പിന്തിരിഞ്ഞ് മൊസാദ്, ഷിൻബെത്തിൽ ആശ്രയം; ഒടുവിൽ സകലതും പാളി
text_fieldsഹമാസ് നേതാക്കളെ ഖത്തറിൽ വധിക്കാനുള്ള പദ്ധതി ഇസ്രയേൽ സൈനിക, ചാര സംവിധാനങ്ങൾക്കുള്ളിൽ കടുത്ത ഭിന്നത സൃഷ്ടിച്ചിരിക്കുകയാണെന്ന് റിപ്പോർട്ട്. ഏതുവിധേനയും ഹമാസ് നേതാക്കളെ ദോഹയിൽ വെച്ച് ഒറ്റയടിക്ക് കൊല്ലണമെന്ന നെതന്യാഹുവിന്‍റെ നിർദേശം ചാരസംവിധാനമായ മൊസാദ് സ്വീകരിക്കാൻ തയാറായില്ല. തുടർന്നാണ് ആഭ്യന്തര ചാര ഏജൻസിയായ ഷിൻബെത്തിന്‍റെയും ഐ.ഡി.എഫിന്‍റെയും സഹകരണത്തോടെ ആക്രമണം നടത്തിയത്. അത് പാളുകയും രാജ്യാന്തര തലത്തിൽ വ്യാപകമായ തിരിച്ചടി നേരിടുകയും ചെയ്തതതോടെ കടുത്ത സമ്മർദം നേരിടുകയാണ് നെതന്യാഹു.
മൊസാദ് മാത്രമല്ല ഇസ്രയേലിന്‍റെ മറ്റ് പ്രധാന സൈനിക സംവിധാനങ്ങളും ഇങ്ങനെയൊരു ആക്രമണം നടത്തുന്നതിനോട് യോജിച്ചിരുന്നില്ലത്രെ. ഹമാസിന്‍റെ പിടിയിലുള്ള തടവുകാരെ മോചിപ്പിക്കാനുള്ള കൂടിയാലോചനകൾ അവസാന ഘട്ടത്തിലെത്തി നിൽക്കെ അതിന് മധ്യസ്ഥത വഹിക്കുന്ന രാജ്യത്ത് ആക്രമണം നടത്തുന്നത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പൊന്നും നെതന്യാഹു വകവെച്ചില്ല. നെതന്യാഹു പദ്ധതി മുന്നോട്ടുവെച്ചപ്പോൾ തന്നെ ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിർ, മൊസാദ് മേധാവി ഡേവിഡ് ബാർണിയ, നാഷനൽ സെക്യുരിറ്റി അഡ്വൈസർ സാഷി ഹനേഗ്ബി എന്നിവർ എതിർപ്പ് രേഖപ്പെടുത്തി. നെതന്യാഹു, പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്, ഷിൻബെത്തിന്‍റെ മേധാവിയായ ‘മെം’ എന്ന് മാത്രം അറിയപ്പെടുന്ന നിഗൂഢ വ്യക്തി, സ്ട്രാറ്റജിക് അഫയേഴ്സ് മന്ത്രി റോൺ ഡെർമർ എന്നിവരാണ് ഖത്തർ പ്ലാനിനെ പിന്തുണച്ചത്. ഹമാസിന്‍റെ തടവിലുള്ളവരുടെ മോചനം സംബന്ധിച്ച വിഷയങ്ങൾ കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ട നിറ്റ്സാൻ അലോണിനെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുമില്ല. തടവുകാരുടെ സുരക്ഷ അപകടത്തിലാക്കുന്ന ഒരു നീക്കത്തിനും അലോൺ സമ്മതിക്കാനിടയില്ലെന്ന മുൻധാരണയിൽ വിളിക്കാതിരുന്നതാണത്രെ.
ഗ്രൗണ്ട് ഓപറേഷനിലൂടെ ഹമാസ് നേതാക്കളെ വധിക്കാനായിരുന്നു നെതന്യാഹുവിന്‍റെ പദ്ധതി. ഇത്തരം ഓപറേഷനുകൾ പണ്ടും ഇപ്പോഴും വിജയകരമായി നടത്തുന്ന മൊസാദ് വിസമ്മതിച്ചത് അപ്രതീക്ഷിത തിരിച്ചടിയായി. ഇത്തരമൊരു നീക്കം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് മൊസാദ് മേധാവി ബാർണിയ പിൻവാങ്ങിയതെന്ന് വാഷിങ്ടൺ പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
മൊസാദ് കൈയൊഴിഞ്ഞതോടെയാണ് ഏതുവിധേനയും ഇത് നടപ്പാക്കിയേ കഴിയൂ എന്ന നിർബന്ധ ബുദ്ധിയിൽ ആഭ്യന്തര സുരക്ഷ മാത്രം കൈകാര്യം ചെയ്യുന്ന ഷിൻബെത്തിനെ ചിത്രത്തിലേക്ക് കൊണ്ടുവരുന്നത്. ഡയറക്ടർ പദവിയിലെ അനിശ്ചിതാവസ്ഥയെ തുടർന്ന് തുലാസിലാണ് ഷിൻബെത്തിന്‍റെ നേതൃനിര. നാലുവർഷത്തിലേറെ ഷിൻബെത്ത് മേധാവിയായിരുന്ന റോനെൻ ബാർ ഈ വർഷം ജൂൺ 15 നാണ് സ്ഥാനമൊഴിഞ്ഞത്. യഥാർഥത്തിൽ 2026 വരെ ഈ പദവിയിൽ തുടരേണ്ടയാളായിരുന്നു റോനെൻ ബാർ. വിവിധ വിഷയങ്ങളിൽ നെതന്യാഹുവുമായി തെറ്റിയ ബാറിനെ ‘സർക്കാരിന് ബാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു’ എന്ന് ആരോപിച്ച് പുറത്താക്കുകയായിരുന്നു. ഈ നടപടി പക്ഷേ, ഇസ്രയേൽ സുപ്രീം കോടതി പിന്നീട് സസ്പെൻഡ് ചെയ്തു. എങ്കിലും ഏപ്രിൽ 28 ന് ബാർ സ്വമേധയാ രാജിവെച്ചു. പിന്നാലെ പുതിയ ഷിൻബെത്ത് ഡയറക്ടറെ നിയമിക്കുന്നതിനും കോടതി വിലക്കുണ്ടായി. ഇതോടെയാണ് ആക്ടിങ് ഡയറക്ടറായി ‘മെം’ വരുന്നത്. നെതന്യാഹുവിന്‍റെ അടുപ്പക്കാരനായ ആക്ടിങ് ഡയറക്ടർ തങ്ങൾക്ക് പ്രാഗത്ഭ്യമില്ലാത്ത ദൗത്യത്തിന് വീണ്ടുവരായ്കകൾ പരിഗണിക്കാതെ ചാടിപ്പുറപ്പെടുകയായിരുന്നു.
ഷിൻബെത്തിന്‍റെ ഇന്‍റലിജൻസ് ഇൻപുട്ടിന്‍റെ ബലത്തിലാണ് ഇസ്രയേലി ജെറ്റുകൾ ആക്രമണത്തിന് പുറപ്പെട്ടത്. നെതന്യാഹു ഓപറേഷൻ പുരോഗതി വീക്ഷിച്ചതും ഷിൻബെത്തിന്‍റെ ഹെഡ്ക്വാർട്ടേഴ്സിലിരുന്നായിരുന്നു. ജെറ്റുകൾ സൗദി അറേബ്യയുടെ എയർ സ്പേസിൽ കയറാത്ത നിലയിലാണ് ഓപറേഷൻ പ്ലാനിങ്. എട്ടു എഫ്-15 യുദ്ധവിമാനങ്ങളും നാലു എഫ് -35 മാണ് ഓപറേഷനിൽ പങ്കെടുത്തത്. വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതു ശരിയാണെങ്കിൽ, ഈ വിമാനങ്ങൾ ആദ്യ കരുതിയിരുന്നതുപോലെ സിറിയ, ഇറാഖ് വഴി അറേബ്യൻ ഗൾഫിലെത്തിയല്ല ആക്രമണം നടത്തിയിരിക്കുന്നത്.
പകരം ഇസ്രയേലിന് തെക്കോട്ട് പറന്ന് ചെങ്കടലിന് മുകളിൽ, അറേബ്യൻ ഉപദ്വീപിന് പടിഞ്ഞാറുഭാഗത്ത് നിലയുറപ്പിച്ച്, കിഴക്കേ കോണിലുള്ള ഖത്തറിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കുകയായിരുന്നു. അവസാന നിമിഷമാണ് യു.എസിനെ വിവരമറിയിച്ചത്. ദോഹയിലെ അൽ ഉദൈദ് സൈനിക താവളത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്പേസ് ബേസ്ഡ് സെൻസറുകൾ മിസൈലിന്‍റെ ഹീറ്റ് സിഗ്നേച്ചർ കണക്കാക്കി ഖത്തറിന് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതീക്ഷിച്ചതിലും 10 മിനിറ്റ് മുൻപേ മിസൈൽ വീണിരുന്നുവെന്നും വാഷിങ്ടൺ പോസ്റ്റ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

