അടിമുടി മാറും, മാതൃകയാവും എന്റെ പൊലീസ് സ്റ്റേഷൻ
text_fieldsവിദ്യാഭ്യാസ നിലവാരം, സമൂഹിക രാഷ്ട്രീയ അവബോധം, പൗരാവകാശ ബോധം, സജീവ മാധ്യമ ഇടപെടൽ തുടങ്ങി ജനാധിപത്യ മൂല്യങ്ങൾ ഏറെ ശക്തിപ്രാപിച്ച നാടാണ് നമ്മുടേത്. കടുത്ത മത്സര പരീക്ഷയിലൂടെ കേരളാ പൊലീസിൽ അംഗമാകുന്ന സിവിൽ പൊലീസ് ഓഫീസർമാർ മുതലുള്ളവരുടെ നിലവാരവും മികച്ചതാണ് എന്നതാണ് എന്റെ ബോധ്യം. കേരളാ പൊലീസിന് അഭിമാനകരമായ ഏറെ നേട്ടങ്ങളുണ്ടെങ്കിലും, നൂറ്റാണ്ടുകളുടെ ജനാധിപത്യ ഭരണാനുഭവമുള്ള യൂറോപ്യൻ രാജ്യങ്ങളുമായും മറ്റും താരതമ്യം ചെയ്യുമ്പോൾ നമുക്കിനിയും മുന്നേറാനാകും. അവിടെയാണ് പൊലീസ് പരിഷ്ക്കരണം പ്രസക്തമാകുന്നത്.
സാധാരണ പൗരർ അവരുടെ പ്രശ്നങ്ങൾക്ക്, പരിഹാരം തേടിയെത്തുന്ന പൊലീസ് സ്റ്റേഷനുകളാകണം പരിഷ്ക്കരണത്തിന്റെ കേന്ദ്ര ബിന്ദു. ഓരോ മനുഷ്യന്റെയും അന്തസ്സിനെ മാനിച്ച് പ്രഫഷണലിസത്തിന്റെ പാതയിൽ, സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി, സേവന മനോഭാവത്തോടെ പ്രവർത്തിച്ച് ആധുനിക ജനാധിപത്യ സമൂഹത്തിന്റെ ഉത്തമ മാതൃകയായി ഓരോ പൊലീസ് സ്റ്റേഷനും മാറണം എന്ന ലക്ഷ്യത്തോടെ സർക്കാർ ആഗസ്റ്റ് 15 മുതല്‍ നടപ്പാക്കുന്ന പരിഷ്ക്കരണമാണ് എന്റെ പൊലീസ് സ്റ്റേഷൻ പദ്ധതി,
പരാതി നൽകുന്നതിന്, കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നതിന്, വിവിധ സർട്ടിഫിക്കറ്റുകൾക്ക് -മുഖ്യമായും ഒരു വ്യക്തി പൊലീസ് സ്റ്റേഷനിൽ വരുന്നത് ഈ ആവശ്യങ്ങൾക്കാണ്. പരിഷ്ക്കരണ അജണ്ടയുടെ അന്തസത്ത ഉൾക്കൊണ്ട് പൊലീസ് സ്റ്റേഷൻ പ്രവർത്തനം മുന്നോട്ട് പോകുമ്പോൾ സ്വാഭാവികമായും സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരർ, പട്ടികജാതി-വർഗ്ഗ വിഭാഗങ്ങൾ തുടങ്ങിയവർക്ക് മെച്ചപ്പെട്ട പരിഗണന ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
പൊലീസിന്റെ എല്ലാ നേട്ടങ്ങൾക്കും മേൽ കരിനിഴൽ വീഴ്ത്തുന്നതാണ് കസ്റ്റഡി മർദനം, കസ്റ്റഡി കൊലപാതകം, നിയമവിരുദ്ധ കസ്റ്റഡി, പരുക്കൻ പെരുമാറ്റം,സഭ്യേതര ഭാഷ തുടങ്ങിയ കസ്റ്റോഡിയൽ കുറ്റങ്ങള്‍. കുറ്റാന്വേഷണത്തിലും മറ്റും പ്രൊഫഷണലിസത്തിന്റെയും ശാസ്ത്രീയ രീതികളുടെയും പാത സ്വീകരിക്കുന്നതിന് പകരം മൂന്നാംമുറ പോലുള്ള അപരിഷ്കൃതവും നിയമ വിരുദ്ധവുമായ വഴി സ്വീകരിക്കുവാൻ പാടില്ല. ജനാധിപത്യ സമൂഹത്തിൽ കുറ്റകൃത്യം തെളിയിക്കുന്നതുപോലെ പ്രധാനമാണ് അതിനു പൊലീസ് സ്വീകരിക്കുന്ന വഴികളും. പൊലീസ് കസ്റ്റഡിയിലെ അതിക്രമങ്ങള്‍ ഇല്ലാതാക്കാൻ കഴിഞ്ഞാൽ കേരളാ പോലീസിന്റെ പ്രതിച്ഛായ മറ്റൊരു തലത്തിലേയ്ക്ക് ഉയരും. ജനവിശ്വാസം വർദ്ധിക്കും; പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിലൂടെ പൊലീസിന്റെ കാര്യക്ഷമതയും വർദ്ധിക്കും.
കസ്റ്റോഡിയൽ ക്രൈമുകള്‍ ഇല്ലായ്മ ചെയ്യുക എന്നതാണ് പൊലീസ് പരിഷ്ക്കരണത്തിന്റെ അടുത്ത പ്രധാന അജണ്ട. പൊലീസ് സ്റ്റേഷനുകളിൽ ഗുണകരമായ മാറ്റം കൊണ്ടുവരുന്നതിന് സർക്കിൾ ഇൻസ്പെക്ടർ മുതൽ മുകളിലോട്ടുള്ള സൂപ്പർവൈസറി ഉദ്യോഗസ്ഥർക്കും കൃത്യമായ പരിശീലനം നൽകും. പൗരരോട് സൗഹാർദ്ദമായ സമീപനം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം, കീഴുദ്യോഗസ്ഥരോട് ആരോഗ്യകരമായ നല്ല ബന്ധം പുലർത്താൻ സൂപ്പർവൈസറി ഉദ്യോഗസ്ഥർക്ക് കഴിയണം. അനാവശ്യ സമ്മർദം ആത്മഹത്യയിലേയ്ക്ക് നയിയ്ക്കുന്നതുപോലുള്ള അവസ്ഥ ഒരിക്കലും ഉണ്ടാകരുത്.
പദ്ധതിയുടെ ഒരു പ്രധാന ഘടകമാണ് പൊലീസ് സേവനത്തിനായി സ്റ്റേഷനിൽ വരുന്ന വ്യക്തികളിൽ നിന്നും ശേഖരിക്കുന്ന അഭിപ്രായം. ഇങ്ങനെ ലഭിക്കുന്ന വിലപ്പെട്ട അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് പൊലീസ് സ്റ്റേഷൻ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനുള്ള തുടർ നടപടികൾ ആവിഷ്ക്കരിക്കും.
സംസ്ഥാനത്ത് കഴിഞ്ഞ 20 വർഷത്തോളമായി നിലനിൽക്കുന്ന ജനമൈത്രി സുരക്ഷാ പദ്ധതി കാലാനുസൃതമായി നവീകരിച്ച് പൊലീസ് പരിഷ്ക്കരണ സംരംഭത്തിന് മുതൽകൂട്ടാക്കി മാറ്റും. സംസ്ഥാനത്തെ 555 പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള സമഗ്രമായ ഈ പൊലീസ് പരിഷ്ക്കരണം നമ്മുടെ പൊലീസ് സംവിധാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തി, ജനവിശ്വാസം ആർജിച്ച് കേരളത്തിന്റെ സുരക്ഷാ അന്തരീക്ഷം മെച്ചപ്പെടുത്താൻ ഉതകും. അങ്ങനെ രാജ്യത്തിന് തന്നെ അഭിമാനകരമായ ഒരു മാതൃക നമുക്ക് സൃഷ്ടിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

