അഭിമന്യുവിെൻറ കൊലപാതകമുണ്ടാക്കിയ വേദന ഏറെ വലുതാണ്. ഹിംസയെയും അക്രമത്തെയും വെറുക്കുന്ന ബഹുജന സംസ്കാരത്തിെൻറ ഭാഗമായി ചിന്തിക്കുന്നവരെല്ലാം ഈ കൊലപാതകത്തെ വെറുക്കുന്നു. മുസ്ലിം വിദ്യാർഥിസംഘടനയായ കാമ്പസ് ഫ്രണ്ട് ആണ് സംഭവത്തിനു പിന്നിൽ. കൗമാരക്കാരനായ ആദിവാസി വിദ്യാർഥി കൊല്ലപ്പെട്ട സംഭവം ഒരു നൈതിക സമസ്യയായും കീഴാള രാഷ്ട്രീയമൂല്യങ്ങളുടെ പിന്നോട്ടടിയായും കാണേണ്ടതുണ്ട്.
സ്വയംവിമർശനപരമായി സംസാരിക്കുന്ന, അപരവിദ്വേഷത്തെ ഗൗരവമായെടുക്കുന്ന, മുസ്ലിം ജീവിതത്തിെൻറ ഉള്ളുലക്കുന്ന സന്ദർഭമാണിത്. വ്യക്തിയും ദേശരാഷ്ട്രവും മാത്രമല്ല, സമുദായവും നൈതികതയും പ്രധാനമാവുന്ന മുസ്ലിം വിദ്യാർഥി രാഷ്ട്രീയത്തെപ്പറ്റി വിമർശനാത്മകമായി ചിന്തിക്കാന്‍ ഈ സന്ദർഭം പ്രേരിപ്പിക്കുന്നുണ്ട്. ഇന്നത്തെ ഹിന്ദുത്വ ഫാഷിസത്തിെൻറ പ്രാഥമിക ഇരകളുടെ സ്ഥാനത്തുള്ള ഒരു വിദ്യാർഥിസംഘടനയിലെ പ്രവർത്തകര്‍ നടത്തിയ കൊലയാണിത്. ഈ പ്രശ്നത്തിനൊരു ഇരട്ട സ്വഭാവമുണ്ട്. ഒരേ സമയം അത് മുസ്ലിം പശ്ചാത്തലമുള്ള ഒരു വിദ്യാർഥിസംഘടനയെ പ്രതികളാക്കുമ്പോൾതന്നെ അത് അവരെ കൂടുതല്‍ അന്യവത്കരിക്കുന്നുണ്ട്.
മുസ്ലിം വിദ്യാർഥി രാഷ്ട്രീയം
കാമ്പസ് ഫ്രണ്ട് ആണ് ഇൗ കൃത്യം ചെയ്തത്. എന്നാൽ, പുതിയ അജണ്ടകൾ നിർമിക്കാനുള്ള മുസ്ലിം വിദ്യാർഥി രാഷ്ട്രീയത്തിെൻറ സർഗശേഷിയുടെ തലത്തിലാണ് ഈ തിരിച്ചടി വിലയിരുത്തേണ്ടത്. കക്ഷി രാഷ്ട്രീയത്തിെൻറ അതിരുകൾക്കപ്പുറം ഇടതുപക്ഷത്തുള്ള കീഴാള വിദ്യാർഥികളുടെ സാമൂഹിക സ്ഥാനത്തെ വ്യത്യസ്തമായി കാണാനുള്ള കാമ്പസ് ഫ്രണ്ടിെൻറ രാഷ്ട്രീയബോധത്തിെൻറ പരിമിതിയാണിതെന്നു തോന്നുന്നു.
രണ്ടാം മണ്ഡലിനും ഗൾഫുണ്ടാക്കിയ സാമൂഹിക/സാമ്പത്തിക മാറ്റത്തിനും ചുവടുപിടിച്ചാണ് കേരളത്തിലടക്കം മുസ്ലിം യുവജനങ്ങൾ സാർവത്രികമായി വിദ്യാഭ്യാസ രംഗത്ത് പ്രവേശിക്കുന്നത്. പണമുള്ള മുസ്ലിം വിദ്യാർഥി ബൂർഷ്വാസിയാണ് എന്നൊക്കെയുള്ള ഇടതുപക്ഷ അന്ധവിശ്വാസം ഇതിെൻറ ഭാഗമായിരുന്നു. മഹാരാജാസിലെ അടക്കം പല കോളജുകളിലെയും അറബിക്/ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാർട്ട്മെൻറ് അറിയപ്പെട്ടിരുന്നത് ‘ഗൾഫ്’ എന്നായിരുന്നു. സാംസ്കാരികമായ ഈ മുൻവിധികള്‍ കാമ്പസുകളില്‍ മുസ്ലിം വിദ്യാർഥിയെ പുതിയ പ്രതിപക്ഷമായി മാറ്റി.
കേരളത്തിൽ വിശിഷ്യ, തെക്കൻ കേരളത്തിൽ എം.എസ്.എഫ്, എസ്.ഐ.ഒ, ഇങ്ക്വിലാബ്, കാമ്പസ് ഫ്രണ്ട് തുടങ്ങിയ മുസ്ലിം ഉള്ളടക്കമുള്ള, കീഴാള പ്രാതിനിധ്യമുള്ള, രാഷ്ട്രീയപരീക്ഷണങ്ങളുടെ 15 വർഷത്തെ ചരിത്രമുണ്ട്. 9/11നു ശേഷമുള്ള മാധ്യമവത്കൃത ഇസ്ലാമോഫോബിയയും ഗുജറാത്ത് വംശഹത്യയും യു.എസിെൻറ ഇറാഖ്, അഫ്ഗാൻ അധിനിവേശങ്ങളും മില്ലേനിയം ജനറേഷനും പുതിയ യുവ സംസ്കാരവും ഓൺലൈൻ സാമൂഹിക വിപ്ലവവും നിർമിച്ചതാണ് പുതിയ വിദ്യാർഥി രാഷ്ട്രീയം.
തൊണ്ണൂറുകളിൽ എസ്.എഫ്.ഐ ഉയർത്തിയ ആഗോളവത്കരണ കാലത്തെ കാമ്പസ്, മത/ജാതി/വർഗീയവിരുദ്ധ കാമ്പസ് തുടങ്ങിയ പഴഞ്ചൻ മുദ്രാവാക്യങ്ങളെ രണ്ടായിരാമാണ്ടിൽ ജാതി/മതം/ലിംഗം/ പ്രദേശം തുടങ്ങിയ ഘടനകളിലൂന്നിയ പുതിയ വിമോചന രാഷ്ട്രീയഭാഷകളിലേക്ക് മാറ്റിയെഴുതുന്നതിൽ മുസ്ലിം വിദ്യാർഥി രാഷ്ട്രീയത്തിെൻറ പങ്ക് ഏറെ വലുതാണ്. അതുകൊണ്ടാണ് അഭിമന്യുവിെൻറ ആദിവാസി സ്വത്വം മരണാനന്തരമെങ്കിലും എസ്.എഫ്.ഐക്ക് ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയ സാഹചര്യമുണ്ടായത്.
ഹിംസയുടെ കാമ്പസ് ഭൂമിശാസ്ത്രം
കഴിഞ്ഞ 15 വർഷമായി മുസ്ലിം വിദ്യാർഥി രാഷ്ട്രീയത്തെ ആക്രമിച്ചതിൽ എസ്.എഫ്.ഐക്കാണ് വലിയ പങ്കുള്ളത്. ചുരുക്കം ചില ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും സിവില്‍സമൂഹ കൂട്ടായ്മകളും ഒഴികെ അധികമാരും ഇതൊന്നും സംസാരിച്ചിരുന്നില്ല. കാമ്പസ് ഫ്രണ്ടിെൻറ കൊലപാതകത്തെ തള്ളിക്കളയുമ്പോഴും മറ്റു മുസ്ലിം വിദ്യാർഥി സംഘടനകൾ എസ്.എഫ്.ഐ അവരെ ആക്രമിക്കുന്നിെല്ലന്ന് പറയുന്നില്ല. എസ്.എഫ്.ഐയുടെ അക്രമത്തെ ചെറുക്കാൻ ദീർഘകാല പദ്ധതി വേണോ, ഹ്രസ്വകാല പദ്ധതി വേണോ, പ്രതിഹിംസ വേണോ, അഹിംസ വേണോ എന്നതാണ് ഈ ചർച്ചകളില്‍ കാണുന്നത്.
മുസ്ലിം വിദ്യാർഥിസംഘടനകളിലെ ഏറ്റവും പ്രബലരാണ് എം.എസ്.എഫ്. അവര്‍ മലബാറിലെ തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ ഹിംസ മറച്ചുവെക്കാറില്ല. എങ്കിലും, ശക്തിയും അവസരവുമുണ്ടെങ്കിലേ എം.എസ്.എഫ് ആക്രമണ പ്രത്യാക്രമണങ്ങൾക്കു മുതിരാറുള്ളൂ. പുതിയ വൈജ്ഞാനിക രാഷ്ട്രീയമൊന്നും അത്ര ശക്തമായി ഉന്നയിക്കാറില്ലെങ്കിലും പാർലമെൻററി രാഷ്ട്രീയത്തിെൻറ സാധ്യത എം.എസ്.എഫ് മുസ്ലിം വിദ്യാർഥികൾക്ക് നൽകുന്നുണ്ട്. എസ്.എഫ്.ഐക്ക് അതേ നാണയത്തിൽ തിരിച്ചടിേക്കണ്ട എന്ന നിലപാടാണ് എസ്.ഐ.ഒക്കുള്ളത്. പുതിയ സാമൂഹിക ചിന്തകളുടെയും വൈജ്ഞാനിക രാഷ്ട്രീയത്തിെൻറയും മേഖലയിൽകൂടി ഇടപെടുന്ന കാമ്പസ് പ്രസ്ഥാനമായിട്ടാണ് എസ്.ഐ.ഒ സ്വയം കരുതുന്നത്. കാസർകോട് ഗവ. കോളജ് മുതൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് വരെ നൂറു കണക്കിന് സന്ദർഭങ്ങളിൽ എസ്.എഫ്.ഐക്കാരുടെ അടി വാങ്ങിയിട്ടും അവർ
ഒരിക്കലും തിരിച്ചടിച്ചില്ല.
ഒരു വ്യാഴവട്ടം മാത്രം ആയുസ്സുള്ള കാമ്പസ് ഫ്രണ്ടാവട്ടെ, മിക്ക കാമ്പസുകളിലും എസ്.എഫ്.ഐക്കൊരു പ്രത്യാക്രമണം വേണമെന്ന നയമുള്ളവരായിരുന്നു. എസ്.എഫ്.ഐയുടെ കൈയൂക്കിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ അവർ രംഗത്തുവന്നു. ഇപ്പോള്‍ അഭിമന്യുവിെൻറ ഘാതകരായി അവർ രാഷ്ട്രീയ വിചാരണ നേരിടുന്നത് ഈ നയത്തിെൻറ ഒടുവിലത്തെ അധ്യായം മാത്രം. സമാധാനത്തിലൂടെയുള്ള മാറ്റം എന്ന പരമ്പരാഗത മുസ്ലിം വിദ്യാർഥി രാഷ്ട്രീയ അജണ്ടയെ കാമ്പസ് ഫ്രണ്ട് പ്രതിസന്ധിയിലാക്കുന്നുണ്ട്. പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക എന്നതായിരുന്നു കാലിക്കറ്റ് സർവകലാശാല സ്ഥാപിക്കാന്‍ മുൻകൈയെടുത്ത സി.എച്ച്. മുഹമ്മദ് കോയ മുസ്ലിം വിദ്യാർഥികളോട് പറഞ്ഞിരുന്നത്. ആ ശൈലി മാറിയെന്നാണ് പുതിയ സംഭവവികാസങ്ങൾ കാണിക്കുന്നത്. സാമുദായികമായ ഇടം എന്നതിലപ്പുറം കാമ്പസിെൻറ മൊത്തം അനുഭവങ്ങളെ മുസ്ലിം വിദ്യാർഥികള്‍ അഭിമുഖീകരിക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളിയായിട്ടുകൂടി ഇതിനെ കാണേണ്ടതുണ്ട്.
ഉദാഹരണമായി, സാധാരണ എസ്.എഫ്.ഐ ആധിപത്യമുള്ള കാമ്പസിൽ എസ്.െഎ.ഒ സ്വന്തം കൊടി നാട്ടിയാൽ എസ്.എഫ്.ഐ അതു പിഴുതെറിയും. എസ്.ഐ.ഒക്കാർ പ്രിൻസിപ്പലിന് പരാതി നൽകും. എസ്.എഫ്.ഐയെ അനുനയിപ്പിക്കാൻ ശ്രമിക്കും. പ്രതിഷേധ പോസ്റ്റർ പതിക്കും. ക്ലാസ് കാമ്പയിൻ നടത്തി പ്രശ്നം വിശദീകരിക്കാൻ ശ്രമിക്കും. പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കും. നിയമപരമായി നീങ്ങാന്‍ നോക്കും. ചിലപ്പോൾ എസ്.എഫ്.ഐ വീണ്ടുമവരെ അടിക്കാൻ ശ്രമിക്കും. കാമ്പസ് ഹിംസയുടെ ഈ ചക്രവ്യൂഹത്തില്‍ എസ്.ഐ.ഒ പ്രവർത്തകര്‍ ശ്വാസംമുട്ടി ജീവിക്കുന്നു.
എന്നാൽ, കാമ്പസ് ഫ്രണ്ട് പലപ്പോഴും സമാധാനപരമായി എസ്.എഫ്.ഐയോട് പ്രതികരിക്കാൻ നിൽക്കാറില്ല. അവർ ഒരു വിട്ടുവീഴ്ചയുമില്ലാതെ തിരിച്ചടിക്കും. അതിനു കഴിയില്ലെങ്കില്‍ യൂനിറ്റ് പിരിച്ചുവിട്ട് പഠനത്തിൽ ശ്രദ്ധിക്കും. അവര്‍ നേരിടുന്ന തിരിച്ചടികള്‍ അതില്‍ അണിനിരന്ന വിദ്യാർഥികളെ എങ്ങനെ വ്യക്തിപരമായി ബാധിക്കുന്നുവെന്ന് ഇനിയും അന്വേഷിക്കേണ്ടതായിട്ടുണ്ട്.
കാമ്പസിലെ ഹിംസയുടെ രീതിശാസ്ത്രത്തിൽനിന്നാണ് വിവിധ മുസ്ലിം വിദ്യാർഥി രാഷ്ട്രീയധാരകളുടെ പോളിസികൾ ഉണ്ടാകുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എസ്.എഫ്.ഐ ആധിപത്യമുള്ള കാമ്പസുകളില്‍ അവരുടെ ഹിംസ വളരെ വ്യത്യസ്തമാണ്. അത് സ്ഥാപനപരമാണെന്ന ധാരണയാണുള്ളത്. അധ്യാപക-അനധ്യാപക യൂനിയൻ മുതൽ പുറത്തെ പാർട്ടി-ട്രേഡ് യൂനിയൻ വരെ ഉൾപ്പെട്ട വിപുലമായ സാമൂഹിക സംവിധാനമാണ് എസ്.എഫ്.ഐയുടെ ഹിംസയെ സാധ്യമാക്കുന്നത്. എസ്.എഫ്.ഐയുടെ ഹിംസ സ്ഥാപനസ്വഭാവമുള്ളതും വ്യവസ്ഥാപിതവുമായ പാർട്ടി ഹിംസയാണ്. ഒരുപക്ഷേ, ഏക അപവാദം വംശഹത്യ പ്രത്യയശാസ്ത്രമാക്കിയ ആർ.എസ്.എസിെൻറ വിദ്യാർഥി പതിപ്പായ എ.ബി.വി.പി മാത്രമായിരിക്കും.
കാമ്പസ് രാഷ്ട്രീയത്തിെൻറ ഭാവി
ഇന്നത്ത സാഹചര്യത്തിൽ എസ്.എഫ്.ഐ അക്രമരാഷ്ട്രീയത്തെ പഴയരീതിയിൽ മുന്നോട്ടുകൊണ്ടുപോകില്ല. ലിബറൽ പരിഷ്കരണ സ്വഭാവമുള്ള മർദകയന്ത്രമായി മാറാനാണ് അവർ ശ്രമിക്കുക. ടെലിവിഷൻ/സോഷ്യൽ മീഡിയ യുഗത്തിൽ ഹിംസയുടെ ഗ്രാഫിക് സ്വഭാവവും ദ്യശ്യതയും കുറച്ചാലേ ലിബറൽ അഹിംസ വിരുദ്ധ വികാരത്തെ തൃപ്തിപ്പെടുത്താൻ കഴിയുകയുള്ളൂവെന്ന ധാരണ എസ്.എഫ്.ഐക്കുണ്ട്. അതുപക്ഷേ, നമ്മുടെ കാമ്പസുകളെ കൂടുതല്‍ ബഹുസ്വരമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തേണ്ടത്. (കഴിഞ്ഞ ദിവസം മഹാരാജാസില്‍ കെ.എസ്.യുവിെൻറ പ്രചാരണ ഉപകരണങ്ങള്‍ നശിപ്പിച്ച എസ്. എഫ്. ഐ തീർച്ചയായും മറ്റൊരു ലോകമാണ്).
തെലങ്കാനയിലും മഹാരാഷ്ട്രയിലും ദലിത്-ബഹുജൻ-പിന്നാക്ക-വിദ്യാർഥി രാഷ്ട്രീയത്തിെൻറ ഒരുഘട്ടം ഈ സാഹചര്യത്തില്‍ ഒാർക്കാവുന്നതാണ്. അവിടെ മുഖ്യധാരാ വിദ്യാർഥി രാഷ്ട്രീയവുമായി നിതാന്ത സംഘർഷത്തിലേർപ്പെട്ട കീഴാള വിദ്യാർഥികൾ പലപ്പോഴും വെറും അക്രമിസംഘങ്ങളായി മാറുന്നുണ്ടായിരുന്നു. പക്ഷേ, സംഘർഷങ്ങൾ സാധ്യമാക്കിയ പ്രതിസന്ധികൾ പുതിയ രാഷ്ട്രീയവെല്ലുവിളികളെകൂടി നേരിടാൻ ആ വിദ്യാർഥിസമൂഹത്തെ പ്രാപ്തമാക്കിയിരുന്നു. മാർക്സിസ്റ്റ് ഭാഷയിൽ പറഞ്ഞാൽ ലുംപനിസം (Lumpenism) ഉണ്ടാക്കിയ അന്തരാള ഇടങ്ങളിൽ (transitory space) നിന്നുതന്നെയാണ് പുതിയ സാംസ്കാരിക/ രാഷ്ട്രീയമാറ്റങ്ങൾ സാധ്യമക്കാനുള്ള ശ്രമങ്ങൾ ഉണ്ടായത്.
കാമ്പസ് ഫ്രണ്ടിെൻറ പ്രതിഹിംസ വ്യത്യസ്തമായൊരു വിദ്യാർഥി രാഷ്ട്രീയത്തിെൻറ പ്രയാസത്തെയും പ്രതിസന്ധിയെയും വ്യക്തമായി കാണിക്കുന്നു. ഒരുപക്ഷേ, പ്രതിസന്ധികളും പ്രയാസങ്ങളും പുതിയ ആലോചനകളുടെ ഇടം കൂടിയാണ്. അതുകൊണ്ടുതന്നെ പോസിറ്റിവായ ഒരു രാഷ്ട്രീയ പദ്ധതി പുതിയ സാഹചര്യം ആവശ്യപ്പെടുന്നുണ്ട്.
(ജൊഹാനസ്ബർഗ് സർവകലാശാലയിൽ ഗവേഷകനാണ് ലേഖകൻ)