വിവാദങ്ങൾ വിളിച്ചുവരുത്താറില്ല. വിധിവശാൽ വന്നുചേരുന്നതിനോടു മുഖം തിരിക്കാറുമില്ല. വിവാദം വിദ്യയാക്കി മറികടക്കാൻ തക്ക മിടുക്കുണ്ട്. കാറ്ററിഞ്ഞു പാറ്റാനും ഒരു മുഴം മുന്നേ എറിയാനുമുള്ള അതിമിടുക്കും. അതിെൻറയൊക്കെ ബലത്തിലാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിെൻറ അധ്യക്ഷപദത്തിലേക്ക് ദീപക് മിശ്ര എത്തുന്നത്. ഇത് തനിക്ക് അർഹിച്ചതുതന്നെയെന്ന് മറ്റാരെക്കാളും ബോധ്യം മിശ്രാജിക്കുതന്നെ. സ്ഥാനലബ്ധിയിലേക്കുള്ള വഴി മുടക്കാനിടയാക്കാവുന്ന ഭൂമിവിവാദക്കേസിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആ അഹംബോധം പരിഭവമായി പകർത്തിവെച്ചിരുന്നത് ഇങ്ങനെ: ‘‘ജാത്യാ ബ്രാഹ്മണനായിട്ടും എനിക്കോ കുടുംബാംഗങ്ങൾക്കോ ഒരു തുണ്ട് ഭൂമിയില്ല.’’ ബ്രാഹ്മണനായാൽ മണ്ണും പെണ്ണും മാത്രമല്ല, അർഹമായതെല്ലാം അതതു നേരത്ത് നേടിയേ തീരൂ. അതുകൊണ്ടുതന്നെ സുപ്രീംകോടതിയിൽ സീനിയറായ താൻതന്നെ പരമപദത്തിലേക്ക് സർവഥാ യോഗ്യൻ എന്ന് ദീപക് മിശ്രക്ക് കട്ടായം. ദോഷൈകദൃക്കുകൾ പിറകെയുണ്ട്. പണ്ട് അഭിഭാഷകനായി ഒഡിഷയിലെ കട്ടക്കിൽ പ്രാക്ടീസ് ചെയ്യുന്നതിനിടെ 1979ൽ ഭൂരഹിതരായ പാവങ്ങൾക്കു നീക്കിവെച്ച ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയുമായി അവർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നേരത്തേ സമീപിച്ചതാണ്. ഒഡിഷ ഹൈകോടതിയിൽ പരാതിയെത്തിയപ്പോൾ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ പരാതി ശരിയാണെന്നു തെളിഞ്ഞു. അപ്പോഴേക്കും ദീപക് മിശ്ര സുപ്രീംകോടതിയിലെത്തിയിരുന്നു, ജഡ്ജിയായി. അതു കണ്ട് വിരണ്ടാവാം റവന്യൂ അധികൃതർ പിന്മാറി. എന്നാൽ, ൈഹകോടതി വിട്ടില്ല. സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ടു. പാവങ്ങൾക്കുള്ള ഭൂമി കിട്ടാനായി വേണ്ടത്ര വരുമാനമില്ലാത്ത ഭൂരഹിതനായി സത്യവാങ്മൂലം നൽകിയെന്ന് സി.ബി.െഎയും കണ്ടെത്തി. ഇതറിഞ്ഞയുടൻ 2013ൽ കിട്ടിയ ഭൂമി വിട്ടുകൊടുത്ത് ൈകകഴുകുകയായിരുന്നു മിശ്ര.
അടിച്ചുവിട്ട ഹൈകോടതി ന്യായാധിപനെ മിശ്ര വെറുതെ വിട്ടില്ല. വിധി വന്നു മൂന്നു മാസം കഴിഞ്ഞ് അത് പുറപ്പെടുവിച്ച ജസ്റ്റിസ് ബി.പി. ദാസിന് പഞ്ചാബ് -ഹരിയാന ഹൈകോടതി ചീഫ് ജസ്റ്റിസ് പരിഗണന ലഭിച്ചേപ്പാൾ സുപ്രീംകോടതിയിലുള്ള മിശ്ര പാരവെച്ചുവത്രെ. പാരക്കു മറുപാര പണിയാൻ വിദഗ്ധനായതിനാൽ ഇപ്പോൾ സ്ഥാനത്തേക്കു വഴിമുടക്കാൻ പരാതിയുമായെത്തിയ ന്യായാധിപരുടെ അന്താരാഷ്ട്ര വേദിയായ ഇൻറർനാഷനൽ കൗൺസിൽ ഒാഫ് ജൂറിസ്റ്റ്സ് (െഎ.സി.ജെ) നടത്തുന്ന നീക്കം എവിടെയെത്തുമെന്ന് കണ്ടറിയണം. സുപ്രീംകോടതി ജഡ്ജിയെന്ന നിലയിൽ മിശ്രക്കെതിരെ ഉയർന്ന ആരോപണങ്ങൾ ന്യായാധിപരുടെ ഇൻ ഹൗസ് സമിതി അന്വേഷിക്കണമെന്നാണ് െഎ.സി.ജെയുടെ ആവശ്യം. നിലവിലെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ പരാതി മുഖവിലക്കെടുക്കാതെ മിശ്രയെ പിൻഗാമിയായി നാമനിർദേശം ചെയ്തതോടെ കേന്ദ്രഗവൺമെൻറിനെ സമീപിക്കാനുള്ള നീക്കത്തിലാണ് അന്താരാഷ്ട്ര ന്യായാധിപസമിതി. ഇതുമാത്രമല്ല, അരുണാചൽപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കലിഖോ പുലിെൻറ ആത്മഹത്യക്കുറിപ്പിൽ മിശ്രയുടെ പേരുമുണ്ടെന്നു പറയുന്നത് മറ്റാരുമല്ല, മുൻ കേന്ദ്ര നിയമമന്ത്രിയും നിയമവിശാരദനുമായ ശാന്തിഭൂഷണാണ്. അന്വേഷണമൊന്നും നടന്നില്ലെങ്കിലും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ആത്മഹത്യക്കുറിപ്പ് നേരാണെന്ന് കുറിച്ചിട്ടുണ്ട്. ഇതൊക്കെ വെച്ച് ശാന്തിഭൂഷൺ ചോദിക്കുന്നത്, കളങ്കിതരെങ്ങനെ പരമോന്നത ന്യായപീഠമേറുമെന്നാണ്. 31 സുപ്രീംകോടതി ജഡ്ജിമാർ, 1000 ഹൈകോടതി ജഡ്ജിമാർ, 16,000 ജഡ്ജിമാർ എന്നിവരുടെ മേലധികാരിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. സങ്കീർണമായ ഭരണഘടന പ്രശ്നങ്ങളും ഭരണകാര്യങ്ങളുമൊക്കെയായി 1300 ദശലക്ഷം ജനങ്ങളുടെ ഭാഗധേയവുമായി ബന്ധപ്പെട്ട വിധിപ്രസ്താവവും അതിെൻറ മേൽനോട്ടവും നിക്ഷിപ്തമായ പദവിയാണ് ചീഫ്ജസ്റ്റിസിേൻറത്. അതിൽ ഇത്തരക്കാരാവാമോ എന്ന ചോദ്യവുമുയർത്തുന്നുണ്ട് അദ്ദേഹം.
ഇങ്ങനെയൊക്കെയാണെങ്കിലും മിശ്ര അടിവെച്ചു കയറുന്നത് കരുതലോടെയാണ്. മോദികാലത്തേക്ക് വേണ്ട കരുക്കളൊക്കെ കൈയിലുണ്ട്. മധ്യപ്രദേശ് ഹൈകോടതി ബെഞ്ചിലിരിക്കെ, കരൺജോഹറിെൻറ ‘കഭി ഖുശി, കഭി ഗം’ എന്ന പടത്തിന് പ്രദർശനാനുമതി നിഷേധിച്ച് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. മകൻ പാടിത്തുടങ്ങിയ ദേശീയഗാനം അമ്മ പൂർത്തിയാക്കുന്ന കലാപരിപാടി അദ്ദേഹത്തിന് പിടിച്ചില്ല. പരസ്യഗാനം പോലെ ദേശീയഗാനം പാടിയത് സഹിച്ചില്ല. അതൊഴിവാക്കി മതി പടമെന്നായിരുന്നു ഉത്തരവ്. പിന്നീട് സുപ്രീംകോടതിയിലെത്തിയപ്പോൾ ഒരു പടികൂടി മുന്നോട്ടുപോകാനും അദ്ദേഹത്തിനായി. സിനിമകൾക്കു മുമ്പ് തിയറ്ററുകളിൽ ദേശീയഗാനം പാടെട്ട എന്നു വിധിച്ച ബെഞ്ചിൽ മിശ്രയുണ്ടായിരുന്നു. മുംബൈ സ്േഫാടനക്കേസിൽ യഅ്ഖൂബ് മേമനെ തൂക്കാൻ വിധിക്കുേമ്പാഴും അദ്ദേഹമുണ്ട്. കടുകിട വിടാത്ത ഇൗ ‘ദേശഭക്തി ശാഠ്യം’തന്നെ ദീപക് മിശ്രയുടെ മുതൽക്കൂട്ട്.
നീതിന്യായരംഗത്തെ പടക്കുതിര രംഗനാഥമിശ്രയുടെ കുടുംബത്തിൽ 1953 ഒക്ടോബർ മൂന്നിനാണ് ജനനം. 1977 ഫെബ്രുവരി 14ന് അഭിഭാഷകനായി എൻറോൾ ചെയ്തു. ഒഡിഷ ഹൈകോടതിയിലായിരുന്നു തുടക്കം. മധ്യപ്രദേശ്, ബിഹാർ, ഡൽഹി ഹൈകോടതി വഴിയാണ് സുപ്രീംകോടതിയിലെത്തുന്നത്. ഇൗ തഴക്കവും വഴക്കവുമൊക്കെ ചേർന്ന യോഗ്യാഭ്യാസംതന്നെ ന്യായാസനത്തിലേക്കുള്ള മിശ്രയുടെ എളുപ്പവഴി.