Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയു.ജി.സിക്ക്​...

യു.ജി.സിക്ക്​ ചരമക്കുറിപ്പെഴുതുമ്പോള്‍ 

text_fields
bookmark_border
യു.ജി.സിക്ക്​ ചരമക്കുറിപ്പെഴുതുമ്പോള്‍ 
cancel
ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമീഷ​​​​​െൻറ ശിപാർശ പ്രകാരം രൂപവത്​കരിച്ച യൂനിവേഴ്സിറ്റി ഗ്രാൻറ്​സ്​ കമീഷൻ ഇല്ലാതാകുകയാണ്​. പകരം, ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ കമീഷൻ നിലവിൽ വരും. ഇതു രണ്ടും സാധ്യമാകുന്ന തരത്തിലുള്ള നിയമനിർമാണ പ്രക്രിയയിലാണ്​ കേന്ദ്രസർക്കാർ. ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ കമീഷൻ നിയമം -2018, കരടെന്ന നിലയിൽ പൊതുസമൂഹത്തി​​​​​െൻറ ചർച്ചക്കും നിർദേശങ്ങൾക്കുമായി മാനവ വിഭവശേഷി വികസന മന്ത്രാലയം പുറത്തുവിട്ടു കഴിഞ്ഞു. 10 ദിവസമാണ് അധ്യാപകരുൾപ്പെടെയുള്ളവർക്ക് ​ പ്രതികരിക്കാൻ അവസരം. നിയമം കൊണ്ടുവരുന്നതോടെ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗം കേന്ദ്രമാനവശേഷി വികസന വകുപ്പി​​​​​െൻറ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിലാവും. ഇൗ മാറ്റത്തിലൂടെ രണ്ടു പ്രത്യാഘാതങ്ങളാണ് ഉന്നതവിദ്യാഭ്യാസരംഗത്ത് സംഭവിക്കുന്നത്​. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കമ്പോളവത്​കരണ പ്രക്രിയയെ ത്വരിതപ്പെടുത്തുമെന്നതാണ്​ഒന്ന്​. മതഫാഷിസത്തി​​​​​െൻറ ശൈലികളിലൂടെ ഉന്നതവിദ്യാഭ്യാസമേഖലയിലെ ഫെഡറലിസത്തെയും ജനാധിപത്യമൂല്യങ്ങളെയും അട്ടിമറിച്ച്​ വർഗീയ അജണ്ട നടപ്പാക്കുമെന്നതാണ്​​ രണ്ടാമത്തേത്. 

യു.ജി.സി വന്ന വഴി
ബ്രിട്ടീഷ്​ ഭരണശേഷം വിദ്യാഭ്യാസരംഗത്ത്​ തനത്​ വീക്ഷണങ്ങൾ രൂപപ്പെടുത്താനുള്ള ആദ്യ ശ്രമം നടന്നത് ഇന്ത്യൻ സർവകലാശാല കമീഷനിലൂടെയാണ്. 1948 നവംബറിൽ ഡോ. എസ്. രാധാകൃഷ്ണൻ അധ്യക്ഷനായ കമീഷൻ രൂപവത്​കരിച്ചത്​ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട  നിരവധി പരിഗണന വിഷയങ്ങളെ സംബന്ധിക്കുന്ന റിപ്പോർട്ട്​ സമർപ്പിക്കുന്നതിനായിരുന്നു. 1949 ആഗസ്​റ്റിൽ കമീഷൻ റിപ്പോർട്ട്​ സമർപ്പിച്ചു. ബൗദ്ധിക സാഹസികതയുടെ കേന്ദ്രങ്ങളായി സർവകലാശാലകൾ മാറണമെന്നതായിരുന്നു കമീഷ​​​​​െൻറ കാഴ്ചപ്പാട്. ദരിദ്രരോട്​ സഹാനുഭൂതിയും മാനവ സാഹോദര്യത്തോടുള്ള വിശ്വാസവും സ്ത്രീകളോടുള്ള ആദരവും പരിഗണനയുമൊക്കെയുണ്ടായാൽ മാത്രമേ പരിഷ്കൃതരെന്നറിയപ്പെടാൻ നമുക്ക്​ അർഹതയുള്ളൂവെന്ന്​ റിപ്പോർട്ടിൽ പറയുന്നു. അതിനിണങ്ങുന്ന വിദ്യാഭ്യാസത്തിലൂടെ നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നീ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്ന കേന്ദ്രങ്ങളായി സർവകലാശാലകൾ മാറേണ്ടതുണ്ട്. സർവകലാശാല വിദ്യാഭ്യാസത്തി​​​​​െൻറ സാമ്പത്തിക ഉത്തരവാദിത്തം പ്രധാനമായും സർക്കാറുകൾക്കായിരിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. അതിലെ പ്രധാന നിർദേശങ്ങളിലൊന്നായിരുന്നു യൂനിവേഴ്സിറ്റി ഗ്രാൻറ്​സ്​​ കമീഷൻ (യു.ജി.സി.) രൂപവത്​കരണം. തുടർന്ന്​ നിരവധി ചർച്ചകൾ പാർലമ​​​​െൻറിൽ നടന്നു. 1956ലെ യൂനിവേഴ്സിറ്റി ഗ്രാൻറ്​സ്​ കമീഷൻ ആക്ടിലൂടെ യു.ജി.സി നിലവില്‍വന്നു. സാമൂഹിക പുരോഗതിയെ മുൻനിർത്തി ഗ്രാൻറുകൾ വിതരണം ചെയ്യുക, ഉന്നത വിദ്യാഭ്യാസ കാര്യങ്ങളിൽ നയപരമായി കേന്ദ്രസർക്കാറിനെ ഉപദേശിക്കുക തുടങ്ങിയ ചുമതലകളാണ്​ ഇൗ സ്വയംഭരണ സ്ഥാപനത്തിന്​ നിഷ്കർഷിച്ചിരുന്നത്. 
ugc

സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരുടെ സേവന വേതനവ്യവസ്ഥകൾ പരിഷ്കരിച്ച്​ പുതിയ ശമ്പള സ്കെയിൽ നടപ്പാക്കിയതോടെ യു.ജി.സി സ്കെയിൽ എന്ന പുതിയ വേതനവ്യവസ്ഥ ഉന്നത വിദ്യാഭ്യാസരംഗത്ത് അംഗീകരിക്കപ്പെട്ടു.തുടർന്ന്​ സർവകലാശാലകളുടെയും കോളജുകളുടെയും അക്കാദമികനിലവാരം, കോഴ്സുകൾ, ഗവേഷണം, അധ്യാപക പരിശീലനപരിപാടികൾ തുടങ്ങിയ ഉന്നത വിദ്യാഭ്യാസരംഗത്തെ എല്ലാ വിഷയങ്ങളിലും യു.ജി.സി.യുടെ ഇടപെടലുകൾ നിരന്തരം ഉണ്ടായിട്ടുണ്ട്. യു.ജി.സി. ആക്ട്പ്രകാരം 2(എഫ്), 12(ബി) വിഭാഗത്തിലെ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഗ്രാൻറ്​ ലഭിക്കാന്‍ നിയമപരമായി അര്‍ഹതയുണ്ടായിരുന്നു. രണ്ടിലും ഉള്‍പ്പെട്ടിരുന്ന സർക്കാർ-എയ്​ഡഡ് സ്ഥാപനങ്ങള്‍ക്കാണ് യു.ജി.സി ഗ്രാൻറിന് അര്‍ഹത. ഇപ്പോഴത്തെ കമീഷൻ നിർദേശം വരുന്നതിനു മുമ്പുതന്നെ ‘രാഷ്​ട്രീയ ഉച്ചതർ ശിക്ഷ അഭിയാന്‍’ (RUSA) മുഖേന ധനസഹായം നല്‍കാനുള്ള വ്യവസ്ഥകൾ തിരുത്തിയും സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങള്‍ക്കും സര്‍ക്കാർ പണം കിട്ടാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയും വലിയൊരു മാറ്റം കേന്ദ്ര സർക്കാർ നടപ്പാക്കിയിരുന്നു.

കഴമ്പില്ലാത്ത അവകാശവാദങ്ങൾ
പുതിയ കമീഷ​​​​​െൻറ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രാധാന്യത്തോടെ ചൂണ്ടിക്കാണിക്കുന്നത് ഉന്നതവിദ്യാഭ്യാസത്തി​​​​​െൻറ എല്ലാ തലങ്ങളിലും സ്വയംഭരണം പ്രോത്സാഹിപ്പിക്കുമെന്നതാണ്. ഇന്ത്യയിലെ വിവിധ കേന്ദ്ര യൂനിവേഴ്സിറ്റികളിലും മറ്റ്​ സ്വകാര്യ സ്വയംഭരണ കോളജുകളിലും നടക്കുന്ന പ്രക്ഷോഭങ്ങളെല്ലാം ഗ്രേഡഡ്​ ഓട്ടോണമി പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ്. ഓട്ടോണമസ്​ സ്​ഥാപനങ്ങളിലെ കോഴ്സുകൾ പഠിക്കാൻ വൻതോതിൽ പണം നൽകണമെന്ന യാഥാർഥ്യം മറച്ചുവെച്ചാണ് ഓരോ സ്ഥാപനത്തിനും സ്വന്തമായി വിപണികൾക്കിണങ്ങുന്ന കോഴ്സുകൾ ഡിസൈൻ ചെയ്​ത്​ ഫീസ്​ പിരിച്ച്​ പഠനം തുടരാൻ അവസരമൊരുക്കുന്നതിനെ ഉന്നത വിദ്യാഭ്യാസരംഗത്ത്​ ആഗോള നിലവാരം നടപ്പാക്കാനുള്ള വിപ്ലവാശയമായി അവതരിപ്പിക്കുന്നത്. 

സർവകലാശാലകളുടെ സ്വതന്ത്ര അസ്തിത്വത്തെ പൂർണമായും ഇല്ലാതാക്കുന്നതായിരിക്കും ഇന്ത്യൻ ഹയർ എജുക്കേഷൻ കമീഷൻ  ആക്ടിലെ (2018) വ്യവസ്ഥകൾ. ഒരു ഡിഗ്രി പ്രോഗ്രാം സർവകലാശാലകളിലെ പഠന ബോർഡുകൾ അംഗീകരിച്ച്, അക്കാദമിക്​ കൗൺസിലിലും ചർച്ചക്ക്​  വിധേയമാക്കി നടപ്പാക്കുന്നതിലൂടെ സർവകലാശാലകളുടെ അക്കാദമിക സ്വയം നിർണയാവകാശമാണ് അംഗീകരിക്കപ്പെട്ടിരുന്നത്. നിർദിഷ്​ട ഹയർ എജുക്കേഷൻ കമീഷൻ നിയമമനുസരിച്ച്​ സർവകലാശാലകൾക്ക്​ സ്വന്തമായി ഇത്തരം ബിരുദങ്ങൾ നൽകാൻ അധികാരമുണ്ടാവില്ല. ഹയർ എജുക്കേഷൻ കൗൺസിൽ അംഗീകരിക്കാത്ത ഒരു കോഴ്സും ഇനി ഒരു സർവകലാശാലയിലും ഉണ്ടാവില്ല. 
 
ugc-net.jpg

യു.ജി.സി ആക്ടിൽ ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ടുപോയിരുന്നെങ്കിലും ഇതുതന്നെയല്ലേ സംഭവിക്കുക എന്ന സംശയമുണ്ടാകാം. അവിടെയാണ്​ ഗ്രാൻറ്​സ്​ കമീഷൻ എന്ന പേരി​​​​​െൻറ പ്രസക്തി. ഗ്രാൻറ്​ എന്നത്​ പിന്നാക്കമായവർക്ക്​ സമൂഹം അഥവാ സർക്കാർ നൽകുന്ന സാമ്പത്തിക കൈത്താങ്ങാണ്. സാമൂഹിക നീതി ഉറപ്പുവരുത്തി മറ്റുള്ളവർക്ക് ഒപ്പമെത്താനുള്ള പിന്തുണ. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന ഉന്നത വിദ്യാകേന്ദ്രങ്ങൾക്ക് അർഹതക്കനുസരിച്ച്​ ഗ്രാൻറ്​ അനുവദിക്കുന്നതിലൂടെ സൗജന്യ വിദ്യാഭ്യാസമെന്ന സോഷ്യലിസ്​റ്റ്​ ആശയത്തി​​​​​െൻറ പ്രയോഗമാണ്​ നടന്നിരുന്നത്. അങ്ങനെയുള്ള ഗ്രാൻറ്​ ഇനിയുണ്ടാവില്ല. പകരം നൽകാവുന്ന ധനസഹായത്തി​​​​​െൻറ മാനദണ്ഡം സാമൂഹികനീതിയുടെ അടിസ്ഥാന പ്രമാണങ്ങളായിരിക്കുകയുമില്ല. യൂനിവേഴ്സിറ്റി ഗ്രാൻറ്​സ്​ കമീഷനിൽനിന്ന്​ ഗ്രാൻറ്​ നൽകാനുള്ള അധികാരം എടുത്തുമാറ്റി ആ പേരിൽ ഒരു ഏജൻസിയെ നിലനിർത്തേണ്ടതില്ലല്ലോ. ഭാവിയിൽ വിദ്യാർഥികളോ അധ്യാപകരോ പൊതുസമൂഹമോ ഗ്രാൻറ്​ വേണമെന്ന്​ ആവശ്യപ്പെടുന്നത്​ ഒഴിവാക്കാൻ പേരിൽ പോലും വസ്തുതകൾ ഒളിഞ്ഞിരിക്കാൻ പാടില്ലെന്ന്​ ഉറപ്പുവരുത്തുന്ന സൂക്ഷ്മതയാണ്​ പഴയ പേരുതന്നെ ഒഴിവാക്കി പുതിയ കമീഷനുണ്ടാക്കുന്ന നിയമത്തിലേക്ക്​ പോകുന്നതിന്​ പിന്നിൽ. യു.ജി.സി.യുടേതായി നിലവിലുള്ള ഔദ്യോഗിക സംവിധാനങ്ങളെല്ലാം ഇനി പുതിയ കമീഷ​​​​​െൻറ പേരിലേക്ക്​ മാറുമെന്ന്​ ഡ്രാഫ്റ്റിൽ പറയുന്നുണ്ട്. ബോർഡുകൾ മാറ്റി സ്ഥാപിക്കപ്പെടുമെന്ന്​ ചുരുക്കം. 

പുതിയ കമീഷൻ വന്നാൽ ഇൻസ്പെക്​ഷൻ രാജ് അവസാനിക്കുമെന്ന വിശകലനങ്ങൾ ഉണ്ടാവുന്നുണ്ട്. ഓൺലൈനായി അപേക്ഷകളും രേഖകളും സമർപ്പിച്ച്​ നിശ്ചിത വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പുതിയ കമീഷ​​​​​െൻറ അംഗീകാരം വാങ്ങണമെന്നാണ്​ പുതിയ വ്യവസ്ഥ. നേരിട്ട്​ പരിശോധനയില്ലാതെ എല്ലാവർക്കും കാണാൻ കഴിയുന്നവിധം ഓൺലൈനിൽ പ്രദർശിപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാവും സ്ഥാപനങ്ങൾക്ക്​ അംഗീകാരം നൽകലും  പിൻവലിക്കലും. കച്ചവട വിദ്യാഭ്യാസക്കാർക്ക്​ രേഖകൾക്ക്​ ബുദ്ധിമുട്ടുണ്ടാവില്ലെന്നതിനാൽ വളരെവേഗം അംഗീകാരം നേടാനാകും. പെർഫോമൻസി​​​​​െൻറ പേരിൽ അത്തരം സ്ഥാപനങ്ങൾ ഓട്ടോണമസ്​ പദവിയിലേക്ക്​ വേഗം എത്തിച്ചേരും. പ്രാദേശികമായ ആവശ്യം കണക്കിലെടുത്ത്​ ​േവണം  പുതിയ കോളജുകളും കോഴ്സുകളും അനുവദിക്കേണ്ടതെന്ന 1948ലെ രാധാകൃഷ്ണൻ കമീഷൻ റിപ്പോർട്ടിലെ നിർദേശത്തിനൊന്നും ഇനി ഒരു പ്രസക്തിയുമുണ്ടാവില്ല. സാമൂഹിക പിന്നാക്കാവസ്ഥയുള്ള സ്ഥലങ്ങളിലും ഗ്രാമീണമേഖലകളിലും ഒരു നിശ്ചിത നിലവാരം ഉറപ്പുവരുത്തുന്ന സർവകലാശാല വിദ്യാഭ്യാസത്തിനുള്ള അവസരം നൽകണമെന്നതായിരുന്നു അന്നത്തെ പ്രധാന കാഴ്ചപ്പാട്. ദേശീയ തലത്തിൽ നിശ്ചയിക്കുന്ന പഠന നേട്ടങ്ങളെ (Learning Outcomes) അടിസ്ഥാനമാക്കി പെർഫോമൻസ്​ വിലയിരുത്തുമ്പോൾ പിന്നാക്ക ജനവിഭാഗങ്ങളും ഗ്രാമീണ ജനതയുമൊക്കെ ആശ്രയിക്കുന്ന സർക്കാർ- എയ്​ഡഡ്​ സ്​ഥാപനങ്ങൾക്ക് അംഗീകാരം തന്നെ നഷ്​ടമാകുന്ന തരത്തിലേക്ക്​ കാര്യങ്ങൾ പോകാനും സാധ്യതയുണ്ട്. 

exam

സ്വന്തമായി പാഠ്യപദ്ധതിയുണ്ടാക്കൽ, വിലയിരുത്തൽ, സർട്ടിഫിക്കറ്റ്​ നൽകൽ എന്നിവയിൽ സ്വകാര്യ -സ്വയംഭരണ സ്ഥാപനങ്ങൾക്ക്​ ലഭിക്കുന്ന സ്വാതന്ത്ര്യം പണമുള്ളവർക്ക്​ വിദ്യാഭ്യാസം വിലക്കുവാങ്ങാൻ സൗകര്യമൊരുക്കുന്നതു കൂടിയാകും. ഈ പ്രക്രിയയെ ത്വരിതപ്പെടുത്താൻ പുതിയ ഹയർ എജുക്കേഷൻ കമീഷൻ ആക്ട്​ വഴിയൊരുക്കുകയും ചെയ്യും. അധ്യാപക വിദ്യാഭ്യാസത്തി​​​​​െൻറ ദേശീയ മാനദണ്ഡങ്ങൾ നിശ്ചയിച്ച്​ ഗുണനിലവാരം ഉറപ്പുവരുത്താൻ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ), സാങ്കേതിക വിദ്യാഭ്യാസരംഗത്ത് ഒാൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ) എന്നിവ സ്ഥാപിച്ച ശേഷമുണ്ടായ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. അഴിമതിയുടെ വഴികളിലൂടെ ലക്കും ലഗാനുമില്ലാതെ തുടങ്ങിയ നൂറുകണക്കിന്​ സ്വാശ്രയസ്ഥാപനങ്ങൾ പരിതാപകരമായ വിദ്യാഭ്യാസ നിലവാരത്തിലേക്ക്​ നയിക്കുകയായിരുന്നു. സുപ്രീം കോടതിയിലെ മുൻ ചീഫ്​ ജസ്​റ്റിസി​​​​​െൻറ നേതൃത്വത്തിൽ സുപ്രീംകോടതി തന്നെ എൻ.സി.ടി.ഇ.യെക്കുറിച്ച്​ പഠിക്കാൻ കമീഷനെ നിയമിക്കുന്നതിലേക്കാണ് അതെത്തിച്ചേർന്നത്. 

എല്ലാം കേന്ദ്രം കൈയടക്കുന്നു
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം 1976ൽ വിദ്യാഭ്യാസത്തെ കൺകറൻറ്​ ലിസ്​റ്റിൽ ഉൾപ്പെടുത്തിയതോടെ ഫെഡറലിസത്തി​​​​​െൻറ സത്തയെ അട്ടിമറിച്ചു കേന്ദ്രസർക്കാർ അധികാരങ്ങൾ ​ൈകയടക്കുകയായിരുന്നു. അത് ഒന്നുകൂടി ശക്തമാക്കുന്ന നിയമമാണ്​ യു.ജി.സിയെ തകർത്തുകൊണ്ട് നടപ്പാക്കാൻ ശ്രമിക്കുന്നത്. സംസ്ഥാന സർക്കാറുകൾക്കും സംസ്ഥാന സർവകലാശാലകൾക്കും നാമമാത്രമായ സ്വാതന്ത്ര്യം പോലും അവശേഷിപ്പിക്കാതെ കേന്ദ്ര മാനവശേഷി മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്കാണ് ഉന്നത വിദ്യാഭ്യാസ മേഖല എത്തിച്ചേരുന്നത്. ഇന്ത്യയിലെ എത് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്​ ധനസഹായം നൽകണം, ആരുടെയൊക്കെ അംഗീകാരം പിൻവലിക്കണം എന്ന്​  തീരുമാനിക്കാനുള്ള അധികാരവും എച്ച്.ആർ.ഡി മന്ത്രാലയത്തിലാണെത്തുന്നത്. ഉന്നത വിദ്യാഭ്യാസ കമീഷ​​​​​െൻറ തീരുമാനങ്ങൾ അനുസരിക്കാത്ത സ്ഥാപനങ്ങൾ പിഴശിക്ഷയും അംഗീകാരം റദ്ദാക്കലും നേരിടേണ്ടിവരും. 

ജാതി, മതവംശീയതകൾ രഹസ്യ അജണ്ടയായി ഭരണതലത്തിൽ പ്രയോഗിക്കുന്നവർക്ക്​ സ്വതന്ത്രമായ ഇടപെടലിന്​ യു.ജി.സി പോലെ വ്യവസ്ഥാപിത രീതികളുള്ള സ്ഥലങ്ങളിൽ പരിമിതികളുണ്ട്. ചരിത്രവസ്തുതകളെ വളച്ചൊടിച്ചും​ ഭാവിതലമുറയുടെ മനസ്സുകളിൽ വിഷം കുത്തി​െവച്ചും ഫാഷിസ പ്രവണത വ്യാപകമാകുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിന് അനുപൂരകമായിട്ടു മാത്രമേ യു.ജി.സി.യുടെ ചരമക്കുറിപ്പെഴുതുന്ന നിയമനിർമാണത്തെയും കാണാൻ കഴിയൂ. യു.ജി.സി.യെ ശക്തിപ്പെടുത്തി കമ്പോളവത്​കരണത്തി​​​​​െൻറ ദൂഷ്യഫലങ്ങളിൽനിന്ന് ഉന്നത വിദ്യാഭ്യാസരംഗത്തെ മോചിപ്പിക്കുകയാണ്​ വേണ്ടത്. അതിനു പകരം വാണിജ്യതാൽപര്യങ്ങളുള്ളവർക്ക്​​ വിദ്യാർഥികളെ ചൂഷണം ചെയ്യാൻ കഴിയുന്ന തരത്തിൽ സാമൂഹിക നീതി അട്ടിമറിച്ചു കോളജുകളെയെല്ലാം ഓട്ടോണമസ്​ സ്​ഥാപനങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ്​ നടന്നുവരുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിൽ സ്വതന്ത്ര ജനാധിപത്യ ഇടങ്ങളായി പേരെ​ടുത്തതും റേറ്റിങ്ങിൽ മുൻപന്തിയിലുള്ളതുമായ സർവകലാശാലകളിൽ രഹസ്യ അജണ്ടകൾക്ക്​ അനുസരിച്ച് വി.സി.മാരെ നിയമിച്ചു. അവിടങ്ങളിലെ പുരോഗമന, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ അടിച്ചൊതുക്കാൻ ശ്രമം തുടരുന്നു. അന്ധവിശ്വാസങ്ങളെ ശാസ്ത്രഗവേഷണത്തി​​​​​െൻറ പരിധിയിൽ ഉൾപ്പെടുത്തുന്ന പരിഹാസ്യത യൂനിവേഴ്സിറ്റി കോഴ്സുകളിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. സർവകലാശാലകൾക്കും കോളജുകൾക്കും വ്യവസ്ഥാപിതമായ നിയമങ്ങൾക്കനുസരിച്ച്​ ഫണ്ട് അനുവദിക്കുന്ന ഏജൻസിയായ യു.ജി.സി ഇല്ലാതാകുന്നതോടെ എല്ലാം കേന്ദ്രമന്ത്രിയുടെ നേരിട്ടുള്ള അധികാരത്തിൻ കീഴിലാവും. ഇഷ്​ടമുള്ള ആൾക്കാരെ ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ ഉൾപ്പെടുത്തി വര്‍ഗീയ അജണ്ടകള്‍ക്ക് വേഗം കൂട്ടാനാണ്​ നീക്കമെന്നും സംശയിക്കാം. 

(തിരുവനന്തപുരം ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ അസി.പ്രഫസർ ആണ് ലേഖകന്‍)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugcopinionmalayalam newsHECI
News Summary - Move to replace UGC with HECI- opinion
Next Story