചെറിയ വേഷം. പിന്നെ തുടർച്ചയായി സിനിമകളിൽ ചെറുചെറു വേഷങ്ങൾ. ദീദി ദാമോധരൻ സംവിധാനം ചെയ്ത ഗുൽമോഹറിലെ വേഷം ശ്രദ്ധേയമായിരുന്നു. തിരക്കഥ, അയാളും ഞാനും തമ്മിൽ... എല്ലാ ചെറുവേഷത്തിലും സുരഭി ടച്ചുണ്ടായിരുന്നു. അഭിനയത്തി​െൻറ മർമമറിഞ്ഞ നടിയുടെ കൈയൊപ്പ് ആ കഥാപാത്രങ്ങളിലുണ്ടായിരുന്നു. 

നാടകമായിരുന്നു സുരഭിയുടെ പ്രധാന തട്ടകം. കെ.വി. വിനോദ് കുമാർ 2010ൽ സംവിധാനം ചെയ്ത ‘യക്ഷികളും നാട്ടുവർത്തമാനവും’,  2016ൽ സംവിധാനം ചെയ്ത ‘ബോംബേ ടെയ്ലേഴ്സ്’ എന്നീ നാടകങ്ങളിലെ അഭിനയത്തിന് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.  അതിനിടയിലാണ് വിനോദ് കോവൂരി​െൻറ ‘എം 80 മൂസ’യും ‘പാത്തുമ്മ’യും സൂപ്പർ ഹിറ്റായത്. അബൂദബി തിയറ്റർ ഫെസ്റ്റിവൽ അവാർഡ്, ശാന്താദേവി പുരസ്കാരം, ഫ്ലവേഴ്സ് ടി.വി ബെസ്റ്റ് കൊമേഡിയൻ അവാർഡ്, അമൃത ടി.വി ബെസ്റ്റ് ആക്ടർ പുരസ്കാരം എന്നിവയും ലഭിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിം ക്രിട്ടിക് അവാർഡും ലഭിച്ചിരുന്നു. 

വെറും തമാശക്കാരിയല്ല സുരഭി. സംസ്കൃത സർവകലാശാലയിൽനിന്ന് ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദം നേടിയ ശേഷം തിയറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദവും നേടി. എം.ജി സർവകലാശാലയിൽനിന്ന് എം.ഫിലും എടുത്തു. ഇപ്പോൾ സംസ്കൃത സർവകലാശാലയിൽ നാടകത്തിൽ ഗവേഷണം ചെയ്യുന്നു. രാധയാണ് അമ്മ. ഛായാഗ്രാഹകൻ വിപിൻ സുധാകർ ആണ് ഭർത്താവ്.

Loading...
COMMENTS