Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുസ്​ലിം വിദ്യാർഥികൾ...

മുസ്​ലിം വിദ്യാർഥികൾ ഇനിയും പുറന്തള്ളപ്പെട്ടുകൂടാ

text_fields
bookmark_border
muslim students education
cancel
ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക്​ കടന്നുവരുന്നതിൽ മുസ്​ലിം പെൺകുട്ടികൾ മേൽക്കൈ നേടിയിരിക്കുന്നു എന്നൊരു ശുഭസൂചന റിപ്പോർട്ടിൽ കാണുന്നത്​ ആശ്വാസകരം തന്നെ. എന്നാൽ, സാമൂഹികവും ചരിത്രപരവുമായ ഒ​ട്ടേറെ പ്രതിബന്ധങ്ങളെ മറികടന്ന്​ മുന്നോട്ടുവരുന്ന ആ കുട്ടിക​ളുടെ പഠനം തടസ്സപ്പെടുത്തുന്ന ഒ​ട്ടേറെ ആസൂത്രിത ഗൂഢാലോചനകൾ ഭരണകൂടത്തി​ന്റെ ആശീർവാദത്തോടെ നടക്കുന്ന കാര്യവും ഇത്തരുണത്തിൽ ചർച്ചയാവുകതന്നെ വേണം

മനുഷ്യർക്ക്​ അന്തസ്സും ആത്മാഭിമാനവും സംരക്ഷിച്ചുകൊണ്ട് ജീവിക്കുന്നതിനാവശ്യമായ സാഹചര്യങ്ങൾ ലഭ്യമാക്കുന്നത് അവകാശങ്ങളാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ പൗരജനങ്ങളെന്ന നിലയിൽ വിപുലമായ രാഷ്ട്രീയ- പൗര- സാമ്പത്തിക- സാംസ്​കാരിക അവകാശങ്ങൾ നമുക്കുണ്ട്.

അവകാശങ്ങൾ സംബന്ധിച്ച ആധുനിക കാഴ്ചപ്പാടിൽ അറിയാനുള്ള അവകാശം, വിദ്യാഭ്യാസം, ശുദ്ധജലം, ശുദ്ധവായു എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇവയെല്ലാം മനുഷ്യാവകാശത്തിന്റെ ഭാഗവുമാണ്.

അതുപോലെ സുപ്രധാനമാണ്​ ന്യൂനപക്ഷ സമൂഹങ്ങളുടെ അവകാശ സംരക്ഷണവും. ലോകത്തെ വിവിധ വികസിത ജനാധിപത്യ സംവിധാനങ്ങളിലെന്നപോലെ ന്യൂനപക്ഷങ്ങളുടെ അടിസ്​ഥാന താൽപര്യങ്ങൾ സംരക്ഷിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും ഇന്ത്യൻ ഭരണഘടന വ്യവസ്​ഥചെയ്യുന്നുണ്ട്​.

ഭരണഘടന മൂല്യങ്ങൾ തന്നെ അട്ടിമറിക്കാൻ നിരന്തരം ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന കാലത്ത്​, നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത്​ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിരന്തരമായി നിഷേധിക്കപ്പെടുകയാണ്. രാജ്യത്തെ പ്രധാന ന്യൂനപക്ഷ വിഭാഗമായ മുസ്​ലിം സമുദായത്തിലെ വിദ്യാർഥികളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന്റെ ചിത്രമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 2020 -21 കാലഘട്ടത്തെ ആസ്​പദമാക്കി നടത്തിയ പഠന റിപ്പോർട്ടിൽ തെളിഞ്ഞു കാണുന്നത്​.

രാജ്യത്തെ ഏതാണ്ടെല്ലാ സംസ്​ഥാനങ്ങളിലും ഉന്നതവിദ്യാഭ്യാസം നേടുന്ന മുസ്​ലിം വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ്​ രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിൽ മാത്രമാണ് വർധനയുള്ളത്. 43 ശതമാനം മുസ്​ലിം വിദ്യാർഥികളാണ് കേരളത്തിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടുന്നത്.

ഉത്തർപ്രദേശിലാണ് മുസ്​ലിം വിദ്യാർഥികളുടെ ഏറ്റവും വലിയ കൊഴിഞ്ഞുപോക്ക്. അവിടുത്തെ ജനസംഖ്യയുടെ 20 ശതമാനമാണ്​ മുസ്​ലിംകളെങ്കിൽ കൊഴിഞ്ഞുപോക്ക് 36 ശതമാനമാണ്. ജമ്മു-കശ്മീരിൽ 26, മഹാരാഷ്​ട്രയിൽ 8.5, തമിഴ്നാട്ടിൽ 8.1 എന്നിങ്ങനെ പോകുന്നു കൊഴിഞ്ഞുപോക്കിന്റെ ശതമാനക്കണക്ക്​. ഡൽഹിയിൽ 10-ാം ക്ലാസ്​ പാസാകുന്ന മുസ്​ലിം വിദ്യാർഥികളിൽ അഞ്ചിൽ ഒരാൾ തുടർപഠനത്തിന് യോഗ്യത നേടുന്നില്ല.

അതേസമയം കേരളം, തെലുങ്കാന, സംസ്​ഥാനങ്ങളിൽ വർധന രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യു. പിയിൽ കോളജുകളുടെ എണ്ണമേറിയെങ്കിലും ഇവിടെ പഠിക്കുന്നത് 4.5 ശതമാനം മുസ്​ലിം വിദ്യാർഥികൾ മാത്രമാണ്. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ഇതിനു കാരണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഓൾ ഇന്ത്യ സർവേ ഓൺ എജുക്കേഷൻ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു.

സർവം കൈയടക്കിവെച്ചിരിക്കുന്നുവെന്ന്​ സംഘ്​പരിവാർ കേന്ദ്രങ്ങൾ ആക്ഷേപിക്കുന്ന രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിന്റെ സാമ്പത്തിക ദൈന്യതയിലേക്കാണ്​ അവരുടെ തന്നെ സർക്കാറിന്​ കീഴിൽ തയാറാക്കിയ റിപ്പോർട്ട്​ വിരൽ ചൂണ്ടുന്നത്​. ഉന്നത വിദ്യാഭ്യാസരംഗത്തെ ആകെ മുസ്‍ലിം പ്രാതിനിധ്യം 4.6 ശതമാനം മാത്രമാണ്​.

ഉന്നതവിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ അധ്യാപകരുടെ എണ്ണത്തിലും മുസ്‍ലിം വിഭാഗം ഗണ്യമായി കുറയുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഉന്നതവിദ്യാഭ്യാസ സ്​ഥാപനങ്ങളിൽ മുസ്‍ലിം അധ്യാപകർ 5.6 ശതമാനം മാത്രമാണ്​.

ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക്​ കടന്നുവരുന്നതിൽ മുസ്​ലിം പെൺകുട്ടികൾ മേൽകൈ നേടിയിരിക്കുന്നു എന്നൊരു ശുഭസൂചന റിപ്പോർട്ടിൽ കാണുന്നത്​ ആശ്വാസകരം തന്നെ. എന്നാൽ, സാമൂഹികവും ചരിത്രപരവുമായ ഒ​ട്ടേറെ പ്രതിബന്ധങ്ങളെ മറികടന്ന്​ മുന്നോട്ടുവരുന്ന ആ കുട്ടിക​ളുടെ പഠനം തടസ്സപ്പെടുത്തുന്ന ഒ​ട്ടേറെ ആസൂത്രിത ഗൂഢാലോചനകൾ ഭരണകൂടത്തി​ന്റെ ആശീർവാദത്തോടെ നടക്കുന്ന കാര്യവും ഇത്തരുണത്തിൽ ചർച്ചയാവുകതന്നെ വേണം.

കർണാടക ഭരിച്ചിരുന്ന ബി.ജെ.പി സർക്കാർ വിദ്യാലയങ്ങളിൽ ശിരോവസ്ത്രം നിരോധിച്ചത്​ അത്തര​മൊരു നീക്കമായിരുന്നു. വർഗീയ ദുഷ്​ടലാക്കോടു കൂടിയ ആ നടപടി മൂലം നൂറുകണക്കിന്​ വിദ്യാർഥികൾക്കാണ്​ പഠനം മുടങ്ങിയതും പരീക്ഷയെഴുതാൻ കഴിയാതെ പോയതും.

കർണാടകയിൽ പഠനം മുടങ്ങി കേരളത്തിലേക്ക്​ ചേക്കേറിയ ഒരു വിദ്യാർഥിനി സംസ്​ഥാന സ്​കൂൾ യുവ​ജനോത്സവത്തിൽ ഗംഭീര പ്രകടനം കാഴ്​ചവെച്ചതും മറ്റുപല വിദ്യാർഥിനികളും പരീക്ഷകളിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കിയതും ഓർമയിലെത്തുന്നു. ആ ഭരണകൂടത്തെ കർണാടകയിലെ ജനങ്ങൾ അധികാരത്തിൽ നിന്ന്​ പുറന്തള്ളിയതുപോലെ വർഗീയ അജണ്ടകളുമായി ഭിന്നതക്ക്​ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുക എന്നതാണ്​ രാജ്യത്തെ മനുഷ്യാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കാനുള്ള ആദ്യപടി.

നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും, പിന്നാക്ക ജനവിഭാഗങ്ങൾക്കും ഭരണഘടനാപരമായി തന്നെയുള്ള സംവരണവും മറ്റ് ആനുകൂല്യങ്ങളും ഫലപ്രദമായി ലഭ്യമായേ മതിയാകൂ. ന്യൂനപക്ഷ- പിന്നാക്ക ജനവിഭാഗത്തിനു നേരെയുള്ള നഗ്​നമായ ഈ അവഗണന അവസാനിപ്പിച്ചാൽ മാത്രമെ ഉന്നത വിദ്യാഭ്യാസമേഖലയിലെ കൊഴിഞ്ഞുപോക്കിന് പരിഹാരം കാണാൻകഴിയുകയുള്ളൂ. അതിനുവേണ്ടിയുള്ള ശക്​തമായ പ്രവർത്തനവും പ്രക്ഷോഭങ്ങളുമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്.

(കേരള സർവകലാശാല മുൻ സെനറ്റംഗമാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationstudentsmuslim students
News Summary - Muslim students should not be expelled again
Next Story