Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആ സാന്നിധ്യം തന്നെ...

ആ സാന്നിധ്യം തന്നെ സാന്ത്വനമായിരുന്നു

text_fields
bookmark_border
ആ സാന്നിധ്യം തന്നെ സാന്ത്വനമായിരുന്നു
cancel

മന്വന്തരങ്ങളുടെ ജ്ഞാനനിധികളാൽ സുശക്തമായിത്തീർന്ന ആധാരശിലകളിൽ സുസ്ഥാപിതമായ ആയുർവേദ വൈദ്യശാസ്​ത്രത്തിൽ അതി​ന്‍റെ ആദിപുരുഷനായ ധന്വന്തരിയുടെ പൈതൃകത്തെ ആസ്​പദമാക്കിത്തന്നെ, ആധുനികകാലത്ത്​ മഹത്തായൊരു നവോത്ഥാനം സംഭവിക്കുകയുണ്ടായി. ഇന്ത്യയുടെ സ്വന്തമായ ഈ വൈദ്യശാസ്​ത്ര സ​മ്പ്രദായത്തി​ന്‍റെ പ്രശസ്​തിയും പ്രയോഗവും ലോകമാസകലം എത്തിച്ച ആ നവജാഗരണത്തി​ന്‍റെ ധ്വജവാഹകരിലെ വിശിഷ്​ട വ്യക്​തിത്വമാണ്​ പി.കെ. വാര്യരുടെ വിയോഗത്തിലൂടെ വിടപറഞ്ഞിരിക്കുന്നത്​. ജ്ഞാനനിബദ്ധമായ അത്തരം കർമമണ്ഡലങ്ങളും സാമൂഹിക നിലപാടുകളും ഇടപെടലുകളും നിറഞ്ഞ ജീവിതസപര്യയുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യു​േമ്പാൾ അദ്ദേഹം തീർത്തും ഒരു നവോത്ഥാന പുരുഷനായിരുന്നു.

അനന്യസാധാരണമായൊരു പാഠപുസ്​തകമായിരുന്നു ഡോ. പി.കെ. വാര്യരുടെ ജീവിതം. ചികിത്സമധ്യേ രോഗിയോട്​ നിഷ്​കർഷിക്കുന്ന ജീവിതശൈലിയുടെ തത്ത്വങ്ങളത്രയും സ്വജീവിതത്തിൽ പാലിച്ചുകൊണ്ടാണദ്ദേഹം ജീവിച്ചത്​. സംയമനത്തിലൂടെ ജീവിതസംതൃപ്​തിയെ പ്രാപിക്കാൻ സഹജീവികളെ സജ്ജരാക്കിയ അദ്ദേഹം തന്നെ കാണാൻ വരുന്ന രോഗികളെ പരിശോധിച്ച്​ മരുന്ന്​ നിർണയിച്ചുകൊടുക്കുക മാത്രമല്ല, സാന്ത്വനത്തിലൂടെ സമാശ്വാസവും പ്രദാനം ചെയ്​തു. പി.കെ. വാര്യരുടെ സാന്നിധ്യംതന്നെ സാന്ത്വനമായിരുന്നു. വൈദ്യത്തിൽ അലിഞ്ഞുചേർന്ന ജീവിതം, ജീവിതത്തി​ന്‍റെ നാരായവേരുകളിലേക്ക്​ ആഴ്​ന്നിറങ്ങിയ വൈദ്യം. രണ്ടും പരസ്​പരം മാരകമാകുന്ന ദുരന്തങ്ങൾ കുറവല്ലാത്തൊരു കാലത്ത്​ അദ്ദേഹം രണ്ടിനെയും പരസ്​പരപൂരകമാക്കി. അങ്ങനെ പി.കെ. വാര്യരിൽ അദ്ദേഹത്തി​ന്‍റെ ജീവിതം രോഗികൾക്കും വൈദ്യന്മാർക്കും മാത്രമല്ല, സമൂഹത്തിനുതന്നെ ഒരു പാഠപുസ്​തകമായിത്തീരുകയും ചെയ്​തു. അതിൽ ചികിത്സകർക്ക്​ മാത്രമല്ല, സമൂഹത്തിനാകെ പഠിക്കാനും പകർത്താനും ഒ​ട്ടേറെ ഗുണപാഠങ്ങളുണ്ട്​. ജീവിതലാളിത്യം, സമത്വഭാവം, ഭൂതദയ, ദീനാനുകമ്പ, നിസ്വാർഥത, കൃത്യനിഷ്​ഠ, സാമൂഹികാവബോധം, എല്ലാത്തിനും പുറമെ മനുഷ്യസ്​നേഹത്തിൽ ചാലിച്ച ജീവിതചിന്തയും. ശാസ്​ത്രഗ്രന്ഥത്തി​ന്‍റെ അക്ഷരമാലകളിൽനിന്ന്​ പകർത്തിയെഴുതുന്ന മരുന്നി​ന്‍റെ 'ഓല'കളുടെ സാ​​ങ്കേതിക പ്രയോഗമായിരുന്നില്ല ഡോ. പി.കെ. വാര്യർക്ക്​ ചികിത്സ. സ്വന്തം ഹൃദയത്തി​ന്‍റെ പ്രവാഹമായിരുന്നു. അതുകൊണ്ടുതന്നെ രോഗിക്ക്​ ലഭിച്ചത്​ ഹൃദയസ്​പർശവുമായിരുന്നു.

വാര്യരുടെ വൈദ്യസംബന്ധിയായ രീതിശാസ്​ത്രത്തിൽ പ്രകടമായി കണ്ട പാരമ്പര്യവും പരിവർത്തനവും സമന്വയിപ്പിച്ചുകൊണ്ടുള്ള സന്തുലിത സമീപനം അദ്ദേഹത്തി​ന്‍റെ വ്യക്തിത്വത്തോടുതന്നെ ബന്ധപ്പെട്ടതായിരുന്നു. ജീവിതത്തിലും അദ്ദേഹം അങ്ങനെത്തന്നെയായിരുന്നു. ആര്യവൈദ്യശാലയുടെ വളർച്ചയിലും ആയുർവേദത്തി​ന്‍റെ വികാസത്തിലും അദ്ദേഹം വഹിച്ച പങ്കിലും ഈ നയം പ്രതിഫലിച്ചുകിടപ്പുണ്ട്​.

അതുപോലെ സമൂഹത്തിനും പി.കെ. വാര്യർ ഇഴകൾ ചേർക്കുന്ന കണ്ണിയായി. സൗഹൃദത്തി​ന്‍റെയും സമവായത്തി​ന്‍റെയും പ്രതീകമായിരുന്ന അ​േദ്ദഹം സമുദായ മൈത്രിയുടെയും ബഹുസ്വരതയുടെയും ശക്തനായ വക്താവുമായിരുന്നു. കൈലാസ മന്ദിരത്തി​ന്‍റെ കവാടത്തിൽ മൂന്നു​ പ്രമുഖ മതങ്ങളുടെ മുദ്രകൾ കൊത്തിവെപ്പിച്ച ത​ന്‍റെ വലിയമ്മാവനായ വൈദ്യരത്നം പി.എസ്​. വാര്യരുടെ പാതയിൽ പി.​െക. വാര്യർ എന്ന 'കുട്ടിമ്മാൻ' പാദമൂന്നി സഞ്ചരിച്ചത്​ വൈദ്യശാസ്​ത്രത്തി​ന്‍റെ പ്രയോഗരീതിയിൽ മാത്രമായിരുന്നില്ല. സമുദായ സൗഹാർദത്തി​േൻറതും മതേതരത്വത്തി​​േൻറതുമായ നിലപാടിലുംകൂടിയായിരുന്നു. 1921 കാലത്ത്​ മലബാറിൽ ആളിപ്പടർന്ന സാമ്രാജ്യത്വ വിരുദ്ധ സമരത്തിലെ പോരാളികളായ മാപ്പിളമാരിലെ ദുരിതബാധിതരെ ആശ്വസിപ്പിക്കാൻ മാത്രമല്ല, അവർക്ക്​ കഞ്ഞി പാർന്നുകൊടുക്കാനും രംഗത്തിറങ്ങിയ പി.എസ്​. വാര്യരുടെ അനന്തരാവകാശിയാകാൻ നിഖില മേഖലകളിലും പി.കെ. വാര്യർക്ക്​ സാധ്യമായി.

പിഴക്കാത്ത നൈതികതയും തെറ്റാത്ത കൃത്യതയും ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷ​ിച്ചു. നിരവധി വേദികൾ അദ്ദേഹത്തോടൊപ്പം പങ്കിടാൻ അവസരം ലഭിച്ചപ്പോഴെല്ലാം സമയനിഷ്​ഠയിലും മറ്റും അദ്ദേഹം പുലർത്തിയ കാർക്കശ്യം ശ്രദ്ധിച്ചിട്ടുണ്ട്​. ആഹാരരീതിയടക്കം ജീവിതത്തിലെ സകല കാര്യങ്ങളും സമയബന്ധിതവും കൃത്യനിഷ്​ഠയോടെയുമായിരിക്കണമെന്ന്​ അദ്ദേഹത്തിന്​ നിർബന്ധമായിരുന്നു. അദ്ദേഹത്തി​ന്‍റെ സാമീപ്യ സമ്പർക്കത്തി​ന്‍റെ സൗഭാഗ്യ സന്ദർഭങ്ങളെല്ലാം സ്​നേഹനിർഭരമായിരുന്നു.

അന്ത്യംവരെ ഊർജസ്വലനായി ജീവിക്കുകയും ചുറ്റുവട്ടത്തുള്ളവരിൽ ഊർജം പ്രസരിപ്പിക്കുകയും ചെയ്​ത മനുഷ്യസ്​നേഹിയായിരുന്നു വാര്യർ. സമൂഹത്തെ രോഗങ്ങളും ക്ലേശങ്ങളും ഒപ്പം വൈരവി​ദ്വേഷങ്ങളും ഗ്രസിച്ചൊരു കാലത്ത്​ വിടചൊല്ലി പിരിഞ്ഞുപോയത്​ ആയുർവേദത്തി​ന്‍റെ കുലപതിയും കുലഗുരുവും ആചാര്യസ്ഥാനീയനും മാത്രമല്ല, സമൂഹത്തി​ന്‍റെ മഹാവ്യാധികളെ സംബന്ധിച്ച്​ ഉത്​കണ്​ഠപ്പെടുകയും അതിനും മരുന്ന്​ നിർദേശിക്കുകയും ചെയ്​തൊരു വൈദ്യനാണ്​. മഹാവൈദ്യനും അപൂർവ വൈദ്യനും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk Warriercommemoration
News Summary - mp abdussamad samadani commemorate pk warrier
Next Story