അസാധാരണമായ ജനപിന്തുണയിലൂടെ ഖ്യാതി നേടിയ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം മറീന കടല്‍തീരത്തെ കുഴിമാടത്തിലാണ് അടക്കം ചെയ്തത്. ചിതയൊരുക്കി ദഹിപ്പിക്കുന്ന സമ്പ്രദായം ഒഴിവാക്കണമെന്ന് നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നു. സംസ്കരണ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കാണ്‍കെ, ഖുശ്വന്ത് സിങ്ങിന്‍െറ അന്ത്യാഭിലാഷം ഒരിക്കല്‍കൂടി എന്‍െറ ഓര്‍മയിലുണര്‍ന്നു. തന്‍െറ മൃതദേഹം ദഹിപ്പിക്കാതെ കുഴിച്ചുമൂടണം എന്നായിരുന്നു പ്രഗല്ഭനായ ആ മാധ്യമപ്രവര്‍ത്തകന്‍ ആഗ്രഹിച്ചിരുന്നത്. ജയയെ ദഹിപ്പിക്കാതെ മണ്ണിലെ കുഴിമാടത്തില്‍ അടക്കം ചെയ്തതിന് പ്രധാനമായി രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്നാമതായി ശവദാഹം ഒരു ബ്രാഹ്മണ ആചാരരീതിയാണ്. ഒരു ദ്രാവിഡ പാര്‍ട്ടിയുടെ അമരക്കാരിക്ക് ഒട്ടും ചേര്‍ന്നതല്ല അത്തരമൊരു അന്ത്യകര്‍മം. ദ്രാവിഡ പ്രസ്ഥാനത്തിന്‍െറ സ്ഥാപകനായ പെരിയാര്‍ രാമസ്വാമിയാകട്ടെ ബ്രാഹ്മണ വ്യവസ്ഥയോട് നിരന്തരം കലഹിച്ച നേതാവായിരുന്നു.
എം.ജി.ആര്‍, അണ്ണാ ദുരൈ എന്നീ നേതാക്കളുടെ അന്ത്യവിശ്രമസ്ഥലത്തിന് സമീപം ജയയെയും അടക്കുക എന്ന വൈകാരിക താല്‍പര്യമാണ് രണ്ടാമത്തെ കാരണം. ജയയുടെ സ്മാരകം അധികം വൈകാതെ മറീനയില്‍ ഉയരും. തന്‍െറ മൃതദേഹം മണ്ണിലെ ശവക്കുഴിയില്‍ അടക്കംചെയ്യണമെന്ന ഖുശ്വന്തിന്‍െറ ആഗ്രഹത്തിനു പിന്നിലെ കാരണങ്ങള്‍ വ്യത്യസ്തമായിരുന്നു. അദ്ദേഹം ഒരു സന്ദര്‍ഭത്തില്‍ ആ വിചാരം ഇപ്രകാരം പങ്കുവെക്കുകയുണ്ടായി -ഈ ഭൂമിയില്‍നിന്ന് ഒരാള്‍ സ്വീകരിച്ചവ ഭൂമിക്കുതന്നെ തിരിച്ചുനല്‍കണം എന്ന വിശ്വാസക്കാരനായതുകൊണ്ടാണ് എന്‍െറ ജഡം മണ്ണില്‍ കഴിച്ചുമൂടുകയാണ് വേണ്ടതെന്ന് ഇപ്പോഴേ നിര്‍ദേശിക്കുന്നത്. ഈ ആഗ്രഹ സാഫല്യത്തിനുവേണ്ടി ന്യൂഡല്‍ഹിയിലെ സുന്നി ഖബറിസ്ഥാന്‍ അധികൃതരുമായി അദ്ദേഹം ബന്ധപ്പെട്ടു. മുസ്ലിം അല്ലാത്ത ഒരു വ്യക്തിക്ക് അവിടെ ഖബര്‍ അനുവദിക്കുക പ്രശ്നകാരണമാകുമെന്ന വാദത്തോടെ അദ്ദേഹത്തിന്‍െറ അഭ്യര്‍ഥന തിരസ്കരിക്കപ്പെട്ടു. പിന്നീട് അദ്ദേഹം ബഹാഇകളുടെ ശ്മശാനത്തില്‍ അനുമതിതേടി. കടുത്ത ചില നിബന്ധനകള്‍ പാലിച്ചാല്‍ അനുമതി നല്‍കാമെന്ന് ബഹാഇ ശ്മശാന സമിതി അറിയിച്ചു.
‘ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയിലായിരുന്നു അവര്‍ നിബന്ധനകള്‍ ഉന്നയിച്ചത്. ഞാന്‍ ആവശ്യപ്പെട്ട ദിക്ക് അനുവദിക്കാന്‍ പറ്റില്ല, സംസ്കരണവേളയില്‍ ബഹാഇ മന്ത്രോച്ചാരണങ്ങള്‍ നടത്തും തുടങ്ങിയ നിര്‍ദേശങ്ങള്‍ എനിക്ക് സ്വീകാര്യമായിരുന്നില്ല. ഒറ്റ മതത്തിലും വിശ്വാസമര്‍പ്പിക്കാത്ത എനിക്ക് മരണശേഷം മന്ത്രോചാരണങ്ങള്‍ നടത്തേണ്ട ആവശ്യമില്ളെന്ന് ഞാന്‍ മറുപടി നല്‍കി. അങ്ങനെ മണ്ണില്‍ ലയിക്കണമെന്ന, ചേരണമെന്ന അന്ത്യാഭിലാഷം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായ ഞാന്‍ ഒടുവില്‍ ഇലക്ട്രിക് ക്രിമറ്റോറിയം മതിയെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു’.
ജീവിതത്തെ സംബന്ധിച്ചും അതുപോലെ മരണത്തെ സംബന്ധിച്ചും സവിശേഷമായ ദാര്‍ശനിക സമീപനങ്ങള്‍ സ്വീകരിച്ച യുഗപ്രഭാവനായിരുന്നു ഖുശ്വന്ത്. മരണകവാടത്തിലൂടെ കടന്നുപോകേണ്ടത് ഓരോ വ്യക്തിയുടെയും അനിവാര്യ വിധി ആയതിനാല്‍ ഓരോ മരണവാര്‍ത്ത ശ്രവിക്കുമ്പോഴും ഞാന്‍ ഗൃഹാതുരതയോടെ ഖുശ്വന്തിന്‍െറ ദാര്‍ശനിക സ്പര്‍ശമുള്ള മൊഴികളിലേക്ക് മടങ്ങിപ്പോകുന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.
‘മരണഭീതി എനിക്ക് തീരെയില്ല. കാരണം മരണം അനിവാര്യതമാത്രമാണ്. എന്നിരുന്നാലും ഇടക്കിടെ ഞാന്‍ മരണത്തെ സംബന്ധിച്ച് അഗാധമായി ആലോചിച്ചുകൊണ്ടിരിക്കും. മരണത്തെ വരവേല്‍ക്കാന്‍ തയാറെടുത്തുവരുകയാണ് ഞാന്‍. കവികള്‍ മരണത്തെ ഉപാസിക്കുന്നവരായിരുന്നു. മരണത്തിന്‍െറ അനിശ്ചിതത്വത്തെ മനോഹരമായി അവതരിപ്പിക്കുകയുണ്ടായി മഹാകവി മീര്‍സാഗാലിബ്. അദ്ദേഹത്തിന്‍െറ ഈരടികള്‍ നോക്കുക: റോമേഹേ രക്ശേ ഉമ്ര്‍ കഹാം ദേഖിയേ ഥാമേ’ നഈ ഹാഥ് ബാഗ് പര്‍ഹേ, ന പാ ഹേ റകാബ്മേ (സമയരഥം അശ്വവേഗത്തില്‍ കുതിക്കുന്നു അതെവിടെച്ചെന്നു നില്‍ക്കുമെന്നറിയില്ല. അതിനെ നിയന്ത്രിക്കാനുള്ള ജീനി കൈവശമില്ല. പാദങ്ങളില്‍ നിയന്ത്രണച്ചരടുകളുമില്ല). മരണത്തെക്കുറിച്ച് ആകുലപ്പെടേണ്ട കാര്യമില്ല. മരണത്തെ ആഘോഷിക്കുകയാണ് വേണ്ടതെന്ന ജൈന തത്വശാസ്ത്രം കൗതുകകരമാണ്. സങ്കടം തോന്നുമ്പോള്‍ ഞാന്‍ ശ്മശാനത്തില്‍ പോയി ഇരിക്കാറുണ്ട്. അവിടെ അല്‍പസമയം ചെലവിടുമ്പോള്‍ ഹൃദയം ശുദ്ധീകരിക്കപ്പെടുന്നു. ഞാന്‍ ബഡേ മിയാനോട് (ഈശ്വരനോട്) ഇങ്ങനെ അഭ്യര്‍ഥിക്കും. ജോലികള്‍ ഏറെ ചെയ്തുതീര്‍ക്കാനിരിക്കെ എന്നെ തിരിച്ചുവിളിക്കായ്ക ദൈവമേ എന്ന്’.
മരണത്തെ ഭയപ്പെട്ടിരുന്നില്ളെങ്കിലും വാര്‍ധക്യത്തെ താന്‍ ഭയപ്പെടുന്നതായി അദ്ദേഹം പറഞ്ഞതോര്‍ക്കുന്നു. ‘കടുത്ത രക്തസമ്മര്‍ദം ഇപ്പോഴേ ഉണ്ട്. കേള്‍വിക്കുറവും കാഴ്ചക്കുറവും പ്രശ്നമായി തോന്നുന്നു. വയസ്സ് കൂടുമ്പോള്‍ അന്ധനായിത്തീരുമോ എന്ന ആശങ്കയും അലട്ടാറുണ്ട്. പക്ഷാഘാതം വരുമോ എന്ന് ചിലപ്പോള്‍ ചിന്തിക്കും. മരിക്കുന്നതാകും അതിലും ദേദം. കൃത്രിമ പല്ലുകള്‍ വെച്ചാണ് ആഹാരം കഴിക്കുന്നത്. നന്നായി ചവച്ചരച്ച് കഴിച്ചാലെ സംതൃപ്തി ഉണ്ടാകൂ. ഇടക്ക് ഇറ്റാലിയന്‍, ഫ്രഞ്ച് വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഇല്ളെങ്കിലും മരണത്തെ സ്വീകരിക്കേണ്ട ഘട്ടമായി എന്ന തോന്നലുണ്ട്. അതിനായി തയാറെടുക്കുന്നു. പുനര്‍ജന്മത്തില്‍ വിശ്വാസമില്ല. പൂര്‍ണ വിരാമം. അതാകും സംഭവിക്കുക. സമകാലികരില്‍ പലരും യാത്രയായിരിക്കുന്നു. അവരുടെ ആത്മാക്കള്‍ എവിടെ പോയി എന്ന് ആലോചിക്കാറുണ്ട്. ആരേയും വേദനിപ്പിക്കാതെ പരസ്പരം സഹായം നല്‍കി ജീവിക്കുക എന്നതാണ് എന്‍െറ വിശ്വാസപ്രമാണം. മരണം പൊടുന്നനവെയാകും എന്നെ പ്രാപിക്കുക. അതുവരെയുള്ള സമയം കര്‍മനിരതനായി ജീവിക്കണം.’
മരണത്തെ സംബന്ധിച്ച് സമൂഹത്തില്‍ പുലരുന്ന കപടനാട്യങ്ങളില്‍ അമര്‍ഷമുള്ള വ്യക്തിയായിരുന്നു ഖുശ്വന്ത് സിങ്. ‘നമ്മുടെ വീടുകളില്‍ മരണത്തെക്കുറിച്ച് നാം വലിയ ചര്‍ച്ചകള്‍ നടത്താത്തത് എന്തുകൊണ്ടാണ്? ഏവരേയും മരണം പിടികൂടുമെന്ന സത്യം ഓരോരുത്തര്‍ക്കും ബോധ്യമുണ്ടായിരിക്കെ എന്തുകൊണ്ടാണീ ‘നിശ്ശബ്ദത? ശക്ഹോ തോ ഖുദാ ഹോ, മൗത് മേം നഹീ കോഈ ശക്’ (ദൈവത്തിന്‍െറ ഉണ്‍മയെക്കുറിച്ച് ചിലര്‍ക്ക് സംശയം തോന്നിയേക്കാം, എന്നാല്‍, മരണത്തെ സംബന്ധിച്ച് ആര്‍ക്കുമില്ല സംശയം). അപ്പോള്‍ ആ യാഥാര്‍ഥ്യം അഭിമുഖീകരിക്കുന്നതിനുവേണ്ട ഒരുക്കങ്ങള്‍ നടത്തേണ്ടത് ബാധ്യതയായി മാറുന്നു. ദലൈലാമയോട് ഒരിക്കല്‍ മരണത്തെ സംബന്ധിച്ച് ഞാന്‍ ആരായുകയുണ്ടായി. ധ്യാനവും മനനവും നടത്താനായിരുന്നു അദ്ദേഹത്തിന്‍െറ ഉപദേശം. എന്നാല്‍, അത്തരം സമ്പ്രദായങ്ങളില്‍ ഞാന്‍ വിശ്വാസമര്‍പ്പിക്കുന്നില്ല.’
ഉമര്‍ ഖയ്യാമിനെപ്പോലെ ഖുശ്വന്ത്സിങ്ങും മരണത്തെ അക്ഷോഭ്യനായി അഭിമുഖീകരിച്ചു. തന്‍െറ മരണവാര്‍ത്ത പത്രത്തില്‍ അച്ചടിച്ചുവരുന്നത് അദ്ദേഹം ഭാവനയില്‍ കണ്ടു. ആ വാര്‍ത്തയുടെ രൂപമാതൃക തയാറാക്കി ഉറ്റവരുമായി പങ്കുവെക്കുകയും ചെയ്തു. ട്രൈബ്യൂണ്‍ പത്രത്തില്‍ തന്‍െറ നിര്യാണവാര്‍ത്ത സമാന്യം നല്ല തലക്കെട്ടോടെ ഫോട്ടോ സഹിതം പ്രത്യക്ഷപ്പെടുമെന്ന് അദ്ദേഹം പ്രവചിച്ചു. സ്വന്തം മരണവാര്‍ത്ത അല്‍പം നര്‍മം ചേര്‍ത്ത് അദ്ദേഹം തയാറാക്കി:
സര്‍ദാര്‍ ഖുശ്വന്ത് സിങ് അന്തരിച്ചു. ഖുശ്വന്ത് സിങ് അന്തരിച്ച വാര്‍ത്ത ഞങ്ങള്‍ വ്യസനസമേതം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വവസതിയില്‍ വൈകുന്നേരം ആറിനായിരുന്നു അന്ത്യം. യുവതിയായ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ധാരാളം സുഹൃത്തുക്കളേയും ആരാധകരേയും ബാക്കിനിര്‍ത്തിയാണ് മരണം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍െറ പി.എ മുതല്‍ മന്ത്രിമാരും നേതാക്കളും വരെ തന്‍െറ വസതി സന്ദര്‍ശിച്ചു. 1943ല്‍ എഴുതിയ ഈ ‘ചരമവാര്‍ത്ത’ പോസ്ത്മസ്’ എന്ന സമാഹാരത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തുകയുണ്ടായി.
•