Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right‘രാജ്യസ്നേഹി’കളെ...

‘രാജ്യസ്നേഹി’കളെ തുറന്നുകാട്ടിയ മോദിയുടെ ‘മഹായജ്ഞം’

text_fields
bookmark_border
‘രാജ്യസ്നേഹി’കളെ തുറന്നുകാട്ടിയ മോദിയുടെ ‘മഹായജ്ഞം’
cancel
ചില വാക്കുകള്‍ക്ക് കാലം വലിയ അര്‍ഥതലങ്ങളും വ്യാഖ്യാനങ്ങളും നല്‍കുമെന്ന മഹദ്വചനം പുലര്‍ന്നതായി തോന്നിയത് നോട്ട് അസാധുവാക്കല്‍ യജ്ഞത്തിന്‍െറ ഒരുമാസം പൂര്‍ത്തിയാക്കിയ ഡിസംബര്‍ എട്ടിനു കള്ളപ്പണം പിടിക്കപ്പെട്ടവരുടെ ഏകദേശ ചിത്രം മാധ്യമങ്ങള്‍ പുറത്തുവിട്ടപ്പോഴാണ്. ‘‘ദേശവാസികളേ, ദീപാവലിയുടെ ആഘോഷങ്ങള്‍ കഴിഞ്ഞ സ്ഥിതിക്ക് ‘സത്യസന്ധരുടെ  ഉത്സവ’ത്തില്‍ (‘ഈമാന്‍ദാരി കാ ഉത്സവ്’) നിങ്ങള്‍ രാജ്യത്തോടൊപ്പം അണിചേരുക. അഴിമതിക്കും കള്ളപ്പണത്തിനും ഭീകരവാദത്തിനും പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ക്കും എതിരായ ‘മഹായജ്ഞമാണിത്’’ -നവംബര്‍ എട്ടിനു രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവേശഭരിതനായി ഉദ്ഘോഷിച്ച വാക്കുകളാണിത്. ‘സത്യസന്ധതയുടെ ഉത്സവം’ ഒരു മാസം പിന്നിട്ടപ്പോള്‍ ഒരുകാര്യം വ്യക്തമായി; പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച യുദ്ധത്തില്‍ ആദ്യം പിടിക്കപ്പെട്ടത് സ്വന്തം അനുയായികള്‍തന്നെ. കള്ളപ്പണത്തിന്‍െറ പേരില്‍ പിടിയിലായ ‘രാജ്യദ്രോഹി’കളില്‍ വലിയൊരു വിഭാഗം സംഘ്പരിവാറുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരാണ്. ഡിസംബര്‍ എട്ടിന് ‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ അവതരിപ്പിച്ച കണക്കനുസരിച്ച് ആദായനികുതി ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ റെയ്ഡില്‍ 400 കേസുകള്‍ പിടിക്കപ്പെട്ടപ്പോള്‍ 130 കോടിയുടെ കറന്‍സിയും സ്വര്‍ണവുമാണ് കണ്ടത്തെിയത്. (ആദ്യത്തെ രണ്ടാഴ്ചയില്‍) നികുതി വെട്ടിച്ച് സൂക്ഷിച്ച 2,000 കോടിയുടെ കള്ളപ്പണവും പിടിക്കപ്പെട്ടു. ഇങ്ങനെ ആദായനികുതി ഉദ്യോഗസ്ഥരുടെ വലയില്‍ കുടുങ്ങിയവരില്‍ മുപ്പതു പേര്‍ ബി.ജെ.പിയുമായി നേരിട്ട് ബന്ധമുള്ളവരാണ്. 500 കോടി രൂപ ചെലവിട്ട് മകളുടെ വിവാഹം പൊടിപൊടിച്ച ബി.ജെ.പിയുടെ മുന്‍ കര്‍ണാടക മന്ത്രി ജനാര്‍ദന റെഡ്ഡി 100 കോടി രൂപ കള്ളപ്പണം വെളുപ്പിച്ചതിന്‍െറ രഹസ്യ കഥ കൊണ്ടുനടക്കാന്‍ സാധിക്കാത്തതിന്‍െറ മനോവിഷമത്തില്‍ കെ.സി. രമേശ് ഗൗഡ എന്ന ചെറുപ്പക്കാരന്‍ വിഷം കഴിച്ച് ജീവനൊടുക്കിയപ്പോള്‍ പശുമാര്‍ക്ക് ദേശസ്നേഹികളായ ഹിന്ദുത്വവാദികള്‍ക്ക് സംഭവം നിഷേധിക്കാന്‍ കഴിഞ്ഞില്ല. സാഹചര്യത്തെളിവുകള്‍ മുഴുവന്‍ റെഡ്ഡിക്കെതിരാണ്.
 രാജസ്ഥാനിലെ ഛഭ്ര മുനിസിപ്പല്‍ ചെയര്‍പേഴ്സനും ബി.ജെ.പി നേതാവുമായ ജിതേന്ദ്രകുമാരി സാഹുവിനെയും ഭാര്യയെയും ആന്‍റി കറപ്ഷന്‍ ബ്യൂറോ വളഞ്ഞപ്പോള്‍ മോദി അസാധുവാക്കിയ 1,000 രൂപയുടെ കെട്ടുകളാണ് കണ്ടെടുത്തത്. കൈക്കൂലിയായി കൈപ്പറ്റിയതാണത്രെ. ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ റിപ്പോര്‍ട്ട് അനുസരിച്ച് പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് മനീഷ് ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തത് 33 ലക്ഷം രൂപ വരുന്ന 2,000ത്തിന്‍െറ പുതിയ കറന്‍സികള്‍ കണ്ടെടുത്തതോടെയാണ്. യു.പി ഗാസിയാബാദിലെ ബി.ജെ.പി നേതാവിന്‍െറ കാറില്‍നിന്ന് മൂന്നു കോടിയുടെ കറന്‍സിനോട്ടുകള്‍ പിടികൂടി. മഹാരാഷ്ട്ര സഹകരണമന്ത്രി സുബാഷ് ദേശ്മുഖിന്‍െറ വാഹനത്തില്‍നിന്ന് 91.50 ലക്ഷത്തിന്‍െറ പഴയ കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്ത വിവരം ‘ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്’ നവംബര്‍ 18ന് റിപ്പോര്‍ട്ട് ചെയ്തു. മോദിയുടെ അസാധുവാക്കല്‍ യജ്ഞത്തിന്‍െറ പ്രചാരണത്തിനു കച്ചകെട്ടി ഇറങ്ങുകയും ബാങ്കിനു മുന്നില്‍ ക്യൂനിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്ത തമിഴ്നാട്ടിലെ സേലം ജില്ല ബി.ജെ.പി യൂത്ത് വിങ് സെക്രട്ടറി അരുണിന്‍െറ ശരീരം ആദായനികുതിക്കാര്‍ ഒന്ന് പരിശോധിച്ചപ്പോള്‍ കൈയില്‍ തടഞ്ഞത് 20 ലക്ഷം രൂപയുടെ അസാധുനോട്ടുകള്‍. മധ്യപ്രദേശിലെ ഹോഷംഗബാദില്‍ ‘ആന്‍റി കറപ്ഷന്‍ സൊസൈറ്റി പ്രസിഡന്‍റ്’ എന്ന് വെളുത്ത ഇന്നോവ കാറില്‍ മുദ്രണം ചെയ്ത് വിലസുകയായിരുന്ന ബി.ജെ.പിയുടെ യുവനേതാവിന്‍െറ വണ്ടി പരിശോധിച്ചപ്പോള്‍ കണ്ടെടുത്തത് 40 ലക്ഷം രൂപയുടെ 2,000ത്തിന്‍െറ പുത്തന്‍ കറന്‍സികള്‍. ഡിസംബര്‍ എട്ടിന് ചെന്നൈയില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ ജ്വല്ലറി ഉടമകളായ ശേഖര്‍ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി എന്നീ സഹോദരങ്ങളുടെ സ്ഥാപനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞെട്ടി! അതാ കിടക്കുന്നു, 90 കോടിയുടെ കള്ളപ്പണവും 100 കി.ഗ്രാം സ്വര്‍ണവും. 90 കോടിയില്‍ 36 കോടി 2,000 രൂപയുടെ കറന്‍സിയാണ്. പുതിയ നോട്ടുകള്‍ കിട്ടാതെ, എ.ടി.എമ്മുകള്‍ വരണ്ടുകിടക്കുകയും  ബാങ്കുകള്‍ ഇടപാടുകാരെ കൂട്ടത്തോടെ മടക്കിയയക്കുകയും ചെയ്യുമ്പോഴാണ്, തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന്‍െറ അംഗംകൂടിയായ ശേഖര്‍ റെഡ്ഡിയുടെ കൈയില്‍ ഇത്രയും പുത്തന്‍ കറന്‍സികള്‍ കുന്നുകൂടിക്കിടന്നത്. ഡല്‍ഹിയില്‍ രോഹിത് ടാണ്ടന്‍ എന്ന അഭിഭാഷകന്‍െറ പക്കല്‍നിന്ന് 157 കോടി രൂപയും പിടികൂടിയത് കഴിഞ്ഞ ദിവസമാണ്.
എന്താണ് ഇതിന്‍െറയൊക്കെ അര്‍ഥം? കള്ളപ്പണക്കാരെ പിടിക്കാനെന്ന പേരില്‍ മോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ പദ്ധതി പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് മാത്രമല്ല, താല്‍ക്കാലിക പ്രശ്നപരിഹാരത്തിനുള്ള ഉപാധികള്‍പോലും അട്ടിമറിക്കപ്പെട്ടു. സാമ്പത്തിക വഞ്ചന കാട്ടിയതിന് എത്രയെത്ര ബാങ്ക് ഉദ്യോഗസ്ഥരെയാണ് കൈയോടെ പിടികൂടിയത്. പിടിച്ചുനില്‍ക്കാനുള്ള പുല്‍ക്കൊടിപോലും നഷ്ടപ്പെട്ടപ്പോഴാണ് കള്ളപ്പണവും ഭീകരവാദവും ചവറ്റുകൊട്ടയിലിട്ട് ‘കാഷ്ലെസ് ഇക്കോണമി’യെക്കുറിച്ചും ഡിജിറ്റല്‍ ഇടപാടുകളെക്കുറിച്ചുമൊക്കെ മോദിയും അരുണ്‍ ജെയ്റ്റ്ലിയും വാചാടോപം നടത്തുന്നത്. രാജ്യത്തിന്‍െറ സമ്പദ് വ്യവസ്ഥയുടെ അടിത്തറ തകര്‍ത്ത് നടപ്പാക്കാന്‍ ശ്രമിച്ച ‘മഹായജ്ഞം’ കപടദേശഭക്തരുടെ മുഖംമൂടി പിച്ചിച്ചീന്തിയതാണ് ഈ ദിശയിലെ ഏക നേട്ടം. ധനപരിഷ്കാരത്തിന്‍െറ മറവില്‍ സംഘ്പരിവാര്‍ സംഘങ്ങള്‍ രാജ്യത്തൊട്ടാകെ രൂപപ്പെടുത്തിയെടുത്ത ധന ഇടപാട് ശൃംഖല, ഒരു ബദല്‍ സാമ്പത്തിക വ്യവസ്ഥയായി വളരുകയാണിപ്പോള്‍. അതോടെ ‘വ്യവസ്ഥിതി’ക്ക് പുറത്തുള്ളവര്‍ മുഴുവന്‍ പാപ്പരാണ്. രാഷ്ട്രീയാധിപത്യം മാത്രമല്ല, പൊടുന്നനെ ധനാധിപത്യവും ആര്‍.എസ്.എസിന്‍െറ കൈകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് ചുരുക്കം. ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നിലെ ക്യൂവില്‍ കുണ്ഠിതലേശമന്യേ, ‘അച്ചടക്കത്തോടെ, ഹാപ്പിയായി നില്‍ക്കുന്നത്’ (ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ വാക്കുകള്‍) ഇന്ത്യന്‍ മധ്യവര്‍ഗത്തിനു സമീപകാലത്ത് സംഭവിച്ച ബുദ്ധിപരമായ ‘മ്യൂട്ടേഷന്‍െറ’ ഫലമാണെന്നേ പറയാനാവൂ. ഭരണകൂടത്തിന്‍െറ ഏത് ചെയ്തിയെയും ദേശസ്നേഹത്തിന്‍െറ കണ്ണാടിയിലൂടെ മാത്രം നോക്കിക്കാണുന്ന മാനസിക ഷണ്ഡീകരണത്തെയാണ് രാജ്യത്തിനു വേണ്ടിയുള്ള ‘ത്യാഗ’മായി വിശേഷിപ്പിക്കുന്നത്. ഈ അണിചേരലിലും ദുരിതം പേറലിലും ഒരു ത്യാഗവുമില്ല. സര്‍ക്കാറിന്‍െറ ബുദ്ധിശൂന്യമായ തീരുമാനങ്ങളോട് വിയോജിക്കാനുള്ള അവകാശവും ശേഷിയുമാണ് യഥാര്‍ഥത്തില്‍ ഇവര്‍  ത്യജിച്ചിരിക്കുന്നത്. രാജ്യത്തിന്‍െറ ശത്രുക്കള്‍ അഴിമതിക്കാരും കള്ളപ്പണക്കാരും ഭീകരവാദികളുമാണെന്ന്  ജനം കേള്‍ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.  ആ ശത്രുക്കള്‍ക്കെതിരെ തുടങ്ങിവെച്ച പോരാട്ടത്തില്‍ പങ്കാളികളാകുന്നതോടെ തങ്ങള്‍ വലിയ രാജ്യസേവനമാണ് ചെയ്യാന്‍ പോകുന്നതെന്ന ധാരണയിലാണ് പ്രതിഷേധിക്കാനോ പരിഭവം പറയാനോ മെനക്കെടാതെ ക്യൂവില്‍ ഇടം പിടിക്കുന്നത്. ചോദിക്കാനും പ്രതിഷേധിക്കാനുമുള്ള ജനായത്ത അവകാശത്തെ ബലികഴിച്ചുള്ള ഈ വിധേയത്വനിര്‍മിതി ഫാഷിസ്റ്റ് രീതിശാസ്ത്രത്തിന്‍െറ മുന്തിയ ഉദാഹരണമാണ്. ‘ഡിമോണിറ്റൈസേഷനി’ലൂടെയുള്ള പോരാട്ടത്തിന്‍െറ എതിര്‍ പക്ഷത്ത് നിര്‍ത്തിയിരിക്കുന്നത് നമ്മുടെ നിതാന്ത ശത്രുക്കളായ പാകിസ്താനും ഭീകരവാദികളുമാണല്ളോ. രാഷ്ട്രത്തോടുള്ള അഭിസംബോധനയില്‍ മോദി ഊന്നിപ്പറഞ്ഞതും അതാണ്:  ‘ഭീകരവാദം ഭീതിജനകമായ ഭീഷണിയാണ്. എണ്ണമറ്റയാളുകള്‍ക്ക് അതുകൊണ്ട് ജീവന്‍ നഷ്ടപ്പെട്ടു. നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഭീകരവാദികള്‍ക്ക് എവിടന്നാണ് പണം ലഭിക്കുന്നതെന്ന്? വ്യാജ നോട്ടുകള്‍ ഉപയോഗിച്ചാണ് അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദികള്‍ ഓപറേഷനുകള്‍ നടത്തുന്നത്. വര്‍ഷങ്ങളായി ഇത് തുടരുന്നു. പലവട്ടം അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും കള്ളനോട്ടുമായി ഇക്കൂട്ടരെ പിടികൂടിയിട്ടുണ്ട്.’ ഭീകരവാദികളെക്കുറിച്ചുള്ള ചര്‍ച്ച ചൂടാറാതെ ഇവിടെ നിര്‍ത്തുന്നതുതന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയമായി ഉപയോഗിക്കാനാണ്. അതോടൊപ്പം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി. രാം മനോഹര്‍ റെഡ്ഡി ചൂണ്ടിക്കാണിച്ചതുപോലെ, സമീപകാലത്ത് മധ്യവര്‍ഗത്തില്‍ പുഷ്കലിച്ചുനില്‍ക്കുന്ന ന്യൂനപക്ഷവിരുദ്ധത (ആന്‍റി മൈനോറിറ്റിസം) ‘ശത്രു’വിനെ അടയാളപ്പെടുത്തുന്നതില്‍ രാസത്വരകമായി വര്‍ത്തിക്കുകയുമാണ്. മുഖ്യശത്രുവിനെ തിരിച്ചറിഞ്ഞ ജനം വലിയ  ത്യാഗത്തിനു മാനസികമായി സന്നദ്ധമായപ്പോള്‍, നോട്ടുകള്‍ അസാധുവാക്കുന്നത്  ഒരു സാമ്പത്തിക പരിഷ്കാരം എന്നതിനപ്പുറം ദേശഭക്തിയില്‍ മുക്കിയെടുത്ത അനുഷ്ഠാനമായി വാഴ്ത്തപ്പെട്ടു. അതുകൊണ്ടാണ് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍, ഏതാനും തൊഴിലവസരം നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയില്‍ തെരുവിലിറങ്ങിയ യുവതീയുവാക്കള്‍ തങ്ങളുടെ ജീവിതതാളം  മുഴുവന്‍ അട്ടിമറിക്കപ്പെട്ടിട്ടും ഒരക്ഷരം മിണ്ടാതെ എല്ലാം നേരെയാവും എന്ന പ്രതീക്ഷയില്‍ നിസ്സംഗരായി കഴിയുന്നത്. നിര്‍ഭയയുടെ ദാരുണ മരണത്തോട് ധര്‍മരോഷംകൊണ്ട നഗരവാസികളുടെ പ്രതിഷേധാഗ്നി എന്തുകൊണ്ട് ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തത്തിനെതിരെ ആളിക്കത്താതെ പോയി എന്ന ചോദ്യത്തിനുള്ള ഉത്തരം പരതേണ്ടതും ഫാഷിസത്തിന്‍െറ നുഴഞ്ഞുകയറ്റത്തിലാണ്.
വിധേയത്വത്തിന്‍െറ രാഷ്ട്രീയത്തെ ജനാധിപത്യവിശ്വാസികള്‍ അങ്ങേയറ്റം ഭയപ്പെടേണ്ടതുണ്ട്. ഹോളോകാസ്റ്റിനെ അതിജീവിച്ച സൈമണ്‍ വീസെന്താള്‍ നല്‍കുന്ന ഒരു മുന്നറിയിപ്പുണ്ട്: ‘‘ലക്ഷങ്ങളെ കൊന്നൊടുക്കുന്നതിന് ഒരാള്‍ മതഭ്രാന്തനോ സാഡിസ്റ്റോ മാനസികമായി സമനില തെറ്റിയവനോ ആവണമെന്നില്ല; തന്നെ ഏല്‍പിക്കുന്ന ജോലി നന്നായി ചെയ്യുന്ന കൂറുള്ള ഒരനുയായി ആയാല്‍ മാത്രം മതി.’ ഇവ്വിഷയകമായി ആഴത്തില്‍ ഗവേഷണം നടത്തിയ സ്റ്റാന്‍ലി മില്‍ഗ്രാമിന്‍െറ ‘ഒബീഡിയന്‍സ് ടു അതോറിറ്റി’ (Obedience to Athority) എന്ന പുസ്തകത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മനസ്സിലാക്കാനാവും; വിവരവും വിദ്യാഭ്യാസവുമുള്ള മധ്യവര്‍ഗം ഇത്രയും സഹിച്ചിട്ടും എന്തുകൊണ്ട്് വിനീതവിധേയരായി മോദിയുടെ മുന്നില്‍ വാപൊളിച്ചു നില്‍ക്കുന്നുവെന്ന്.
Show Full Article
TAGS:demonetisation 
News Summary - modi's demonetisation unveiled 'partiots'
Next Story