Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാനാ പടേക്കർ; മനുഷ്യത്വമുള്ള പെർഫക്‌ഷനിസ്റ്റ്

text_fields
bookmark_border
നാനാ പടേക്കർ; മനുഷ്യത്വമുള്ള പെർഫക്‌ഷനിസ്റ്റ്
cancel
camera_alt

നാനാ പടേക്കറിനൊപ്പം മധുപാൽ 

ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഏറ്റവും പ്രഗല്ഭനായ നടനാണ് നാനാ പടേക്കറുടെ വിയോഗത്തോടെ അരങ്ങൊഴിയുന്നത്. കഴിഞ്ഞ ഐ.എഫ്.എഫ്.കെയുടെ ഭാഗമായി തിരുവനന്തപുരത്തു വന്നപ്പോൾ അദ്ദേഹവുമായി ഏറെനേരം സംസാരിച്ചിരിക്കാൻ സാധിച്ചിരുന്നു . സിനിമ, അഭിനേതാവെന്ന നിലയിലുള്ള പെരുമാറ്റം, ഒരു നടന് സാധാരണക്കാരോട് എത്രത്തോളം ഇടപെടാൻ കഴിയും തുടങ്ങി ചുറ്റുമുള്ള സകല കാര്യങ്ങളെക്കുറിച്ചും വ്യക്തമായി പറഞ്ഞുകൊടുക്കാൻ തക്കവണ്ണം പ്രയത്നിക്കുന്ന ഒരു വ്യക്തിയെയാണ് അന്ന് തൊട്ടറിയാനായത്.

മഹാരാഷ്ട്രയിലെ വരൾച്ചബാധിത പ്രദേശങ്ങളിൽ കർഷകരുടെ ആത്മഹത്യ പെരുകിയപ്പോൾ ഒരു കൂട്ടായ്മ രൂപവത്കരിച്ച് അവർക്ക് സാമ്പത്തികസഹായവും വെള്ളവും ഭക്ഷണവുമടക്കം അവശ്യവസ്തുക്കൾ എല്ലാം എത്തിച്ചു നൽകാൻ നാനാ പടേക്കർ മുന്നിട്ടിറങ്ങിയിരുന്നു . പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴും ഒരു സാധാരണക്കാരനായി സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് എത്രമാത്രം സാധിക്കുന്നു എന്നതാണ് ഞാൻ തിരിച്ചറിഞ്ഞ പ്രധാന കാര്യം. ആ മനോഭാവമാണ് ഒരു നടനെന്ന നിലയിൽ അദ്ദേഹത്തെ ലോകത്തെ ചലച്ചിത്രപ്രേക്ഷകരുടെയും അഭിനയത്തെ സ്നേഹിക്കുന്ന സാധാരണ മനുഷ്യരുടെയും ഹൃദയത്തിൽ വലിയ സ്ഥാനത്ത് എത്തിച്ചതെന്ന് തോന്നുന്നു. അത്രമേൽ സാമൂഹികപ്രതിബദ്ധതയുള്ള, മനുഷ്യനോട് ചേർന്നുനിൽക്കുന്ന, മനുഷ്യരെ സഹായിക്കാൻ മനസ്സിൽ കനിവുള്ള ഒരു വ്യക്തിത്വത്തെയാണ് നമുക്ക് അവിടെ അനുഭവവേദ്യമാകുന്നത്.

സിനിമയായാലും കാരുണ്യപ്രവർത്തനമായാലും ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം പൂർണത ഉറപ്പുവരുത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പട്ടാളകഥ പറയുന്ന ‘പ്രഹാർ’ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തതാണ്. സൈനികരോടൊപ്പം കഠിനപരിശീലനങ്ങളിൽ ഏർപ്പെട്ട ശേഷമാണ് അദ്ദേഹം ആ സിനിമ ഒരുക്കിയത്. എന്നെ ഏറെ സ്വാധീനിച്ച അദ്ദേഹത്തിന്റെ ചിത്രം ‘ഖാമോഷി’ ആണ്. അദ്ദേഹം ചെയ്ത വേഷങ്ങളിൽ ഏറ്റവും ആകർഷിച്ചതും ‘ഖാമോഷി’യിലേതുതന്നെ. ബധിരനും മൂകനുമായ ഒരു മനുഷ്യനായി അസാമാന്യ അഭിനയമാണ് അതിൽ അദ്ദേഹം കാഴ്ച വെച്ചത്

ഞങ്ങളുടെ സംഭാഷണത്തിനിടെ അദ്ദേഹം ഒരു വിഷമവും പങ്കുവെക്കുകയുണ്ടായി. തമിഴ്, മറാത്തി, ഹിന്ദി, ബംഗാളി തുടങ്ങി മിക്ക ഇന്ത്യൻ ഭാഷാചിത്രങ്ങളിലും നാടകങ്ങളിലും അഭിനയിക്കാൻ അവസരമുണ്ടായെങ്കിലും മലയാളത്തിൽ മാത്രം അഭിനയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതായിരുന്നു ആ വിഷമം. ഇനി ആ വിഷമത്തിന് പ്രതിക്രിയ ചെയ്യാനാവില്ലല്ലോ ഒന്നാലോചിക്കുമ്പോൾ അത് നാം ഓരോരുത്തരുടെയും സങ്കടമാകുന്നു. നാനാ പടേക്കർ എന്ന പ്രതിഭ കാഴ്ചവെച്ച വേഷങ്ങൾ നമ്മൾ കണ്ടതാണ്. അന്ന് സംസാരിക്കുമ്പോൾ ആ കഥാപാത്രങ്ങൾക്കും മുകളിലായി മലയാളത്തിൽ ഒരു നല്ല വേഷം കണ്ടെത്തണമെന്ന ആഗ്രഹവുമുണ്ടായിരുന്നു.

അന്ന് ഞാൻ നൽകിയ ‘ഒഴിമുറി’ എന്ന സിനിമ കണ്ട് അദ്ദേഹം അഭിപ്രായം അറിയിച്ചിരുന്നു. മനുഷ്യത്വവും പൂർണതയും മുഖമുദ്രയാക്കിയ ആ അതുല്യപ്രതിഭ അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഇനിയും നമുക്കിടയിൽത്തന്നെയുണ്ടാവും.

എന്നും നനവ് കാത്ത മനസ്സ്

​അഭിനയജീവിതത്തിൽനിന്ന് ലഭിച്ച വരുമാനത്തിന്റെ വലിയ പങ്കും അശരണർക്കുവേണ്ടിയും സാമൂഹിക പ്രവർത്തനങ്ങൾക്കായും നീക്കിവെച്ച് തികച്ചും ലളിതമായ ജീവിതമാണ് നാനാ പടേക്കർ നയിച്ചത് . വരൾച്ച ബാധിച്ച കർഷകർക്കും അവരുടെ കുടുംബങ്ങൾക്കും നടൻ മകരന്ദ് അനാസ്പുരെയുമായി ചേർന്ന് രൂപീകരിച്ച ‘നാം ഫൗണ്ടേഷൻ’ വഴി സാമ്പത്തിക സഹായവും ജലസംരക്ഷണ സൗകര്യങ്ങളും വിദ്യാഭ്യാസ പിന്തുണയും ഉറപ്പാക്കാൻ അദ്ദേഹം ഏറെ പരിശ്രമിച്ചു. വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ കുടുംബങ്ങളെ സഹായിക്കാനും വലിയ തുകകൾ അദ്ദേഹം സംഭാവനയായി നൽകി.

​2017-ൽ പുറത്തിറങ്ങിയ 'ഗോൽമാൽ എഗെയ്ൻ' എന്ന ചിത്രത്തിലെ വേഷത്തിന് സംവിധായകൻ രോഹിത് ഷെട്ടി പ്രതിഫലം വാഗ്ദാനം ചെയ്തപ്പോൾ, "ഒരു അനാഥാലയത്തിന്റെ നമ്പർ തരാം, എനിക്ക് തരാൻ ഉദ്ദേശിച്ച തുക അവർക്ക് സംഭാവനയായി നൽകിയേക്കൂ" എന്നായിരുന്നു പടേക്കറുടെ മറുപടി.

​ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടക്കൂടുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കാൻ തനിക്കാവില്ലെന്നും, സ്വന്തം അഭിപ്രായങ്ങൾ നിർഭയം തുറന്നുപറയാനാണ് താല്പര്യമെന്നും വ്യക്തമാക്കിയ അദ്ദേഹം മതനിരപേക്ഷ നിലപാടാണ് എപ്പോഴും സ്വീകരിച്ചത്. ഇന്ത്യ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് പൊതുവേദികളിലും അഭിമുഖങ്ങളിലും അദ്ദേഹം ആവർത്തിച്ചു. സാധാരണ ജനങ്ങൾക്കിടയിലല്ല വിദ്വേഷമുള്ളതെന്നും, രാഷ്ട്രീയക്കാരാണ് ഭിന്നിപ്പുണ്ടാക്കാനായി വർഗീയ കലാപങ്ങളും കൃത്രിമ ശത്രുതയും സൃഷ്ടിക്കുന്നതെന്നുമായിരുന്നു നാനാ പടെക്കറുടെ പക്ഷം.

നവി മുംബൈയിൽ നടൻ നാനാ പടേക്കർക്ക് ആദരാഞ്ജലിയർപ്പിച്ച് ചിത്രമൊരുക്കുന്ന രംഗോലി കലാകാരൻ ശ്രീഹരി പാവലെ

നടനത്തിന്റെ നാനാഭാവം

പതികാലത്തിൽ തുടങ്ങി കൊട്ടിക്കയറി ദ്രുതകാലത്തിലെത്തുന്ന തായമ്പക പോലെയായിരുന്നു ഇന്നലെ അന്തരിച്ച നടൻ നാനാ പടേക്കറുടെ അഭിനയ രീതി. നിശ്ശബ്ദതയിൽനിന്ന് ആക്രോശത്തിലേക്ക് കടക്കുന്ന കഥാപാത്രങ്ങൾ. വികാരവി​ക്ഷോഭവും കോപവുമെല്ലാം പിന്നീട് മിന്നിമറയും. സംഭാഷണങ്ങൾക്ക് വേഗമേറെയായിരിക്കും. എന്നാൽ, വ്യക്തവും മൂർച്ചയേറിയതുമായ സംഭാഷണം പ്രേക്ഷകരെ കൊളുത്തി വലിക്കും. മറാത്തി നാടകങ്ങളിൽനിന്ന് അഭിനയം പഠിച്ച അദ്ദേഹം വെള്ളിത്തിരയിൽ നാടകീയത ഒഴിവാക്കാൻ ഏറെ ശ്രദ്ധിച്ചിരുന്നു. സ്വാഭാവികമായിരുന്നു നാനാജി കഥാപാത്രങ്ങളുടെ ചലനങ്ങൾ.

വില്ലൻ വേഷങ്ങളിലാണ് നാനാ പടേക്കർ കൂടുതൽ തിളങ്ങിയത്.എന്നാൽ, നായകനും സഹനടനും ഹാസ്യതാരവുമെല്ലാം ഈ മനുഷ്യനിൽ ഭദ്രമായിരുന്നു. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ ‘പരിന്ദ’യിലെ അധോലോക രാജാവായ അണ്ണാ സേത്ത് അദ്ദേഹത്തെ മറ്റൊരു തലത്തിലെത്തിച്ച കഥാപാത്രമാണ്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ഈ ചിത്രം നാനാ പടേക്കർക്ക് സമ്മാനിച്ച ജനപ്രീതി ചെറുതല്ല. മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ‘ക്രാന്തിവീറി’ലെ പ്രതാപ് തിലകും സഹനടനുള്ള ദേശീയ അവാർഡ് സമ്മാനിച്ച ‘അഗ്നിസാക്ഷി’യിലെ സംശയ രോഗിയായ ഭർത്താവ് വിശ്വനാഥും നാനാ പടേക്കറുടെ അവിസ്മരണീയ വേഷപ്പകർച്ചകളാണ്. പ്രഹർ എന്ന സിനിമയിൽ അഭിനയിക്കാൻ സൈനിക പരിശീലനം നേടിയ കഥയും നാനക്കുണ്ട്.

നാനാ പടേക്കർ ലോകമറിയുന്ന താരമായതിന് പിന്നിൽ ഏറെ സഹനങ്ങളുടെ കഥയുണ്ട്. സിനിമാ പോസ്റ്ററുകൾ പെയിന്റ് ചെയ്തും തുണിക്കച്ചവടം നടത്തിയും ജീവിച്ച ഒരു കാലമുണ്ടായിരുന്നു. മുംബൈയിലെ പ്രശസ്തമായ ജെ.ജെ. ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ഡിപ്ലോമ നേടിയ ശേഷം പരസ്യ ഏജൻസികളിൽ വിഷ്വലൈസറായി പണിയെടുത്തു. ഇക്കാലത്താണ് മറാത്തി നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങിയത്.

ബാങ്ക് ഉ​ദ്യോഗസ്ഥയും നാടക പ്രവർത്തകയുമായ നീലാന്തിയെയാണ് വിവാഹം ചെയ്തത്. പിന്നീട് പിരിഞ്ഞ ഇരുവരും സൗഹൃദവും വ്യക്തിബന്ധവും തുടർ ന്നു. മുംബൈയിൽ വലിയ വീടു​ണ്ടെങ്കിലും ഖഡക്‍വാസ്‍ലയിലും പനാജിയിലുമുള്ള ചെറിയ വീടുകളിലായിരുന്നു താമസം. ജീവകാരുണ്യ പ്രവർത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തി.

മഹാരാഷ്ട്രയിൽ വരൾച്ച കാരണം കർഷകർ ജീവനൊടുക്കിയപ്പോൾ കുടുംബങ്ങളെ സഹായിക്കാൻ ഈ നടനപ്രതിഭ എത്തിയിരുന്നു.

‘നാളെ ഞാനുണ്ടാകുമോ എന്നറിയില്ല’

പനാജി:"എല്ലാവരും എന്നെങ്കിലും പോകേണ്ടതുണ്ട്, നാളെ ഞാനുണ്ടാകുമോ എന്ന് എനിക്കറിയില്ല"’- ഒക്ടോബർ നാലിന് ഗോവയിലെ പനാജിക്ക് സമീപമുള്ള ഡോണ പോളയിൽ ഒരു ചടങ്ങിൽ സംസാരിക്കവേ സ്വതസിദ്ധ ശൈലിയിൽ നാനാ പടേക്കർ പറഞ്ഞ വാക്കുകളാണിത് . ‘സുഹൃത്തും ഗോവ മുൻ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച മനോഹർ പരീക്കറെയും അദ്ദേഹം അന്ന് അനുസ്മരിച്ചിരുന്നു

. ‘എല്ലാവരുടെയും ജീവിതത്തിൽ ആ സമയം വരും. എന്നാൽ ആ സമയം വരുന്നതിനുമുമ്പ്, എനിക്ക് ചെയ്യാൻ ആഗ്രഹിക്കുന്നത് ചെയ്യാൻ കഴിയുന്നുണ്ടോ? അതിനായി ഞാൻ പരിശ്രമിച്ചിട്ടുണ്ടോ? എന്ന് നാം ചിന്തിക്കേണ്ടതുണ്ട്’- അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nana Patekar; Humane perfectionist
Next Story