Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവ്യക്തിപൂജയുടെ...

വ്യക്തിപൂജയുടെ ക്ഷതമേറ്റ് ഇന്ത്യന്‍ ജനാധിപത്യം

text_fields
bookmark_border
വ്യക്തിപൂജയുടെ ക്ഷതമേറ്റ് ഇന്ത്യന്‍ ജനാധിപത്യം
cancel

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ സംബന്ധിച്ച് പ്രഗല്ഭനായൊരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ വിശകലനം ചിന്തോദ്ദീപകമാണ്. ‘2002ലെ ഗുജറാത്ത് വംശഹത്യയുടെ ഓര്‍മകളെ ‘വികസനത്തിന്‍െറ സോപ്പുകട്ടകള്‍’  ഉപയോഗിച്ച് തുടച്ചുമായ്ക്കാനാകുമെന്ന് സ്വയം കരുതുകയാണ് നമ്മുടെ മുഖ്യമന്ത്രി’ എന്നായിരുന്നു പത്രപ്രവര്‍ത്തകന്‍െറ വിലയിരുത്തല്‍. സംസ്ഥാനത്ത് പുതിയ വ്യവസായ പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും അടിക്കടി പ്രഖ്യാപിച്ച് ജനങ്ങളുടെ ശ്രദ്ധ കവരാനുള്ള തന്ത്രത്തിലായിരുന്നു അപ്പോള്‍ മുഖ്യമന്ത്രി. സ്വയം പബ്ളിസിറ്റിക്ക് വേണ്ടിയുള്ള യജ്ഞങ്ങളുടെ ഭാഗമായി മോദിയുടെ വര്‍ണചിത്രങ്ങള്‍  കലണ്ടറുകളിലും പോസ്റ്ററുകളിലും ലഘുലേഖകളിലും ആവര്‍ത്തിച്ച് അവതരിക്കപ്പെട്ടു.

മോദിയുടെ നേതൃത്വത്തില്‍ സംസ്ഥാനം വികസനത്തിന്‍െറയും വിഭവസമൃദ്ധിയുടെയും പാരമ്യതയിലേക്ക് കുതിക്കുകയാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. തന്നെ ശ്രദ്ധിക്കാതെ ഒരാള്‍ക്കും ഗുജറാത്ത് വഴി കടന്നുപോകാന്‍ സാധ്യമല്ളെന്ന് മോദി ഈ വിധം ഉറപ്പുവരുത്തിയതായി പ്രസ്തുത പത്രപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടുന്നു.

സ്വയം പ്രസിദ്ധിക്കുവേണ്ടിയുള്ള ഈ പ്രചാരണങ്ങള്‍ മോദി പിന്നീട് ദേശവ്യാപകമാക്കുകയായിരുന്നു. 2014 മേയില്‍ ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയത്തോടെയാണത്. തെരഞ്ഞെടുപ്പിന് മുമ്പേതന്നെ നവസമൂഹമാധ്യമങ്ങള്‍ വഴി മോദി വ്യാപകമായ പബ്ളിസിറ്റി തന്ത്രങ്ങള്‍ പ്രയോജനപ്പെടുത്തിയതായി കാണാം. യു.പി.എയുടെ അഴിമതി ഭരണത്തെ ശുദ്ധീകരിക്കാന്‍ പ്രാപ്തനായ ബദല്‍ ശക്തി താന്‍ മാത്രമാണെന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ മോദിയുടെ പ്രഭാഷണങ്ങളും ഫലപ്രാപ്തി നേടി.

വ്യക്തിപൂജയോട് ഒരുകാലത്ത് അതിശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സംഘടനയാണ് ബി.ജെ.പി. എന്നാല്‍, മോദിയുടെ വ്യക്തിപരിവേഷത്തിന് മുന്നില്‍ ആ പാര്‍ട്ടി ആദര്‍ശങ്ങള്‍ ബലികഴിച്ചു. പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടതോടെ പ്രചാരണ പരിപാടികള്‍ പാര്‍ട്ടിയില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു. അങ്ങനെ സര്‍ക്കാറും പാര്‍ട്ടിയും ഒറ്റവ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ സേവിക്കുന്ന ഉപകരണങ്ങളായി രൂപാന്തരം പ്രാപിച്ചു.

‘വീരാരാധന’ ഇന്ത്യയില്‍ പുതുമയുള്ള പ്രതിഭാസമല്ല. വിവിധ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൊയ്തവരെ നാം വാനോളം പുകഴ്ത്താറുണ്ട്. അവരുടെ അസാധാരണ നേട്ടങ്ങള്‍ മഹത്ത്വത്തിന്‍െറ അടയാളങ്ങളായി വിലയിരുത്തപ്പെടാറുമുണ്ട്. സചിന്‍ ടെണ്ടുല്‍കര്‍, ലതാ മങ്കേഷ്കര്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങള്‍. ഇത്തരം ബിംബങ്ങള്‍ കളങ്കങ്ങള്‍ ഇല്ലാത്തവരായി പരക്കെ വാഴ്ത്തപ്പെടുന്നു. എന്നാല്‍, അന്യരാജ്യങ്ങളില്‍ ആഴത്തിലുള്ള ഈ വീരാരാധനാരീതി കാണാനാകില്ല. ഉദാഹരണമായി രചയിതാവും ഗായകനുമായ ബോബ് ഡിലനെ പുകഴ്ത്തുന്നവരായി ഏറെപ്പേരുണ്ട് അമേരിക്കയില്‍. എന്നാല്‍, അദ്ദേഹത്തെ വിമര്‍ശിക്കുന്നവരുടെ എണ്ണവും കൂടുതലായുണ്ട്.

ഇതിന് സമാനമാണ് ബ്രിട്ടീഷ് ടെന്നിസ് താരം ആന്‍ഡി മറെയുടെ കഥയും. എന്നാല്‍, ഇന്ത്യയിലെ പൊതുവ്യവഹാരങ്ങള്‍ സചിന്‍, ലതാ മങ്കേഷ്കര്‍ എന്നിവര്‍ക്കെതിരെ വിമര്‍ശമുന്നയിക്കുന്നത് അത്യപൂര്‍വം മാത്രം. വല്ല സന്ദര്‍ഭത്തിലും ഇവര്‍ക്കുനേരെ ഉയരുന്ന വിമര്‍ശനങ്ങളെ ആക്ഷേപാസ്ത്രങ്ങള്‍ കൊണ്ടാകും അനുയായികള്‍ അടിച്ചമര്‍ത്തുക. യുക്തിസഹമായ മറുപടികള്‍ പ്രതീക്ഷിക്കാന്‍ പോലുമാകാത്തവിധം കലുഷമായ അന്തരീക്ഷമാണ് ഈ ഘട്ടത്തില്‍ സൃഷ്ടിക്കാറുള്ളത്.

കായികപ്രതിഭകളോടുള്ള മമതയെ നമുക്ക് അവഗണിക്കാം. എന്നാല്‍, രാഷ്ട്രീയ നേതാക്കളോടുള്ള വീരാരാധന ജനാധിപത്യത്തിന് ഹാനികരമാകും. 19ഉം 20ഉം നൂറ്റാണ്ടുകളില്‍ മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ അരങ്ങേറിയ മഹത്തായ പുരോഗമനപരമായ സാമൂഹിക നവീകരണങ്ങള്‍ പരിശോധിക്കുക. ജാതിരഹിത സമൂഹം, ലിംഗസമത്വം, യുക്തിചിന്ത, വ്യക്തികളുടെ അവകാശങ്ങള്‍ എന്നിവക്കുവേണ്ടിയുള്ള ശക്തമായ പ്രക്ഷോഭങ്ങളുടെ കാലമായിരുന്നു അത്. എന്നാല്‍, സമീപകാലത്ത് ഇതേ മഹാരാഷ്ട്ര ബാല്‍താക്കറെക്കുവേണ്ടിയുള്ള അമിതാസക്തി കലര്‍ന്ന ഉപാസനകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. തമിഴ്നാട്ടിലാകട്ടെ ജയലളിതാ കള്‍ട്ടിനും അംഗീകാരം ലഭിച്ചു. ഈ വ്യക്തികള്‍ക്കുവേണ്ടിയാണ് ഭരണകൂടങ്ങള്‍ സേവനനിരതമായത്. ഇവര്‍ക്കെതിരായ വിമര്‍ശങ്ങള്‍   അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു.

എന്നാല്‍, ദേശീയതലത്തില്‍ നരേന്ദ്രമോദി വളര്‍ത്തുന്ന വ്യക്തിപൂജാ സമ്പ്രദായത്തിന് ഇന്ദിര ഗാന്ധിയെ ഒഴിച്ചുനിര്‍ത്തിയാല്‍ മുന്‍ മാതൃകകള്‍ ഇല്ല. അക്കാലത്തെ കോണ്‍ഗ്രസുകാര്‍ ഇന്ദിരയെ ദേശത്തോളം ഉയര്‍ത്തി. സമാനരീതിയില്‍ ഇന്ന് നരേന്ദ്ര മോദിയും ദേശംതന്നെയായി വാഴ്ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. വീരാരാധനയുടെ അതിതീവ്രതക്ക് നവസമൂഹമാധ്യമങ്ങളില്‍ ലക്ഷങ്ങള്‍ അടിപ്പെട്ടുകഴിഞ്ഞു. ചില പത്രലേഖകരും ഈ പാത പിന്തുടരുന്നു. ഒരു മുതിര്‍ന്ന മന്ത്രി മോദിയെ മിശിഹ എന്ന് അഭിസംബോധന ചെയ്തതാണ് കൂടുതല്‍ അസ്വാസ്ഥ്യജനകമായി എനിക്കനുഭവപ്പെടുന്നത്. മോദിയെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികള്‍ ആണെന്നായിരുന്നു ഒരു മുഖ്യമന്ത്രിയുടെ സുചിന്തിതാഭിപ്രായം! ഇന്ദിര ഗാന്ധിയുടെ ഘട്ടത്തിലേതുപോലെ പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായയും നേട്ടങ്ങളും അവതരിപ്പിക്കാന്‍ എ.ഐ.ആര്‍, ദൂരദര്‍ശന്‍ തുടങ്ങിയ ഒൗദ്യോഗിക മാധ്യമങ്ങള്‍ അധികസമയ ജോലി നിര്‍വഹിക്കുന്നു.

‘മോദി കള്‍ട്ട്’ വിശകലനം ചെയ്യുമ്പോള്‍ രണ്ട് പ്രമുഖരുടെ പ്രഖ്യാപനങ്ങള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്‍േറതാണ് ഒന്നാമത്തേത്. ‘ചാണക്യ’ എന്ന അപരനാമത്തില്‍ 1937ല്‍ നെഹ്റു എഴുതിയ ലേഖനം ഇക്കാലത്തും പ്രസക്തി മങ്ങാതെ നിലകൊള്ളുന്നു. നെഹ്റു സ്വയം തൃതീയപുരുഷനായി സങ്കല്‍പിച്ചുകൊണ്ട് എഴുതിയ വാക്യങ്ങള്‍ ഉദ്ധരിക്കാം:

‘ജവഹര്‍ലാലിന് ഒരിക്കലും ഒരു ഫാഷിസ്റ്റാകാന്‍ സാധ്യമല്ല. എന്നാല്‍, ഒരു സ്വേച്ഛാധിപതിയാകുന്നതിനുള്ള സര്‍വ ഘടകങ്ങളും അദ്ദേഹത്തില്‍ സമ്മേളിച്ചിരിക്കുന്നു. നല്ല ജനകീയപിന്തുണ, നല്ല നിശ്ചയദാര്‍ഢ്യം, ലക്ഷ്യബോധം, അഭിമാനബോധം, സംഘാടകശക്്തി, ജനക്കൂട്ടത്തോടുള്ള സ്നേഹം, കഴിവുകെട്ടവരോടുള്ള പുച്ഛം തുടങ്ങിയ സ്വഭാവസവിശേഷതകള്‍ അദ്ദേഹത്തിന് സ്വന്തമായുണ്ട്.

നെഹ്റു പരോക്ഷമായി സ്വന്തത്തിനുനേരെ ഒരു മുന്നറിയിപ്പ് സന്ദേശം അയക്കുകയായിരുന്നു ഈ പരാമര്‍ശങ്ങളിലൂടെ. അംബേദ്കറുടെ വാക്കുകളാണ് രണ്ടാമത്തേത്. ഭരണഘടന നിര്‍മാണസഭക്ക് നല്‍കിയ സന്ദേശത്തിലായിരുന്നു അംബേദ്കറുടെ പ്രഖ്യാപനം.
‘മഹാനായ ഒരു വ്യക്തിക്ക് മുന്നില്‍പോലും നിങ്ങള്‍ അവകാശങ്ങള്‍ അടിയറ വെക്കരുത്. രാജ്യത്തിന് ദീര്‍ഘകാല സേവനങ്ങള്‍ അര്‍പ്പിച്ച മഹാന്മാരോട് നന്ദി പ്രകടിപ്പിക്കുന്നതില്‍ തെറ്റായി ഒന്നുമില്ല. എന്നാല്‍, ഈ നന്ദിപ്രകടനംപോലും പരിധിവിടാന്‍ ഇടയാകരുത്. ലോകത്തെ ഏതൊരു രാജ്യത്തില്‍നിന്നും ഭിന്നമായി വ്യക്തിപൂജയും വീരാരാധനയും ഇന്ത്യന്‍ രാഷ്ട്രീയത്തിന് ദോഷംചെയ്യുമെന്ന് അംബേദ്കര്‍ക്ക് അറിയാമായിരുന്നു. വീരാരാധന ജനാധിപത്യത്തെ ജീര്‍ണിപ്പിച്ച് സ്വേച്ഛാധിപത്യത്തിന്‍െറ പാത സുഗമമാക്കുമെന്നും അദ്ദേഹം മുന്‍കൂട്ടി കണ്ടു.

ഇന്ദിര ഗാന്ധിയെപോലുള്ള സ്വേച്ഛാപ്രമത്തരെയും അടിയന്തരാവസ്ഥയെയും മുന്നില്‍ക്കണ്ടായിരുന്നു ഈ മുന്നറിയിപ്പെന്ന് വ്യക്തം. എന്നാല്‍, ഏതെങ്കിലും ഒറ്റവ്യക്തിക്ക് തകര്‍ക്കാനാകാത്തവിധം ഇന്ത്യന്‍ ജനാധിപത്യം ഇപ്പോള്‍ ശക്തിപ്രാപിച്ചിരിക്കുന്നു എന്നതുമാത്രമാണ് ആശ്വാസമരുളുന്ന യാഥാര്‍ഥ്യം. പക്ഷേ, പാകപ്പെട്ടെങ്കിലും ഈ ജനാധിപത്യവ്യവസ്ഥക്ക് ഗുരുതര മുറിവുകള്‍ ഏല്‍ക്കുന്നു. അതുകൊണ്ടാണ് ജനാധിപത്യത്തിന് കൂടുതല്‍ ക്ഷതമേല്‍പിക്കുന്ന മോദിയുടെ വ്യക്തിപൂജ തന്ത്രങ്ങളെ ചെറുക്കാന്‍ തയാറാകണമെന്ന് ഇവിടെ ആവശ്യപ്പെടുന്നത്.

ഭരണഘടന ശില്‍പി ബി.ആര്‍. അംബേദ്കറുടെ 60ാം ചരമവാര്‍ഷികത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ സന്ദര്‍ഭത്തില്‍ ആര്‍ജവമുള്ളവര്‍ അംബേദ്കറുടെ 1949ലെ പ്രഭാഷണം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവരേണ്ടിയിരിക്കുന്നു. ‘ചാണക്യ’ എന്നപേരില്‍ ജവഹര്‍ലാല്‍ നെഹ്റു എഴുതിയ അത്യധികം പാരായണയോഗ്യമായ 1937ലെ ലേഖനം പ്രധാനമന്ത്രിക്ക് കൈമാറുന്നതും സന്ദര്‍ഭോചിതമാകും.
കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra-Modi.jpg
News Summary - Narendra-Modi
Next Story