Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപകയുടെ മണ്ണിൽ...

പകയുടെ മണ്ണിൽ മനുഷ്യത്വത്തിനു തിരിതെളിയിച്ചവർ

text_fields
bookmark_border
muslim social organisation in gujarat
cancel
camera_alt

ശാഹീൻ ഫൗ​േണ്ടഷ​െൻറ കോവിഡ്​ സേവന വളൻറിയർമാർ സ്​ഥാപക ട്രസ്​റ്റി ഹാമിദ്​ മേമ​െൻറ (ഇടത്തുനിന്നു രണ്ടാമത്​) കൂടെ

േകാവിഡ് പ്രതിരോധത്തെക്കുറിച്ച് വമ്പൻ അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം നാടായ ഗുജറാത്തിൽ സംഭവിക്കുന്നതെന്തെന്നറിയുമോ? 2.6 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. ഇതിനകം 4,385 മരണങ്ങളുണ്ടായി. അഞ്ച് കോവിഡ് ആശുപത്രികളിൽ തീപിടിച്ചു.

രാജ്കോട്ടിലും അഹ്​മദാബാദിലുമായി 13 കോവിഡ് രോഗികൾ വെന്തുമരിച്ചു. ചെറുകിട വ്യാപാര-വാണിജ്യ മേഖലകളെല്ലാം പ്രതിസന്ധിയിലായി. എന്തു ചെയ്യും, എങ്ങനെ നേരിടും എന്നറിയാതെ അങ്കലാപ്പിലായിരുന്നു സംസ്ഥാന സർക്കാർ. കൊടിയ അനാസ്ഥയാണെന്ന് പഴി കേൾക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു.

ശാഹീൻ ഫൗണ്ടേഷൻ, ബറോഡ മുസ്​ലിം ഡോക്ടേഴ്സ് അസോസിയേഷൻ, തണ്ടൽജാ ദാറുൽ ഉലൂം, വികലാംഗ് സഹായക് കേന്ദ്ര തുടങ്ങിയ കൂട്ടായ്മകൾ ആശ്വാസ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയില്ലായിരുന്നുവെങ്കിൽ കോവിഡ് പ്രതിസന്ധിയിൽ ഇതിലേറെ തളർന്നു പോയേനെ 'വൈബ്രൻറ് ഗുജറാത്ത്'. സഹജീവികൾക്ക് സഹായവും കരുതലുമൊരുക്കി സർക്കാറിനുപോലും വഴികാട്ടുകയായിരുന്നു ഈ സർക്കാറിതര മുസ്​ലിം സന്നദ്ധ സംഘടനകൾ.

പിൻപറ്റുന്ന മതത്തി​െൻറ പേരിലാണ് രണ്ട് പതിറ്റാണ്ടായി അവർ ഇവിടെ വേട്ടയാടപ്പെടുന്നതും വിവേചനത്തിനിരയാവുന്നതും. എന്നാൽ, തങ്ങളൊരുക്കുന്ന സഹായ-ആശ്വാസപ്രവർത്തനങ്ങൾ ജാതിയുടെയോ മതത്തി​െൻറയോ വേർതിരിവില്ലാതെ അർഹരായ ഓരോ മനുഷ്യരിലുമെത്തിക്കാൻ രാപ്പകലെന്നില്ലാതെയാണ് പ്രയത്​നങ്ങൾ.

വിവിധ കാരണങ്ങളാൽ പഠന സൗകര്യങ്ങൾ ലഭിക്കാതെപോയ മിടുക്കരായ വിദ്യാർഥികൾക്ക് അറിവി​െൻറ തിളക്കമെത്തിക്കുന്നതിൽ പേരുകേട്ട ശാഹീൻ ഫൗണ്ടേഷൻ പ്രവർത്തകർ പകർച്ചവ്യാധി വേളയിൽ ആളുകളുടെ ജീവൻ നിലനിർത്താനാവശ്യമായ ഉപകരണങ്ങളെത്തിക്കാൻ ഓടിനടന്നു. സാമ്പത്തികമായി പ്രയാസപ്പെടുന്നവർക്ക് മരുന്നുകൾ മുതൽ ഓക്സിജൻ സിലിണ്ടർ വരെ സൗജന്യമായി വീട്ടുപടിക്കലെത്തിച്ചുനൽകാൻ പ്ര​േത്യക ഹെൽപ്​ ലൈൻ തന്നെയാരംഭിച്ചു ഫൗണ്ടേഷ​െൻറ തുടക്കക്കാരൻ ഹമീദ് മേമൻ. ഡോക്ടർമാർ, അധ്യാപകർ, വിദ്യാർഥികൾ, വ്യാപാരികൾ, സാമൂഹികപ്രവർത്തകർ, എക്സിക്യൂട്ടിവുകൾ എന്നുവേണ്ട റിക്ഷാതൊഴിലാളികൾ വരെ ഉൾക്കൊള്ളുന്ന ഈ സ്നേഹസേന പുഞ്ചിരിയും പ്രത്യാശയും പകർന്ന് വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനെത്തി.

രക്തദാന ക്യാമ്പുകൾ, ഭക്ഷണ വിതരണം തുടങ്ങിയ പതിവു പ്രവർത്തനങ്ങൾക്കു പുറമെ ഇവരുടെ കോവിഡ് പോരാളികൾ സർക്കാറി​െൻറ പ്രതിരോധ പ്രവർത്തനങ്ങൾക്കും കൈത്താങ്ങേകുന്നു. ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ ദരിദ്ര ചുറ്റുപാടിലുള്ള കുഞ്ഞുങ്ങൾക്ക് സെൽഫോണുകളും സമ്മാനിച്ചു.

ബറോഡ മുസ്​ലിം ഡോക്ടേഴ്സ് അസോസിയേഷൻ ചെയ്ത സേവനങ്ങൾ വിലമതിക്കാനാവില്ല. ഗുജറാത്തി​െൻറ സാംസ്കാരികതലസ്ഥാനമായ വഡോദര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 300 ഡോക്ടർമാരുടെ കൂട്ടായ്മയാണ് ബി.എം.ഡി.എ. എച്ച്.ഐ.വി പോസിറ്റിവ് ആയ മനുഷ്യർക്ക് ആശ്വാസം പകരുന്ന ഡോ. മുഹമ്മദ് ഹുസൈനാണ് ഇവരുടെ നേതാവ്.

എല്ലാ സജ്ജീകരണങ്ങളുമടങ്ങുന്ന നാല് കോവിഡ് കെയർ സെൻററുകളാണ് അസോസിയേഷൻ തുറന്നത്. ഇവിടെ ആരോഗ്യപരിശോധന കൃത്യമായി നടത്തുന്നു. ഒരു രൂപ പോലും പ്രതിഫലം ഇൗടാക്കാതെ. കോവിഡ് ഏറ്റവുമധികം രൂക്ഷമായ മേഖലകളിൽ സ്വന്തം ജീവൻ പണയം വെച്ചാണ് ബി.എം.ഡി.എയുടെ 150 ഡോക്ടർമാർ വീടുവീടാന്തരം കയറിയിറങ്ങി പരിചരണവും ബോധവത്കരണവും നൽകുന്നത്. 200 പ്ലാസ്മാ ദാതാക്കളെയും സജ്ജമാക്കിയിട്ടുണ്ട്.

നല്ല മനസ്സുള്ളവർ ഒരുമിച്ചുചേർന്നാൽ ചെയ്യാൻ കഴിയാത്ത നന്മകളില്ല എന്നാണല്ലോ. വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകൻ സുബൈർ ഗോപലാനി ബി.എം.ഡി.എക്കും ബറോഡ മുനിസിപ്പൽ കോർപറേഷനുമിടയിൽ പാലമായി. അവർ ഒത്തു ചേർന്ന് ഒരു പ്രത്യേക കർമസേനക്ക് രൂപം നൽകി. കോവിഡ് ബാധിച്ച് മരിച്ച മനുഷ്യരുടെ അന്ത്യകർമങ്ങൾ അന്തസ്സുറ്റ രീതിയിൽ നടത്തുകയാണ് ഇവരുടെ ദൗത്യം.

12 മുസ്​ലിം ചെറുപ്പക്കാരാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളും അതിലേറെ ഭയവുംമൂലം ബന്ധുക്കൾപോലും അകന്നുനിൽക്കെ അവർ മരണവീടുകളിലേക്ക് കടന്നുചെല്ലുന്നു. അസോസിയേഷ​െൻറ 12 ആംബുലൻസുകൾ ഖബർസ്ഥാനുകളിലേക്കും ശ്മശാനങ്ങളിലേക്കും പായുന്നു, ആചാരങ്ങളെല്ലാം പാലിച്ച് മൃതദേഹങ്ങൾക്ക് വിടയേകുന്നു.

അടച്ചിട്ടിരിക്കുന്ന സ്കൂൾ-കോളജ് കെട്ടിടങ്ങളിൽ കോവിഡ് രോഗികളെ പാർപ്പിച്ച് ചികിത്സ നൽകാൻ സ്ഥലം അനുവദിക്കാമോ എന്ന് ചോദിച്ച് നഗരസഭ അധികൃതർ സ്ഥാപന അധികാരികളുടെയെല്ലാം വാതിൽക്കൽ മുട്ടിയിരുന്നു, ഒട്ടുമിക്ക പേരും വിസമ്മതം പ്രകടിപ്പിച്ച ഘട്ടത്തിൽ തണ്ടൽജയിലെ ദാറുൽഉലൂം മദ്​റസയുടെ പ്രിൻസിപ്പലും മാനേജിങ് ട്രസ്​റ്റിയുമായ മുഫ്തി ആരിഫ് ഹകീം ഫലാഹി ആലോചിക്കാൻ നിന്നില്ല. ദാറുൽഉലൂമി​െൻറ വാതിലുകൾ തുറന്നുകൊടുത്തതോടെ അവിടം 198 കിടക്കകളുള്ള കോവിഡ് പരിരക്ഷാകേന്ദ്രമായി.

ഇവിടത്തെ പരിചരണഫലമായി ഗുരുതരാവസ്ഥയിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന 45 രോഗികളിൽ ഭൂരിഭാഗവും അമുസ്​ലിംകളായിരുന്നു. പാലും പഴങ്ങളും പോഷകാഹാരങ്ങളും ലഭ്യമാക്കാൻ ഫ്രിഡ്ജുകളും സ്ഥാപിച്ചു. അഡ്വ. അശ്​ഫാഖ് മാലിക്കും നിസ്വാർഥരായ സന്നദ്ധപ്രവർത്തകരും തുടർച്ചയായി അഞ്ചു മാസമാണ് ഇവിടെ സേവനമനുഷ്ഠിച്ചത്. ഇപ്പോഴും രക്തദാനക്യാമ്പുകൾ നടത്തി ഒരുപാടുപേർക്ക് ഉയിരുപകരുന്നു.

രക്തദാന ക്യാമ്പി​െൻറ കാര്യം പറയുേമ്പാൾ ബാബുഭായിയെക്കുറിച്ച് പറയാതിരിക്കുന്നതെങ്ങനെ? ശാരീരിക വ്യതിയാനങ്ങളുള്ള ഭിന്നശേഷി വിഭാഗക്കാരുടെ ക്ഷേമത്തിനായി അഹ്​മദാബാദിൽ പ്രവർത്തിക്കുന്ന വികലാംഗ് സഹായക് കേന്ദ്രയുടെ എല്ലാമെല്ലാമാണ് ഗുലാം മുർതസ എന്ന ബാബുഭായ്. ഊന്നുവടികളുടെ സഹായത്തോടെ മാത്രം ചലിക്കാനാവുന്ന ഈ മനുഷ്യൻ സഹായം ആവശ്യമുള്ളവർക്കരികിലേക്ക് മാലാഖയെപ്പോലെ പറന്നെത്താറാണ്.

വിധവകൾ, ചേരിനിവാസികൾ, ശാരീരിക വ്യതിയാനമുള്ള ആളുകൾ എന്നിവർക്ക് എല്ലാവിധ നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുമടങ്ങൂന്ന ആയിരത്തിലേറെ കിറ്റുകളാണ് എത്തിച്ചുനൽകിയത്. വീടില്ലാത്തവർക്കും വികലാംഗർക്കും നിത്യേന ഭക്ഷണവും മാസ്ക് ഉൾപ്പെടെ വ്യക്തി ശുചിത്വ-സുരക്ഷാവസ്തുക്കളും വിതരണം ചെയ്യുന്നു. അടുത്തിടെ രക്തബാങ്കുകളിൽ കടുത്ത ക്ഷാമം നേരിട്ട അവസ്ഥയുണ്ടായി. അടിയന്തരമായി ദാതാക്കളെ വേണമെന്ന് പ്രാദേശികഭരണകൂടം അപേക്ഷ പുറത്തിറക്കി.

വെറും മണിക്കൂറുകൾക്കകം സമാനമനസ്കരുടെ സഹകരണത്തോടെ 550 യൂനിറ്റ് രക്തമാണ് ബാബു ഭായ് സ്വരൂപിച്ചു നൽകിയത്. എന്തെങ്കിലും സേവനങ്ങൾ ചെയ്ത് വിശ്രമിക്കുന്ന പതിവൊന്നും ഈ മനുഷ്യനില്ല. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജീവിതമാർഗമടഞ്ഞുപോയ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങളും സ്വയം തൊഴിൽ ഉപകരണങ്ങളും ഒരുക്കി നൽകുന്ന തിരക്കിലാണ് ഇദ്ദേഹമിപ്പോൾ. ആരൊക്കെ എന്തെല്ലാം ധ്രുവീകരണങ്ങളും വിദ്വേഷവും വളർത്താൻ ശ്രമിക്കുേമ്പാഴും നൻമയുടെ നാമ്പുകൾ ഇല്ലാതായിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു ബാബു ഭായ്.

ജാതിയും മതവുമൊന്നും നോക്കാതെ ശങ്കർ പട്ടേലും തൽഹ സരേഷ് ​വാലയും മുഹ്സിൻ മേമനും രാജു പട്ടേലും അഖ്തർ മാലികും അങ്കൂർ പട്ടേലും അൻകിത് പട്ടേലുമുൾപ്പെടെ ഹിന്ദുക്കളും മുസ്​ലിംകളുമായ നല്ല മനസ്സുകൾ നൽകിയ സാമ്പത്തികപിന്തുണയില്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ലെന്ന് തീർത്തുപറയുന്നു അദ്ദേഹം. അഹ്​മദാബാദ് നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ ഇഖ്ബാൽ ശൈഖി​െൻറ മേൽനോട്ടത്തിൽ ഏക്​താ സ്പോർട്സ് ക്ലബും ദഖ്നി സുന്നി മുസ്​ലിം ജമാഅത്തും രണ്ടായിരത്തിലേറെ പേർക്ക് ഭക്ഷണം വെച്ചുവിളമ്പുക മാത്രമല്ല, സർക്കാർ ഏർപ്പെടുത്തിയ ഭക്ഷ്യവസ്തുക്കൾ യഥാർഥ അവകാശികളിലെത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും മുന്നിട്ടിറങ്ങി.

അഹ്​മദാബാദിലെ സുപ്രസിദ്ധ പലഹാരക്കടയായ അസ്​റ്റോഡിയ ബജിയാ ഹൗസ് ശൃംഖലയുടെ ഉടമയാണ് മുഹമ്മദ് ശരീഫ് കാകുവാല. എന്നാൽ, കാകുവാല ഇപ്പോൾ അതിലേറെ പ്രസിദ്ധനായിരിക്കുന്നത് അദ്ദേഹം പുതുതായി ആവിഷ്കരിച്ച ശവമഞ്ചലി​െൻറ പേരിലാണ്. പത്തടി താഴ്ചയുള്ള കുഴിയിലേക്ക് തള്ളിയിട്ട് മൂടുന്ന വിധത്തിലാണ് പലയിടത്തും കോവിഡ് മൃതദേഹങ്ങൾ സംസ്കരിച്ചുപോന്നിരുന്നത്.

മരണശേഷവും മനുഷ്യൻ മാന്യത അർഹിക്കുന്നുണ്ടെന്നും അന്തസ്സോടെ സംസ്കരിക്കപ്പെടണമെന്നുമുള്ള തീർച്ചയിലാണ് കാകുവാല 15 അടി നീളമുള്ള വള്ളികളോടു കൂടിയ സ്ട്രെച്ചറുകൾ രൂപകൽപന ചെയ്തത്. മൃതദേഹങ്ങൾ സംസ്കരിക്കാൻ പലയിടങ്ങളിലും അദ്ദേഹം നേരിട്ടെത്തി. അതു കൊണ്ടും തീരുന്നില്ല, ഇത്തരം സ്ട്രെച്ചറുകൾ 110 എണ്ണം തയാറാക്കി നാട്ടിലെമ്പാടുമുള്ള ഖബർസ്ഥാനുകൾക്കും ശ്മശാനങ്ങൾക്കും സംഭാവനയായി നൽകി കാകുവാല.

കോവിഡ് മുൻകരുതലായി ആരംഭിച്ച രാത്രി കർഫ്യൂ പ്രധാന നഗരങ്ങളായ അഹ്​മദാബാദ്, വഡോദര, രാജ്കോട്ട്, സൂറത്ത് എന്നിവിടങ്ങളിൽ 15 വരെ ദീർഘിപ്പിച്ചിട്ടുണ്ട് ഭരണകൂടം. പ്രതിരോധ വാക്സിൻവിതരണവും മുന്നോട്ടുപോകുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് നാട് അൽപമെങ്കിലും മുക്തമായിട്ടുണ്ടെങ്കിൽ അതിനു വഴിയൊരുക്കിയത് നേരത്തേ പറഞ്ഞവരെപ്പോലുള്ള സുമനസ്സുകളും കൂട്ടായ്മകളും നടത്തിയ അക്ഷീണ യത്നമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charitygujarat lettermuslim social organisation
News Summary - muslim social organisation in gujarat
Next Story