മുനമ്പം: ഹൈകോടതി നിരീക്ഷിച്ചതും കാണാതെ പോയതും
text_fieldsമുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കപരിഹാരത്തിനായി സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷനെതിരെ, കേരള വഖഫ് സംരക്ഷണ സമിതി എന്ന സംഘടന നൽകിയ കേസിൽ ബഹുമാനപ്പെട്ട ഹൈകോടതി സിംഗ്ൾ ബെഞ്ച് നേരത്തേ പുറപ്പെടുവിച്ച കമീഷനെ റദ്ദ് ചെയ്തുകൊണ്ടുള്ള വിധിക്കെതിരായ അപ്പീലിന്മേൽ ഇപ്പോൾ ഹൈകോടതി ഡിവിഷൻ ബെഞ്ച് കമീഷനെ പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണല്ലോ!
ഈ വിധിയുടെ ഓരംചേർന്ന് ബഹുമാനപ്പെട്ട ഹൈകോടതി നടത്തിയ പരാമർശങ്ങളും ചില നിരീക്ഷണങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.
കമീഷന്റെ നിയമനത്തിന് എതിരായ ഈ കേസിന്റെ ‘പ്രെയറിൽ’ പെടാത്ത, പ്രസ്തുത ഭൂമിയുടെ സ്റ്റാറ്റസ് സംബന്ധിച്ച കോടതിയുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പ്രശ്നകരമാണ്- ‘‘ഇങ്ങനെ വന്നാൽ താജ്മഹലും ചെങ്കോട്ടയും നിയമസഭ മന്ദിരവും ഹൈകോടതി പോലും ഏതെങ്കിലുമൊക്ക രേഖകളുടെ പേരിൽ വഖഫ് സ്വത്തായി ചിത്രീകരിക്കാം’’ എന്ന പരാമർശംതന്നെ ഉദാഹരണം!
മുനമ്പത്തെ ഭൂമി വഖഫല്ല എന്ന കോടതിയുടെ കണ്ടെത്തലിൽ, അതിന് പറഞ്ഞ കാരണങ്ങളിൽതന്നെ വൈരുധ്യങ്ങളുണ്ട്.പ്രസ്തുത ഭൂമി വഖഫ് ആയി രജിസ്റ്റർ ചെയ്യാൻ 70 വർഷം കാലതാമസം വരുത്തിയതുകൊണ്ട് ഇനി ഇത് വഖഫ് ഭൂമിയല്ല എന്നതാണല്ലോ മുഖ്യനിരീക്ഷണം.
ഒരു പുത്രൻ തന്റെ പിതാവിലേക്കെത്താൻ വൈകി എന്നതുകൊണ്ട് ഇനി ഇവൻ എന്റെ പുത്രനല്ല എന്ന് വെറുതെ പറയാൻ മാത്രമല്ലേ കഴിയൂ. ഒരിക്കലും പുത്രൻ അല്ലാതാവുന്നില്ലല്ലോ! സത്യത്തിൽ നിയമ വ്യവഹാരമനുസരിച്ച് ഈ ഭൂമി വഖഫിൽ രജിസ്റ്റർ ചെയ്യാൻ വൈകിച്ചതിന് വഖഫ് ബോർഡിനെ ശാസിക്കുകയോ, വൈകിയെങ്കിലും രജിസ്റ്റർ ചെയ്തതിനെ അഭിനന്ദിക്കുകയോ ആയിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്.
പക്ഷേ, ഇതിൽ ഏതായിരുന്നു വേണ്ടത് എന്നത് ഈ 70 വർഷത്തിനിടയിലെ സാങ്കേതിക തടസ്സങ്ങൾ എന്തൊക്കെയായിരുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തീരുമാനിക്കപ്പെടുക എന്നുമാത്രം.അതിൽ ഈ വസ്തു വഖഫ് ചെയ്യപ്പെട്ട ഫാറൂഖ് കോളജിന്റെ ഈ കാലയളവിലെ റോളും നിലപാടുകളും ‘ഇടപാടുകളും’ നിർണായകമായിരിക്കും എന്നത് പ്രധാന ഘടകമായിരിക്കും.
അവിടെയാണ് ഇതിൽ നേരത്തേ പറവൂർ കോടതി റിസീവറെ വെച്ച് അേന്വഷിച്ചതിന് ശേഷം നടത്തിയ വിധിയുടെയും അത് അംഗീകരിച്ച അന്നത്തെ ഹൈകോടതി വിധിയുടെയും പ്രസക്തി. അതിനെ കാണാതെയും പരിഗണിക്കാതെയുമാണ് ഇപ്പോൾ ബഹുമാനപ്പെട്ട ഹൈകോടതി ഡിവിഷൻ ബെഞ്ച് അതിന് നേർവിപരീതമായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും നടത്തിയിരിക്കുന്നത്.
മറ്റൊന്ന് മുനമ്പം വസ്തു സംബന്ധിച്ച വ്യവഹാരങ്ങൾ അതിന്റെ ആധികാരിക-ഭരണഘടനാനുസൃത വ്യവഹാര ബോഡിയായ വഖഫ് ട്രൈബ്യൂണലിൽ നടക്കുമ്പോൾതന്നെ മേൽകോടതിയുടെ ഈ അസാധാരണ ‘ഇടപെടൽ’ അവിടെ ഒരു വിഭാഗത്തെ സ്വാധീനിക്കും എന്നത് സ്വാഭാവികമാണല്ലോ. അതാവട്ടെ, കീഴ്വഴക്കമായി തുടർന്ന് ട്രൈബ്യൂണലിന്റെ അസ്തിത്വത്തെത്തന്നെ ഇല്ലാതാക്കുകയും ചെയ്യും.
ഈ ഭൂമി വഖഫല്ല എന്നതിന് കോടതി പറഞ്ഞ മറ്റൊരു കാരണം അല്ലാഹുവിന് സമർപ്പിതമല്ല എന്ന വാദമാണ്. പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ എന്ന് തുടങ്ങിയിട്ട് വഖഫ് ആയി നൽകുന്നു എന്ന് രണ്ടുവട്ടം ആവർത്തിക്കുന്ന, ഇഷ്ടദാനമെന്ന് ഒരിടത്തും പറയാത്ത ആധാരത്തെ കോടതി എങ്ങനെയാണ് നോക്കിക്കണ്ടത് എന്നത് മനസ്സിലാവുന്നില്ല.
ഒരു ഭൂമി വഖഫല്ല, ദാനാധാരമാണ് എന്ന് കോടതി പ്രഖ്യാപിക്കുമ്പോൾ അതിന് എന്തെല്ലാം സാങ്കേതിക തെളിവ് നിയമങ്ങളാണ് പരിഗണിക്കുന്നത് എന്നത് കോടതിയുടെ നിരീക്ഷണങ്ങളിൽ ഒരിടത്തും കാണുന്നില്ല.
മറിച്ച്, വഖഫാണ് എന്ന് സാധൂകരിക്കുന്ന സത്താർ സേട്ട് ഫാറൂഖ് കോളജിന് നൽകിയ വഖഫ് ആധാരം മുതൽ ഇടപ്പള്ളി രജിസ്ട്രാഫിസിലെ രേഖകൾ, പറവൂർ കോടതി വിധി, അതിനെ അംഗീകരിച്ചുകൊണ്ടുള്ള ഹൈകോടതി വിധി, ജസ്റ്റിസ്. നിസാർ കമ്മിറ്റി റിപ്പോർട്ട്, ആ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവുകൾ തുടങ്ങിയ നിരവധി ഘട്ടങ്ങളും രേഖകളും ലഭ്യമായിരിക്കെ അവയൊന്നുംതന്നെ പരിഗണിക്കാതെയാണ് കോടതിയുടെ നിരീക്ഷണങ്ങൾ.
താൻ ദൈവമാർഗത്തിൽ വഖഫ് ചെയ്യുന്നു എന്ന് എഴുതിയതിനു ശേഷം പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിച്ചാൽ വസ്തു തന്നിലേക്കോ തന്റെ പിൻഗാമികൾക്കോ തിരിച്ചുതരണമെന്ന് എഴുതിയ വാദം ഉയർത്തി ചില വോട്ട് രാഷ്ട്രീയക്കാർ പറയുന്നതുപോലെ ഇത് ‘കണ്ടീഷനൽ’ വഖഫാണെന്നും വഖഫിൽ അങ്ങനെ പാടില്ലാത്തതുകൊണ്ട് ഇത് വഖഫ് അല്ലെന്ന വാദവും കോടതി പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്.
ഒരു ഭൂമി വഖഫ് ചെയ്യുന്നു എന്ന് എഴുതപ്പെട്ടതിന് താഴെ എന്ത് കണ്ടീഷൻ രേഖപ്പെടുത്തിയാലും അത് നിലനിന്നാലും ഇല്ലെങ്കിലും ആ വസ്തു രജിസ്റ്റർ ഓഫിസിൽ വഖഫായി രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞാൽ അതിനെ വഖഫായി പ്രഖ്യാപിക്കണമെന്ന് വഖഫ് നിയമത്തിൽ പറയുന്നതും കോടതി കാണാതെപോയി.
ഇത്രയും നിരീക്ഷണങ്ങളും പരാമർശങ്ങളും നടത്തിയ ശേഷവും മുനമ്പത്തെ പ്രസ്തുത ഭൂമി വഖഫ് സ്വത്തായി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തതിനെ തങ്ങൾ റദ്ദ് ചെയ്യുന്നില്ല എന്ന് ബഹുമാനപ്പെട്ട കോടതി നിലപാട് വ്യക്തമാക്കിയെങ്കിലും കോടതി നടത്തിയ നിരീക്ഷണങ്ങളും നിലപാടുകളും ഈ വിഷയത്തിൽ തുടർന്നുവരുന്ന വ്യവഹാരങ്ങൾ കൂടുതൽ സങ്കീർണമാക്കും എന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

