Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമേരാ ദേശ് ബദല്‍ രഹാ...

മേരാ ദേശ് ബദല്‍ രഹാ ഹെ...

text_fields
bookmark_border
മേരാ ദേശ് ബദല്‍ രഹാ ഹെ...
cancel

ക്രിസ്മസിനാണ് വാജ്പേയിയുടെ ജന്മദിനം. ബി.ജെ.പി സര്‍ക്കാറിന് ഈ ദിവസം സവിശേഷമാകുന്നത് അതുകൊണ്ടാണ്. ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയുടെ ഭരണമികവ് രാജ്യം എക്കാലവും സ്മരിക്കേണ്ടതാണെന്ന് മോദിസര്‍ക്കാര്‍ ചിന്തിക്കുന്നു. അതുകൊണ്ട് ക്രിസ്മസിന്‍െറ പെരുമക്കപ്പുറം, സദ്ഭരണദിനമായി ഡിസംബര്‍ 25 ആഘോഷിക്കുന്നു. മേരാ ദേശ് ബദല്‍ രഹാ ഹെ, ആഗേ ബഡാ രഹാ ഹെ (എന്‍െറ രാജ്യം മാറുകയാണ്, മുന്നേറുകയാണ്) എന്ന പ്രമേയമാണ് ഇത്തവണത്തെ സദ്ഭരണദിനത്തില്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്.  മോദിസര്‍ക്കാര്‍ രണ്ടരവര്‍ഷം പിന്നിടുന്ന സന്ദര്‍ഭംകൂടിയാണ് ഇത്. രണ്ടും ചേര്‍ത്ത് ഡിസംബര്‍ 25 മുതല്‍ 100 ദിവസം ഈ സന്ദേശവുമായി കേന്ദ്രമന്ത്രിമാരും ബി.ജെ.പി എം.പിമാരും രാജ്യവ്യാപകമായി പ്രചാരണ പര്യടനം നടത്തും. 86 ശതമാനം നോട്ട് അസാധുവാക്കിയ ശേഷം ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി, 100 ദിവസത്തെ ഭാഗ്യസമ്മാന നറുക്കെടുപ്പ് തുടങ്ങുന്ന ദിവസംകൂടിയാണ് ഇത്.

നോട്ട് അസാധുവാക്കിയതിന്‍െറ ദുരന്തം ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ നീളുന്ന ക്യൂവില്‍ മാത്രമല്ല തെളിഞ്ഞുകിടക്കുന്നത്. മാന്ദ്യം ബാധിച്ച് തൊഴിലാളിയും കര്‍ഷകനും പെട്ടിക്കടക്കാരനും കാര്‍ നിര്‍മാണ കമ്പനിക്കാരും വരെയുള്ളവര്‍ സര്‍ക്കാറിനെ ശപിക്കുന്ന കാലമാണ്. ഇനിയും പണഞ്ഞെരുക്കം ഒഴിയാബാധയായി തുടരുമെന്ന വിഹ്വലതയോടെയാണ് 2017ലേക്ക് ഓരോ ഇന്ത്യക്കാരനും ചുവടുവെക്കുന്നത്. പക്ഷേ, എന്‍െറ രാജ്യം മാറുകയും മുന്നോട്ടു കുതിക്കുകയുമാണെന്നു പറയാന്‍ സര്‍ക്കാറിന് ഉളുപ്പില്ല. നോട്ട് അസാധുവാക്കലിന്‍െറ കാര്യത്തില്‍മാത്രമല്ല, രണ്ടരവര്‍ഷത്തെ ഭരണം കഴിഞ്ഞപ്പോള്‍ രാജ്യം തിരിച്ചറിയാനാവാത്ത വിധം മാറിപ്പോവുകയും കിതക്കുകയും ചെയ്യുന്നതിനെക്കുറിച്ച് പിറുപിറുക്കുന്നുപോലുമില്ല മാധ്യമങ്ങള്‍. ദേശസ്നേഹത്തിന്‍െറ മൂടുപടവും സദ്ഭരണത്തിന്‍െറ മുദ്രാവാക്യവും ചിന്താശേഷിയെ ബാധിച്ച് ഗുഹയിലൊളിച്ചിരിക്കാന്‍ താല്‍പര്യപ്പെടുന്ന മട്ടിലാണ് ജനം. സര്‍ക്കാര്‍ മുദ്രയോടെ അബദ്ധങ്ങള്‍ എഴുന്നള്ളിക്കപ്പെടുകയും അതിന് നിശ്ശബ്ദം സ്വീകാര്യത നല്‍കപ്പെടുകയും ചെയ്യുന്ന സ്ഥിതി.

രണ്ടരവര്‍ഷം കൊണ്ട് നരേന്ദ്ര മോദിയുടെ ഏകാധിപത്യ പ്രവണത എത്രത്തോളം അടിച്ചേല്‍പിക്കപ്പെടുന്നുവെന്ന് 2017ലെ കേന്ദ്രസര്‍ക്കാര്‍ കലണ്ടറില്‍നിന്ന് വായിച്ചെടുക്കാം. 2015ല്‍ ആദ്യത്തെ കലണ്ടര്‍ പുറത്തിറക്കുമ്പോള്‍ ആകെ സ്ഥലത്തിന്‍െറ നാലുശതമാനം മാത്രം കവര്‍ന്നെടുത്ത മോദി ഇന്ന് കലണ്ടറിന്‍െറ എല്ലാ പേജിലും പകുതിയിലേറെ സ്ഥലത്ത് നിറഞ്ഞുനില്‍ക്കുന്നു. അശോകസ്തംഭം പോലും അപ്രധാനമാക്കി, അനുപാതക്കണക്കില്‍ പത്തിരട്ടിയിലേറെ വര്‍ധന. ഇതൊരു സൂചകം മാത്രമാണ്. എല്ലാം മോദിമയം. ഈ സര്‍ക്കാറിലെ എത്ര മന്ത്രിമാരെ പേരെടുത്തുപറയാന്‍ സ്കൂള്‍ കുട്ടിക്കെന്നല്ല, സാമാന്യവിവരമുള്ള ഒരു വോട്ടര്‍ക്ക് കഴിയും? മന്ത്രിസഭ യോഗംപോലും അപ്രസക്തമായിരിക്കുന്നു. ജനാധിപത്യ ഭരണത്തെ ഒരാളിലേക്ക് ചുരുക്കിക്കളഞ്ഞ കഥ വിട്ട് സദ്ഭരണ ദിനത്തില്‍ സര്‍ക്കാറിന്‍െറ ഭരണനേട്ടത്തെക്കുറിച്ച് ചിന്തിക്കാം. രണ്ടരവര്‍ഷം പിന്നിടുകയും നവവത്സരത്തിലേക്ക് ചുവടുവെക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ അത്തരമൊരു കണക്കെടുപ്പിന് ആധാര്‍കാര്‍ഡില്ലാത്ത പൗരനുപോലും അവകാശമുണ്ട്.

ചൂലെടുത്തു തുടങ്ങിയതാണ് നരേന്ദ്രമോദി. സ്വച്ഛ്ഭാരത് അഭിയാന്‍ ഒരു പടമെടുപ്പു പരിപാടി മാത്രമാണിന്ന്. രാജ്യത്തെ 100 നഗരങ്ങളെങ്കിലും മുന്തിയസൗകര്യങ്ങളുള്ള സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. ഓരോ എം.പിയും ഒരു ഗ്രാമം ദത്തെടുത്തതുവഴി പിറന്ന മാതൃകാഗ്രാമങ്ങള്‍ ഇന്ന് എത്രയുണ്ട്? സര്‍ക്കാറിന്‍െറ ഒരു പദ്ധതിയും ലക്ഷ്യത്തിലത്തെുന്നില്ല. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്താനും ഇന്ത്യയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും കൊട്ടിഘോഷിച്ചു തുടങ്ങിയ ‘മേക് ഇന്‍ ഇന്ത്യ’ ഒന്നും സംഭാവന ചെയ്തില്ല. അതിലെ സിംഹമുദ്രയുടെ സട മാത്രമല്ല, നട്ടും ബോള്‍ട്ടും പല്‍ച്ചക്രമങ്ങളുമൊക്കെ ഊരിയിളകി പോയിരിക്കുന്നു. മോദിയുടെ മാരത്തണ്‍ വിദേശയാത്രകള്‍ക്കു ശേഷവും ഇന്ത്യയെ വിശ്വസ്ത നിക്ഷേപ കേന്ദ്രമായി മറുനാടന്‍ വ്യവസായികള്‍ കാണുന്നില്ല. മിക്കവാറും മേഖലകളില്‍ പൂര്‍ണതോതില്‍ വിദേശനിക്ഷേപത്തിന് വാതില്‍ തുറന്നുകൊടുത്തെന്നു മാത്രം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മെച്ചപ്പെട്ട വളര്‍ച്ചനിരക്ക് കാണിക്കുകയും ചൈനയോട് മത്സരിക്കുന്ന സമ്പദ്വ്യവസ്ഥയായി പെരുപ്പിച്ചു പറയുകയുമൊക്കെ ചെയ്തു. നോട്ടു പ്രതിസന്ധിയും ചേര്‍ത്ത് ആഭ്യന്തര വളര്‍ച്ചനിരക്ക് 7.1 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് ഇപ്പോഴത്തെ പ്രവചനങ്ങള്‍. സ്വകാര്യനിക്ഷേപവും കുറഞ്ഞിരിക്കുന്നുവെന്നാണ് കണക്കുകള്‍.  ഇനിയിപ്പോള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് കൂടുതല്‍ നീക്കിവെക്കുകയല്ലാതെ വഴിയില്ല. യഥാര്‍ഥത്തില്‍ അസംസ്കൃത എണ്ണവില ഇടിഞ്ഞുനിന്നതു വഴിയുള്ള വരുമാനമെച്ചമാണ് ഈ സര്‍ക്കാറിന് സമ്പദ്രംഗത്ത് വലിയ കൈത്താങ്ങായി മാറിയത്. എണ്ണവില ഉയര്‍ന്നുതുടങ്ങിയതോടെ പുതിയ പ്രതിസന്ധികൂടി നേരിടാന്‍ പോവുകയാണ് ഇന്ത്യ.

സാമ്പത്തികസ്ഥിതിയും അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങളും മെലിഞ്ഞൊട്ടിയതിനൊപ്പം, വിലക്ഷണം പിടിച്ച ഭരണനടത്തിപ്പ് ജനാധിപത്യ സംവിധാനങ്ങളെ അപഹസിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന പ്രശ്നം മറുവശത്ത്. യു.പി.എ സര്‍ക്കാറിന്‍െറ അഴിമതി പരമ്പരകള്‍ ഉയര്‍ത്തിക്കാണിച്ച് വോട്ടുപിടിച്ചവര്‍ക്ക് രണ്ടരവര്‍ഷം കഴിഞ്ഞിട്ടും അഴിമതിവിരുദ്ധ സംവിധാനമായ ലോക്പാല്‍ നടപ്പില്‍വരുത്താന്‍ സാധിച്ചിട്ടില്ല. അഴിമതിവിരുദ്ധ മുന്നേറ്റത്തിന്‍െറ മുന്നണി പ്പോരാളികളായിരുന്ന കിരണ്‍ ബേദി ഗവര്‍ണറാവുകയും മോദിയോട് പടവെട്ടി അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാവുകയും അണ്ണാഹസാരെ തികഞ്ഞ മൗനിയാവുകയും ചെയ്തത് നില്‍ക്കട്ടെ. ഭരണഘടന സ്ഥാപനങ്ങളുടെ അന്തസ്സിന്മേല്‍ വിധേയത്വത്തിന്‍െറ റബര്‍സ്റ്റാമ്പുകൊണ്ട് കരിമഷി തേച്ചതിന് ഉദാഹരണങ്ങള്‍ പലതാണ്. രാജ്ഭവനുകള്‍ മിക്കതും ഇന്ന് ആര്‍.എസ്.എസ് കാര്യാലയങ്ങളാണ്.

സാമ്പത്തികഭദ്രതയുടെ മുദ്രയായ റിസര്‍വ് ബാങ്ക് മുമ്പൊരിക്കലുമില്ലാത്തവിധം വിശ്വാസ്യത ഇടിഞ്ഞ് റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യയെന്ന പരിഹാസംകൂടിയായി മാറി. ജഡ്ജിമാരുടെ നിയമനത്തില്‍ അവകാശം ഉറപ്പിച്ചുകിട്ടാത്തതിനാല്‍ സുപ്രീംകോടതിയും കേന്ദ്രവുമായി ഏറ്റുമുട്ടല്‍ തുടരുന്നു; ചീഫ് ജസ്റ്റിസിന് വിതുമ്പേണ്ടിവരുന്നു. ഓരോ പ്രമുഖ സംവിധാനങ്ങളുടെയും തലപ്പത്ത് വിശ്വസ്ത വിധേയരെ പ്രതിഷ്ഠിക്കാന്‍ വ്യവസ്ഥകളുടെ അട്ടിമറി തന്നെ നടക്കുന്നു. കരസേന മേധാവി നിയമനം, സി.ബി.ഐ മേധാവി നിയമനം എന്നിങ്ങനെ നീളുന്നതാണ് അതിന്‍െറ ഉദാഹരണങ്ങള്‍. വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ തന്നെ അവഹേളിക്കുന്നു. അസഹിഷ്ണുതയുടെ സാമൂഹികാന്തരീക്ഷത്തില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നു. ഘര്‍വാപസിയുടെയും ബീഫിന്‍െറയും സംഘര്‍ഷശേഷിക്കുമുന്നില്‍ ജനം ചകിതരായത് തുടക്കംമാത്രമായിരുന്നു. കശ്മീരും മണിപ്പൂരും വെറുതെ കലങ്ങിമറിയുകയായിരുന്നില്ല. സംഘ് അജണ്ടകളും ഭരണപ്പിഴവുകളും ഒത്തുചേര്‍ന്ന് കലാലയങ്ങളെപ്പോലും കുത്തിമറിച്ചു. അതിര്‍ത്തിയില്‍ കൂടുതല്‍ ജവാന്മാര്‍ കൊല്ലപ്പെട്ട വര്‍ഷമായി 2016 രേഖപ്പെടുത്തുന്നത് മിന്നലാക്രമണത്തിന്‍െറ കൊട്ടിഘോഷങ്ങള്‍ക്കിടയില്‍ തന്നെ. ഭീകരവേട്ടയുടെയും നക്സല്‍ വേട്ടയുടെയും ചിത്രം പുറമെ.

പ്രതിപക്ഷനേതാവുപോലും ഇല്ലാതായ പാര്‍ലമെന്‍റിന് രണ്ടരവര്‍ഷമായി സര്‍ക്കാര്‍ എന്തുവില കൊടുക്കുന്നു? പ്രധാനമന്ത്രിയുടെ ഒരു പ്രസ്താവനക്കുവേണ്ടിയാണ് പ്രതിപക്ഷം ശീതകാല സമ്മേളനത്തിന്‍െറ തുടക്കത്തില്‍ നിലവിളിച്ചത്. നോട്ടുവിഷയത്തില്‍ പാര്‍ലമെന്‍റില്‍ വിശദീകരണം നല്‍കാന്‍ പ്രയാസമുള്ള സര്‍ക്കാര്‍, ഒന്നു കലങ്ങിത്തെളിയുന്നതുവരെ സാവകാശമെടുക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ് പ്രതിപക്ഷത്തിന്‍െറ ബഹളംവഴിയുള്ള സഭാസ്തംഭനം തുടര്‍ക്കഥയായത്. പ്രധാനമന്ത്രി സഭയെ അവഗണിക്കുന്നതാണ് പാര്‍ലമെന്‍റിലെ യഥാര്‍ഥ ചിത്രം. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെതിരെ ശതകോടികളുടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത് ഐ.പി.എസ് റാങ്കിലുള്ള ചീഫ് വിജിലന്‍സ് ഓഫിസറാണ്. പ്രധാനമന്ത്രിക്ക് കോര്‍പറേറ്റുകള്‍ 52 കോടി നല്‍കിയെന്നതിന്‍െറ വിശദാംശങ്ങള്‍ സി.ബി.ഐ റെയ്ഡില്‍നിന്ന് കണ്ടെടുത്ത രേഖകളുടെ പിന്‍ബലത്തോടെ പുറത്തുവിട്ടത് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവും ഡല്‍ഹി മുഖ്യമന്ത്രിയും പ്രമുഖ സുപ്രീംകോടതി അഭിഭാഷകനുമാണ്. പരിഹസിച്ച് ഒഴിഞ്ഞുമാറുന്നതിനപ്പുറം, എവിടെ മറുപടി?

അമേരിക്കയുടെയും അഴിമതിയുടെയും ഇടം വര്‍ധിച്ചുവരുന്ന നാട്ടില്‍ പാര്‍ലമെന്‍റിനെയും ഭരണഘടന സ്ഥാപനങ്ങളെയും ജനങ്ങളത്തെന്നെയും അവമതിച്ച് സ്വന്തം അജണ്ടകളുമായി നരേന്ദ്ര മോദി മുന്നോട്ടു പോകുന്നു. നിയമത്തെയും നിയമവാഴ്ചയെയും ആദരിക്കേണ്ടതിനുപകരം, ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാജ്യത്ത് വളരുന്നത് രാജഭക്തിയാണ്. ദുര്‍വ്യാഖ്യാനിക്കപ്പെടുന്ന ദേശീയതകൊണ്ട് നിശ്ശബ്ദരും വിധേയരുമാവുകയാണ് ജനങ്ങള്‍. വ്യക്തിയുടെ ജീവിതവും സ്വകാര്യതയും നിയന്ത്രിക്കുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നു. കറുപ്പും വെളുപ്പും വേര്‍തിരിച്ചുകൊടുക്കേണ്ട പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ചേരാത്ത അസംഘടിതപ്പടയായി. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് തുടര്‍ച്ചയായി വിഷയം മാറ്റുകയും അങ്ങോട്ട് ജനശ്രദ്ധ ആട്ടിത്തെളിക്കുകയും ചെയ്യുന്ന സര്‍കസ് ഭരണത്തില്‍ സാമ്പത്തിക സുസ്ഥിരതയും ആരോഗ്യകരമായ ഭരണവ്യവസ്ഥയും സാമൂഹിക സക്രിയതയുമൊക്കെയാണ് അതിരുവിട്ട ചിന്തകള്‍. മാധ്യമങ്ങള്‍ക്ക് തലക്കെട്ടുകള്‍ മാത്രമാണ് പ്രധാനം. ശരിയാണ്: ‘എന്‍െറ രാജ്യം മാറുകയാണ്’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - modi
Next Story