Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമു​ത്ത​ലാ​ഖും...

മു​ത്ത​ലാ​ഖും വ​ഴി​തെ​റ്റു​ന്ന ജു​ഡീ​ഷ്യ​ൽ ആ​ക്ടി​വി​സ​വും

text_fields
bookmark_border
മു​ത്ത​ലാ​ഖും വ​ഴി​തെ​റ്റു​ന്ന ജു​ഡീ​ഷ്യ​ൽ ആ​ക്ടി​വി​സ​വും
cancel

നാസി യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യാൻ ന്യൂറംബെർഗിൽ രാഷ്ട്രാന്തരീയ ൈട്രബ്യൂണൽ ഒരുങ്ങിയപ്പോൾ അമേരിക്കയുടെ ചീഫ് േപ്രാസിക്യൂട്ടറായ റോബർട്ട് എച്ച്. ജാക്സൻ ത​​െൻറ സഹപ്രവർത്തകരെ പ്രാഥമികമായി ഉണർത്തിയ ഒരു കാര്യമിതാണ്: ‘‘നിയമം വ്യാഖ്യാനിക്കാനും നടപ്പാക്കാനും നാം പുറപ്പെടുമ്പോൾ നാളത്തെ തലമുറ ആത്യന്തികമായി നമ്മെക്കുറിച്ച് എന്തു വിധിയെഴുതുമെന്ന് പലവട്ടം ആലോചിക്കണം.’’  മനുഷ്യ​​െൻറ ജീവനെടുക്കാൻ പ്രാപ്തിയുള്ള, അവ​​െൻറ വികാരവിചാരങ്ങളെ നിർണയിക്കാൻ ശക്തിയുള്ള നിയമങ്ങൾ തൊട്ടുകളിക്കുമ്പോൾ പുറംലോകത്തെ രാഷ്ട്രീയ കാലാവസ്ഥയായിരിക്കരുത് നിയമജ്ഞ​​െൻറ മനോവ്യവഹാരങ്ങളെ നിയന്ത്രിക്കുന്നത്. വിഭജനത്തിന് തൊട്ടുപിറകെ, ഇന്ത്യ ഉപഭൂഖണ്ഡം മതപരമായി ഭിന്നിച്ചുനിന്ന അഭിശപ്തമായ ഒരു കാലസന്ധിയിൽ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസായ എം.സി. ചഗ്ലയുടെ മുമ്പാകെ വന്ന ഒരുകൂട്ടം അപ്പീലുകൾ 1946ലെ ഹിന്ദു രണ്ടാം വിവാഹനിരോധന നിയമത്തി​​െൻറ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു. ഒന്നിലധികം വിവാഹം നിരോധിക്കുന്ന നിയമം മുസ്ലിംകൾക്ക് ബാധകമല്ലാത്തതുകൊണ്ട് തുല്യത ഉദ്ഘോഷിക്കുന്ന ഭരണഘടനയുടെ 14ാം ഖണ്ഡികക്ക് വിരുദ്ധമാണെന്ന വാദമാണ് മുഖ്യമായും ഉയർന്നത്.

വ്യക്തിനിയമങ്ങളുടെ ഭരണഘടനാ പദവി എന്താണെന്നും അനുച്ഛേദം 13(1)ൽ പറയുന്ന ‘നിലവിലെ നിയമത്തിൽ ’ അവ ഉൾപ്പെടുമോ എന്നുമുള്ള കാതലായ ചോദ്യങ്ങൾക്കാണ് നീതിപീഠം ഉത്തരം അന്വേഷിച്ചത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഹിന്ദു കുടുംബനിയമങ്ങൾ നവീകരിക്കാനുള്ള ശ്രമത്തിൽ ഹിന്ദുകോഡ് ബില്ലുമായി മല്ലടിക്കുന്ന കാലഘട്ടമായിരുന്നു അത്. കറകളഞ്ഞ മതേതരവാദിയും പുരോഗമനേച്ഛുവുമായ ചഗ്ലയും സഹന്യായാധിപൻ നിയമവിശാരദനായ ഗജേന്ദ്രഗദ്കറും പക്ഷേ, കോടതിമുറിക്ക് പുറത്തെ രാഷ്ട്രീയ അത്യുഷ്ണമേറ്റ് വിയർത്തില്ല. നിയമത്തി​​െൻറ ലോലമായ തന്ത്രികളെ നിഷ്പക്ഷമായും സത്യസന്ധമായും വ്യവച്ഛേദിച്ച് ഇരുവരുമെഴുതിയ വിധിന്യായത്തിലൂടെ  (The State of Bombay Vs Narasu Appa Mali. AIR 1952 ) ഇന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ കണ്ണോടിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോയത് മുത്തലാഖ്, ബഹുഭാര്യത്വം, ‘നിക്കാഹ് ഹലാല’ തുടങ്ങിയ വിഷയങ്ങളിൽ പരമോന്നത നീതിപീഠം അമിതാവേശത്തോടെ ജുഡീഷ്യൽ റിവ്യൂ നടത്താനൊരുങ്ങുന്നത് കണ്ടാണ്. സാമൂഹിക പരിഷ്കരണ ത്വര മൂത്ത് നിയമത്തെ വൈകാരികമായി സമീപിക്കുന്നരീതി നീതിപീഠങ്ങൾക്ക് ഭൂഷണമല്ലെന്നും നിയമങ്ങളെ ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലത്തിൽനിന്ന് വേർപെടുത്തി അപഗ്രഥിക്കുന്നത് ശരിയല്ലെന്നും ആ വിധിന്യായം പഠിപ്പിക്കുന്നുണ്ട്.

ഇന്ത്യ മഹാരാജ്യത്തി​​െൻറ അന്ത$സ്ഥലികളെ 1949തൊട്ട് അസ്വസ്ഥമാക്കുന്ന ബാബരി മസ്ജിദ് കേസിന് ഒരന്തിമതീർപ്പ് കൽപിക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറുന്ന അതേ കോടതിയാണ് മുത്തലാഖ്  പോലെയുള്ള ഒരുനിലക്കും അടിയന്തരപരിഗണന അർഹിക്കാത്ത വിഷയങ്ങളുടെ നിയമസാധുത പരിശോധിക്കാൻ വേനലവധി മാറ്റിവെച്ച് മാരത്തൺ സിറ്റിങ്ങിന് തീരുമാനിച്ചത്. സാമൂഹിക പരിഷ്കരണം ജുഡീഷ്യറിയുടെ പരിധിയിൽവരുന്ന വിഷയമല്ലെന്നും ‘തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ’ എന്ന നിലയിൽ  നിയമനിർമാണസഭകളാണ് ഈ ദിശയിൽ ചുവടുവെപ്പുകൾ നടത്തേണ്ടതെന്നും മേലുദ്ധരിച്ച ബോംബെ ഹൈകോടതി വിധിതന്നെ ഓർമപ്പെടുത്തുന്നുണ്ട്. വ്യക്തിനിയമങ്ങൾ, 13ാം ഖണ്ഡികയിൽ പരാമർശിക്കുന്ന നിയമങ്ങളുടെ ഗണത്തിൽ പെടുന്നില്ലെന്ന് വരുന്നതോടെ മൗലികാവകാശങ്ങൾ പ്രതിപാദിക്കുന്ന ഭരണഘടനയുടെ മൂന്നാം ഭാഗവുമായി വൈരുധ്യമുണ്ടോ എന്ന് പരിശോധിക്കുന്നതിന് പ്രസക്തിയില്ലാതാവുന്നു. എം.സി. ചഗ്ലയുടെ വിധി ഇതുവരെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തെ മാറിയ രാഷ്ട്രീയസാഹചര്യത്തിൽ മുത്തലാഖും ബഹുഭാര്യത്വവും ചടങ്ങിരിക്കലുമൊക്കെ യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധിക്കുന്നത് വഴിതെറ്റിയ ജുഡീഷ്യൽ ആക്ടിവിസത്തി​​െൻറ ലക്ഷണമായേ വിലയിരുത്താനാവൂ. ഇരകളായ ഒരു കൂട്ടം മുസ്ലിം സ്ത്രീകളുടെ പരാതിയിന്മേലാണ് സുപ്രീംകോടതിയുടെ നടപടിയെന്ന മാധ്യമഭാഷ്യം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

യഥാർഥത്തിൽ ജസ്റ്റിസ്മാരായ അനിൽ ആർ.ദാവെ, ആദർശ്കുമാർ ഗോയൽ എന്നിവരുടെ മുന്നിൽ 2005ലെ ഹിന്ദു പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട ഒരു കേസ് 2015 ഒക്ടോബറിൽ പരിഗണനക്ക് വന്നപ്പോൾ നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടോ എന്നാണ് പരിശോധിക്കാനുണ്ടായിരുന്നത്. അപ്പീൽ തള്ളിയതോടെ വിഷയം അവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, ബഹുമാനപ്പെട്ട ജഡ്ജിമാർ ശ്രദ്ധ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടുന്ന വിചിത്രമായ കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. വിധിന്യായത്തിൽ ‘രണ്ടാം ഭാഗം’ എഴുതിച്ചേർത്ത ന്യായാസനം ‘ഈ അപ്പീലുമായി നേരിട്ട് ബന്ധമില്ലാത്ത മുസ്ലിം സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട്, ലിംഗ വിവേചനത്തി​​െൻറ പ്രധാനപ്പെട്ട ഒരു പ്രശ്നം ചില അഭിഭാഷകർ ഉന്നയിച്ചിട്ടുണ്ട്’ എന്ന ന്യായീകരണത്തോടെ മുസ്ലിം സ്ത്രീപ്രശ്നം വലിച്ചിഴച്ച് കൊണ്ടുവരുകയായിരുന്നു. ഭരണഘടന ഉറപ്പുനൽകിയിട്ടും മുസ്ലിം സ്ത്രീകൾ വിവേചനത്തി​​െൻറ ഇരകളാണെന്നും അഹ്മദാബാദ് വുമൺ ആക്ഷൻ ഗ്രൂപ്പി​​െൻറ കേസിൽ വിഷയം ഉന്നയിക്കപ്പെട്ടെങ്കിലും നിയമനിർമാണസഭയാണ് വിഷയം കൈകാര്യം ചെയ്യേണ്ടത് എന്ന് പറഞ്ഞ് കേസി​​െൻറ മെറിറ്റിലേക്ക് കടന്നില്ല എന്നും എടുത്തുകാട്ടി പൊതുതാൽപര്യ ഹരജി സമർപ്പിക്കാൻ സ്വമേധയാ ഉത്തരവിടുകയായിരുന്നു.

അങ്ങനെ ശൂന്യതയിൽനിന്ന് ഒരു കേസ് ഉദയം കൊണ്ടപ്പോൾ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ മുസ്ലിം സ്ത്രീകളുടെ പേരിൽ പരാതികൾ പ്രവഹിക്കാൻ തുടങ്ങി. 2016 ഫെബ്രുവരിയിൽ ‘സമത്വത്തിനായുള്ള മുസ്ലിം സ്ത്രീകളുടെ ദാഹം’ എന്ന ശീർഷകത്തിൽ ചീഫ് ജസ്റ്റിസി​​െൻറ മുമ്പാകെ പൊതുതാൽപര്യ ഹരജി വന്നപ്പോൾ ന്യായാസനം സടകുടഞ്ഞെഴുന്നേറ്റു. അറ്റോണി ജനറലി​​െൻറ സഹായം തേടി. സംഗതികളുടെ പോക്ക് തിരിച്ചറിഞ്ഞ ജംഇയ്യതുൽ ഉലമായെ ഹിന്ദും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡും കേസിൽ കക്ഷിചേർന്നു. അതിനിടയിൽ ഏക സിവിൽകോഡ് ആവശ്യവുമായി ചില ബി.ജെ.പി നേതാക്കൾ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ അന്നത്തെ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുർ കോടതിയല്ല, പാർലമ​​െൻറാണ് ഇതിനായി മുൻകൈ എടുക്കേണ്ടതെന്ന് നിരീക്ഷിച്ചു.

മുസ്ലിം സ്ത്രീകളുടെ കാര്യത്തിൽ ഹരജിക്കാരന് എന്താണ് ഇത്രവലിയ താൽപര്യമെന്ന് ചോദിച്ച കോടതി ഏതെങ്കിലും സ്ത്രീ ഈയാവശ്യവുമായി ന്യായാസനത്തെ സമീപിക്കുകയാണെങ്കിൽ മുത്തലാഖി​​െൻറയും ബഹുഭാര്യത്വത്തി​​െൻറയും ഭരണഘടന സാധുത പരിശോധിക്കാൻ തയാറാണെന്നും ഓർമിപ്പിച്ചു. ഇത് കേൾക്കേണ്ടതാമസം ഒരു കൂട്ടം ‘ഇരകൾ’ സുപ്രീംകോടതിയിലേക്ക് ഓടിയെത്തി. സംഘ്പരിവാർ നേതാക്കൾ അവരെ നീതിപീഠത്തിനടുത്തേക്ക് ആട്ടിത്തെളിക്കുകയായിരുന്നുവെന്ന് പറയുന്നയാവും ശരി. ഉത്തരാഖണ്ഡിൽനിന്നുള്ള ശയാറാബാനുവായിരുന്നു ഒന്നാമത്തെ ‘ഇര’. ബി.ജെ.പിയുടെ പോക്കറ്റ് സംഘടനയായ ഭാരതീയ മുസ്ലിം മഹിളാ ആന്തോളൻ ജയ്പൂർ സ്വദേശിനി അഫ്റീൻ റഹ്മാനിയെ കോടതിയിലെത്തിച്ചു. വി.പി. സുഹ്റ നേതൃത്വം കൊടുക്കുന്ന കോഴിക്കോട്ടെ ‘നിസ’യും അപ്പോഴേക്കും രംഗത്തുവന്നു.

ബെബാക് കലക്ടീവ്, ഓൾ ഇന്ത്യ മുസ്ലിം വുമൺ പേഴ്സണൽ ലോ തുടങ്ങിയ കുട്ടായ്മകളും മുസ്ലിം സ്ത്രീകളുടെ കണ്ണീരൊഴുക്ക് നിർത്താൻ രംഗത്തുവന്നതോടെ, രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമേറിയ പ്രശ്നം മുസ്ലിം സ്ത്രീകളെ ഒറ്റയിരിപ്പിൽ മൂന്ന് തലാഖും ചൊല്ലി പറഞ്ഞുവിടുന്നതും മുസ്ലിം പുരുഷന്മാർ ഒന്നിലേറെ വിവാഹം ചെയ്യുന്നതുമാണെന്ന തരത്തിൽ പ്രചണ്ഡമായ പ്രചാരണം മാധ്യമങ്ങളിലൂടെ നടത്തപ്പെട്ടു. പരമോന്നത നീതിപീഠമാവട്ടെ, ജഡീഷ്യൽ ആക്ടിവിസത്തി​​െൻറ പരിധികൾ ലംഘിച്ച് സാമൂഹിക പരിഷ്കർത്താക്കളുടെ ഉത്തരീയം സ്വയം എടുത്തണിയാനും മാറിയ രാഷ്ട്രീയപരിസരത്തിന് അനുയോജ്യമാംവിധം വ്യക്തിനിയമം പോലുള്ള ബഹുമാനങ്ങളുള്ള വിഷയത്തെ കൈകാര്യം ചെയ്യാനും ഒരുമ്പെടുകയാണെന്നതി​​െൻറ തെളിവാണ് ഭരണഘടന ബെഞ്ച് രൂപവത്കരിച്ച് എത്രയും പെട്ടെന്ന് വിധി കൽപിക്കാനുള്ള പുതിയ നീക്കം.

ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമത്തെ സമഗ്രമായി പുന$പരിശോധിക്കേണ്ടതുണ്ടെന്നും  മതാധ്യാപനങ്ങൾക്ക് വിരുദ്ധമായ പലതും ശരീഅത്തി​​െൻറ പേരിൽ അതിൽ കയറിക്കൂടിയിട്ടുണ്ടെന്നും അംഗീകരിച്ചുകൊണ്ട് നിയമ ക്രോഡീകരണത്തിനും ആവശ്യമായ തിരുത്തലുകൾക്കും  മുസ്ലിം നേതൃത്വത്തിലെ ചിലരെങ്കിലും പുനർവിചിന്തനത്തിന് മുന്നോട്ടുവരുന്നതിനിടയിലാണ് കോടതിയുടെ ഇപ്പോഴത്തെ ഇറങ്ങിപ്പുറപ്പാട്. അതോടെ, പ്രതിരോധം തീർക്കാനുള്ള തത്രപ്പാടിനിടയിൽ ഏതറ്റം വരെ പോകാനും മുതിരുമെന്നതി​​െൻറ സൂചനയാണ് ദിവസങ്ങൾക്ക് മുമ്പ് സുപ്രീംകോടതിയിൽ സമർപ്പിച്ച മുസ്ലിം പേഴ്സണൽ ലോ ബോർഡി​​െൻറ സത്യവാങ്മൂലം. മുത്തലാഖ് അനാചാരമായ (ബിദ്അ)  ഏർപ്പാടാണെന്ന് യാഥാസ്ഥിതികർവരെ സമ്മതിച്ചിരിക്കെ, ആ സമ്പ്രദായം എടുത്തുകളയുന്നത് ഖുർആൻ മാറ്റിയെഴുതുന്നതിന് തുല്യമാണെന്നും മതത്തി​​െൻറ നിലനിൽപ് തന്നെ അവതാളത്തിലായേക്കുമെന്നൊക്കെ വാദിക്കുന്നതരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് ഇത്തരം ഘട്ടങ്ങളിൽ ന്യൂനപക്ഷവിഭാഗം എന്തുമാത്രം ആത്മസംഘർഷത്തിലാണെന്നതി​​െൻറ നിദർശനമാണ്.

വ്യക്തിനിയമങ്ങൾ മതത്തി​​െൻറ അനിവാര്യഘടകമാണെന്നിരിക്കെ അത് പുന$പരിശോധിക്കാൻ നീതീപീഠത്തിന് അവകാശമില്ല എന്നാണ് ബോർഡ് വാദിക്കുന്നത്. അതേസമയം, മുത്തലാഖും ബഹുഭാര്യത്വവും മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നുണ്ടോ എന്നാണ് കോടതി പരിശോധിക്കാൻ പോകുന്നത്. വ്യക്തിനിയമപ്രകാരമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും മതത്തി​​െൻറ ‘മൗലികസ്വഭാവ’ത്തിൽ ഉൾപ്പെടുന്നതാണോ എന്ന് പരിശോധിക്കാൻ മാത്രം ബഹുമാനപ്പെട്ട ജഡ്ജിമാർക്ക് വിഷയത്തിൽ അവഗാഹമുണ്ടോ എന്ന ചോദ്യവും സ്വാഭാവികമായി ഉയർന്നുവന്നേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muthalaqjudicial activismTriple Talaq case
News Summary - muthalaq judicial activism
Next Story