Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമോദിക്കുവേണ്ടി അമിത്...

മോദിക്കുവേണ്ടി അമിത് ഷാ നേടിയത്

text_fields
bookmark_border
മോദിക്കുവേണ്ടി അമിത് ഷാ നേടിയത്
cancel

2014ല്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടനത്തെ സംബന്ധിച്ച എന്‍െറ വിശകലനത്തിന് ‘മഹാരാഷ്ട്രയില്‍ അമിത് ഷാ തന്നെ കളിയിലെ കേമന്‍’ എന്നായിരുന്നു ഞാന്‍ നല്‍കിയ ശീര്‍ഷകം. ഇപ്പോഴിതാ യു.പിയിലെ ബി.ജെ.പി തരംഗം കാണ്‍കെ 2019ല്‍ അമിത് ഷാ പ്രധാനമന്ത്രിവരെ ആയേക്കുമോ എന്ന ചോദ്യമാണ് അങ്കുരിക്കുന്നത്. അല്ളെങ്കില്‍ നരേന്ദ്ര മോദിക്കുവേണ്ടി ലക്ഷ്മണന്‍െറ റോളില്‍ തുടരാന്‍ തന്നെയാകുമോ ഷായുടെ നിയോഗം?
‘ഗുജറാത്ത് ഫയല്‍സ്’ എന്ന എന്‍െറ പുസ്തകം മോദി-ഷാ കൂട്ടുകെട്ടിന്‍െറ കഥ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മോദിയുടെ നിഴലായി വര്‍ത്തിച്ച് അമിത് ഷാ നടത്തുന്ന അണിയറനീക്കങ്ങള്‍ എവ്വിധം ബി.ജെ.പിയുടെ വിജയരഥത്തെ ചലിപ്പിക്കുന്നു എന്ന അപഗ്രഥനവും അതില്‍ കാണാം. മോദിയെ ഹൈന്ദവ ജനകീയ നേതാവായും വികസനപുരുഷനായും ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കുന്നതില്‍ അമിത് ഷായുടെ വിരുതുകള്‍ അസാധാരണ രീതിയില്‍ വിജയിക്കുന്നുവെന്ന് പറയാം.

ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേടിയ അഭൂതപൂര്‍വമായ വിജയത്തിന്‍െറ ശില്‍പി എന്ന നിലയിലുള്ള കിരീടം ഞാന്‍ അമിത് ഷായുടെ ശിരസ്സിലര്‍പ്പിക്കുന്നു. 1991ല്‍ കല്യാണ്‍ സിങ് സൃഷ്ടിച്ച തരംഗത്തെപ്പോലും ഭേദിക്കുന്ന അട്ടിമറി മാന്‍ഡേറ്റ് ആര്‍ജിക്കാന്‍ ബി.ജെ.പിയെ പ്രാപ്തമാക്കിയത് ഷായുടെ ആവനാഴിയിലെ ലക്ഷ്യവേധികളായ അസ്ത്രങ്ങള്‍തന്നെ. ജയ്പൂരിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ കസേരയിലിരുന്ന് ഒരുപക്ഷേ, കല്യാണ്‍ സിങ് യു.പി ഫലങ്ങള്‍ സാകൂതം നിരീക്ഷിക്കുന്നുണ്ടാകണം. തന്‍െറ തട്ടകത്തില്‍ തനിക്ക് സാധിക്കാത്തത് ഒരു മറുനാട്ടുകാരന് സാക്ഷാത്കരിക്കാന്‍ സാധിച്ചതില്‍ കല്യാണ്‍ സിങ് പരിഭവപ്പെടുന്നുമുണ്ടാകും. ഒരുപക്ഷേ, താന്‍ തുടക്കംകുറിച്ച വിജയഫോര്‍മുല അമിത് ഷാ കൂടുതല്‍ സമര്‍ഥമായി പ്രയോഗവത്കരിച്ചതായി കല്യാണ്‍ സമാശ്വസിക്കുന്നുമുണ്ടാകാം.

1991ല്‍ കല്യാണ്‍ സിങ് അപ്രതീക്ഷിതമായ വിജയഗാഥയായിരുന്നു രചിച്ചത്. എസ്.പിയുടെയും ബി.എസ്.പിയുടെയും വോട്ടുബാങ്കുകളായ മുസ്ലിംകള്‍, ദലിതുകള്‍, യാദവന്മാര്‍, ജാട്ടുകള്‍ എന്നീ വിഭാഗങ്ങളുടെ കോട്ടകളില്‍ വിള്ളല്‍ സൃഷ്ടിച്ചായിരുന്നു ആ വിജയം. സവര്‍ണ വരേണ്യ വോട്ടുകള്‍ സമാഹരിച്ചും മുസ്ലിം വിരുദ്ധ, ദലിത് വിരുദ്ധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പുവരുത്തിയും കല്യാണ്‍ സിങ് മൂന്നില്‍ രണ്ട് വോട്ടുകള്‍ സ്വന്തം പെട്ടിയില്‍ വീഴ്ത്തി. അയോധ്യ പ്രശ്നം അതിശക്തമായി ഉന്നയിച്ചും രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയും കല്യാണ്‍ സിങ്ങും ബി.ജെ.പിയും ജനങ്ങളെ വശീകരിച്ചു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇതേ ഫോര്‍മുലയും തന്ത്രവുമായിരുന്നു അമിത് ഷായുടെ നേതൃത്വത്തില്‍ അവലംബിക്കപ്പെട്ടത്. നോട്ട് റദ്ദാക്കല്‍ സൃഷ്ടിച്ച ജനരോഷം മറികടക്കാന്‍ ഇത്തവണ ഇതേ ഫോര്‍മുലക്കൊപ്പം കൂടുതല്‍ തീക്ഷ്ണമായ കരുനീക്കങ്ങളും അമിത് ഷാ നടത്തുകയുണ്ടായി. മായാവതിയുടെ ശക്തിസ്രോതസ്സായ ദലിത് വോട്ടുകള്‍ വീഴ്ത്തുന്നതില്‍ അമിത് ഷായുടെ കൂര്‍മബുദ്ധി വലിയ അളവില്‍ വിജയിച്ചു.

മറ്റ് പാര്‍ട്ടികളുടെ ദൗര്‍ബല്യങ്ങള്‍ കൃത്യമായി വിലയിരുത്തി അതിനെ ‘ജയ് ശ്രീരാം’ എന്ന മുദ്രാവാക്യവുമായി വിളക്കിച്ചേര്‍ക്കുന്നതില്‍ പ്രകടിപ്പിച്ച അമിത് ഷായുടെ വൈഭവമാണ് ഉത്തര്‍പ്രദേശിലെ അട്ടിമറിയുടെ രഹസ്യം-മോദിയില്‍നിന്ന് കടംകൊണ്ട ‘മിത്രോം’ എന്ന അഭിസംബോധനാരീതി ഉത്തര്‍പ്രദേശിലുടനീളം അമിത്  ഷാ പ്രസംഗങ്ങളില്‍ പ്രയോഗിച്ചു. ‘ശ്മശാന-ഖബര്‍സ്ഥാന്‍’ വിവാദം ഉപേക്ഷിക്കണമെന്ന ആവശ്യം ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ശക്തമായി ഉയര്‍ത്തിയിരുന്നെങ്കിലും ബി.ജെ.പി കേട്ടഭാവം നടിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലുടനീളം മുഴങ്ങിയ ‘ജയ് ശ്രീറാം’ മുദ്രാവാക്യം ബി.ജെ.പിയുടെ ഏറ്റവും നിര്‍ണായക ഇന്ധനമായി തീരുന്നു. രാമക്ഷേത്രം ഉടന്‍ നിര്‍മിക്കാന്‍ പോകുന്നുവെന്ന പ്രതീതിയാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്. യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ് തുടങ്ങിയ വിഷലിപ്ത പ്രചാരകരും വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്ക് മികച്ചരീതിയില്‍ ഇന്ധനം പകര്‍ന്നു. ഖബര്‍സ്ഥാന് സ്ഥലമില്ലാത്തതിനാല്‍ മുസ്ലിംകള്‍ ഹൈന്ദവരീതിയില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കട്ടെ എന്ന നിര്‍ദേശം ഉദാഹരണം മാത്രം.

ധ്രുവീകരണം മാത്രമായിരുന്നോ ബി.ജെ.പിയുടെ വിജയം നിര്‍ണയിച്ച ഘടകം? അല്ളെന്ന് വ്യക്തമായി പറയാം. അമിത് ഷാ തെരഞ്ഞെടുത്ത സ്ഥാനാര്‍ഥികള്‍, മറ്റു പാര്‍ട്ടികളിലെ അസംതൃപ്ത ഘടകങ്ങളുടെയും റെബലുകളുടെയും സാന്നിധ്യം തുടങ്ങിയവ ഈ രാഷ്ട്രീയ അങ്കത്തിന് വലിയയൊരു ചൂതാട്ടമായി മാറ്റി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടാതിരുന്നതായിരുന്നു അമിത് ഷാ പയറ്റിയ മറ്റൊരു അടവ്. ഏത് നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ത്തിയാലും ജാതി വിഭാഗീയ പരിഗണനകള്‍ പാര്‍ട്ടിയില്‍ അന്തശ്ഛിദ്രം വളര്‍ത്തുമെന്ന് ഷാ മുന്‍കൂട്ടിക്കണ്ടു. ഇതെഴുതുമ്പോള്‍ അത്രയൊന്നും പ്രമുഖനല്ലാത്ത വ്യക്തിയാകും ബി.ജെ.പിയുടെ മുഖ്യമന്ത്രിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കുകയുണ്ടായി. മുതിര്‍ന്ന നേതാക്കള്‍ക്ക് അലോസരം സൃഷ്ടിക്കാത്ത ആജ്ഞാനുവര്‍ത്തിയായ ഒരാള്‍. മുഖ്യമന്ത്രിയെ നിര്‍ണയിക്കാനുള്ള ചുമതലയും പാര്‍ട്ടി അമിത് ഷാക്ക് വിട്ടുകൊടുത്തിരിക്കുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കുന്നത് തടയാന്‍ സഹായകമായൊരു നേതാവാകും നമുക്ക് ലഭിക്കുക. അമിത് ഷായില്‍ മോദി പൂര്‍ണവിശ്വസ്തനെയാണ് കണ്ടത്തെിയത്. സമാന ചിന്താഗതിക്കാരന്‍, ഉരുക്കുമുഷ്ടിക്കാരന്‍. ഗുജറാത്തില്‍ ഇരുവരുടെയും കരബലം ജനങ്ങള്‍ അനുഭവിച്ചറിയുകയുണ്ടായി. ഒടുവില്‍ പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് അമിത് ഷായെ മോദി ഉയര്‍ത്തിയപ്പോള്‍ പാര്‍ട്ടിയില്‍ ചില ആശങ്കകള്‍ ഉയരാതിരുന്നില്ല. സംസ്ഥാനം വിട്ട് പുറത്തുപോകണമെന്ന് ഒരിക്കല്‍ കോടതി ഉത്തരവിട്ട ഈ ഗുജറാത്തുകാരന്‍ പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കില്ളേ എന്നായിരുന്നു ആശങ്ക.

മോദിയുടെ തീര്‍പ്പുകള്‍ ശരിയാണെന്നും എതിരാളികളുടെ നിഗമനങ്ങള്‍ തെറ്റായെന്നും അമിത് ഷാ ഒരിക്കല്‍കൂടി തെളിയിച്ചു. ഷായുടെ കൗശലങ്ങളില്‍ പലതും വര്‍ഗീയ സ്വഭാവമാര്‍ന്നതും ജനാധിപത്യ വിരുദ്ധവുമാണെന്നും നാം മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും വിമര്‍ശിക്കുകയുണ്ടായി. പക്ഷേ, ഇത്തരം ആരോപണങ്ങള്‍ക്കിടയിലൂടെ ഷാ നീന്തി ക്കുതിച്ചുകൊണ്ടിരിക്കുന്നു, ബഹുദൂരം മുന്നിലേക്ക്.
കടപ്പാട്: എന്‍.ഡി.ടി.വി ഡോട്ട് കോം

Show Full Article
TAGS:amith sha 
News Summary - modi most belivable amith sha
Next Story