Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകാമ്പസുകളിലെ...

കാമ്പസുകളിലെ തേര്‍വാഴ്ച അവസാനിക്കണം

text_fields
bookmark_border
കാമ്പസുകളിലെ തേര്‍വാഴ്ച അവസാനിക്കണം
cancel

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രോഹിത് വെമുല എന്ന സമര്‍ഥനായ ദലിത് വിദ്യാര്‍ഥിയുടെ അകാലമരണത്തിനിടയാക്കിയ സംഭവങ്ങള്‍ക്ക് ഒരു വര്‍ഷം പോലും തികഞ്ഞിട്ടില്ല. 2016 ജനുവരി 17 ആണ് വെമുല സ്വയം ജീവനൊടുക്കിയത്. ഇതോടനുബന്ധിച്ച് രാജ്യമാകെ നടന്ന സംവാദങ്ങള്‍ ചെന്നവസാനിച്ചത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന വര്‍ഗീയതയിലേക്കും ജാതി വിവേചനങ്ങളിലേക്കും ഭരണകൂട ഭീകരതയിലേക്കുമാണ്. നാളത്തെ അധികാരികളാകാന്‍ മികച്ച പൗരന്മാരെ രൂപപ്പെടുത്തുന്ന സര്‍വകലാശാലകളില്‍ ജാതിയുടെയും മതത്തിന്‍െറയും അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്നത് ആരായാലും ആ നടപടി ഭരണഘടനാവിരുദ്ധമാണ്. വെമുല സംഭവത്തിന് തൊട്ടുപിറകെ ജെ.എന്‍.യുവിലെ യൂനിയന്‍ ചെയര്‍മാനായിരുന്ന കനയ്യകുമാറിനെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ചതും അതോടനുബന്ധിച്ച് സംഘ്പരിവാര്‍ ശക്തികളുടെ പിന്‍ബലത്തില്‍ കോടതിവളപ്പില്‍ അഭിഭാഷകര്‍ നടത്തിയ അതിക്രമങ്ങളും രാജ്യചരിത്രത്തിലെ കറുത്ത അധ്യായമാണ്. ബോധപൂര്‍വം വിജ്ഞാനത്തിന്‍െറ ആശ്രയ കേന്ദ്രങ്ങളില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്ന ഫാഷിസ്റ്റ് ഭൂതത്തെ ബന്ധിച്ചേ മതിയാകൂ.

ജെ.എന്‍.യുവിലെ നജീബ് അഹ്മദ് എന്ന പി.ജി വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹത രണ്ടാഴ്ച പിന്നിട്ടശേഷവും തുടരുകയാണ്. താന്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച്  ഫോണിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റലിലത്തെിയ മാതാവിന് ‘അവനെ കാണാനില്ല’ എന്ന നിസ്സംഗമായ മറുപടിയാണ് അധികാരികളില്‍നിന്ന് ലഭിച്ചത്. ഈ മറുപടി വിശ്വസിക്കാനാകാതെ തേങ്ങലോടെ കഴിയുകയാണ് ആ മാതാവ്. നജീബിനെ ആരോ തട്ടിക്കൊണ്ടുപോയതാകാം, അതല്ല സുരക്ഷിതമായി ഏതോ രാഷ്ട്രീയ നേതൃത്വം ഒളിപ്പിച്ചതാകാം, അതുമല്ല മനം നൊന്ത് സ്വയം ജീവനൊടുക്കിയതാകാം, കാമ്പസിനകത്ത് എവിടെയോ ഒളിച്ചിരിക്കുന്നതുമാകാം.

ഇത്തരത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന സംശയങ്ങളാണ് അധികൃതര്‍ പ്രകടിപ്പിച്ചത്. നജീബ് അഹ്മദ് സുരക്ഷിതമായി ജീവനോടെ മടങ്ങിയത്തെട്ടെ എന്ന് ഹൃദയത്തില്‍ തൊട്ട് പ്രാര്‍ഥിക്കുമ്പോഴും ആരുടെയൊക്കെയോ ബോധപൂര്‍വമായ നിശബ്ദത നമ്മെ ഭയപ്പെടുത്തുന്നു. കാമ്പസിലെ പ്രധാന വിദ്യാര്‍ഥി സംഘടനകളില്‍ ഒന്നായ എ.ബി.വി.പി നജീബിന്‍െറ തിരോധാനത്തിന് മുമ്പും പിമ്പും സ്വീകരിച്ച നിലപാടുകള്‍ അസഹിഷ്ണുതയുടെ മറയില്ലാത്ത പ്രഖ്യാപനങ്ങളായിരുന്നു. തിരോധാനത്തിന് തൊട്ട് തലേദിവസം എ.ബി.വി.പി പ്രവര്‍ത്തകര്‍ നജീബിനെ നിഷ്ഠുരമായി മര്‍ദിക്കുകയുണ്ടായി.

നിയമപാലകരും നിയമവ്യവസ്ഥയും നിലനില്‍ക്കെ സാധാരണക്കാരെപ്പോലെ സര്‍വകലാശാലാ അധികൃതരും സന്ദേഹങ്ങള്‍ പ്രകടിപ്പിക്കുക മാത്രമാണോ ചെയ്യേണ്ടത്? ഒരു വിദ്യാര്‍ഥിയുടെ ജീവന്‍െറ സുരക്ഷ ഉറപ്പുവരുത്തേണ്ട ബാധ്യതയില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള അധികൃതരുടെ ശ്രമത്തിന് ഒരു ന്യായീകരണവുമില്ല. രോഹിത് വെമുല വൈസ് ചാന്‍സലര്‍ക്കെഴുതിയ കത്ത് ലോകമുള്ളിടത്തോളം കാലം ഓര്‍മിക്കും. ദലിത് വിദ്യാര്‍ഥിക്ക് അഡ്മിഷന്‍ കൊടുക്കുമ്പോള്‍ ഒന്നുകില്‍ ഒരല്‍പം വിഷം അതല്ളെങ്കില്‍ ഒരു കഷ്ണം കയര്‍ കൂടി നല്‍കണം എന്ന് തുടങ്ങുന്ന കത്തിലെ വാക്യങ്ങള്‍ ആരുടെയും ഹൃദയത്തില്‍ തറച്ചുകയറുന്ന അസ്ത്രങ്ങളായിരുന്നു. ഭരണകൂട ഭീകരതയുടെ വിഹാരഭൂമിയായി സര്‍വകലാശാലകള്‍ മാറുകയാണോ? വര്‍ഗീയ ഫാഷിസ അന്ധത ബാധിച്ച അധികാരികള്‍ കേള്‍ക്കാനും കാണാനും കഴിയാത്ത പ്രതിമകളായി നടിക്കുക മാത്രമാണ് ഇവിടെ. രോഹിത് വെമുല ഇല്ലാതായെങ്കിലും വൈസ് ചാന്‍സലര്‍ അപ്പറാവു കേന്ദ്രസര്‍ക്കാറിന് പ്രിയങ്കരനായി മാറി.

ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ജഗദീഷ്കുമാറിന്‍െറ സംസാരഭാഷയും ശരീരഭാഷയും മേല്‍പറഞ്ഞ പ്രതിമയുടേത് പോലെയാണ്. നജീബ് വിഷയത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ പൊലീസും സൈന്യവും വലയം ചെയ്തത് ടെലിവിഷനില്‍ കാണാനിടയായി. രോഹിത് വെമുലയുടെ മരണത്തിനുത്തരവാദികളായവരെ സംരക്ഷിക്കുന്ന ഭരണകൂടത്തിനെതിരെ രാവ് പകലാക്കി ഹൈദരാബാദ് സര്‍വകലാശാലയില്‍ ദിവസങ്ങളോളം സമരം ചെയ്ത വിദ്യാര്‍ഥികള്‍ ഒരിക്കല്‍പോലും അക്രമാസക്തരായില്ല. പൊതുമുതല്‍ നശിപ്പിച്ചതുമില്ല. ഒരുദിവസം അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഞാനും അവിടെ പോയിരുന്നു. വ്യത്യസ്ത മേഖലകളില്‍നിന്നത്തെി ഏകശബ്ദത്തില്‍ നിലനില്‍പ്പിനുവേണ്ടി വിദ്യാര്‍ഥികള്‍ നടത്തിയ ആ സമരരീതി മാതൃകാപരമായിരുന്നു. ജെ.എന്‍.യുവിലും വിദ്യാര്‍ഥികള്‍ അതേ പാത പിന്തുടരുന്നു.

രോഹിത് വെമുല വിഷയത്തില്‍ കേരളത്തിലെ വിദ്യാര്‍ഥി സംഘടനകള്‍ മനപൂര്‍വമല്ളെങ്കിലും വേണ്ട രീതിയില്‍ ഇടപെടാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന അഭിപ്രായം പല കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. നജീബ് അഹ്മദിന്‍െറ തിരോധാനവും കേരള കാമ്പസുകളില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല. നിയമവാഴ്ചയെയും ഭരണഘടനയെയും ചോദ്യം ചെയ്തുകൊണ്ട് അധികാരത്തിന്‍െറ മറവില്‍ ജ്ഞാനസമ്പാദനത്തിനായി കലാലയങ്ങളില്‍ എത്തുന്ന യുവജനങ്ങളെ അടിച്ചമര്‍ത്തുന്ന ശക്തികളെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടാകണം.

Show Full Article
TAGS:najeeb 
News Summary - najeeb
Next Story