Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇന്ത്യന്‍...

ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ മുസ്ലിം പ്രതിനിധാനം

text_fields
bookmark_border
ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ മുസ്ലിം പ്രതിനിധാനം
cancel

രാജ്യത്തെ ഏത് മുസ്ലിം നേതാവിനെ പരിഗണിച്ചാലും എഴുത്തിലും പ്രസംഗത്തിലും ഇംഗ്ളീഷ് പരിജ്ഞാനത്തിലും ഒരുപോലെ പ്രതിഭ തെളിയിച്ച സയ്യിദ് ഷഹാബുദ്ദീന്‍െറ വ്യക്തിത്വത്തോളം ഉയര്‍ന്നുനില്‍ക്കുന്ന ഒരാളുമില്ളെന്ന് നാം അംഗീകരിച്ചേ മതിയാകൂ. ഇന്ത്യന്‍ വിദേശ സര്‍വിസിലായിരുന്നു ഷഹാബുദ്ദീന്‍. വിദേശ മന്ത്രാലയത്തില്‍ വിവിധ പദവികള്‍ വഹിച്ചശേഷം സ്വയംവിരമിക്കല്‍ നടത്തി പട്നയില്‍നിന്ന് ഡല്‍ഹിയില്‍ വന്നാണ് അദ്ദേഹം മുഴുസമയ പൊതുപ്രവര്‍ത്തനത്തിനിറങ്ങി സമുദായത്തിന്‍െറ മുന്നണിപ്പോരാളിയായി മാറിയത്. പിന്നീട് ജനത പാര്‍ട്ടി സെക്രട്ടറിയായും മൂന്നു തവണ പാര്‍ലമെന്‍റ് അംഗമായും ദേശീയ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായി. പാര്‍ലമെന്‍റില്‍ ന്യൂനപക്ഷങ്ങളുടെയും മറ്റ് അധ$സ്ഥിത വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ശക്തമായി ഉന്നയിച്ചാണ് ഷഹാബുദ്ദീന്‍ ശ്രദ്ധേയനാകുന്നത്.

ശാബാനു കേസുമായി ബന്ധപ്പെട്ടാണ് സയ്യിദ് ഷഹാബുദ്ദീന്‍ മുസ്ലിം സമുദായത്തിനകത്തെ തന്‍െറ നേതൃപരമായ പങ്ക് തെളിയിച്ചത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ സമയത്തായിരുന്നു ഇത്. സുപ്രീംകോടതി ഇസ്ലാമിക ശരീഅത്തിന് വിരുദ്ധമായ വിധിപ്രഖ്യാപനം നടത്തിയപ്പോള്‍ ഷഹാബുദ്ദീന്‍െറ നേതൃത്വത്തില്‍ നടത്തിയ ഇടപെടല്‍ പുതിയ നിയമഭേദഗതിക്ക് രാജീവ് ഗാന്ധി സര്‍ക്കാറിനെ  സമ്മര്‍ദത്തിലാഴ്ത്തി. ഇതുസംബന്ധിച്ച ഒരു സ്വകാര്യ ബില്‍ മുസ്ലിം ലീഗ് നേതാവ് ഗുലാം മഹ്മൂദ് ബനാത്ത്വാല പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിരുന്നു. അതിനുശേഷം സര്‍ക്കാര്‍ നേരിട്ട് നിയമഭേദഗതി കൊണ്ടുവരണമെന്ന ആവശ്യം ഷഹാബുദ്ദീന്‍ ഉന്നയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചന തുടങ്ങിയ സമയത്ത് മുസ്ലിം സമുദായത്തിനിടയില്‍ നിയമഭേദഗതിക്കുള്ള സമവായം രൂപപ്പെടുത്താനും അദ്ദേഹം മുന്നിട്ടിറങ്ങി. അങ്ങനെ കോണ്‍ഗ്രസിനെക്കൊണ്ട് ആ നിയമഭേദഗതി ഏറ്റെടുപ്പിക്കുന്നതില്‍ അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ സമുദായം വിജയിക്കുകയും ചെയ്തു.

ബാബരി മസ്ജിദിനുവേണ്ടി നടത്തിയ പോരാട്ടമായിരുന്നു മറ്റൊരു വലിയ ദൗത്യം. ബാബരി മസ്ജിദ് വിഷയം സജീവമായ സമയത്ത് എം.പിയായിരുന്ന അദ്ദേഹം പാര്‍ലമെന്‍റിനകത്തും പുറത്തും ഈ വിഷയം സജീവ ചര്‍ച്ചയാക്കി നിര്‍ത്തി. ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി നേതൃസ്ഥാനമേറ്റെടുത്ത അദ്ദേഹം, രാജീവ് ഗാന്ധി ബാബരി മസ്ജിദിന്‍െറ വാതില്‍ രാമക്ഷേത്ര പ്രസ്ഥാനക്കാര്‍ക്ക് തുറന്നുകൊടുത്തപ്പോഴും ശിലാന്യാസം അനുവദിച്ചപ്പോഴും ദേശീയതലത്തില്‍ ശക്തമായ പ്രചാരണം നടത്തി. ബാബരി മസ്ജിദ് മുസ്ലിംകള്‍ക്ക് വിട്ടുകിട്ടുന്നതിനുള്ള പോരാട്ടവുമായി ഷഹാബുദ്ദീന്‍െറ നേതൃത്വത്തില്‍ കമ്മിറ്റി മുന്നോട്ടുപോകുന്നതിനിടയിലാണ് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇന്ത്യന്‍ മുസ്ലിംകളെ ഞെട്ടിച്ച ബാബരി ധ്വംസനം ഷഹാബുദ്ദീനേല്‍പിച്ച ആഘാതം കനത്തതായിരുന്നു. ആ ആഘാതം തുടര്‍ന്നുള്ള അദ്ദേഹത്തിന്‍െറ പോരാട്ടത്തിന്‍െറ ഗതിവേഗത്തെപ്പോലും ബാധിച്ചു.

എങ്കിലും അതിനുശേഷവും സമുദായത്തിന്‍െറ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം മുന്നോട്ടുപോയി. മുസ്ലിം സംവരണ വിഷയം ദേശീയതലത്തില്‍ വളരെ ശക്തമായ രീതിയില്‍ ഷഹാബുദ്ദീന്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ഡല്‍ഹിയില്‍ ഇതിനായി വലിയ കാമ്പയിനും സംഘടിപ്പിച്ചു. പാര്‍ലമെന്‍റിനകത്തും പുറത്തും മുസ്ലിം സംവരണം ചര്‍ച്ചാവിഷയമായി. അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ സ്വഭാവം തകര്‍ക്കാനുള്ള നീക്കത്തോടും അദ്ദേഹം സന്ധിയില്ലാതെ പോരാടി. പിന്നീട് ഷഹാബുദ്ദീന്‍ ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രധാന വിഷയമായിരുന്നു മുസ്ലിം സംവരണം.

ഇന്ത്യയിലെ മുസ്ലിം സംഘടനകളുടെ വേദിയായ ഓള്‍ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറയുടെ പ്രസിഡന്‍റ് സ്ഥാനത്ത് മൂന്നു തവണയാണ് ഷഹാബുദ്ദീനത്തെിയത്. വൈസ് പ്രസിഡന്‍റായാണ് മുശാവറയില്‍ ആദ്യമായി അദ്ദേഹമത്തെുന്നത്. അവസാന ടേമില്‍ എന്നോട് മുശാവറയുടെ വര്‍ക്കിങ് പ്രസിഡന്‍റാകാന്‍ നിര്‍ദേശിച്ചതും സയ്യിദ് ഷഹാബുദ്ദീനായിരുന്നു. മുശാവറ പിളര്‍ന്നതുതൊട്ട് അത് ഒന്നിക്കുന്നതുവരെ ഐക്യത്തിനായുള്ള കഠിനപരിശ്രമമാണ് അദ്ദേഹം നടത്തിയത്. മുശാവറയുടെ ഐക്യം ഏറ്റവുമധികം സന്തോഷിപ്പിച്ചതും അദ്ദേഹത്തെയായിരുന്നു. ശാരീരികമായ വിഷമതകള്‍ അവഗണിച്ചാണ് ഐക്യ ചര്‍ച്ചയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്ക് ഷഹാബുദ്ദീന്‍ വന്നുകൊണ്ടിരുന്നത്. ഇരുവിഭാഗങ്ങളുടെ ലയനം പ്രഖ്യാപിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. അതിന്‍െറകൂടി ഫലമാണ് കഴിഞ്ഞ മൂന്നുനാലു വര്‍ഷമായി ഏകരൂപത്തില്‍ ഇന്ത്യയിലിപ്പോള്‍ നിലനില്‍ക്കുന്ന വേദിയിലെ ഐക്യം.

രിക്കുന്നതുവരെ എല്ലാ മുസ്ലിം സംഘടനകളോടും സഹവര്‍ത്തിത്വം പുലര്‍ത്തുന്നതെങ്ങനെയെന്നും അദ്ദേഹം കാണിച്ചുതന്നു. ജംഇയ്യതുല്‍ ഉലമായെ ഹിന്ദിന്‍െറ ഇരുവിഭാഗങ്ങളോടും ജമാഅത്തെ ഇസ്ലാമി ഹിന്ദിനോടും ജംഇയ്യത്ത് അഹ്ലെ ഹദീസിനോടും ഒരേ സൗഹൃദം കാത്തുസൂക്ഷിച്ചു. ദയൂബന്ദികളോടും ബറേല്‍വികളോടും ഒരു വിവേചനവും അദ്ദേഹം കാണിച്ചില്ല.

കഴിവുറ്റ പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്ന അദ്ദേഹം ‘മുസ്ലിം ഇന്ത്യ’ എന്ന പേരില്‍ പ്രസിദ്ധീകരണവും തുടങ്ങി. 20 വര്‍ഷത്തോളം മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിച്ച വിഷയങ്ങള്‍ അദ്ദേഹം തന്‍െറ ശക്തമായ തൂലികയിലൂടെ മുസ്ലിം ഇന്ത്യ വഴി പുറത്തത്തെിച്ചു. മുസ്ലിം ഇന്ത്യയുടെ ഒരു ചരിത്രരേഖയെന്ന നിലയില്‍ സ്ഥാനംപിടിച്ച ആ മാഗസിന്‍െറ വാല്യങ്ങളെല്ലാം തന്നെ സമാഹരിച്ചിട്ടുണ്ട്. ജനത പാര്‍ട്ടിയില്‍നിന്ന് വിട്ട ശേഷം ഇന്‍സാഫ് പാര്‍ട്ടിയുണ്ടാക്കി. അതിനുശേഷം കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യത തേടിയ ഷഹാബുദ്ദീന്‍ മുസ്ലിം ന്യൂനപക്ഷത്തോട് പാര്‍ട്ടി കാണിക്കുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് സഹകരണത്തിന്‍െറ വാതില്‍ കൊട്ടിയടച്ചു. പിന്നീട് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിധേയത്വമില്ലാത്ത നിലപാടിലേക്ക് ഷഹാബുദ്ദീന്‍ മാറുകയാണ് ചെയ്തത്.

കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടായ ന്യൂനപക്ഷ വിഷയങ്ങളിലെല്ലാം തന്‍െറ നിലപാട് അദ്ദേഹം അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി. ഉത്തരേന്ത്യയിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍, ശാബാനു കേസിന്‍െറ വിധി, ബാബരി മസ്ജിദ് ധ്വംസനം എന്നിവയുടെ പശ്ചാത്തലത്തില്‍ മുസ്ലിം സമുദായത്തിന്‍െറ നിലപാടുകള്‍ പൊതുസമൂഹത്തെ അറിയിച്ചിരുന്നത് ഷഹാബുദ്ദീനായിരുന്നു.

ബഹുസ്വരസമൂഹത്തില്‍ ന്യൂനപക്ഷത്തിന്‍െറ സ്ഥാനം നിര്‍ണയിക്കുന്നതിന് നടത്തിയ പോരാട്ടത്തിലൂടെ ഇന്ത്യന്‍ സമൂഹത്തിന് പൊതുവിലും മുസ്ലിം സമുദായത്തിന് വിശേഷിച്ചും വിസ്മരിക്കാനാവാത്ത നാമമാണ് സയ്യിദ് ഷഹാബുദ്ദീന്‍േറത്. അവസാന സമയംവരെ പോരാട്ടവുമായി ഷഹാബുദ്ദീന്‍ മുന്നോട്ടുപോയി. ആരോഗ്യ പ്രശ്നങ്ങള്‍ വകവെക്കാതെ അവസാനം വരെ ഇത്തരം പരിപാടികളിലും വേദികളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ഏതാനും മാസങ്ങളില്‍ സമുദായത്തിന്‍െറ അസ്തിത്വവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിലും മുസ്ലിം സംഘടന നേതാക്കളുമായി ബന്ധപ്പെട്ട്  തന്‍െറ കാഴ്ചപ്പാടുകള്‍ അദ്ദേഹം അവതരിപ്പിക്കുമായിരുന്നു.

കേന്ദ്രത്തില്‍ ആര്‍.എസ്.എസിന്‍െറ കാര്‍മികത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യത്തെ ഓരോ ചലനവും കൃത്യമായി ഒപ്പിയെടുക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. അസാമാന്യമായ വാക്ചാതുരിയും ശക്തമായ എഴുത്തുമാണ് ഇന്ത്യയിലെ മുസ്ലിം ബുദ്ധിജീവികളുടെ മുന്‍നിരയില്‍ ഷഹാബുദ്ദീനെ എത്തിച്ചത്. അതുകൊണ്ടാണ് കഴിഞ്ഞ പത്തു നാല്‍പത് വര്‍ഷത്തിനിടയില്‍ മുസ്ലിം ഇന്ത്യ കണ്ട എല്ലാ പോരാട്ടങ്ങള്‍ക്കും അദ്ദേഹം മുന്നണിപ്പോരാളിയായുണ്ടായിരുന്നത്. മരിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഞങ്ങളിരുവരും ഏറ്റവുമൊടുവില്‍ സംസാരിച്ചത്. അപ്പോഴും രാജ്യത്തിന്‍െറ ആകുലതകളും സമുദായത്തിന്‍െറ പ്രശ്നങ്ങളുമായിരുന്നു അദ്ദേഹത്തിന് പങ്കുവെക്കാനുണ്ടായിരുന്നത്.

മുസ്ലിം മജ്ലിസെ മുശാവറയുടെ മുന്‍ പ്രസിഡന്‍റാണ്  ലേഖകന്‍

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syed shahabudheen
News Summary - muslim participation in indian politics
Next Story