മോദി കൊതിച്ചതും കിട്ടുന്ന ഇരുട്ടടികളും 

സർക്കാറി​​െൻറയും ബി.ജെ.പിയുടെയും തലതിരിഞ്ഞ ചിന്തകൾക്കും തീരുമാനങ്ങൾക്കുമുള്ള തിരിച്ചടി കഴിഞ്ഞദിവസങ്ങളിൽ പല രൂപത്തിലാണ് വന്നത്. അജണ്ടകളിലെ പിഴവുകൾ വ്യക്തമായി വരച്ചുകാട്ടിയത് ഏറ്റവും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളാണ്. ഏക സിവിൽകോഡ് വേണ്ട എന്ന് നിയമ കമീഷൻ ഉപദേശിച്ചിരിക്കുന്നു. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പു നടത്തുന്നതിനെതിരായ മുന്നറിയിപ്പും നിയമ കമീഷൻ നൽകിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം പുനർനിർവചിക്കണമെന്ന കമീഷ​​​െൻറ കാഴ്ചപ്പാടാണ് മറ്റൊന്ന്. അഞ്ച്​ മനുഷ്യാവകാശ പ്രവർത്തകർക്കെതിരായ സർക്കാർ നീക്കം സുപ്രീംകോടതി പാതിവഴിയിൽ തടഞ്ഞുനിർത്തിയിരിക്കുന്നു. കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ട് അസാധുവാക്കൽ വിപ്ലവത്തി​​െൻറ അർഥശൂന്യത അഥവാ, ഗൂഢലക്ഷ്യം വരച്ചിടുന്ന റിസർവ് ബാങ്കി​​െൻറ വാർഷിക റിപ്പോർട്ട് പുറത്തുവന്നത് ഇതിനെല്ലാമിടയിലാണ്. 

ഏക സിവിൽകോഡ് ബി.ജെ.പിയുടെ സ്വപ്നവും പതിറ്റാണ്ടുകളായി മുന്നോട്ടുവെക്കുന്ന അജണ്ടയുമാണ്. പക്ഷേ, ബഹുസ്വരതയും നാനാത്വവും നിലനിൽക്കുന്ന ഇന്ത്യയിൽ ഏക സിവിൽകോഡ് ആവശ്യമില്ലെന്നും, അഭിലഷണീയമല്ലെന്നും ചൂണ്ടിക്കാണിക്കുകയാണ് നിയമ കമീഷൻ. ഏക സിവിൽകോഡ് നടപ്പാക്കുന്നതിലേക്ക് ചുവടുവെക്കാൻ ഉദ്ദേശിച്ചാണ്, ഇൗ വിഷയം പഠിച്ച് ശിപാർശ സമർപ്പിക്കാനുള്ള ചുമതല 2016ൽ മോദി സർക്കാർ നിയമ കമീഷനെ ഏൽപിച്ചത്. എന്നാൽ, കാലാവധി പൂർത്തിയാക്കിയ നേരത്ത് കമീഷൻ നൽകിയ ചർച്ചാരേഖ ബി.ജെ.പിയുടെയും മോദി സർക്കാറി​​െൻറയും അജണ്ടക്കേറ്റ ഇരുട്ടടിയാണ്. അയോധ്യ, കശ്മീരിലെ 370ാം വകുപ്പ് എന്നിവക്കൊപ്പം ബി.ജെ.പി മുന്നോട്ടുവെച്ച മുദ്രാവാക്യമാണ് ഏക സിവിൽ കോഡ്. അടുത്ത പൊതുതെരഞ്ഞെടുപ്പ് അടുക്കുേമ്പാഴേക്ക് നിയമ കമീഷൻ റിപ്പോർട്ടു വഴി അതിനെക്കുറിച്ച വിഭാഗീയ ചർച്ച കൊഴുപ്പിക്കാൻ ഉദ്ദേശിച്ചാണ് നിയമകമീഷന് പഠനഭാരം കൊടുത്തത്. പക്ഷേ, അന്തിമ റിപ്പോർ​െട്ടാന്നും നൽകാൻ കമീഷൻ തയാറായില്ല. പകരം, സിവിൽകോഡിനെ തുറന്നെതിർത്തുകൊണ്ട് ചർച്ചാരേഖ മുന്നോട്ടുവെക്കുകയാണ് ചെയ്തത്. ഏകസിവിൽകോഡ് എന്ന ബി.ജെ.പി അജണ്ടയുടെ അർഥശൂന്യതക്കും അപ്രായോഗികതക്കും അടിവരയിട്ട് മുദ്രവെക്കുകയാണ് നിയമ കമീഷൻ ചെയ്തിരിക്കുന്നത്. 

ഏക സിവിൽകോഡി​​െൻറ കാര്യത്തിൽ രാജ്യത്ത് സമവായമില്ലെന്ന് കമീഷൻ ചൂണ്ടിക്കാട്ടുന്നു. വ്യക്തിനിയമങ്ങളെ ഒരേ അച്ചിൽ വാർത്തെടുക്കാൻ ശ്രമിക്കാതെ, ഒാരോന്നി​​െൻറയും വൈവിധ്യം നിലനിർത്തുക എന്നതായിരിക്കും ഉചിതമായ നിലപാട്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകൾ ഉണ്ടെങ്കിൽ അതു മാറ്റാൻ ശ്രമിച്ചാൽ മതിയാവും. വൈവിധ്യം അംഗീകരിച്ചു മുന്നോട്ടുപോകുന്നതാണ് േലാകമെങ്ങുമുള്ള രീതി. വ്യക്തിനിയമങ്ങളിലെ വ്യത്യസ്തതകൾ വിവേചനത്തി​​െൻറ ലക്ഷണമല്ല. സാമുദായികമായ വ്യത്യാസങ്ങൾ വിവേചനമല്ല, ഉൗഷ്മളമായ ജനാധിപത്യത്തി​​െൻറകൂടി സൂചനയാണ്. വ്യക്തിനിയമങ്ങളുടെ ഏകീകരണമല്ല വേണ്ടത്. പകരം, ഒാരോ സമുദായങ്ങൾക്കുള്ളിലും നിലനിൽക്കുന്ന സ്ത്രീ^പുരുഷ വിവേചനം മാറ്റിയെടുക്കുന്നതാണ് അർഥപൂർണമായ നീക്കം. വിവാഹശേഷം സമ്പാദിക്കുന്ന സ്വത്ത് ദമ്പതികളുടെ പൊതുസ്വത്തായി കണക്കാക്കി തുല്യാവകാശം ഉറപ്പുവരുത്തുക എന്നതടക്കം വിവിധ നിർദേശങ്ങൾ നിയമ കമീഷൻ മുന്നോട്ടുവെക്കുന്നുമുണ്ട്. 

ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നത് നല്ലൊരു ആശയമാണെന്ന് നിയമ കമീഷൻ പറയുന്നുണ്ട്. ചെലവ്​ കുറക്കാനും മിക്കപ്പോഴും തെരഞ്ഞെടുപ്പ് നടക്കുന്നതി​​െൻറ രാഷ്്ട്രീയവും ഭരണപരവുമായ പ്രയാസങ്ങൾ ലഘൂകരിക്കാനും അതുവഴി കഴിയും. എന്നാൽ, പ്രായോഗികമായി അതു സാധ്യമാണോ എന്നതാണ് ക്രമപ്രശ്നം. ഭരണഘടന ഭേദഗതി വേണമെന്നു മാത്രമല്ല, കേന്ദ്ര^സംസ്ഥാന ബന്ധങ്ങളുടെ ഫെഡറൽ തത്ത്വങ്ങൾക്കു നിരക്കുന്നതുമല്ല ഒറ്റ തെരഞ്ഞെടുപ്പെന്ന് കമീഷൻ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ബാധിക്കും. ചില നിയമസഭകളുടെ കാലാവധി നീട്ടുകയും മറ്റു ചിലത്​ കുറക്കുകയും ചെയ്യേണ്ടിവരും. അങ്ങനെയെല്ലാം ഒറ്റ തെരഞ്ഞെടുപ്പു നടത്തിയാൽപോലും കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ രാഷ്​​ട്രീയ സാഹചര്യങ്ങൾ മാറിമറിയുന്നതിനൊത്ത് ഇടക്കാലത്ത് സർക്കാറുകൾ വീണെന്നും വരാം. അതുകൊണ്ട് സർക്കാറുകളുടെ തെരഞ്ഞെടുപ്പ് ഒറ്റ അച്ചിൽ വാർത്തെടുക്കേണ്ട എന്നാണ് നിയമ കമീഷൻ പറഞ്ഞുവെക്കുന്നത്. 

പല രൂപേണ ‘ന്യൂ ഇന്ത്യ’യുടെ ശിൽപിയാകാനുള്ള തത്രപ്പാടുകളുടെ ഭാഗമായാണ്, രാജ്യത്തെ 86 ശതമാനം കറൻസി നോട്ടുകൾ പ്രധാനമന്ത്രി ഒറ്റയടിക്ക് അസാധുവാക്കിക്കളഞ്ഞത്. കള്ളനോട്ട്, കള്ളപ്പണം, ഭീകരത എന്നിവക്കെതിരായ പോരാട്ടവും ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള കുതിപ്പുമായിരുന്നു പ്രധാനമന്ത്രിക്ക് അത്. തികച്ചും അപക്വവും പരമാബദ്ധവുമാണ് ആ തീരുമാനമെന്ന വിമർശനങ്ങളെ നേരിടുേമ്പാൾ ‘തെറ്റെന്നു തെളിഞ്ഞാൽ എന്നെ തൂക്കിലേറ്റൂ’ എന്നുവരെ ന​േരന്ദ്ര മോദി പറഞ്ഞുപോയിട്ടുണ്ട്. 15 ലക്ഷം കോടിയിൽപരം കറൻസി നോട്ടുകളിൽ മൂന്നു-നാലു ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരിച്ചെത്താൻ പോകുന്നില്ലെന്നും അത് സമ്പദ്സ്ഥിതിക്ക് കുതിപ്പാകുമെന്നും പണ്ഡിത പ്രമുഖർ വാദിച്ചിട്ടുണ്ട്. നോട്ട് എണ്ണിത്തീർന്നില്ലെന്ന് എത്രയോ മാസങ്ങൾ കള്ളംപറഞ്ഞു കൊണ്ടിരുന്നു. പക്ഷേ, റിസർവ് ബാങ്കിന് എന്നെങ്കിലുമൊരിക്കൽ നേരുപറയാതിരിക്കാൻ പറ്റില്ല. അങ്ങനെയാണ് വാർഷിക റിപ്പോർട്ടിലൂടെ വിവരം പുറത്തുവന്നത്. എണ്ണിത്തീർന്നു, 0.7 ശതമാനം ഒഴികെ ബാക്കിയെല്ലാ അസാധുനോട്ടും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് സമ്മതിച്ചു. അപ്പോൾ എന്തിനായിരുന്നു 500​​െൻറയും 1000ത്തി​​െൻറയും നോട്ടുകൾ അസാധുവാക്കിയതെന്ന ചോദ്യത്തിനു മുന്നിൽ പലവിധ തൊടുന്യായങ്ങൾ നിരത്തുകയാണ് ധനമന്ത്രിയും മറ്റും. 

വികലവും വിഭാഗീയവുമായ അജണ്ടകൾ മുന്നോട്ടുനീക്കുകയും, പരിഷ്കാരങ്ങൾ തുഗ്ലക്ക്​ മോഡലായി മാറുകയും ചെയ്യുേമ്പാൾ ഉയരുന്ന ജനമുന്നേറ്റങ്ങളെയും പ്രതിഷേധശബ്​ദങ്ങളെയും അടിച്ചമർത്തുന്നതി​​െൻറ പുതിയ ഉദാഹരണമാണ് അഞ്ചു മനുഷ്യാവകാശപ്രവർത്തകരുടെ അറസ്​റ്റ്​. നടത്തിയത് പുണെ പൊലീസാണെങ്കിലും കാര്യപരിപാടി സംഘ്പരിവാറിേൻറതാണ്. ആദിവാസി പ്രക്ഷോഭങ്ങൾക്ക് നക്സൽ^മാവോവാദി മുദ്ര ചാർത്തിക്കൊടുത്തുവരുന്ന ഭരണകൂടം ഇപ്പോൾ ദലിത് മുന്നേറ്റങ്ങളെയും ആ ലേബൽ ഒട്ടിച്ച് അടിച്ചമർത്താനുള്ള ശ്രമമാണ് നടത്തുന്നത്. അതി​​െൻറ ഭാഗമായി ‘പട്ടണ നക്സൽ’ നേതാക്കളെയാണ് പുണെ പൊലീസ് അസാധാരണ ശുഷ്കാന്തിയോടെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി അറസ്​റ്റുചെയ്തത്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമമായ യു.എ.പി.എ ചുമത്തി ജാമ്യം കിട്ടാതിരിക്കാനും ആറുമാസം വരെ കസ്​റ്റഡിയിൽവെക്കാനും പൊലീസ് കരുനീക്കി. 

ഭീകരത, നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. അഞ്ചുപേരെയും പൊലീസ് കസ്​റ്റഡിയിൽ റിമാൻഡ് ചെയ്യിക്കാനുള്ള നീക്കത്തിനെതിരായ ഹരജിയിലാണ് സർക്കാറിന് തിരിച്ചടിയായിമാറിയ സുപ്രീംകോടതി നിർദേശമുണ്ടായത്. ഹരജി വീണ്ടും പരിഗണിക്കുന്ന ഇൗ മാസം ആറുവരെ വീട്ടുതടങ്കലിലാക്കിയാൽ മതിയെന്ന് നിർദേശിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞു: ‘‘വിയോജിപ്പ് ജനാധിപത്യത്തിൽ സുരക്ഷയുടെ വാൽവാണ്. അത് അടച്ചുകളഞ്ഞാൽ പ്രഷർ കുക്കർ പൊട്ടിത്തെറിക്കും.’’ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഇന്ത്യൻ ശിക്ഷ നിയമത്തി​​െൻറ 124^എ ഭരണകൂടത്തിന് മുമ്പും ഇന്നും ഇഷ്​ടപ്പെട്ട വകുപ്പാണ്. എതിരാളികൾക്കുള്ള കൂച്ചുവിലങ്ങാണത്. അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അന്തരീക്ഷം സൃഷ്​ടിച്ചിരിക്കുന്ന നിലവിലെ ഭരണകൂടത്തിന്, ഹിന്ദുത്വത്തിൽ അധിഷ്ഠിതമായി ദേശീയതയെക്കുറിച്ച് വേറിെട്ടാരു കാഴ്ചപ്പാടുണ്ട്. ഇൗ ദേശീയതയുമായി പൊരുത്തപ്പെടാത്തവർ രാജ്യദ്രോഹികൾ. എതിർശബ്​ദങ്ങൾ ദേശീയതക്കെതിരായ ശബ്​ദങ്ങൾ. കഴിഞ്ഞദിവസം അറസ്​റ്റിലായ അഞ്ചു മനുഷ്യാവകാശപ്രവർത്തകരും ഇൗ ഗണത്തിൽതന്നെ. ഇത്തരമൊരു പശ്ചാത്തലത്തിലാണ് നിയമ കമീഷ​​​െൻറ മൂന്നാമത്തെ ചർച്ചാരേഖ ശ്രദ്ധേയമാകുന്നത്. ഭരണകൂടത്തിനെതിരെ സംസാരിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് നിയമ കമീഷൻ ഒാർമിപ്പിക്കുന്നു. 

Loading...
COMMENTS