Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമധ്യവർഗ,...

മധ്യവർഗ, പോപുലിസ്​റ്റ്​ ബജറ്റ്​

text_fields
bookmark_border
thomas isac
cancel

നിയമസഭയിൽ ധനമന്ത്രി ഡോ. തോമസ് ഐസക്​ അവതരിപ്പിച്ചത് ജീവകാരുണ്യ ബജറ്റാണ്. ബജറ്റ്​ സാമ്പത്തിക നയരേഖയായിരിക്കണം. എന്നാൽ, ഇൗ ബജറ്റിന്​ തെരഞ്ഞെടുപ്പ് മാനിഫെസ്​റ്റോയുടെ സ്വഭാവമാണ്. പോപുലിസ്​റ്റ്​ സമീപനമാണ് ഉടനീളം കാണുന്നത്. ബജറ്റിൽനിന്ന്​ പലരും പലതാണ് പ്രതീക്ഷിക്കുക. നികുതിദായകർ ഇളവുകൾ പ്രതീക്ഷിക്കും. സർക്കാറിൽനിന്ന് വിവിധതരം ആനുകൂല്യങ്ങൾ കൂടുതലായി പ്രതീക്ഷിക്കും. നമ്മൾ ബജറ്റിനെ നോക്കിക്കാണേണ്ടത് ഒരു നയരേഖ എന്ന നിലയിലാണ്. കേരളത്തി​െൻറ വികസനത്തിനും സാമ്പത്തിക മാനേജ്മെൻറിനുമുള്ള നയരേഖയാണ് ബജറ്റ്.

പ്രളയവും കോവിഡും കഴിഞ്ഞ കാലത്താണ് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിൽ ഊന്നൽ കൊടുത്തത് മൂന്ന് കാര്യങ്ങൾക്കാണ്- ക്ഷേമം, വിദ്യാഭ്യാസം, തൊഴിൽ. കേരളത്തിൽ നേരത്തേ ചർച്ചകൾ നടന്നത് വികസനത്തെക്കുറിച്ചായിരുന്നു. ആ ചർച്ചകൾ സക്രിയമായിരുന്നു. അടുത്ത കാലത്ത് ആ ചർച്ചകൾ ഇല്ലാതായി. അടിച്ചമർത്തപ്പെടുന്ന സമൂഹങ്ങൾക്ക് വികസനപാതയിൽ എത്താൻ കഴിഞ്ഞിട്ടില്ല. അവർ എന്നും ക്ഷേമപരിപാടികളുടെ പരിധിയിലാണ്. വിദ്യാഭ്യാസത്തിൽ ധീരമായ കാഴ്ചപ്പാടാണ് മന്ത്രി മുന്നോട്ടുവെച്ചത്. കേരളത്തെ വിജ്ഞാന സമ്പദ്​വ്യവസ്ഥയാക്കും എന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ മാത്രമല്ല ഇവിടത്തെ പ്രധാന പ്രശ്നം.

മുൻഗണനക്രമമില്ല

ബജറ്റിൽ ഇവിടെ മുൻഗണനക്രമം തീരുമാനിക്കുന്നില്ല. പുറമ്പോക്ക് നിവാസികൾ അടക്കമുള്ളവരെ ശ്വാസംമുട്ടിക്കുന്ന അവസ്ഥയിൽനിന്ന് മോചിപ്പിച്ചു സാമ്പത്തിക ഭദ്രതയുള്ളവരാക്കാൻ സർക്കാറിന് കഴിയും. ഈ ബജറ്റിൽ അതിന് ശ്രമിക്കുന്നില്ല. മന്ത്രി ഡോ. തോമസ് ഐസക്കിൽനിന്ന് പ്രതീക്ഷിച്ചത് ഇത്തരമൊരു ബജറ്റല്ല. ആരു ഭരിച്ചാലും ഉപയോഗിക്കാനുള്ള ഒരു നയരേഖയായിരിക്കണം ബജറ്റ്. സർക്കാറി​െൻറ കടമ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയല്ല. അതിന് അനുയോജ്യമായ സാമൂഹിക സാമ്പത്തിക നയം ആവിഷ്കരിക്കുകയാണ്. എല്ലാ വിഭാഗങ്ങൾക്കും തൊഴിൽ വാഗ്ദാനം ചെയ്യുന്ന സർക്കാർ തൊഴിൽ ഏജൻസിയല്ല.

പണം എവിടെനിന്ന്​?

ബജറ്റിന് രണ്ടു വശമുണ്ട്. ഒന്ന്, വരുമാനം. രണ്ട്, ചെലവുകൾ. ചെലവുകൾ വളരെ കൂടി. പണം എവിടെനിന്ന് വരും? ശമ്പളം നൽകാൻപോലും വായ്​പയെടുത്താണ് ചെലവഴിക്കുന്നത്. കടംവാങ്ങി ചെലവ് നടത്തുന്നത് സാമ്പത്തികവ്യവസ്ഥക്ക്​ അഭികാമ്യമല്ല. ചെലവിൻെറ കാര്യത്തിൽ വേണ്ടത്ര നിയന്ത്രണം ഉണ്ടാകുന്നില്ല. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ കഴിയണം. ഈ ആശയങ്ങൾ അറിയാത്തയാളല്ല ധനമന്ത്രി.

സമ്പന്നരിൽ വേണ്ടത്ര സാമ്പത്തികഭാരം ഏൽപിക്കാത്ത ബജറ്റാണിത്. ഭൂമിയും തോട്ടങ്ങളും സ്വർണവും സമ്പത്തും കുന്നുകൂട്ടിയവർ ഇവിടെയുണ്ട്. ഇവർ പല കാലഘട്ടത്തിൽ ഭരണത്തിലിരുന്നവരാണ്. ദാരിദ്ര്യ നിർമാർജനത്തിനും പാവപ്പെട്ടവരുടെ സുരക്ഷ ഉറപ്പുവരുത്താനും അവസരം ലഭിച്ചിരുന്നു. ഇതുവരെ അതിനുവേണ്ടി ഒന്നും ചെയ്തില്ല.

ഭൂപരിഷ്കരണം തുടങ്ങിയ പരിപാടികളിലൂടെ പാവപ്പെട്ടവരെ എന്തുകൊണ്ട് മോചിപ്പിച്ചില്ല എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ആ അവസ്ഥ ഇനിയും നിലനിർത്തി വൈകാരികഭാഷയിൽ സംസാരിച്ച് സഹതാപം കാണിച്ചിട്ട് അർഥമില്ല. സ്കൂൾ വിദ്യാർഥികളുടെ കവിത ഉദ്ധരിച്ചാണ് ബജറ്റ് അവതരിപ്പിച്ചത്. അത് ഒരർഥത്തിൽ നല്ലതാണ്. ചെറുപ്പക്കാരെ അംഗീകരിക്കുകയാണ്. ഇവിടെ എല്ലാം തീരുമാനിക്കുന്നത് വൃദ്ധരാണ്.

സമ്പന്നർക്ക്​ സാമ്പത്തികഭാരമില്ല

എല്ലാവരെയും സംതൃപ്തമാക്കാൻ ശേഷിയുള്ള ബജറ്റാണിത്. അസമത്വവും അനീതിയും നിലനിൽക്കുന്ന സമൂഹത്തിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ ചിലരെയൊക്കെ പിണക്കേണ്ടിവരും. സാമ്പത്തികഭാരം സമ്പന്നരിൽ ഏൽപിക്കുന്നില്ല. കവിത എഴുതിയ സ്നേഹയുടെ വിദ്യാലയത്തിലെ ദുരവസ്ഥ പരിഹരിക്കും എന്നാണ് വാർത്തസമ്മേളനത്തിൽ ധനമന്ത്രി പറഞ്ഞത്.

അതല്ല ഒരു ധനമന്ത്രി പറയേണ്ടത്. പശ്ചാത്തല സൗകര്യം ഇല്ലാത്ത വിദ്യാലയങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ്. ചേരിനിവാസികളോടുള്ള സമീപനവും അതുതന്നെ. മർദിത വിഭാഗങ്ങൾക്ക് സാമ്പത്തിക സുരക്ഷ നൽകുന്നില്ല.

സംവരണ വിഭാഗങ്ങൾക്കെല്ലാം ലാപ്ടോപ് വിതരണമാണ് മുന്നോട്ടുവെക്കുന്നത്. അതൊരു തന്ത്രമാണ്. സംവരണവിഭാഗത്തിന് എന്നത് വളരെ വികലമായൊരു നിർദേശമാണത്.

മന്ത്രി താഴേതട്ടിലേക്ക്​ നോക്കുന്നില്ല

ദരിദ്രർക്ക് സാമ്പത്തികാടിത്തറ നൽകുന്ന വിധം കൃഷിഭൂമിയുടെ വിതരണമോ, സാമ്പത്തികാടിത്തറ സൃഷ്​ടിക്കാനോ വിപണി അടിത്തറ ഉണ്ടാക്കാനോ ബജറ്റിൽ നിർദേശമില്ല. ദുർബല സമൂഹത്തിന് വേണ്ടിയുള്ള നിർദേശമൊന്നുമില്ല. സമൂഹത്തിൻെറ താഴേക്ക് മന്ത്രി നോക്കുന്നില്ല. മധ്യവർഗ ബജറ്റ് എന്നേ പറയാൻ പറ്റൂ.

കാണാൻ കണ്ണ് മാത്രം പോരാ. ഹൃദയംകൂടി വേണം. ചേരിനിവാസികളുടെ കാര്യത്തിൽ അതുണ്ടായില്ല. നെയ്യാറ്റിൻകരയിൽ ഭൂരഹിതരായ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബോബി ചെമ്മണൂരും യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ നേതാക്കളും അവിടെ സന്ദർശിച്ച മന്ത്രിയും സംസാരിച്ചത് ഒരേ ഭാഷയിലാണ്. ജനങ്ങൾ രാഷ്​ട്രീയ പാർട്ടികളുടെ നേട്ടങ്ങളും കോട്ടങ്ങളും നോക്കിയാണ് വിലയിരുത്തുന്നത്. വാഗ്ദാനങ്ങൾ നൽകുന്നവർ അത് മനസ്സിലാക്കണം.

(േകരള സർവകലാശാല ഇക്കണോമിക്​സ്​ വിഭാഗത്തിലും മുംബൈ ടാറ്റ ഇൻസ്​റ്റിറ്റ്യൂ​ട്ട്​ ഓഫ്​ സോഷ്യൽ സയൻസിലെ ​െഡവലപ്​മെൻറ്​ വിഭാഗത്തിലും പ്രഫസറായിരുന്നു ലേഖകൻ)

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isacKerala Budget 2021
Next Story