കറന്‍സി റദ്ദാക്കല്‍ നടപടിയെ താങ്കള്‍ എങ്ങനെ വീക്ഷിക്കുന്നു. ആരായിരുന്നു ഇതിന്‍െറ പ്രേരകശക്തികള്‍?
പ്രശ്നങ്ങള്‍ ഒറ്റയടിക്ക് തീര്‍ക്കാം എന്നു കരുതുന്ന സത്വര പരിഹാരവാദികളാണ് ഇതിനു പിന്നില്‍. ഭരണകാര്യങ്ങളില്‍ അവര്‍ക്ക് മേല്‍ക്കൈ ഉണ്ട്. മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തി പ്രതിച്ഛായ മിനുക്കാന്‍ ചില കൗശലങ്ങള്‍ ഈ വിഭാഗം പ്രയോഗിക്കുന്നു. ജനശ്രദ്ധ കവര്‍ന്നെടുക്കാനുള്ള അമൂര്‍ത്തമായ യജ്ഞം എന്നും ഈ തന്ത്രത്തെ വിശേഷിപ്പിക്കാം. അതേസമയം, രാഷ്ട്രീയത്തിലും ഭരണനിര്‍വഹണ മേഖലയിലുമുള്ള വ്യക്തമായ ഇടപെടലാണിത്. പരിമിതമായ ചില അനുഭവങ്ങളെ മാത്രം ആധാരമാക്കിയുള്ള തീരുമാനങ്ങളാണ് ഇവര്‍ കൈക്കൊണ്ടുവരുന്നത്. അവ ജനങ്ങളെ എവ്വിധം ബാധിക്കുന്നു, രാജ്യത്തിന്‍െറ വൈവിധ്യങ്ങളുമായി അവ പൊരുത്തപ്പെടുമോ തുടങ്ങിയ കാര്യങ്ങള്‍ വേണ്ടത്ര ഗ്രഹിക്കാതെയുള്ള നീക്കങ്ങള്‍.
വാസ്തവത്തില്‍ രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ക്കും വേണ്ടത്ര ബാങ്കിങ് സൗകര്യങ്ങളോ അല്ളെങ്കില്‍ അക്കൗണ്ടുകള്‍പോലുമോ ഇല്ല. അത്തരമൊരു പരിതാപകരമായ സാഹചര്യത്തിലാണ് ഗിരിവര്‍ഗക്കാര്‍ ഉള്‍പ്പെടെ സര്‍വ പൗരന്മാരെയും ബാങ്കുകള്‍ക്കു മുന്നില്‍ നിര്‍ബന്ധിച്ച് ആനയിക്കുന്നത്. അക്കൗണ്ടുകളില്‍ ഇല്ലാത്ത പണം പൂര്‍ണമായും കള്ളപ്പണമായിരിക്കും എന്ന യുക്തിരാഹിത്യം വിശ്വസിക്കാനാകുമോ? വീട്ടമ്മമാരും കൃഷിക്കാരും ചെറിയ തുകകള്‍ സ്വന്തമായി സൂക്ഷിച്ചുവെക്കാറുണ്ട്. ബാങ്കുകളില്‍ വേണ്ടത്ര വിശ്വാസമര്‍പ്പിക്കാത്ത പൗരന്മാരും നിരവധിയാണ്. ഇത്തരം സാമൂഹിക യാഥാര്‍ഥ്യങ്ങളില്‍നിന്ന് ബഹുദൂരം അകലെ നില്‍ക്കുകയാണ് പ്രധാനമന്ത്രി മോദിയെന്നാണ് പുതിയ തീരുമാനങ്ങള്‍ നല്‍കുന്ന സൂചന.
ദരിദ്രരെ ആകര്‍ഷിക്കാന്‍ ‘ചായക്കാരന്‍’ ഇമേജ് ഉപയോഗിച്ചിരുന്നല്ളോ അദ്ദേഹം?
അതെ, ജനപ്രീതിക്കുവേണ്ടി ഇത്തരം വിരുതുകള്‍ പ്രയോഗിക്കാതിരുന്നാല്‍ അദ്ദേഹം ഒറ്റപ്പെട്ടുപോകുമായിരുന്നു. എന്നാല്‍, അദ്ദേഹം സദാ ഊന്നല്‍ നല്‍കിയിരുന്നത് തന്‍െറ സില്‍ബന്തികള്‍ക്കാണ്. ഈ ഉപജാപകവൃന്ദത്തില്‍ മറ്റാര്‍ക്കും പ്രവേശനമില്ല. സ്വന്തം സഹപ്രവര്‍ത്തകര്‍പോലും അറിയാതെയാകും മോദിയുടെ പല തീരുമാനങ്ങളും. ഗുജറാത്തില്‍ ഈ തന്ത്രം പരീക്ഷിക്കപ്പെടുകയുണ്ടായി. എന്നാല്‍, ഗുജറാത്തല്ല ഇന്ത്യ.
കറന്‍സി റദ്ദാക്കലിന്‍െറ പേരിലുള്ള ദുരിതങ്ങള്‍ക്ക് പ്രസക്തി കാണുന്നുണ്ടോ?
നടപടി വഴി ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ഭാവിയില്‍ നേട്ടങ്ങള്‍ കൈവരിക്കാമെന്ന് മോദി വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍, അത് യാഥാര്‍ഥ്യമാകുമോ എന്ന കാര്യം സംശയാസ്പദമാണ്. കാരണം, കള്ളപ്പണത്തിന്‍െറ യഥാര്‍ഥ കാരണങ്ങള്‍ പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നു. ബാങ്കുകളിലെ നിക്ഷേപം വര്‍ധിച്ചു എന്നത് പരമാര്‍ഥം. പക്ഷേ, കൂടുതല്‍ ഇലക്ട്രോണിക് സാമഗ്രികളും അവയുടെ സുരക്ഷയും ഭാരിച്ച ബാധ്യതയാകും. ഉദാഹരണമായി, ലക്ഷക്കണക്കിന് എ.ടി.എമ്മുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കേണ്ടതുണ്ട്. ഇലക്ട്രോണിക് ഇടപാടുകള്‍ സുഗമമാക്കാന്‍ സൂപ്പര്‍ കമ്പ്യൂട്ടറുകളും അനിവാര്യം. ആഭ്യന്തരസുരക്ഷ, പ്രതിരോധം തുടങ്ങിയവക്കായി കൂടുതല്‍ പണം വകയിരുത്തണം. അവ സമ്പദ്ഘടനയില്‍ കനത്ത സമ്മര്‍ദം സൃഷ്ടിക്കാന്‍ കാരണമാകും. ബാങ്കുകളുടെ ഇപ്പോഴത്തെ നിക്ഷേപത്തിന് ദീര്‍ഘായുസ്സ് ഉണ്ടാകാനിടയില്ല. അതോടെ ബാങ്കുകള്‍ സ്വജനപക്ഷപാതരീതികള്‍ അവലംബിക്കും. അപ്പോള്‍ പണം കീഴ്ത്തട്ടില്‍ ലഭ്യമാകാതെ വരും.
ഇതിനെ ഫാഷിസ്റ്റ് രീതിയായി ചിലര്‍ പഴിക്കുന്നു. താങ്കളുടെ അഭിപ്രായം?
ഫാഷിസം കൂടുതല്‍ ക്രൂരമായ രീതിയാണ്. രക്തവും വംശഹത്യയും ചേര്‍ന്ന ഏര്‍പ്പാടാണത്. കറന്‍സി പരിഷ്കരണത്തെ ‘വികസന സമഗ്രാധിപത്യം’ എന്ന് നമുക്ക് വിശേഷിപ്പിക്കാം. സത്വര വികസനത്തിന് ഇറങ്ങിത്തിരിച്ച എല്ലാ പൂര്‍വേഷ്യന്‍ ഭരണാധികാരികളും ഇത്തരം സ്വേച്ഛാധിപത്യ മാര്‍ഗങ്ങള്‍ അവലംബിച്ചതായി കാണാം.
ഇന്ത്യയില്‍ മുമ്പ് ഏതെങ്കിലും ഭരണാധികാരി ഈ തന്ത്രം പ്രയോഗിച്ചിരുന്നോ?
അതെ, ചെറിയതോതില്‍ ഇന്ദിര ഗാന്ധിയും അവരുടെ പുത്രന്‍ സഞ്ജയ് ഗാന്ധിയും ഉടന്‍ വികസനം ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങള്‍ സമഗ്രാധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്നവയാണെന്ന് കാണാം. അക്കാലത്ത് വിവേചനങ്ങളും സ്വജനപക്ഷപാതവും അരങ്ങുവാഴുകയുണ്ടായി. യഥാര്‍ഥത്തില്‍ തീരുമാന-നയരൂപവത്കരണ വേളകളിലെ സുതാര്യതയില്ലായ്മ സമഗ്രാധിപത്യത്തിന്‍െറ ആദ്യ ലക്ഷണങ്ങളാണ്. അത്തരമൊരു പ്രവണത ഇന്ത്യയില്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.
കറന്‍സിപരിഷ്കാരം ലക്ഷ്യംനേടുമോ?
വല്ലതുമൊക്കെ ചെയ്യാനുള്ള തീവ്രാഭിലാഷം പ്രധാനമന്ത്രിക്ക് ഉണ്ടെന്ന് തോന്നുന്നു. എന്നാല്‍, ആവശ്യമായ ഭാവന ഇല്ല അദ്ദേഹത്തിന്. പ്രായോഗിക കര്‍മമാര്‍ഗം രൂപപ്പെടുത്താനും സാധ്യമായില്ല. ഊര്‍ജസ്വലനും കഠിനാധ്വാനിയുമാണ് അദ്ദേഹം. ചരിത്രത്തില്‍ സ്വന്തം മുദ്ര പതിയാനിടയാക്കുന്ന മഹത്തായ കര്‍മം സാക്ഷാത്കരിക്കണമെന്ന് ഏതു നേതാവിനെയുംപോലെ മോദിയും ആഗ്രഹിക്കുന്നു. ജോര്‍ജ് ബുഷിനുപോലും ഇത്തരം മോഹങ്ങള്‍ ഉണ്ടായിരുന്നു. ഡോണള്‍ഡ് ട്രംപിനുമുണ്ട് സമാനമായ ചില സ്വപ്നങ്ങള്‍.
മോദിയെ ഇന്ദിരയുമായി താരതമ്യം ചെയ്യാമോ?
ജനാധിപത്യ വ്യവസ്ഥയില്‍ കൃത്രിമം കാട്ടുന്നതിലൂടെ സമൂഹത്തില്‍ സ്വേച്ഛാധിപത്യ ഇടപെടലിനുള്ള അധികാരം സ്വന്തമാക്കാനാകുമെന്ന് ഇരു നേതാക്കളും കണക്കുകൂട്ടുകയുണ്ടായി. ഇന്ദിര അത് പ്രാവര്‍ത്തികമാക്കി. അതേ പാതയില്‍ പ്രവേശിച്ചിരിക്കുകയാണ് മോദി. എന്നാല്‍, ജനാധിപത്യ വ്യവസ്ഥക്ക് മോദി ക്ഷതമേല്‍പിച്ചു എന്ന് പഴിപറയാന്‍ ആരും തയാറല്ല. കാരണം, അത്തരം നിയമങ്ങളൊന്നും ഇതുവരെ പാസാക്കാന്‍ ബി.ജെ.പി ഉദ്യുക്തമാവുകയുണ്ടായില്ല.
ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ നേരത്തേതന്നെ ചില പ്രശ്നങ്ങള്‍ കടന്നുകൂടുകയുണ്ടായി. ഇന്ദിര ഗാന്ധിയുടെ കാലത്ത് പാസാക്കിയ നിയമങ്ങള്‍ മാത്രമാണ് തങ്ങള്‍ അവലംബിക്കുന്നതെന്ന് വാദിക്കാന്‍ ബി.ജെ.പിക്ക് ധൈര്യം ലഭിക്കുന്നത് അതുകൊണ്ടുമാത്രമാണ്. ലിബറല്‍ ഗവണ്‍മെന്‍റുകള്‍ പലതു ഭരിച്ചിട്ടും ദേശദ്രോഹനിയമം റദ്ദാക്കാന്‍ ശ്രമിക്കാത്തത് ഒരു ഉദാഹരണം.
അപ്പോള്‍ മോദിയെ വിമര്‍ശിക്കുന്നത് ശരിയല്ളെന്നാണോ?
അതല്ല എന്‍െറ ഉദ്ദേശ്യം. പഴയ നെറികേടുകള്‍ പുതിയ സര്‍ക്കാറും ആവര്‍ത്തിക്കുന്നു. അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നുമില്ല. എന്‍.ജി.ഒകള്‍ക്കെതിരായ നടപടികള്‍ മുന്‍കാലത്തും അരങ്ങേറുകയുണ്ടായി. ഛത്തിസ്ഗഢിലെ ഗാന്ധി ആശ്രമം ബി.ജെ.പി അധികാരത്തില്‍ എത്തുന്നതിനുമുമ്പേ തകര്‍ക്കപ്പെട്ടതോര്‍മിക്കുക.
അടിയന്തരാവസ്ഥക്ക് തുല്യമായ അന്തരീക്ഷം ഇപ്പോള്‍ രാജ്യത്തുണ്ടോ?
അതെ, അത്തരമൊരു അന്തരീക്ഷം കടന്നുവരുന്നതിന്‍െറ വ്യക്തമായ സൂചനകളാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍, അത് സംഭവിക്കാതിരിക്കാന്‍ വിപുലമായ ജാഗ്രത അനിവാര്യമാണ്.
മോദിക്കെതിരെ പ്രതിപക്ഷം ഒന്നിക്കുമോ?
പ്രതിപക്ഷത്തെ സംബന്ധിച്ച് എന്തുപറയാന്‍? പ്രതിപക്ഷം ഐക്യപ്പെടുന്നില്ല. അവര്‍ സംഘടിതരുമല്ല.
വ്യക്തിപ്രഭാവമുള്ള നേതാക്കളുടെ അഭാവവും പ്രതിപക്ഷ നീക്കങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നു. ഇപ്പോഴത്തെ ബി.ജെ.പി നേതാക്കളെപ്പോലെ പ്രതിപക്ഷ നേതാക്കളും കണ്ണുനട്ടിരിക്കുന്നത് അധികാരത്തില്‍ മാത്രം. അധികാരലബ്ധിക്കുവേണ്ടി ഏതു മാര്‍ഗവും ഉപയോഗിക്കാമെന്ന തെറ്റായ ചിന്താഗതി ഉപേക്ഷിക്കാതെ തെരഞ്ഞെടുപ്പ് അഴിമതികള്‍ക്ക് അറുതിവരുത്താനാകില്ല.
തിയറ്ററുകളില്‍ ദേശീയഗാനാലാപനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയെ എങ്ങനെ വിലയിരുത്തുന്നു?
ദീര്‍ഘവീക്ഷണമില്ലാത്ത തീരുമാനം. ദേശഭക്തിയെയും ദേശീയവാദത്തെയും രണ്ടായി കാണാന്‍ സുപ്രീംകോടതി തയാറാകണം. ദേശഭക്തി വൈകാരികതയാണ്. ദേശീയവാദമാകട്ടെ ഒരു പ്രത്യയശാസ്ത്രവും. സങ്കുചിതത്വങ്ങള്‍ സര്‍വ പ്രത്യയശാസ്ത്രങ്ങളുടെയും ഭാഗമാണ്. പ്രത്യയശാസ്ത്രം ചില നേരങ്ങളില്‍ വന്‍ കൊലയാളിയായി മാറിയെന്നിരിക്കും. ഏതു പ്രത്യയശാസ്ത്രവും തീവ്രസ്വഭാവമാര്‍ജിക്കുന്നതിന്‍െറ പരിണതഫലം എന്ന നിലയില്‍ സുപ്രീംകോടതി വിധി ഒരു മുന്നറിയിപ്പുകൂടിയായി വിലയിരുത്തപ്പെടേണ്ടതുണ്ട്.
നെഹ്റുവിയന്‍ മതേതരസങ്കല്‍പത്തിന് ഇപ്പോള്‍ പ്രസക്തിയുണ്ടോ?
വൈവിധ്യങ്ങളെയും ഭിന്നതകളെയും ആഘോഷിക്കുന്ന ദീര്‍ഘപാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ജനാധിപത്യ സോഷ്യലിസ്റ്റായിരുന്നു നെഹ്റു. വികസനത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ അദ്ദേഹം രൂപവത്കരിച്ചത് പഴയകാല പ്രത്യയശാസ്ത്രങ്ങളില്‍നിന്നാണ്. വികസനപദ്ധതികളെ സംബന്ധിച്ച് വിമര്‍ശനാത്മക വിലയിരുത്തല്‍ അദ്ദേഹത്തിന് വശമില്ലായിരുന്നു. ഗോത്രവര്‍ഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നില്ല. വികസനപദ്ധതികള്‍ നടപ്പാക്കിയതിന്‍െറ പ്രത്യാഘാതമായി കഴിഞ്ഞ ആറു ദശകങ്ങള്‍ക്കിടയില്‍ ആറുകോടിയോളം ഗോത്രവര്‍ഗവിഭാഗങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുകയുണ്ടായി.
ഈ വിഷയം നമ്മുടെ ഗൗരവ പരിഗണനയില്‍ വരേണ്ടിയിരിക്കുന്നു. ആര്‍ക്കുവേണ്ടിയാണ് വന്‍കിട വികസന പദ്ധതികള്‍ എന്നുകൂടി നാം സ്വയം ചോദിക്കണം. ജനങ്ങള്‍ അവയെ വെറുത്തുനില്‍ക്കുന്നു. ജനങ്ങളില്‍നിന്നുതന്നെ പ്രശ്നങ്ങളുടെ പോംവഴി ഉരുത്തിരിഞ്ഞു വരാതിരിക്കില്ല. നിരവധി ന്യൂനതകള്‍ ഉണ്ടെങ്കിലും ജനാധിപത്യം യുക്തിഭദ്രമായ വ്യവസ്ഥമായി തുടരുന്നു. അതിന് കരുത്തുപകരുക എന്നതായിരിക്കണം നമ്മുടെ കര്‍ത്തവ്യം.
പുതിയ ജനാധിപത്യ സങ്കല്‍പം ഇന്ത്യയില്‍ സാധ്യമാകുമോ?
പാശ്ചാത്യ രാജ്യങ്ങളില്‍ ഈ പ്രവണത ശക്തമാണ്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുന്നു എന്നതു മാത്രമാണ് പൗരന്മാരും ഭരണകൂടവും തമ്മിലുള്ള ബന്ധം. അതേസമയം, പുതിയ ജനാധിപത്യ ആശയങ്ങള്‍ പൗരനെ ഭരണകൂടത്തിന്‍െറ കടുത്ത വിമര്‍ശകനാക്കുന്നുണ്ട്. ബ്ളോഗുകള്‍ വഴിയും ഇതര നവസമൂഹ മാധ്യമങ്ങളിലൂടെയും അവന് തന്‍െറ അമര്‍ഷങ്ങള്‍ പുറത്തുവിടാന്‍ സാധിക്കുന്നു. ആ രീതിയിലാണ് പുതിയ ജനാധിപത്യം മുന്നേറിക്കൊണ്ടിരിക്കുന്നത്.
കടപ്പാട്: the wire.in